കി​യ​വി​ലെ സ്വാ​ത​ന്ത്ര്യ ച​ത്വ​രം

ഈ ദുരവസ്ഥയിൽ പടിഞ്ഞാറിന്റെ പങ്ക്

ഒരു പരമാധികാര യൂറോപ്യൻ രാജ്യമായ യുക്രെയ്നു നേരെ റഷ്യ ആരംഭിച്ച അധിനിവേശത്തിന് ഒരു ന്യായീകരണവുമില്ല. ലോകം സാർവത്രികമായി റഷ്യൻ നടപടിയെ അപലപിക്കുന്നത് ന്യായമാണെങ്കിലും നിലവിലെ പ്രതിസന്ധി വരുത്തിവെക്കുന്നതിൽ പടിഞ്ഞാറൻ ശക്തികൾക്കും നേരിട്ട് പങ്കുണ്ട്. ഒരു വിഷയത്തെ എങ്ങനെ കൈകാര്യം ചെയ്യരുത് എന്നതിന്റെ പാഠപുസ്തകമാണ് യു.എസും ബ്രിട്ടനും യൂറോപ്യൻ യൂനിയനും പ്രശ്നത്തിൽ ഇടപെട്ട രീതി. പാശ്ചാത്യശക്തികൾ വരുത്തിവെച്ച ഏഴു ഭീമാബദ്ധങ്ങളാണ് യുക്രെയ്നെയും റഷ്യയെയും ഇന്നത്തെ അവസ്ഥയിൽ കൊണ്ടെത്തിച്ചിരിക്കുന്നത്.

ഒന്നാമതായി, അഫ്ഗാനിസ്താനിൽനിന്ന് യു.എസ് സഖ്യം നടത്തിയ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ വേണം റഷ്യൻ അധിനിവേശത്തെ നോക്കിക്കാണേണ്ടത്. ഒബാമയുടെ കാലം മുതൽ ലോകപൊലീസ് കളിക്കാനില്ലെന്ന് യു.എസ് ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ, രണ്ടു പതിറ്റാണ്ടും ട്രില്യൺ കണക്കിന് ഡോളറുകളും പാഴാക്കിയ ശേഷവും ഭരണം താലിബാന്റെ കൈകളിലേക്ക് സുഗമമായെത്തിയത് അമേരിക്കയുടെ കഴിവുകേടിന്റെ നിദർശനമായിരുന്നു. നേരെമറിച്ച്, അഫ്ഗാനിസ്താനിൽ അമേരിക്ക-യൂറോപ്യൻ സഖ്യത്തിന്റെ പ്രകടനം അൽപമെങ്കിലും പ്രശ്ന രഹിതമായിരുന്നെങ്കിൽ ഏകാധിപതി നേതാക്കളും വ്യാപനവാദി ഭരണകൂടങ്ങളും ഇന്ന് ഇത്രമാത്രം ധൈര്യം കാണിക്കുമായിരുന്നില്ല.

രണ്ട്: കഴിഞ്ഞ ആഴ്ചകളിൽ ബൈഡൻ ഭരണകൂടം നടത്തിയ പ്രഖ്യാപനങ്ങൾ യുദ്ധക്കൊതി മുറ്റിനിൽക്കുന്ന മട്ടിലുള്ളവയായിരുന്നു. ഒരു മാസം മുമ്പു മുതൽ തന്നെ ബ്രിട്ടനും യു.എസും നയതന്ത്ര ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ കിയവിൽ നിന്ന് പിൻവലിക്കാൻ തുടങ്ങി. മാത്രമല്ല, റഷ്യൻ ആക്രമണം പ്രതീക്ഷിക്കുന്ന തീയതി സംബന്ധിച്ച് യു.എസ് പരസ്യ പ്രഖ്യാപനങ്ങളും നടത്തി. ഇത്തരം വിവരങ്ങൾ സഖ്യകക്ഷികളുടെയും സുഹൃദ്രാജ്യങ്ങളുടെയും രഹസ്യാന്വേഷണ ഏജൻസികളുമായി പങ്കിടുന്നത് അത്യാവശ്യമാണെങ്കിലും അക്കാര്യങ്ങൾ പരസ്യപ്പെടുത്തുന്നത് ഒരു പ്രവചന സ്വഭാവം സൃഷ്ടിച്ചേക്കാം.

യുക്രെയ്നിൽ തന്റെ സേനയെ അഴിച്ചുവിടാൻ പുടിൻ ഉദ്ദേശിച്ചിരുന്നില്ലെങ്കിൽപോലും അമേരിക്കയുടെ ഭാഗത്തുനിന്ന് അത്തരം പ്രഖ്യാപനങ്ങൾ പുറത്തുവന്നതോടെ അതു ചെയ്യുകയല്ലാതെ മാർഗമില്ലായിരുന്നു. ഇത്തരം സംസാരങ്ങൾ വന്ന ശേഷം അതിൻപ്രകാരം പ്രവർത്തിക്കാതിരുന്നാൽ രാജ്യത്തിനകത്തും പുറത്തും മുഖം നഷ്ടപ്പെടുത്തുമെന്ന തോന്നൽ പുടിനിലുണ്ടായി.

മൂന്ന്: ഫെബ്രുവരി 24 വരെ നിരവധി നേതാക്കൾ യുക്രെയ്ന്റെ പക്ഷംപിടിച്ചു വരുന്നത് നാം കണ്ടു. മ്യൂണിക്കിൽ നടന്ന സുരക്ഷ സമ്മേളനത്തിൽ പ്രസിഡന്റ് സെലൻസ്കിയെ എഴുന്നേറ്റുനിന്ന് കൈയടിച്ച് പിന്തുണച്ചതിൽനിന്ന് അത് വ്യക്തമായിരുന്നു. ഇതു വെറും അധരവ്യായാമം മാത്രമല്ലെന്ന് ആളുകൾ കരുതാതിരിക്കാൻ ധാർമിക പിന്തുണക്കൊപ്പം ചില പ്രവർത്തനങ്ങളും നടന്നിരുന്നു. ഉദാഹരണത്തിന്, ജർമൻ ചാൻസലർ ഒലാഫ് ഷോൾസ്, നോർഡ് സ്ട്രീം 2 പൈപ്പ് ലൈൻ പദ്ധതിക്കുള്ള അനുമതി പ്രക്രിയ നിർത്തിവെക്കുന്നതിനുള്ള സുപ്രധാന നടപടി സ്വീകരിച്ചു, അദ്ദേഹത്തിന്റെ മുൻഗാമി ശക്തമായി എതിർത്ത ധീരമായ ഒരു നീക്കമായിരുന്നു അത്. ധനസഹായം മുതൽ ആയുധസന്നാഹങ്ങൾ വരെ വിവിധ സുഹൃദ് രാജ്യങ്ങൾ യുക്രെയ്നുവേണ്ടി ബഹുവിധ പിന്തുണകൾ നൽകിയിരുന്നു. പക്ഷേ, ആ സഹായങ്ങളെ പൊലിപ്പിച്ചു പറയേണ്ടതില്ല. വാക്കുകൾകൊണ്ടുള്ള പിന്തുണയും സഹായവുമെല്ലാം ഒരു പക്ഷേ യുക്രെയ്ന് വ്യാജമായ ഒരു സുരക്ഷാ പ്രതീതിയും ശുഭാപ്തിവിശ്വാസവുമെല്ലാം പകർന്നിരിക്കാം. അതുകൊണ്ടൊന്നും പുടിനെ പിന്തിരിപ്പിക്കാനാകുമായിരുന്നില്ല. മണ്ണിലും വിണ്ണിലും സൈനിക സഹായമില്ലാതെ വെറുെത വാക്കുകളുടെ പിന്തുണ മാത്രമാണുള്ളത് എന്ന അറിവ് റഷ്യയുടെ നിശ്ചയം വർധിപ്പിക്കാനാണുപകരിച്ചത്.


നാലാമത്തെ കാര്യം: യുക്രെയ്ന്റെ പരമാധികാരം ലംഘിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന് റഷ്യക്ക് മുന്നറിയിപ്പ് നൽകിയ ഭ്രാന്തൻ നയതന്ത്രം.

പൊള്ളയായ ഭീഷണികൾ എപ്പോഴും ഫലിച്ചുകൊള്ളണമെന്നില്ല വിശിഷ്യ, ശക്തരായ ആളുകൾക്കു മുന്നിൽ. ജർമനിയുടെ മുൻ പ്രതിരോധ മന്ത്രി അന്നാഗ്രറ്റ് ക്രാംപ് അത് മനസ്സിലാക്കിയിരുന്നു, അവർ ട്വീറ്റിൽ ഓർമിപ്പിച്ചു: 'ഒത്തുതീർപ്പ് ചർച്ചകൾക്കാവണം പ്രഥമ പരിഗണനയെന്ന ഷ്മിറ്റിന്റെയും കോളിെൻയും പാഠങ്ങൾ നാം മറന്നിരിക്കുന്നു.

പക്ഷേ, ചർച്ച നടത്താതിരിക്കൽ ഹിതകരമല്ലെന്ന് മറുഭാഗത്തെ ബോധ്യപ്പെടുത്തണമെങ്കിൽ സൈനികമായി നാം ശക്തമായിരിക്കണം'. റഷ്യൻ ആക്രമണമുണ്ടായാൽ നേരിടാൻ ആവശ്യമായ പിന്തുണ യുക്രെയ്ന് നൽകുന്നതിൽ മാത്രമല്ല, തങ്ങളും ആവശ്യത്തിന് ശക്തരാണ് എന്ന സന്ദേശം റഷ്യക്ക് നൽകുന്നതിലും പാശ്ചാത്യർ പരാജയപ്പെട്ടു. ആ സന്ദേശം കൃത്യമായി നൽകിയിരുന്നെങ്കിൽ ആക്രമണത്തിൽനിന്ന് റഷ്യയെ പിന്തിരിപ്പിച്ചേനെ. അഞ്ച്: അധിനിവേശത്തിനെതിരെ പരാജയപ്പെട്ട മുന്നറിയിപ്പുകൾ നൽകിയ ശേഷം അവർ റഷ്യക്കെതിരെ സാമ്പത്തികവും വ്യക്തിഗതവുമായ ഉപരോധങ്ങളിലേക്ക് തിരിഞ്ഞു. സ്വിഫ്റ്റ് ഇടപാടുകൾ ഒഴിവാക്കുന്നത് ഉപരോധത്തിന്റെ ഫലപ്രാപ്തി കുറക്കുമോ എന്ന രീതിയിലൊക്കെയായിരുന്നു നയവിശാരദർക്കിടയിൽ ചർച്ചകൾ. അത്തരം ചർച്ചകൾ തന്നെ രണ്ടാംകിടയായിരുന്നു. ഒരു ഉപരോധ വിദഗ്ധൻ പറഞ്ഞതുപോലെ ഒരു ഉപരോധവും അതിന്റെ ഫലപ്രാപ്തിയിൽ 'ആണവം' അല്ല, അവക്കൊന്നും അത്ര ശക്തിയുമില്ല. ഉപരോധത്തിന്റെ ഫലപ്രാപ്തി തിരിച്ചറിയാൻ കാത്തിരിക്കണമെന്ന് അതിന്റെ വക്താക്കൾ പറയുന്നു.


ബൈഡന്റെ പ്രസംഗത്തിലും ദീർഘകാലത്തിന് നൽകിയ ഊന്നൽ വ്യക്തമാണ്. എന്നാൽ, ഇപ്പോൾ റഷ്യൻ പീരങ്കികൾക്കു മുന്നിൽ പിടഞ്ഞുവീണ് മരിക്കുന്ന യുക്രെയ്ൻ ജനതക്ക് ഈ ദീർഘകാലംകൊണ്ട് എന്തുണ്ട് കാര്യം?

ആറാമത്: ഉപരോധത്തെക്കുറിച്ച് പടിഞ്ഞാറൻ നേതാക്കൾ വലിയവായിൽ പറയുന്നുണ്ടെങ്കിലും ഊർജ ആവശ്യങ്ങൾക്ക് യൂറോപ് റഷ്യയെ ആശ്രയിക്കുന്നതിന്റെ അളവുവെച്ചു നോക്കുമ്പോൾ, അതിലേറെ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിൽ കുമിഞ്ഞുനിൽക്കുന്ന റഷ്യൻ പണത്തിന്റെ സാന്നിധ്യം നോക്കുമ്പോൾ പരിമിതമായ രീതിയിൽപോലും വേദനിപ്പിക്കാൻ അവർക്ക് കെൽപുണ്ടെന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഉദാഹരണത്തിന്, ബോറിസ് ജോൺസന്റെ പറച്ചിലുകളിൽ കഴമ്പുണ്ടെങ്കിൽ ബ്ലാവറ്റ്‌നിക് സ്കൂൾ ഓഫ് പബ്ലിക് പോളിസി നിർമിക്കാൻ ഓക്‌സ്‌ഫഡ് സർവകലാശാലക്ക് ലഭിച്ച വൻ ധനസഹായം ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കേണ്ടതല്ലേ? അതിന്റെ ഒരു ലക്ഷണവും നമ്മൾക്ക് ഇതുവരെ കാണാനായിട്ടില്ല.

അവസാന കാര്യം: റഷ്യയെ കൈകാര്യം ചെയ്യുന്നതിനുള്ള പടിഞ്ഞാറിന്റെ സകല തന്ത്രങ്ങളും ദൂരക്കാഴ്‌ചയില്ലാത്തതാണ്. യൂറോപ്പിനും യു.എസിനും അവരുടെ മൂക്കിന് അപ്പുറം കാണാൻ കഴിയാത്തതിന്റെ കൃത്യമായ ഉദാഹരണം. റഷ്യയെ തടയുന്നതിനും യുക്രെയ്നെ സംരക്ഷിക്കുന്നതിനുമുള്ള അവരുടെ അശക്തി റഷ്യയെ ചൈനയുടെ കൈകളിലേക്ക് കൂടുതൽ അടുപ്പിക്കും. സ്വന്തം അതിർത്തിയിൽ നടക്കുന്ന ഒരു വ്യാപനവാദ നീക്കത്തിന് തടയിടാൻ പാശ്ചാത്യർക്ക് കഴിവില്ലെങ്കിൽ തായ്‍വാനിൽ ചൈന നടത്തുന്ന സമാനമായ സാഹസങ്ങളെ നിയന്ത്രിക്കാൻ അവർക്ക് എന്തുണ്ട് സാധ്യത? ഉദാരമൂല്യങ്ങളെ ശക്തരായി പിന്തുണക്കുന്നവർ എന്ന നിലയിൽ ഇന്ത്യ യുക്രെയ്നു വേണ്ടി നിലകൊള്ളാത്തത് നമ്മെ നിരാശപ്പെടുത്തുന്നുണ്ട്. എന്നാൽ, ഈ യുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ കയ്യാലപ്പുറത്ത് നിൽക്കുന്ന ഇന്ത്യൻ നിലപാടിനെ നമുക്ക് കുറ്റപ്പെടുത്താനാവില്ല. ഒരു പങ്കാളി രാജ്യത്തോട് ഇവ്വിധത്തിൽ പെരുമാറാൻ ഒരു സ്വേച്ഛാധിപത്യ ശക്തിയെ അനുവദിക്കാൻ പാശ്ചാത്യർക്ക് സാധിക്കുമെങ്കിൽ കയ്യാലപ്പുറത്തുള്ള ഈ ഇരിപ്പുതന്നെയാണ് ഏറ്റവും സുരക്ഷിതം.

(അമിതാഭ് മട്ടൂ മെൽബൺ സർവകലാശാലയിലും ഡൽഹി ജെ.എൻ.യുവിലും പ്രഫസറാണ്, ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ആൻഡ് ഏരിയ സ്റ്റഡീസിൽ പ്രഫസറും കേംബ്രിജ് സർവകലാശാലയിൽ ഓണററി ഫെല്ലോയുമാണ് അമൃതാ നർലികാർ)

കടപ്പാട്: ഇന്ത്യൻ എക്സ്പ്രസ്

Tags:    
News Summary - role of the western countries in this plight of russia ukraine crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.