ഇന്ത്യയിൽ ഓരോ അഞ്ചു ദിവസത്തിലും സെപ്റ്റിക് ടാങ്കോ ഓവുചാലുകളോ വൃത്തിയാക്കുന്നതിനിടെ ഒരു ശുചീകരണ തൊഴിലാളി മരിക്കുന്നുണ്ടെന്നാണ് സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഇത് േജാലിക്കിടയിലെ മരണത്തിെൻറ കണക്കാണ്. ക്ഷയം, അമിത മദ്യപാനം തുടങ്ങിയ ഈ ജോലിയുടെ തുടർച്ചയായുണ്ടാവുന്ന പ്രശ്നങ്ങൾ മൂലമുള്ള മരണങ്ങൾ ഇതിനു പുറമെയുണ്ട്.
തെക്കനേഷ്യയിൽ ശുചീകരണ ജോലി/തോട്ടിപ്പണി ജാതിവ്യവസ്ഥയുമായി ബന്ധപ്പെട്ടുകിടക്കുന്നു. താഴ്ന്ന ജാതിക്കാർ എന്നു വിളിക്കപ്പെടുന്ന സമൂഹമാണ് ഇതു ചെയ്യേണ്ടിവരുന്നത്. തൊഴിൽജന്യമായ ശാരീരിക-മാനസിക വൈഷമ്യങ്ങൾ മൂലം ശുചീകരണ തൊഴിലാളികളുടെ ആയുർദൈർഘ്യം ഇന്ത്യൻ ശരാശരിയേക്കാൾ താഴെയാണ്. ഈ ജോലിയും അതിെൻറ വിഷമതകളുമെല്ലാം അവർ അനുഭവിക്കേണ്ട സ്വാഭാവിക കാര്യമായാണ് നമ്മുെട ജാതിമനസ്സ് കണക്കാക്കിപ്പോരുന്നത്. ശുചീകരണ തൊഴിലാളികളെ സംബന്ധിച്ച ചർച്ചകൾ മുഴുവനും തോട്ടിപ്പണി നിരോധന-പുനരധിവാസ നിയമം 2013, 1989ലെ പട്ടികജാതി-വർഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമം എന്നിവയിൽ ഒതുങ്ങിപ്പോവുന്നതുകൊണ്ട് അവരുടെ തൊഴിൽ അവകാശങ്ങളോ അടിസ്ഥാന മൗലികാവകാശങ്ങളോ ചർച്ചയാവുന്നില്ല. നാമമാത്ര പ്രാതിനിധ്യമുള്ള സർക്കാർ മേഖലയിൽ ഒഴികെ ശുചീകരണ തൊഴിലാളികൾക്ക് മിനിമം കൂലിപോലും നൽകുന്നില്ല.
സ്വച്ഛ് ഭാരത് അഭിയാൻ, സഫായി മിത്ര തുടങ്ങിയ പദ്ധതികൾക്ക് വമ്പൻ പ്രചാരവും പ്രാധാന്യവും നൽകുേമ്പാഴും സ്വച്ഛ ഭാരതം യാഥാർഥ്യമാക്കുന്ന മനുഷ്യരുടെ ജീവൽപ്രശ്നങ്ങളെ വേണ്ടവിധം അടയാളപ്പെടുത്തിവെക്കാൻപോലും ശ്രമങ്ങളുണ്ടാവുന്നില്ല.
സംസ്ഥാന സർക്കാറിെൻറ നിരന്തര സാമൂഹിക ഇടപെടലുകൾക്കിടയിലും കേരളത്തിലെ ശുചീകരണ തൊഴിലാളികളെ കോവിഡ് പ്രതിസന്ധി അതിരൂക്ഷമായി ബാധിച്ചു. സംസ്ഥാനത്ത് നിലവിൽ 31,000 തൊഴിലാളികൾ ഈ മേഖലയിൽ ജോലി ചെയ്യുന്നു. 1993നുശേഷം നടത്തിയ കണക്കെടുപ്പുകളിൽ തൊഴിലിനിടെ മരിച്ചത് 800 ശുചീകരണ തൊഴിലാളികളാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് യഥാർഥ മരണങ്ങളേക്കാൾ ഏറെ കുറവാണ്. ആർക്കുംതന്നെ നഷ്ടപരിഹാരമേതും നൽകിയിട്ടുമില്ല. 2021 ഏപ്രിൽ വരെ 6536 പേരാണ് മരിച്ചത്. എന്നാൽ, തോട്ടിപ്പണി നിരോധന പുനരധിവാസ നിയമത്തിെൻറ പരിധിയിൽ വരുന്നില്ല എന്ന പേരിലാണ് 80 ശതമാനം മരണങ്ങളും കണക്കുകളിൽനിന്ന് ഒഴിച്ചുനിർത്തപ്പെട്ടത്. ഏറെ വൈകി കഴിഞ്ഞ വർഷങ്ങളിലാണ് തോട്ടിപ്പണി നിരോധന പുനരധിവാസ നിയമം പരിമിതമായെങ്കിലും ഇവിടെ നടപ്പാക്കപ്പെട്ടത്. അപ്പോഴും വലിയ ഒരു വിഭാഗം ഇതിൽനിന്ന് ഒഴിവാക്കപ്പെട്ടു.
ദേശീയ കണക്കെടുപ്പിൽ കണ്ടെത്തിയ 600 തോട്ടിപ്പണിക്കാരെ പുനരധിവസിപ്പിക്കുകയോ അവർക്ക് ബദൽ ജീവിതമാർഗങ്ങൾ തേടുന്നതിന് ലഘുവായ്പകൾ ഒരുക്കിക്കൊടുക്കുകയോ ചെയ്തിട്ടില്ല. തുറന്ന സ്ഥലത്ത് വിസർജനം നടക്കുന്നില്ല എന്ന് 2016ൽ പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ഗ്രാമീണ മേഖലകളിൽ ശുചീകരണ തൊഴിലാളികൾ കക്കൂസുകളും ഓവുകളും വെറുംകൈയും ചൂലും ഉപയോഗിച്ച് വൃത്തിയാക്കുകയാണ് പതിവ്. രണ്ടാംതരംഗശേഷം കൊല്ലം, എറണാകുളം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഡ്രൈ ലാട്രീനുകൾ കണ്ടെത്തുകയുണ്ടായി. അവ രോഗവ്യാപനത്തിെൻറ പ്രഭവകേന്ദ്രങ്ങളാണെന്ന് വ്യക്തമായിട്ടും നീക്കംചെയ്യാൻ ഭരണകൂടം നടപടികൾ സ്വീകരിച്ചതുമില്ല.
വൃത്തിയുടെ പോരാളികളെന്നൊക്കെ വാഴ്ത്തിപ്പാടുേമ്പാഴും തോട്ടിത്തൊഴിലാളികൾക്ക് ഏതെങ്കിലും വിധത്തിലുള്ള സഹായമോ പുനരധിവാസ പിന്തുണയോ നൽകാൻ അധികാരികളോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ താൽപര്യമെടുക്കുന്നില്ല. സംസ്ഥാന ശുചിത്വ മിഷൻ ഇക്കാര്യത്തിൽ ഒരു സമ്പൂർണ പരാജയവുമാണ്.
കൊല്ലം നഗരത്തിലെ കപ്പലണ്ടിമുക്ക് പോലുള്ള മേഖലകളിലെ കുടുംബങ്ങൾ, ചക്ലിയ സമുദായത്തിലെ ലക്ഷക്കണക്കിന് മനുഷ്യർ മറ്റൊരു തൊഴിൽ മേഖലയും തുറന്നുകിട്ടാത്തതിനാൽ തോട്ടിയുടെ മക്കൾ തോട്ടിയായി തുടരേണ്ടിവരുന്ന അവസ്ഥയെ അഭിമുഖീകരിക്കുന്നു. കപ്പലണ്ടിമുക്കിലെ മെഹ്മൂദ് എന്ന ശുചിത്വ തൊഴിലാളി പറഞ്ഞത് ഇപ്പോഴും മലം കോരുന്ന പണി തുടരുന്ന താൻ ബദൽ സാധ്യതകൾ പലതും തേടിയിട്ടും ഫലംകണ്ടില്ല എന്നാണ്. മാൻഹോളുകളിൽ ആളിറങ്ങി വൃത്തിയാക്കുന്നത് ഒഴിവാക്കാൻ ബാൻഡിക്കൂട്ട് എന്ന പേരിൽ റോബോട്ടിനെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അത് പ്രവർത്തിപ്പിക്കാൻ പരിശീലനവും മെഷീനും നൽകണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും ജാതി സർട്ടിഫിക്കറ്റും താമസ സർട്ടിഫിക്കറ്റും ഇല്ലെന്ന പേരിൽ അധികൃതർ നിഷേധിക്കുകയായിരുന്നു.
കേരളത്തിൽ കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന സർക്കാറുകൾ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് സംസ്ഥാനത്ത് തോട്ടിത്തൊഴിലാളികൾ ഇല്ല എന്നാണ്. ഇപ്പോഴും സംസ്ഥാനത്തിെൻറ പല കോണുകളിൽ മലവും മൃഗങ്ങളുടെ ശവശരീരവും നീക്കംചെയ്യുന്ന ഈ മനുഷ്യരെ കണ്ടില്ലെന്നുനടിച്ച് നിഷേധിക്കാൻ ശ്രമിക്കുന്നത് സാമൂഹികനീതിയിൽ വിശ്വസിക്കുന്ന ഒരു ജനകീയ ഭരണകൂടത്തിന് ഭൂഷണമല്ല.
സർക്കാറും പൊതുസമൂഹവും കണ്ണടച്ചുനിൽക്കെ ഇന്ത്യ, നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്നായി അയ്യായിരത്തിലേറെ ശുചീകരണ തൊഴിലാളികൾ ഒത്തുചേർന്ന് സൗത്ത് ഏഷ്യൻ സാനിറ്റേഷൻ വർക്കർ ആൻഡ് ലേബർ നെറ്റ്വർക് എന്ന കൂട്ടായ്മക്ക് രൂപം നൽകി അവകാശങ്ങൾക്കായി ശബ്ദിക്കാൻ തീരുമാനിച്ചിരിക്കുന്നു. തൃശൂരിലെ പുന്നയൂരിൽ ഇന്ന് സമാപിക്കുന്ന അവരുടെ കൺവെൻഷൻ ഒരു അവകാശപത്രവും പുറത്തിറക്കുന്നുണ്ട്. ജീവിക്കാനുള്ള അവകാശം, വേതനം, പെൻഷൻ, ദാരിദ്ര്യത്തിൽനിന്നും ഭവനരാഹിത്യത്തിൽനിന്നും മോചനം തുടങ്ങിയ അവരുടെ പോരാട്ടങ്ങൾക്കൊപ്പം നിൽക്കൽ മനുഷ്യർ എന്നവകാശപ്പെടുന്ന ഓരോ വ്യക്തിയുടെയും ബാധ്യതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.