കേരളത്തിലെ ക്രിസ്ത്യൻസഭ അംഗങ്ങളുമായി ബി.ജെ.പി പ്രസിഡൻറ് അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയും ഹിംസാത്മക ഹിന്ദുത്വ രാഷ്ട്രീയത്തെ ന്യായീകരിക്കാൻ ശ്രമിക്കുന്ന തലശ്ശേരി അതിരൂപതയിലെ വികാരി ഫാ. ജോർജ് എളൂക്കുന്നേലിനെയും വായിക്കുേമ്പാൾ ആർ.എസ്.എസ് എങ്ങനെയാണ് ക്രൈസ്തവ വിശ്വാസികളെയും സഭകളെയും കണ്ടുകൊണ്ടിരിക്കുന്നതെന്ന കാര്യം അനാവൃതമാവേണ്ടതുണ്ട്. മൂന്നു പതിറ്റാണ്ടിലേറെ ആർ.എസ്.എസിെൻറ സർസംഘ്ചാലക് ആയിരുന്ന അവരുടെ സൈദ്ധാന്തികാചാര്യൻ എം.എസ്. ഗോൾവാൾക്കറും ആർ.എസ്.എസും എങ്ങനെയാണ് കേരളത്തിലെയും മറ്റു പ്രദേശങ്ങളിലെയും ക്രിസ്ത്യൻ സമുദായങ്ങളെയും സഭകളെയും വിലയിരുത്തുന്നത് എന്നത് പുനരാലോചനകൾക്കു വഴിവെക്കാം. ഗോൾവാൾക്കർ എഴുതിയ ‘വിചാരധാര’യുടെയും 1942 മുതൽ ആർ.എസ്.എസ് പാസാക്കിയ പ്രമേയങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇൗ പരിശോധന.
ഗോൾവാൾക്കർ ഇന്ത്യയിലെ,- പ്രത്യേകിച്ച് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും കേരളത്തിലെയും- ൈക്രസ്തവസമൂഹത്തോട് ഒരു മമതയും കാണിക്കുന്നില്ലെന്നു മാത്രമല്ല, അവരെ നിരന്തരം ശത്രുപക്ഷത്തുതന്നെ നിർത്തേണ്ടതാണെന്ന് അടിവരയിടുകയും ചെയ്യുന്നു. ഇന്ത്യയിലെ നിഷ്കളങ്ക ജനതക്ക് ക്രൈസ്തവ സമുദായത്തിെൻറയും സഭകളുടെയും ആശുപത്രികളും സ്കൂളുകളും അനാഥമന്ദിരങ്ങളും കണ്ട്, അവർ മനുഷ്യകുലത്തിനെ ഉദ്ധരിക്കാൻ ദൈവത്താൽ നിയോഗിതരായവരാണെന്നേ തോന്നുകയുള്ളൂവെന്നും എന്നാൽ ഇത്തരം സ്ഥാപനങ്ങളുടെ പിറകിലുള്ള താൽപര്യങ്ങൾ ദേശവിരുദ്ധതയിൽ അധിഷ്ഠിതമാണെന്നും സമർഥിക്കുന്നു. ക്രിസ്ത്യൻ മിഷനറികളുടെ ആത്യന്തിക ലക്ഷ്യം മതപരിവർത്തനമാണെന്നും ദൈവസ്നേഹവും ആതുര ശുശ്രൂഷയുമൊക്കെ മതപരിവർത്തനം മറച്ചുവെക്കാനുള്ള സൂത്രങ്ങൾ മാത്രമാണെന്നും വിശദമാക്കാൻ നിരവധി ഉദാഹരണങ്ങൾ നിർമിച്ചെടുക്കുന്നു. ദരിദ്രരും പാവങ്ങളുമായ ഹിന്ദു ഗ്രാമീണർ ക്രിസ്ത്യൻ മിഷനറികളുടെ സൂത്രപ്പണികളിൽ വീണുപോകുന്നതിനാൽ ക്രിസ്ത്യൻ ജനസംഖ്യ നിരന്തരം വലുതാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ഇത്തരം സൂത്രങ്ങളുടെ ആത്യന്തിക ഉദ്ദേശ്യം ഇന്ത്യയിൽ ദൈവരാജ്യം സൃഷ്ടിക്കലാണെന്നും ക്രിസ്തുമത പതാക ഭാരതമാകെ പരത്തുകയാണെന്നും അദ്ദേഹം 33 വർഷക്കാലം നീണ്ട സർസംഘ്ചാലക് ജീവിതത്തിൽ ഇന്ത്യയിൽ ഉടനീളം പ്രചാരണം നടത്തി.
ഹിന്ദുവിെൻറ സംസ്കാരവും തത്ത്വചിന്തയും പാരമ്പര്യവും ജീവിതരീതിയും തകർത്ത്, ‘ക്രൈസ്തവതയുടെ ഒരു സംയുക്ത രാജ്യം’ (federation of christianity) നിർമിക്കുകയാണ് ഓരോ വൈദികെൻറയും പള്ളിയുടെയും രഹസ്യമായ ഉദ്ദേശ്യം. ക്രിസ്ത്യൻ മിഷനറികളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ മതത്തിെൻറ ധാർമികതക്ക് പുറത്താണെന്ന് മാത്രമല്ല, അവർ ഏർപ്പെട്ടിരിക്കുന്നത് കൃത്യമായ ദേശദ്രോഹപ്രവർത്തനങ്ങളിലാണെന്നും അടിവരയിടുന്ന പ്രസ്താവനകളാണ് ഗോൾവാൾക്കർ ഇൗ പുസ്തകത്തിൽ നടത്തുന്നത്.
ഇ.എം.എസിെൻറ കമ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടാൻ നടന്ന ‘വിമോചനസമരത്തിൽ’ കേരളത്തിലെ ക്രിസ്ത്യൻ സഭ മുൻപന്തിയിൽനിന്നതിന് പിറകിലും ക്രൈസ്തവരാജ്യ സ്ഥാപനമായിരുന്നു ലക്ഷ്യമിട്ടതെന്നാണ് ഗോൾവാൾക്കർ മനസ്സിലാക്കിയതും പ്രചരിപ്പിച്ചതും. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയെ മറിച്ചിടുന്നത് ജീവൽസമരമായിട്ടാണ് അവർ കണ്ടത്. ‘കേരളം കത്തോലിക്ക സമുദായത്തിന് ഭരിക്കാനുള്ളതാണ്’ എന്നതായിരുന്നു കേരള ക്രൈസ്തവരുടെയും സഭയുടെയും ‘വിമോചനസമര’ മുദ്രാവാക്യം എന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. കേരളം വഴി തെക്കേ ഇന്ത്യയിൽ ആധിപത്യം ഉറപ്പിക്കാനും പിന്നെ ഹിമാലയം പ്രദേശങ്ങൾ കീഴടക്കാനും തുടർന്ന്, വിന്ധ്യയും സത്പുരയും കടലും കരയും തീരവും എല്ലാം ക്രിസ്ത്യൻ മഹാരാജ്യത്തിെൻറ ഭാഗമാക്കാനും യൂറോപ്പിൽ സമ്മേളിച്ച ക്രിസ്ത്യൻ വൈദികരുടെ ലോക സമ്മേളനം തീരുമാനിച്ചതായും അറിയിക്കുന്നു. തുടർന്ന്, മുസ്ലിംലീഗും ക്രിസ്ത്യൻ മിഷനറികളും ഇന്ത്യ പങ്കുവെക്കാനുള്ള ചർച്ചകളിൽ ഏർപ്പെടുകയും മണിപ്പൂർ മുതൽ പഞ്ചാബ് വരെയുള്ള ഗംഗാസമതലം മുസ്ലിംലീഗിനും ഹിമാലയവും തെക്കേ ഇന്ത്യയും ക്രിസ്ത്യാനികൾക്കും പങ്കുവെച്ചെടുക്കാനുള്ള ഉടമ്പടിയിൽ അവർ എത്തിച്ചേർന്നിരിക്കുന്നതായും വിവരിക്കുന്നു. ഇന്ത്യക്കെതിരായ ഗൂഢാലോചന എന്ന കഥകൾക്ക് അന്താരാഷ്ട്ര ക്രൈസ്തവ ഗൂഢാലോചന എന്ന ഒരു മുഖം നൽകുകയായിരുന്നു ഗോൾവാൾക്കർ ചെയ്തത്.
ക്രിസ്ത്യൻ സമുദായങ്ങളെയും വിശ്വാസികളെയും ‘വാളും തീയും’ പേറുന്ന, രക്തം ഊറ്റിക്കുടിക്കുന്ന ആക്രമണകാരികളായ രക്തരക്ഷസ്സുകളായാണ് ‘വിചാരധാര’യിലുടനീളം ചിത്രീകരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും തെക്കേ ഇന്ത്യയിലെയും ക്രൈസ്തവ സമുദായം ഏറ്റവും പ്രധാനപ്പെട്ട പുണ്യപുരുഷന്മാരിൽ ഒരാളായി കരുതുന്ന സെൻറ് സേവ്യറെ, വാസനവൈകൃതം ബാധിച്ച ക്രൈസ്തവ സമുദായത്തിെൻറ ഏറ്റവും ശക്തനായ പ്രതിനിധിയായിട്ടാണ് അവതരിപ്പിക്കുന്നത്. കേരളത്തിലെ ആയിരക്കണക്കിന് ശാഖകളിലൂടെ ലക്ഷക്കണക്കിന് ജനങ്ങളിലേക്ക് കൈമാറപ്പെട്ട ഈ പുസ്തകം നിർമിച്ച ക്രൈസ്തവവിരുദ്ധ ബോധത്തിനെ പുതിയ കൂട്ടുകെട്ടിനിറങ്ങിയ ചില വൈദികർ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നറിയാൻ കൗതുകമുണ്ട്. സെൻറ് സേവ്യറുടെ നാമത്തിൽ നൂറുകണക്കിന് ക്രൈസ്തവാരാധനാലയങ്ങൾ നിലനിൽക്കുന്ന കേരളത്തിൽ ആർ.എസ്.എസ് സേവ്യർ പുണ്യാളനെപ്പറ്റി ഗോൾവാൾക്കർ പറഞ്ഞത് തള്ളിപ്പറയുമോ?
കേരളത്തിലെ ൈക്രസ്തവസഭയെ പ്രതിസ്ഥാനത്തു നിർത്തുന്ന ഗോൾവാൾക്കറുടെ വേറെ പ്രധാനപ്പെട്ട ആരോപണം ക്രൈസ്തവ വിശ്വാസികൾ ക്ഷേത്രങ്ങൾ തകർത്തു എന്നതാണ്. ബ്രിട്ടീഷുകാർ ഉള്ളപ്പോഴും അതിനുശേഷവും കേരളത്തിലെ സഭകൾ ക്ഷേത്രങ്ങൾ തകർക്കാനും കൈയേറാനും കൂട്ടുനിന്നു എന്നാണ് ആരോപണം. ക്രൈസ്തവ സമൂഹം നശിപ്പിച്ച നൂറുകണക്കിന് ക്ഷേത്രങ്ങളുടെ കൂട്ടത്തിൽ ശബരിമലയുമുണ്ട്. കേരളത്തിലെ ‘ക്രിസ്ത്യൻ നാശകാരികൾ’ ശബരിമലയിലെ ദൈവപ്രതിഷ്ഠ നശിപ്പിക്കുകയും അപമാനിക്കുകയും ചെയ്തു എന്ന ഭ്രാന്തമായ കള്ളമാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. അറുപതുകളിൽ കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ ആക്രമിച്ചതും ക്രൈസ്തവരാണത്രെ.
1960കൾ മുതൽ ശക്തമായ ക്രിസ്തീയസഭ വിമർശനം തുടങ്ങിയ ആർ.എസ്.എസ് ഇത് ദേശീയതലത്തിലേക്ക് വ്യാപകമായ പ്രചാരണത്തിന് ഉപയോഗിക്കുന്നത് 80കളോടുകൂടിയാണ്. മുസ്ലിം -ക്രിസ്ത്യൻ- കമ്യൂണിസ്റ്റ് ശത്രുക്കൾ പരസ്പരപൂരകമായി രാജ്യദ്രോഹപ്രവർത്തനത്തിൽ ഏർപ്പെടുന്നു എന്ന പ്രചാരണമായിരുന്നു ആർ.എസ്.എസ് അഴിച്ചുവിട്ടത്. 1980െൻറ തുടക്കം മുതൽ 90കളുടെ അവസാനം വരെ ആർ.എസ്.എസിെൻറ ദേശീയ പ്രതിനിധി സഭകളിലും ‘അഖിൽ ഭാരതീയ കാര്യകാരി മണ്ഡലി’ലും മുസ്ലിം സംഘടനകളെക്കാളും കൂടുതലായി ചർച്ചചെയ്യപ്പെട്ടിട്ടുള്ളതും പ്രതിസ്ഥാനത്ത് നിർത്തപ്പെട്ടിട്ടുള്ളതും ക്രൈസ്തവ സഭകളും മിഷനറി പ്രവർത്തനങ്ങളുമാണെന്ന് പ്രമേയരേഖകൾ സാക്ഷ്യംവഹിക്കുന്നു. മതപരിവർത്തനം, സംവരണം, ദേശവിരുദ്ധത എന്നീ കാര്യങ്ങളിൽ ഊന്നി ക്രൈസ്തവ സമുദായങ്ങളെ പതിറ്റാണ്ടുകളായി ശത്രുപക്ഷത്തു നിർത്തിക്കൊണ്ടുള്ള പ്രചാരണപ്രവർത്തനത്തിെൻറ കൊയ്ത്തായിരുന്നു ഒഡിഷയിലെ കണ്ഡമാലിൽ 2008ൽ വിശ്വഹിന്ദു പരിഷത്തിെൻറ നേതൃത്വത്തിൽ നിരവധി ക്രൈസ്തവരെ കൊന്നുതള്ളുകയും നിരവധി സ്ത്രീകളെ ബലാത്സംഗവും ചെയ്ത വംശഹത്യ.
പതിറ്റാണ്ടുകൾ നീണ്ടുനിൽക്കുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ കൂട്ടുകെട്ടിന് ഹിന്ദുത്വം കേരളത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ആദ്യം ശത്രുപക്ഷത്തു നിർത്തി ഭയംകൊണ്ടു മൂടുകയും പിന്നെ തുണ കൊടുത്ത് കൂട്ടുചേർത്ത് അധികാരമേൽക്കുകയും തുടർന്ന് തട്ടിമാറ്റി വേട്ടയാടി ഇല്ലാതാക്കുകയും ചെയ്യുന്ന രാഷ്ട്രീയമാണ് ഒരു നൂറ്റാണ്ടോളമായി ആർ.എസ്.എസ് തുടരുന്നത്.
ആർ.എസ്.എസ് ഒരിക്കലും ക്രൈസ്തവരുടെ പക്ഷത്തല്ല എന്നു മാത്രമല്ല, അവർക്കെതിരെ നിരന്തരമായ കലാപങ്ങൾക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് പ്രതിനിധി സഭയുടെയും കാര്യകാരി മണ്ഡലിെൻറയും 2007 വരെയുള്ള രേഖകൾ വ്യക്തമാക്കുന്നത്. 1983ൽ നടന്ന ആർ.എസ്.എസിെൻറ ദേശീയ ബൗദ്ധിക സമ്മേളനത്തിൽ പാസാക്കപ്പെട്ട Violation of Hindu Sanctity in Kerala എന്ന പ്രമേയത്തിൽ കേരളത്തിലെ ക്രിസ്ത്യൻ സഭകളെ മുഴുവൻ പ്രതിസ്ഥാനത്തു നിർത്തുന്നു. ശബരിമലക്കടുത്ത നിലക്കലിൽ കുരിശ് സ്ഥാപിക്കപ്പെട്ടതും കരുണാകര സർക്കാറിെൻറ ഹിന്ദുവിരുദ്ധ നിലപാടുകളും ഇതിൽ ചർച്ചചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് ആ വർഷം കൂടിയ ആർ.എസ്.എസിെൻറ വാർഷിക ക്യാമ്പിൽനിന്നുള്ളവർ നിലക്കൽ പ്രദേശത്തെ ഭീതിയിലാഴ്ത്തി നടത്തിയ റൂട്ട്മാർച്ചും ഭീഷണികളും പുതിയ പ്രണയത്തിന് മുമ്പുള്ള ചരിത്രമാണ്. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ കേരള രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതും നിലക്കലുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിലൂടെയാണ് എന്നതും പ്രസക്തമാണ്.
തമിഴ്നാട്ടിലെ സഭകൾ ദലിതുകളെ ഉപയോഗിച്ച് ഒരു ‘ദലിത്സ്ഥാൻ’ ഉണ്ടാക്കാനുള്ള ശ്രമത്തിലാണെന്നും അതിൽ കേരളമടക്കമുള്ള സഭകളുടെ പിന്തുണയുണ്ടെന്നും 1983ലെ പ്രതിനിധി സമ്മേളനത്തിൽ ആർ.എസ്.എസ് വിശദീകരിക്കുന്നുണ്ട്. കേരളത്തിലെ ചർച്ചുകളെ പ്രതിസ്ഥാനത്തു നിർത്താൻവേണ്ടി അതിനുശേഷവും നിരവധി തവണ ശ്രമിക്കുന്നുണ്ട്. ചുരുക്കത്തിൽ, ക്രൈസ്തവ സഭകളെയും വിശ്വാസികളെയും നിരന്തരം ശത്രുപക്ഷത്തു നിർത്തിയ ചരിത്രമാണ് ആർ.എസ്.എസിനുള്ളത്. ആ ചരിത്രത്തിനും അത് ഉൽപാദിപ്പിച്ച നിരവധി കലാപങ്ങൾക്കും ഭീതിപ്പെടുത്തലുകൾക്കും മേലെ സൗഹൃദത്തിെൻറ പുതപ്പിട്ട് അധികാരത്തിലേക്ക് അടുക്കാനുള്ള കുറുക്കുവഴികൾ അന്വേഷിക്കുക മാത്രമാണ് അവർ ഇപ്പോൾ നടത്തുന്നത്. ഇതിനെ പിന്തുണക്കുന്ന ചില വൈദികർ എന്തെങ്കിലും ഭയക്കാനുള്ളവർ ആയിരിക്കാനുള്ള സാധ്യത തന്നെയാണുള്ളത്.
കേംബ്രിജ് യൂനിവേഴ്സിറ്റിയിൽ ഡോ. എൽ.എം സിങ്വി വിസിറ്റിങ് ഫെലോ ആണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.