മുസ്‍ലിം വിരുദ്ധത മാത്രമാണ് ആര്‍.എസ്.എസിന്റെ ഇന്ധനം

മഹാനായ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്‌ പ്രസ്ഥാനം 75ാം വർഷത്തിലെത്തി നിൽക്കുകയാണ്. രാജ്യത്തെ മുസ്‍ലിം ന്യൂനപക്ഷ രാഷ്ട്രീയത്തിന് വ്യക്തമായ ദിശാസൂചിക നൽകുന്നതിനുള്ള ഉത്തരവാദിത്തം ഈ സമ്മേളനത്തിനുണ്ട്. ഈ വഴിയിൽ വലിയ പങ്ക് നിർവഹിക്കാൻ കഴിയുക യുവാക്കൾക്കാണ്. ചരിത്ര ദൗത്യം നിർവഹിക്കാനുള്ള സമർപ്പണവും സന്നദ്ധതയും മുസ്‍ലിം ലീഗിന്റെ യുവജന വിഭാഗം താൽപര്യപൂർവം ഏറ്റെടുക്കേണ്ടതുണ്ട്.

നമ്മുടെ രാജ്യത്തിന്റെ തീരാ കളങ്കമായിരുന്നു ബാബരി മസ്ജിദിന്റെ തകർച്ച. മതേതര ജനാധിപത്യ ഇന്ത്യയുടെ കൃത്യമായ ഒരു വഴിത്തിരിവാണ് അത്. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന യുവാക്കളായ വോട്ടർമാരിൽ വലിയ പങ്കും ജനിച്ചത് ബാബരി മസ്ജിദിന്റെ തകർച്ചക്ക് ശേഷമാണ്. പിന്നീടുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങൾ ബി.ജെ.പിയുടെ വളർച്ചക്ക് എത്രമാത്രം ഗതിവേഗം കൂട്ടിയെന്ന് നമുക്കറിയാവുന്നതാണ്. ഇതിൽ യുവാക്കളുടെ സ്വാധീനം എത്ര വലുതാണെന്ന് നമുക്ക് പരിശോധിച്ചാൽ മനസ്സിലാകും.

1949ൽ ബാബരി മസ്ജിദ് നിലനിൽക്കുന്നിടത്ത് ഒരു ശ്രീരാമവിഗ്രഹം പ്രത്യക്ഷപ്പെടുമ്പോൾ അവിടെയാണ് തങ്ങളുടെ ഭഗവാൻ ശ്രീരാമചന്ദ്രൻ ജനിച്ചത് എന്നത് ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ ജനവിഭാഗങ്ങളും കണക്കാക്കിയിരുന്നില്ല.

അയോധ്യയിലാണ് ഭഗവാൻ ശ്രീരാമൻ ജനിച്ചതെങ്കിലും ബാബരി മസ്ജിദ് നിൽക്കുന്നിടമാണ് ജന്മസ്ഥലം എന്ന് അവർ കരുതിയിരുന്നില്ല. 1986ൽ ബാബരി മസ്ജിദ് നിൽക്കുന്ന സ്ഥലത്ത് വിഗ്രഹ പൂജക്ക് തുറന്നു കൊടുക്കാൻ അലഹബാദ് ഹൈകോടതി ഉത്തരവിടുമ്പോൾ ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിൽ അരശതമാനം പേർക്കെങ്കിലും അവിടെയാണ് ഭഗവാൻ ശ്രീരാമചന്ദ്രൻ ജനിച്ചത് എന്ന് അറിയുമായിരുന്നില്ല.1989ൽ ശിലാന്യാസം നടക്കുമ്പോഴും ഒരു ശതമാനം ഹൈന്ദവരെങ്കിലും അത്തരം വിശ്വാസം കൊണ്ടുനടന്നിരുന്നില്ല.

1992ൽ ബാബരി മസ്ജിദ് തകർക്കപ്പെടുമ്പോഴും ഇന്ത്യയിലെ മഹാഭൂരിപക്ഷം വരുന്ന ഹൈന്ദവ സഹോദരങ്ങളിൽ ഒരു മൈക്രോസ്കോപ്പിക് മൈനോരിറ്റിയെങ്കിലും അവിടെയാണ് ഭഗവാൻ ശ്രീരാമചന്ദ്രൻ ജനിച്ചത് എന്ന് വിശ്വസിച്ചിരുന്നില്ല.

എന്നാൽ, ഇന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയിലൂടെ ബാബരി മസ്ജിദിന്റെ സ്ഥലത്ത് ശ്രീരാമ ക്ഷേത്ര നിർമാണം പുരോഗമിക്കുമ്പോൾ രാജ്യത്തെ ഹൈന്ദവ ജനവിഭാഗങ്ങളിൽ സാമാന്യ ഭൂരിപക്ഷത്തിനെങ്കിലും അവിടെയാണ് ശ്രീരാമൻ ജനിച്ചത് എന്ന് വിശ്വസിക്കാൻ അത് പ്രേരക ഘടകമാകുന്നു.

മുസ്‍ലിം ചിഹ്നങ്ങളെയും ആരാധനാലയങ്ങളെയും സാംസ്കാരിക പ്രതീകങ്ങളെയും തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിന് ആർ.എസ്.എസ് എത്രത്തോളം കരുവാക്കുന്നു എന്നതിന്റെ ഒന്നാമത്തെ ഉദാഹരണമാണ് ബാബരി മസ്ജിദ്. മുസ്‍ലിം വിരുദ്ധത മാത്രമാണ് ആർ.എസ്.എസിന്റെ രാഷ്ട്രീയ ഇന്ധനം.

നിങ്ങളുടെ ആരാധനാലയങ്ങളെയും വേഷവിധാനങ്ങളെയും വിശ്വാസ ആചാരങ്ങളെയും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മുൾമുനയിൽ നിർത്തി ആർ.എസ്.എസ് രാഷ്ട്രീയ നേട്ടങ്ങൾ കൈവരിക്കുന്നു. ആർ.എസ്.എസ് മുസ്‍ലിംകളെ ഒരു മതസമൂഹമായല്ല, രാഷ്ട്രീയ സമൂഹമായാണ് കാണുന്നത്. നിങ്ങളുടെ വേഷവും ആരാധനാലയവും സാംസ്കാരിക പ്രതീകങ്ങളും ആർ.എസ്.എസിന് രാഷ്ട്രീയമാണ്. മുസ്‍ലിംകൾ ആർ.എസ്.എസിന് ഒരു പൊളിറ്റിക്കൽ ബ്ലോക്ക് ആണ്. എന്നാൽ, മുസ്‍ലിംകളോ ഇന്ത്യയിൽ രാഷ്ട്രീയമായി അസംഘടിതരും. മുസ്‍ലിംകളെ മുൻനിർത്തിയാണ് ആർ.എസ്.എസ് ഇന്ത്യ ഭരിക്കുന്നത്. അവരെ മുൻനിർത്തിയാണ് ആർ.എസ്.എസ് ഇന്ത്യയുടെ ഭരണഘടന തകർക്കുന്നത്. മുസ്‍ലിംകളെ മുൻനിർത്തിയാണ് ആർ.എസ്.എസ് ഇന്ത്യയുടെ വ്യവസ്ഥിതിയെ തകിടം മറിക്കുന്നത്. മുസ്‍ലിം വിരോധത്തിന്റെ പേരിൽ തകർക്കപ്പെടുന്നത് ഇന്ത്യയാണ് എന്നത് ഇന്ത്യയിലെ ജനാധിപത്യ മതേതര കക്ഷികൾ തിരിച്ചറിയുന്നില്ല എന്നതാണ് ദുഃഖകരമായ കാര്യം.

ഒരു വഴി മാത്രമേ അവശേഷിക്കുന്നുള്ളൂ. രാജ്യത്തെ രക്ഷിക്കുന്നതിനും മുസ്‍ലിംകളുടെ അതിജീവനത്തിനും മുസ്‍ലിംകൾ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു മാർഗമില്ല. 20 കോടിയാണ് ഇന്ത്യയിലെ മുസ്‍ലിം ജനസംഖ്യ. 80 ലക്ഷം ആണ് കേരളത്തിലെ മുസ്‍ലിം ജനസംഖ്യ. 40 ലക്ഷത്തിലധികം വരും തമിഴ്നാട്ടിലെയും മുസ്‍ലിം ജനസംഖ്യ. ഒരുകോടി 20 ലക്ഷം മുസ്‍ലിംകൾ രാഷ്ട്രീയമായി സംഘടിതരാണ് എന്ന് നമുക്ക് സാമാന്യമായി കണക്കാക്കാം. മുസ്‍ലിംലീഗിന്റെ രാഷ്ട്രീയ സംഘാടനത്തിൽ അംഗങ്ങൾ അല്ലെങ്കിലും ഇത്രയും മുസ്‍ലിംകൾ പരോക്ഷമായെങ്കിലും മുസ്‍ലിംലീഗിന്റെ ഗുണഫലങ്ങൾ അനുഭവിക്കുന്നവരാണ്. എന്നാൽ, ബാക്കിവരുന്ന 18 കോടി 80 ലക്ഷം മുസ്‍ലിംകൾ എവിടെയാണ്? അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ എന്താണ്? അവർ രാഷ്ട്രീയത്തെക്കുറിച്ച് എത്രത്തോളം ജ്ഞാനം ഉള്ളവരാണ്? അവർ ഇന്ത്യയുടെ രാഷ്ട്രീയ ഗതിവിഗധികളിൽ എത്രത്തോളം പങ്കുവഹിക്കുന്നവരാണ്?

20 കോടി എന്നത് ജനാധിപത്യത്തിൽ ഒരു ചെറിയ സംഖ്യയല്ല. ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിൽ അത് നിർണായകമായ ഘടകമാണ്. ഇന്ത്യയെ രക്ഷിക്കാൻ, ഇന്ത്യയിലെ മുസ്‍ലിംകൾക്ക് രാഷ്ട്രീയമായി അതിജീവിക്കാൻ 20 കോടി മുസ്‍ലിംകൾ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു വഴികൾ ഒന്നുമില്ല. ഒരു നേതാവിനു പിന്നിൽ, ഒരു കൊടിക്ക് കീഴിൽ ഒരു പേരിനു പിന്നിൽ അവർ രാഷ്ട്രീയമായി ഒന്നിച്ചേ മതിയാകൂ. മുസ്‍ലിംകൾ രാഷ്ട്രീയമായി സംഘടിക്കുന്നത് ഇവിടത്തെ ഹൈന്ദവ ജനതക്കെതിരല്ല, ഇവിടുത്തെ ക്രൈസ്തവ വിഭാഗത്തിനും എതിരല്ല, ഇവിടത്തെ ഏതെങ്കിലും മത-ജാതി വിഭാഗങ്ങൾക്കും എതിരല്ല. ഇന്ത്യയെ രക്ഷിക്കാനാണ്. മുസ്‍ലിംകളെ രാഷ്ട്രീയ ശത്രുവായി കാണുന്ന ആർ.എസ്.എസ് തകർക്കുന്ന ഇന്ത്യയെ തിരിച്ചുകൊണ്ടുവരാനാണ്.

രാജ്യത്തെ മതേതര-ജനാധിപത്യ കക്ഷികൾ ഈ യാഥാർഥ്യം തിരിച്ചറിയണം. ഇന്ത്യൻ മുസ്‍ലിംകളോട് ഒരു കൊടിക്കു കീഴിൽ അണിനിരക്കാനുള്ള ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ 75 വർഷം മുമ്പുള്ള വിളിയാളം ഇപ്പോഴും കൂടുതൽ പ്രസക്തമാകുന്നത് അങ്ങനെയാണ്. ഇസ്മായിൽ സാഹിബും സീതി സാഹിബും സൈദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളും പൂക്കോയ തങ്ങളും സി.എച്ച് മുഹമ്മദ് കോയ സാഹിബും തുടങ്ങിവെച്ചത് ചുവപ്പ് പരവതാനിയിൽ നിന്നല്ല. വെല്ലുവിളികളെയും പ്രതിസന്ധികളെയും അതിജയിച്ചവരാണ് അവർ. ഇന്ത്യാ വിഭജനത്തിന്റെ ദുർഘട ഘട്ടം തരണം ചെയ്തവരാണ് അവർ. അവരുടെ കാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരം തേടി മുന്നണി പോരാളികളായവരാണ് അവർ. നമ്മുടെ കാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഒരു ഇസ്മായിൽ സാഹിബും ഇനി ഖബറിൽനിന്ന് എഴുന്നേറ്റ് വരില്ല. ഒരു ബാഫഖി തങ്ങളും സീതി സാഹിബും സി.എച്ചും ഖബറിൽനിന്ന് വരില്ല. നമ്മുടെ കാലത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് നമ്മളാണ്, ഗതകാലത്തിന്റെ മഹനീയതയിൽ മയങ്ങി കിടക്കാനല്ല, പുതിയ കാലത്തെ വെല്ലുവിളികളെ അതിജയിക്കാനാണ് യുവാക്കൾ ആർജവം കാണിക്കേണ്ടത്.


(മുസ്‍ലിം ലീഗ്‌ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയാണ് ലേഖകൻ)

Tags:    
News Summary - RSS's fuel is only anti-Muslim sentiment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.