വിദ്യാലയ പ്രവേശന പ്രായം ആറു വയസ്സാക്കണമെന്ന ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള കേന്ദ്ര സർക്കാർ നിർദേശത്തിൽ സംസ്ഥാന സർക്കാർ നിലപാടിനായി കാത്തിരിക്കയാണ് കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകർ. മൂന്നു വയസ്സു മുതൽ ആറു വയസ്സുവരെ കുട്ടികൾ പ്രീ സ്കൂൾ വിദ്യാഭ്യാസം നേടണമെന്നും ശേഷം ആറാം വയസ്സിൽ ഗ്രേഡ് ഒന്നിലെത്തണമെന്നുമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം.
കേരളത്തിൽ പ്രീ സ്കൂൾ വിദ്യാഭ്യാസം വിപുലമാണെങ്കിലും ഏകീകൃത രീതിയിലല്ല. പാഠപുസ്തകം, അധ്യാപക യോഗ്യത, നിയമനം എന്നിവയിലൊന്നും കൃത്യതയാർന്ന മാനദണ്ഡങ്ങളില്ല ഇവിടെ. പ്രീ സ്‌കൂൾ ഘട്ടം അഞ്ചു വയസ്സിൽ പൂർത്തിയായി കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുകയാണ് കേരളത്തിലെ പതിവ്. ദേശീയ നയത്തിൽ നിർദേശിക്കുന്ന വിധത്തിലുള്ള മൂന്നു വർഷ പ്രീ പ്രൈമറി സമ്പ്രദായവും ഇവിടെയില്ല. സർക്കാർ സ്‌കൂളുകളിൽ പ്രീ പ്രൈമറി ഒരു വർഷമേ ഔദ്യോഗികമായുള്ളൂ എങ്കിലും നിലനിൽപിനുവേണ്ടി പല സ്‌കൂളുകളും രണ്ടു വർഷമായി നടത്തുകയാണ് പതിവ്.
ഇത്തരമൊരവസ്ഥയിൽ കേന്ദ്ര നിർദേശം സംസ്ഥാനത്ത് നടപ്പാക്കാൻ ഒട്ടേറെ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നത് യാഥാർഥ്യമാണ്. ഇത്തരമൊരു പ്രതിസന്ധി 2013ൽ വിദ്യാഭ്യാസ അവകാശ നിയമം (ആർ.ടി.ഇ) നടപ്പാക്കിയപ്പോഴും സംജാതമായിരുന്നു. ആറു വയസ്സ് ഒന്നാം ക്ലാസ് പ്രവേശന പ്രായമായി കണക്കാക്കി ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഒരു ഘട്ടമായും ആറ്, ഏഴ്, എട്ട് ക്ലാസുകൾ അടുത്ത ഘട്ടമായുമുള്ള എലിമെന്ററി വിദ്യാഭ്യാസവും ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഉൾപ്പെടുന്ന സെക്കൻഡറി ഘട്ടവുമാണ് ആർ.ടി.ഇ വ്യവസ്ഥ. അന്ന് ഈ പ്രതിസന്ധി മറികടക്കാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഘടനാപരമായ മാറ്റം താത്ത്വികമായി അംഗീകരിച്ചുകൊണ്ട് അഞ്ചു വയസ്സ് പൂർത്തിയായ മുഴുവൻ കുട്ടികളും നൂറു ശതമാനം സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുണ്ടെന്നും പ്രവേശന പ്രായം ഉയർത്തുന്നത് സംസ്ഥാനത്ത് അപ്രായോഗികമാണെന്നും ഈ ഉത്തരവിലൂടെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.
സമഗ്ര ശിക്ഷ അഭിയാൻ (എസ്.എസ്.എ) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് കേരളത്തിൽ പ്രീ സ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്കൂൾ വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന പ്രവർത്തനങ്ങൾക്ക് ഫണ്ട് നൽകുന്നത്. നേരത്തേ ആറു മുതൽ 14 വയസ്സു വരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തി ആർ.ടി.ഇ നടപ്പാക്കാനുള്ള ഏജൻസി എസ്.എസ്.എയും, 14 മുതൽ 18 വയസ്സു വരെയുള്ളവർക്ക് (9-12 ക്ലാസ്) രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാനും (ആർ.എം.എസ്.എ) ആയിരുന്നു. അവ യോജിപ്പിച്ചാണ് സമഗ്ര ശിക്ഷ അഭിയാൻ വന്നത്. കുട്ടികൾക്കുള്ള സൗജന്യ യൂനിഫോം, പാഠപുസ്തക വിതരണം, ഉച്ചഭക്ഷണം, പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള അക്കാദമിക പ്രവർത്തനങ്ങൾ, അവർക്കുള്ള സഹായ ഉപകരണ വിതരണം, റിസോഴ്സ് ടീച്ചേഴ്സ് ശമ്പളം, ചോദ്യപേപ്പർ നിർമാണം, പഠന പോഷണ പരിപാടികൾ, അധ്യാപക പരിശീലനങ്ങൾ, പ്രവേശനോത്സവം, സ്കൂൾ കെട്ടിട നിർമാണം തുടങ്ങി വിദ്യാലയങ്ങളിലെ അക്കാദമികവും അക്കാദമികേതരവുമായ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ഈ പദ്ധതി വഴിയാണ് വരുന്നത്. കേന്ദ്രം പ്രവേശന വയസ്സ് ദേശീയ നയം അനുസരിച്ചാക്കിയാൽ മാത്രമേ ഫണ്ട് അനുവദിക്കൂ എന്ന് നിർബന്ധംപിടിച്ചാൽ കേരളം സമർപ്പിക്കുന്ന പദ്ധതികൾ പ്ലാനിങ് അപ്രൈസൽ ബോഡി അംഗീകരിക്കണമെന്നില്ല.
അത് മറികടക്കാൻ സംസ്ഥാനം വഴികൾ കണ്ടെത്തേണ്ടിവരും. എല്ലാ വിദ്യാലയങ്ങളിലും പ്രീ സ്കൂൾ ആരംഭിക്കുകയാണ് ഒരു വഴി. പല വിദ്യാഭ്യാസ കമീഷനുകളും മുന്നോട്ടുവെച്ച ഒരു നിർദേശവുമാണിത്. എസ്.സി.ഇ.ആർ.ടി ഇതുസംബന്ധമായ പഠനവും നടത്തിയിട്ടുണ്ട്. ഏകീകൃത പാഠ്യപദ്ധതിയും അധ്യാപക യോഗ്യത കോഴ്സും നിശ്ചയിക്കേണ്ടിവരും. അധ്യാപക യോഗ്യതക്കായി ഡിപ്ലോമ ഇൻ പ്രീ സ്കൂൾ എജുക്കേഷനൽ കോഴ്സ് പ്രത്യേകമായി രൂപകൽപന ചെയ്യാൻ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തണമെന്ന് വിദ്യാഭ്യാസ നയം പറയുന്നുണ്ട്. മൂന്നു മുതൽ പ്രവേശനം നൽകി ആദ്യം ഒരു വർഷ നഴ്‌സറിയും പിന്നീട് രണ്ടു വർഷം പ്രീപ്രൈമറിയും ആക്കി ആറു വയസ്സിൽ ഒന്നാം തരത്തിൽ പ്രവേശിപ്പിക്കുകയാണ് സാധ്യമായ ഒരു വഴി. ആദ്യത്തെ ഒരു വർഷം അഞ്ചു വയസ്സ് കഴിഞ്ഞെത്തുന്നവരെ ഒന്നാം തരത്തിനു പകരം സീനിയർ പ്രീപ്രൈമറിയാക്കി ഒന്നിന്റെ ഇടക്കുള്ള ഒരു ബ്രിഡ്ജ് ക്ലാസാക്കി മാറ്റുക. അടുത്ത വർഷം ഈ പ്രശ്നം ഉണ്ടാകില്ല. പല സംസ്ഥാനങ്ങളും ദേശീയ വിദ്യാഭ്യാസ നയത്തിനും വിദ്യാഭ്യാസ അവകാശ നിയമത്തിനും അനുസരിച്ച് ഘടനാമാറ്റം നടപ്പാക്കിക്കഴിഞ്ഞു. നാം പുറംതിരിഞ്ഞുനിന്നാൽ അത് കേരളത്തിനു ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സഹായപദ്ധതികൾക്ക് തിരിച്ചടിയായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.