ആദ്യമായി വിദ്യാലയങ്ങളിലെത്തുന്ന കുഞ്ഞുങ്ങൾക്കും അവധിക്കാലം ആസ്വദിച്ച് വിദ്യാലയങ്ങളിലേക്ക് തിരിച്ചെത്തിയവർക്കും ഹൃദ്യമായ അധ്യയന വർഷ ആശംസകളോടെ സ്വാഗതം. കുട്ടികളെ വരവേൽക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും നാട്ടുകാരും ഒട്ടേറെ കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ‘ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം’ പരിപാടിയുടെ ഭാഗമായി സാമൂഹിക പങ്കാളിത്തത്തോടെ വിദ്യാലയങ്ങളെല്ലാം ശുചിയാക്കി. സ്കൂളുകളുടെയും ഫർണിച്ചറുകളുടെയും അറ്റകുറ്റപ്പണികളും നടത്തി. അങ്ങനെ സ്കൂൾ ഭൗതിക സൗകര്യങ്ങളെല്ലാം സജ്ജമാണ്.
പൊതുവിദ്യാഭ്യാസ വകുപ്പ് അവധിക്കാലത്ത് മനസ്സറിഞ്ഞ് പ്രവർത്തിക്കുകയായിരുന്നു. കുഞ്ഞുങ്ങൾക്കുള്ള യൂനിഫോം വിതരണം ഏതാണ്ട് പൂർത്തീകരിച്ചു. പാഠപുസ്തകങ്ങൾ കുട്ടികളിൽ ഏതാണ്ടെല്ലാവർക്കും ലഭിച്ചിട്ടുണ്ടാകും. കുട്ടികളെ പഠിപ്പിക്കേണ്ട അധ്യാപകർക്ക് പരിശീലനവും നൽകിക്കഴിഞ്ഞു. 1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠ്യപദ്ധതിയനുസരിച്ച പുസ്തകങ്ങളാണ്. 2,4,6,8,10 ക്ലാസുകളിൽ 2025-26 അക്കാദമിക വർഷമേ പുതിയ പാഠപുസ്തകങ്ങൾ വരുകയുള്ളൂ. വിദ്യാഭ്യാസത്തെക്കുറിച്ചും കുട്ടികളെ അവരുടെ പ്രായമറിഞ്ഞ് എങ്ങനെ പിന്തുണക്കണമെന്നും ബോധവത്കരിക്കാൻ ഇതാദ്യമായി രക്ഷകർത്താക്കൾക്കുള്ള പുസ്തകം കൂടി തയാറാക്കിയിട്ടുണ്ട്.
അറിവിന്റെ രംഗത്തും സാങ്കേതിക വിദ്യാരംഗത്തും വലിയ കുതിപ്പാണ് നടക്കുന്നത്. അറിവാണ് ഇന്ന് ലോകത്തെ നിർണയിക്കുന്നത്. അതുകൊണ്ട് മാനവരാശി നിർമിക്കുന്ന ഏതൊന്നിനെയും വിവരങ്ങളായി സ്വീകരിച്ചുകൊണ്ട് വിമർശന ബുദ്ധിയോടെ വിശകലനം ചെയ്ത് സ്വന്തം ജീവിതവും അനുഭവവും തൊട്ടടുത്ത പ്രകൃതിയുമായും ബന്ധപ്പെടുത്തി അറിവാക്കി മാറ്റാനുള്ള കഴിവ് ആർജിച്ചാലേ അതിജീവനം സാധ്യമാകൂ.
പഞ്ചേന്ദ്രിയങ്ങളിലൂടെ ഗോചരമാക്കുന്നതിനപ്പുറം അമൂർത്തമായ പ്രതലത്തിലും ആശയങ്ങളെ വിശകലനം ചെയ്യാനുള്ള കുട്ടികളുടെ കഴിവ് വികസിക്കണം. നിർമിതബുദ്ധിയടക്കമുള്ള സാങ്കേതികവിദ്യാ സംവിധാനങ്ങളെ ഇതിനായി പ്രയോജനപ്പെടുത്താം. കേരളത്തിലെ മുഴുവൻ കുട്ടികളെയും ഏറ്റവും ഉയർന്ന അക്കാദമിക ശേഷിയുള്ളവരാക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾക്കായിരിക്കും ഈ വർഷം ഊന്നൽ നൽകുക. ആധുനിക ലോകം ഒട്ടേറെ നന്മകൾ ഒരുക്കുന്നുണ്ടെങ്കിലും അതിനിടയിൽ ചതിക്കുഴികളുമുണ്ട്. ലഹരി ഉപയോഗം അതിൽ ഭയാനകം. ലഹരിക്കെതിരായ നിലപാട് കുഞ്ഞുങ്ങൾ ചെറുപ്പത്തിലേ കൈക്കൊള്ളണം. നമ്മുടെ ജീവിതത്തെത്തന്നെ അപകടപ്പെടുത്തുന്ന ഒന്നാണത്. ആ തിരിച്ചറിവുണ്ടാകാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണം. മാലിന്യ നിർമാർജനം ജീവിതശീലവും ജീവിതരീതിയുമാക്കി മാറ്റണം. ആരോഗ്യ ശീലങ്ങളും പ്രധാനമാണ്.
കനത്ത മഴയാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ പ്രവചിക്കുന്നത്. ഇക്കാര്യത്തിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളും പൊതുസമൂഹവും ജനപ്രതിനിധികളും കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. കാലാവസ്ഥയിൽ പൊടുന്നനേ ഉണ്ടാകുന്ന മാറ്റങ്ങൾ നമ്മുടെ സാധാരണ അനുഭവങ്ങൾക്കപ്പുറമാണ്. നമ്മൾ ആഗ്രഹിക്കാത്ത വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. അതിനാൽ നമ്മുടെ മുഴുവൻ കുട്ടികളുടെ മേലും സമൂഹത്തിന്റെ ശ്രദ്ധയുണ്ടാകണം. ഇത് പേടിക്കാനല്ല, പക്ഷേ കരുതൽ ആവശ്യമാണ്.
പഠനത്തോടൊപ്പം കളിയും പ്രധാനമാണ്. കുട്ടികളുടെ അവകാശമാണ് കുട്ടിത്തം. ആരോഗ്യക്ഷമതയുള്ളവരായി കുട്ടികൾ വളരണമെങ്കിൽ അവരുടെ കായികക്ഷമത വർധിക്കാനുള്ള അവസരങ്ങളും ഒരുക്കണം. കളിയും പഠനമാണ് എന്ന കാര്യം രക്ഷിതാക്കൾ ഓർക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന കാഴ്ചപ്പാടോടെ മുന്നേറാൻ ഈ അക്കാദമിക വർഷം എല്ലാവർക്കും കൂട്ടായി പരിശ്രമിക്കാം. ഇതാകട്ടെ ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ സന്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.