സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രം ഏതാണ്- സെക്രട്ടേറിയറ്റോ അതോ രാജ്ഭവനോ? നിയമപുസ്തകങ്ങൾ പരതിയാലും കീഴ്വഴക്കങ്ങൾ പരിശോധിച്ചാലും ഉത്തരം ഒന്നാമത്തേതാണെങ്കിലും ഇത്തരം കീഴ്വഴക്കങ്ങൾ ഇനിയും അനുവദിച്ചുകൂടെന്നാണ് മോദിപക്ഷം.
പൊതുവിൽ ആചാരലംഘനങ്ങൾക്കെതിരാണ് കാവിപ്പടയെങ്കിലും ഇക്കൂട്ടരുടെ സനാതന ധർമസങ്കൽപത്തിന് എതിരുനിൽക്കുന്നവരുടെ ദേശത്ത് ചില്ലറ പരിഷ്കരണങ്ങളൊക്കെയാകാമെന്നാണ് പുതിയ നയം. അതിന്റെ ഭാഗമായാണ്, രാജ്ഭവനുകളെ പുതിയ ഭരണസിരാകേന്ദ്രങ്ങളാക്കി മാറ്റാൻ തീരുമാനിച്ചത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ പ്രതിപക്ഷ സംസ്ഥാനങ്ങളിലാണ് പരിഷ്കരണത്തിന്റെ ആദ്യ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. പക്ഷേ, യാഥാസ്ഥിതികരും മതേതര വരട്ടുവാദികളുമായ ആ നാടുകളിലെ സംസ്ഥാന സർക്കാറുകൾക്ക് ഈ പരിഷ്കരണത്തോട് ലവലേശം താൽപര്യമില്ലെന്നു മാത്രമല്ല, ഫെഡറലിസമെന്ന ഉമ്മാക്കി കാണിച്ച് രാജ്ഭവനിലെ ഗൃഹസ്ഥനെ പേടിപ്പിക്കുകയുമാണ്.
മോദിവിരുദ്ധ പക്ഷത്ത് നിലയുറപ്പിച്ച സംസ്ഥാന സർക്കാറുകളെ നിഷ്പ്രഭമാക്കാനുള്ള സംഘ്പരിവാർ പദ്ധതിയാണെന്നാണ് ഇക്കൂട്ടർ പറഞ്ഞുനടക്കുന്നത്. അവരങ്ങനെ പലതും പറയും. എന്നുവെച്ച്, കേന്ദ്ര സർക്കാർ ഏൽപിച്ച ഉത്തരവാദിത്തം ഉപേക്ഷിക്കാനാകുമോ? അതുകൊണ്ട് സർക്കാറുമായി ഏറ്റുമുട്ടാതെ വേറെ വഴിയില്ല.
അതുകൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാന് ഇടക്കിടെ പിണറായിയുമായി ധർമയുദ്ധത്തിലേർപ്പെടേണ്ടിവരുന്നത്. കേരളത്തിൽ ഖാൻ സാഹിബാണെങ്കിൽ തമിഴ്നാട്ടിൽ ആർ.എൻ. രവി എന്ന മുൻ ഉദ്യോഗസ്ഥനാണ് അതിനുള്ള നിയോഗം. കേരളത്തിൽനിന്ന് വ്യത്യസ്തമായി അവിടെ യുദ്ധമുറകളിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.
രവീന്ദ്ര നാരായണ രവി എന്നാണ് പൂർണനാമധേയം. ഒന്നേകാൽ വർഷമായി തമിഴ്നാടിന്റെ ഭരണഘടനാ തലവനാണ്. വിശേഷണം ഇങ്ങനെയൊക്കെയാണെങ്കിലും ഗവർണർ പദവി വെറുമൊരു കെട്ടുകാഴ്ചയാണെന്ന് ആർക്കും തിരിയും. പലപ്പോഴും, രാഷ്ട്രീയത്തിൽ അടുത്തൂൺ പറ്റിയവരെ കുടിയിരുത്താനുള്ള ഒന്നാന്തരമൊരു സ്ഥാനം.
സംസ്ഥാനത്തെ ഭരണകക്ഷി നേതാക്കൾ എഴുതിത്തയാറാക്കുന്ന നയപ്രഖ്യാപനം സഭയിൽ അക്ഷരവടിവോടെ അവതരിപ്പിക്കുക; പിന്നെ, ചില ഔദ്യോഗിക പരിപാടികളിൽ മുഖംകാണിക്കുക. ഇത്രയൊക്കെയായാൽ ധാരാളം. ഭരിക്കുന്ന പാർട്ടിയുടെ കൊടിയുടെ നിറമൊന്നും ഇക്കാര്യത്തിൽ നോക്കരുതെന്നാണ് കീഴ്വഴക്കം.
പക്ഷേ, 2014 മുതൽ അതൊക്കെ മാറി; ‘പ്രതിപക്ഷ സംസ്ഥാന’ങ്ങളിൽ ഭരണകക്ഷികളുമായി ഏറ്റുമുട്ടാനുള്ള അധിക ചുമതലകൂടി നൽകിയാണ് മോദിയും കൂട്ടരും ആളെ തരംനോക്കി അയച്ചുകൊണ്ടിരുന്നത്. ആരിഫ്ജിയൊക്കെ അത്തരത്തിൽ ഒന്നാന്തരമൊരു തെരഞ്ഞെടുപ്പായിരുന്നു. എന്നിട്ടും ടിയാൻ സർക്കാറിന്റെ നയപ്രഖ്യാപനം ചില്ലറ പ്രതിഷേധമൊക്കെ ഉയർത്തിയെങ്കിലും അത് അതുപോലെ വായിക്കാൻ തയാറായി.
ഇത്തരം വിട്ടുവീഴ്ചകൾക്കൊന്നും രവിയദ്ദേഹം തയാറല്ല. സ്റ്റാലിനും കൂട്ടരും എഴുതിത്തയാറാക്കിയ നയപ്രഖ്യാപനമല്ല, തന്നെ ചെന്നൈയിലേക്ക് പറഞ്ഞയച്ചവരുടെ നയമാണ് വായിക്കേണ്ടതെന്ന ഉറച്ച ബോധ്യം അദ്ദേഹത്തിനുണ്ട്. അതുകൊണ്ടാണ്, വർഷാദ്യത്തിലെ നയപ്രഖ്യാപനത്തിൽനിന്ന് ചില വരികൾ വിട്ടുകളഞ്ഞത്.
വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തോടും രാഷ്ട്രീയ യജമാനന്മാരോടുമുള്ള നിരുപാധികമായ കൂറ് എന്നത് ജീവിതദൗത്യമായി എടുത്തയാളാണ്. പ്രത്യയശാസ്ത്ര സമീപനങ്ങൾക്കു വിരുദ്ധമായ ആശയങ്ങളെയും ആശയപ്രചാരകരെയും സംബന്ധിച്ച പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന് വെട്ടിമാറ്റിയത് അതുകൊണ്ടുമാത്രമാണ്.
ഉദാഹരണത്തിന്, ‘തമിഴ്നാട് സമാധാനത്തിന്റെ സങ്കേതമായി തുടരുകയും...’ എന്നുതുടങ്ങുന്ന വാചകം എങ്ങനെയാണ് അദ്ദേഹത്തിന് വായിക്കാനാവുക? ‘തമിഴ്നാട്’ എന്ന പദംതന്നെ എടുത്തുകളയണമെന്ന അഭിപ്രായം നേരത്തേതന്നെ പ്രകടിപ്പിച്ചിട്ടുള്ള ആളാണെന്നോർക്കണം.
‘നാട്’ എന്നാൽ തമിഴിൽ രാജ്യം എന്നാണത്രെ അർഥം. അപ്പോൾ, ‘തമിഴ്നാട്’ എന്നു പറയുമ്പോൾ അത് മറ്റേതോ രാജ്യമായി തോന്നുമത്രെ; പകരം, ‘തമിഴകം’ എന്നാക്കിയാൽ കുഴപ്പമില്ല. അവിടത്തെ ബി.ജെ.പിക്കാർക്കുപോലും അത് ദഹിച്ചില്ലെന്നത് വേറെ കാര്യം.
അതെന്തായാലും ആ ‘നാട്’ സമാധാനത്തിന്റെ സങ്കേതമായി തുടരുന്നുവെന്ന പ്രയോഗം ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രതിയോഗികൾ ‘ജംഗിൾ രാജ്’ എന്നൊക്കെ കളിയാക്കുമെങ്കിലും യോഗിയുടെ യു.പിയോളം സമാധാനം മറ്റെവിടെയാണുള്ളത്.
‘സാമൂഹികനീതി, ആത്മാഭിമാനം, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, സ്ത്രീശാക്തീകരണം, മതനിരപേക്ഷത തുടങ്ങിയവയിൽ അധിഷ്ഠിതമാണ് ഈ സർക്കാർ...’ എന്നുതുടങ്ങുന്ന ഭാഗം വിട്ടുകളഞ്ഞതും യോഗിജിയെ ഓർത്തായിരിക്കണം.
പെരിയാർ, അംബേദ്കർ, കാമരാജ്, അണ്ണാദുരൈ തുടങ്ങിയ പേരുകൾ ടിയാൻ വിട്ടുകളഞ്ഞതും പ്രത്യയശാസ്ത്രബോധ്യത്തിന്റെ ഭാഗമായിത്തന്നെയായിരിക്കണം. ഇങ്ങനെ ചില വെട്ടും തിരുത്തുമൊക്കെയാണല്ലോ പുതിയ ‘പ്രതിപക്ഷ രാജ്ഭവനു’കളുടെ ദൗത്യം.
അതിനെ ആ സ്പിരിറ്റിൽ കാണുന്നതിനു പകരം, സ്റ്റാലിൻ ചാടിയെണീറ്റ് ഗവർണർക്കെതിരെ പ്രമേയം അവതരിപ്പിച്ചതാണ് പ്രശ്നമായത്. ആരിഫ്ജിയെപ്പോലെ, ‘മധുരപലഹാര നയതന്ത്രം’ വശമില്ലാത്തതിനാൽ ദേശീയ ഗാനത്തിനുപോലും കാത്തുനിൽക്കാതെ രവി സഭ വിട്ടു. ഇറങ്ങിപ്പോയാലും, ധർമയുദ്ധം തുടരുമെന്നാണ് പ്രഖ്യാപനം.
2021 സെപ്റ്റംബറിലാണ് തമിഴ്നാട് ഗവർണറായി ചുമതലയേറ്റത്. അന്നേ ഇതൊരു കുരിശാകുമെന്ന് പ്രവചിച്ചവരുണ്ട്. ഒന്നാമതായി, കേരളത്തിലും ബംഗാളിലുമെല്ലാം ആ സമയത്തേ ഗവർണർരാജിന്റെ ചില സൂചനകളുണ്ടായിരുന്നു. രവിയാണെങ്കിൽ എക്സ് ഐ.പി.എസ് ഉദ്യോഗസ്ഥനും.
തൊട്ടപ്പുറത്ത്, പുതുച്ചേരിയിൽ കോൺഗ്രസിനെ രാജ്ഭവനിലിരുന്ന് അട്ടിമറിച്ചത് ഇതുപോലൊരു ഐ.പി.എസുകാരിയാണ് -കിരൺ ബേദി. പുതുച്ചേരി മാതൃകയിൽ സ്റ്റാലിന്റെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യംകുറിക്കാനാണ് രവി വരുന്നതെന്ന് തമിഴകം ഒന്നാകെ ചിന്തിച്ചു. തോൾ തിരുമാവളവനെപ്പോലുള്ള ഡി.എം.കെ ഇതര നേതാക്കളും ഇക്കാര്യം തുറന്നുപറഞ്ഞു.
രവിയദ്ദേഹം, നാഗാലാൻഡിൽനിന്നാണ് എത്തിയത്. ഇതേ പണി അവിടെ സ്തുത്യർഹമായി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിൽ, കുറച്ചുകാലം മേഘാലയയുടെ അധിക ചുമതലയുമുണ്ടായിരുന്നു. നാഗാലാൻഡിൽ ഗവർണറാകുംമുമ്പേ രവി ചില ദൗത്യങ്ങളുമായി എത്തിയിട്ടുണ്ട്. നാഗാ പാർട്ടിയും കേന്ദ്രവുമായുള്ള ഉടക്കിന് അന്ത്യംകുറിച്ച 2015ലെ കരാറിൽ ഇടനിലക്കാരനായി വർത്തിച്ചത് അദ്ദേഹമായിരുന്നു.
ആ അനുഭവപരിജ്ഞാനത്തിലാണ് മോദി നാലു വർഷങ്ങൾക്കുശേഷം നാഗാലാൻഡിന്റെ ഭരണച്ചുമതല ഏൽപിച്ചത്. പക്ഷേ, ഗവർണറായി എത്തിയതോടെ മട്ടുമാറി. സമാധാന കരാർ അദ്ദേഹം പാലിക്കുന്നില്ലെന്നായി നാഗാ പാർട്ടിക്കാർ.
അദ്ദേഹത്തെ ‘ഇടനില’ പോസ്റ്റിൽനിന്ന് മാറ്റണമെന്നും അവർ ആവശ്യപ്പെട്ടു. ഗവർണർ എന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ സംതൃപ്തരല്ലെന്ന് ഭരണകക്ഷിയും തുറന്നടിച്ചു. മാധ്യമങ്ങളുമായും ഇക്കാലത്ത് ഉടക്കി. ഈ ഉടക്കിന്റെ ചരിത്രമറിയുന്നതുകൊണ്ടാകാം, സ്റ്റാലിൻ എല്ലാം നേരത്തേ കണ്ടറിഞ്ഞിരുന്നു.
സപ്തതിയുടെ നിറവിലാണ്. ബിഹാറിലെ പട്ന സ്വദേശി. ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദധാരിയാണ്. കുറച്ചുകാലം ഡൽഹിയിൽ പത്രപ്രവർത്തകനായിരുന്നു. ഇക്കാലത്താണ് സിവിൽ സർവിസ് പരീക്ഷയെഴുതി ഐ.പി.എസ് നേടിയത്.
1976 കേരള കേഡർ ബാച്ചാണ്. തുടക്കത്തിൽ കേരളത്തിൽ കുറച്ചുകാലം, പിന്നീട് സി.ബി.ഐയിലും ഐ.ബിയിലുമെല്ലാം നിറഞ്ഞാടി. പ്രമാദമായ ഒട്ടേറെ കേസന്വേഷണങ്ങളുടെ ഭാഗമായി. എക്കാലത്തും സ്റ്റേറ്റിന്റെ മികച്ച വക്താവ്. 2014ൽ വിരമിച്ചു.
പിന്നെ, മോദിയുടെയും അജിത് ഡോവലിന്റെയും സ്വന്തക്കാരനായി. അതുവഴിയാണ് നാഗാലാൻഡിലും പിന്നെ തമിഴ്നാട്ടിലുമെത്തിയത്. ആരിഫ് ഖാനെപ്പോലെത്തന്നെ, നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവെക്കുക എന്നതാണ് ഈ പോരാട്ടങ്ങൾക്കിടയിലെ പ്രധാന ഹോബി. അതുകൊണ്ടുതന്നെ, ‘ഇറങ്ങിപ്പോകൂ’ എന്നാണ് തമിഴ്നാട് ഒന്നാകെ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.