കോ​ടി​ക​ൾ കി​ലു​ങ്ങു​ന്ന ര​ണ്ടാം മൂ​ന്നാ​ർ ദൗ​ത്യം

ൈകയേറ്റ ഭൂമികളിലെ കെട്ടിടങ്ങളും റിസോർട്ടുകളും ഇടിച്ചുപൊളിക്കുകയില്ലെന്നും അവ ഏറ്റെടുത്ത് സർക്കാർ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്നും മറ്റുമുള്ള റവന്യൂ മന്ത്രിയുടെ പ്രഖ്യാപനം അർഥഗർഭമാണ്.

ഇടതു മുന്നണി സർക്കാറിെൻറ രണ്ടാം മൂന്നാർ ദൗത്യത്തിെൻറ ഉദ്ദേശ്യശുദ്ധിയെപ്പറ്റി സംശയം പ്രകടിപ്പിച്ചവരെല്ലാം ൈകയേറ്റക്കാരുടെ സംരക്ഷകരാണെന്ന കുപ്രചാരണത്തിെൻറ മുന റവന്യൂ മന്ത്രിതന്നെ ഒടിച്ചിരിക്കുന്നു. ഒരു ൈകയേറ്റവും ആരും ഒഴിപ്പിക്കാൻ പോകുന്നില്ല എന്നതാണ് സത്യം. ഡെമോക്ലിസിെൻറ വാൾപോലെ ഒഴിപ്പിക്കൽ ഭീഷണി നിലനിർത്തി, കാണേണ്ടവരെ കാണേണ്ടതുപോലെ കാണണം എന്ന് അറിയേണ്ടവർക്കെല്ലാം ഒരു ക്ലാസിക് സന്ദേശം -അതാണ് രണ്ടാം മൂന്നാർ ദൗത്യത്തിെൻറ പൊരുൾ. കുടിയേറ്റ കർഷകരേയും ഭൂരഹിതരായ സാധാരണക്കാരേയും മറയാക്കി യഥാർഥ കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നയമാണ് സർക്കാറിേൻറതെന്ന് തിരിച്ചറിയാൻ ഒത്തിരി ബുദ്ധിയൊന്നും വേണ്ട.

റവന്യൂ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ൈകയേറ്റക്കാരെ ഒഴിപ്പിക്കുമെന്ന് ഒരുവശത്ത് പ്രഖ്യാപിക്കുകയും മറുവശത്ത് സി.പി.എം അതിനെ പ്രതിരോധിക്കുകയും ചെയ്യുന്നത് കോടാനുകോടി രൂപയുടെ കിലുക്കമുള്ള കുംഭകോണമാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ൈകയേറ്റക്കാരെ ഒഴിപ്പിക്കുമെന്നു പ്രഖ്യാപിച്ച സി.പി.ഐക്കാരേയും, ഒഴിപ്പിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സി.പി.എമ്മുകാരേയും ആവശ്യക്കാർ വേണ്ടപോലെ കണ്ടുകൊണ്ടേയിരിക്കുന്നു എന്നാണ് പിന്നാമ്പുറ വാർത്തകൾ. അല്ലെങ്കിൽ പിന്നെ, ഇതുപോലൊരു ഇരട്ടമുഖം സർക്കാറിന് ആവശ്യമുണ്ടോ? എന്തൊക്കെ നടപ്പാക്കണമെന്നും, എന്തൊക്കെ നടപ്പാക്കരുതെന്നും മുന്നണിയിലും മന്ത്രിസഭയിലും തീരുമാനം എടുത്ത് ആ തീരുമാനം അങ്ങ് നടപ്പാക്കിയാൽ പോരേ?

അച്യുതാനന്ദൻ കറുത്ത പൂച്ചകളെ അയച്ച് മൂന്നാറിലും പരിസരങ്ങളിലും കെട്ടിടങ്ങൾ ഇടിച്ചു പൊളിച്ചപ്പോൾ അതുവരെ അച്യുതാനന്ദെൻറ വിശ്വസ്തനായിരുന്ന അന്നത്തെ ജില്ല സെക്രട്ടറി ഒഴിപ്പിക്കുന്നവെൻറ കൈയും കാലും വെട്ടുമെന്ന് ഭീഷണി മുഴക്കി പ്രതിരോധ മതിൽ തീർത്തതും ആരും മറന്നിട്ടില്ല. ആ ഇരട്ട നയത്തിനും ഗുണം കിട്ടി സി.പി.എമ്മിന്. കൈയേറ്റം ഒഴിപ്പിക്കാനുള്ള ആർജവം കാണിച്ചതിന് പ്രകൃതിസ്നേഹികളുടേയും രാജ്യസ്നേഹികളുടേയും വോട്ട്. കൈയേറ്റം ഒഴിപ്പിക്കൽ തടഞ്ഞതിെൻറ പേരിൽ ൈകയേറ്റ ലോബിയുടെ വോട്ടും പലതും സി.പി.എമ്മിന് ആവോളം കിട്ടി. എസ്. രാജേന്ദ്രനും ജയചന്ദ്രനും ഒക്കെ ചുളുവിൽ എം.എൽ.എമാരായതിനു പിന്നിൽ ഈ ഇരട്ട മുഖം ചില്ലറ സഹായമൊന്നുമല്ല ചെയ്തത്. ഇപ്പോൾ സി.പി.ഐക്കാരുടെ ഉൗഴമാണ്. അവർ നന്നായി കളിക്കുന്നു. മറുവശത്ത് സി.പി.എമ്മും നന്നായി കളിക്കുന്നു. രണ്ടു കൂട്ടർക്കും ലാഭമുള്ള ഒന്നാന്തരം കച്ചവടം.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കൈയേറ്റക്കാര്യത്തിൽ രാഷ്ട്രീയ ഭേദമില്ലയെന്നതാണ് കൗതുകകരം. സി.പി.എമ്മുകാർ ഈ കാര്യത്തിൽ ബഹുകേമന്മാരാണെങ്കിൽ മറ്റുള്ളവരും അവർക്ക് പറ്റുന്നതുപോലെ ഈ പണി നന്നായി ചെയ്യുന്നുണ്ട്. എല്ലാത്തിെൻറയും തിരക്കഥയും സംവിധാനവും നമ്മുടെ രാജ്യത്തെ നികുതിപ്പണത്തിെൻറ മുഖ്യ ഉപഭോക്താക്കളായ ഉദ്യോഗസ്ഥവൃന്ദവും.

കൈയേറ്റ പുരാണത്തിലെ സൂപ്പർസ്റ്റാർ എന്നും എൽ.സി കേസ് ആണ്. റവന്യൂ ഉദ്യോഗസ്ഥന്മാരെ അങ്ങോട്ടു ചെന്ന് വേണ്ടപോലെ കണ്ട് എൽ.സി കേസ് എടുപ്പിച്ച് സ്റ്റോപ് മെമ്മോയും എഴുതി വാങ്ങുകയാണ് ൈകയേറ്റത്തിെൻറ നാൾവഴിയിലെ ആദ്യ അധ്യായം. എൽ.സി കേസിെൻറയും സ്റ്റോപ് മെമ്മോയുടെയും മറവിൽ കോടതിയിൽ ഒരു ഇൻജങ്ഷൻ കേസും ഒരു കമീഷൻ റിപ്പോർട്ടുംകൂടി ഒപ്പിച്ചാൽ ഏതു ൈകയേറ്റക്കാരനും കൈവശക്കാരനായി മാറും. പിന്നീടങ്ങോട്ട് നിയമ പോരാട്ടങ്ങളും ഒത്തുകളികളുമാണ്. കോടതിയിൽ കേസ് തർക്കിക്കാൻ സർക്കാർ അഭിഭാഷകന് യഥാസമയം വസ്തുതാ റിപ്പോർട്ട് നൽകാതിരിക്കുന്നതിൽപോലും അവിഹിതം ഉണ്ട്. പിന്നീടൊരു പട്ടയംകൂടി സംഘടിപ്പിച്ചാൽ ഏതു ൈകയേറ്റക്കാരനും നിയമത്തിെൻറ പരിരക്ഷയും ലഭിക്കും. ചിന്നക്കനാലിൽ ദേശിയ പാതയോരത്ത് കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമി ൈകയേറ്റ മാഫിയ സ്വന്തമാക്കിെവച്ചിരിക്കുന്നത് ഒരു ചിന്ന ഉദാഹരണം മാത്രം!

അവിശുദ്ധ കൂട്ടുകെട്ട്
രാഷ്ട്രീയ - ഉദ്യോഗസ്ഥ കൈയേറ്റ ലോബിയുടെ അവിശുദ്ധ കൂട്ടുകെട്ടാണ് നമ്മുടെ മലയോരങ്ങളിലെ അത്യപൂർവമായ വനവും വനസമ്പത്തും കൊള്ളയടിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്തത്. ഏതു നിലയിലും കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും ഒരേ നിലയിലും മാനദണ്ഡത്തിലും കാണാൻ സാധിക്കില്ല. രണ്ടും രണ്ടാണ്. സർക്കാർ മുൻൈകയെടുത്ത് കുടിയേറിയവരും സർക്കാർ േപ്രാത്സാഹിപ്പിച്ച് കുടിയേറിയവരും നമ്മുടെ ജില്ലയിൽ ഉണ്ട്. കേറിക്കിടക്കാൻ ഒരു കൂരപോലുമില്ലാത്ത ഒന്നും രണ്ടും മൂന്നും സെൻറിൽ കുടിപാർത്ത് അതിജീവനത്തിനായി കേഴുന്നവരും ഉണ്ട്. അതിനിടയിലാണ് സർക്കാർ ഭൂമിയിൽ വ്യാജരേഖകളുടെ പിൻബലത്തിൽ ൈകയേറി ഏക്കർകണക്കിന് സർക്കാർ ഭൂമി സ്വന്തമാക്കി തുണ്ടു തുണ്ടായി വിറ്റ് കോടികൾ വാരിക്കൂട്ടിയവരും അങ്ങനെ തുണ്ടായി വാങ്ങിയ ഭൂമിയിൽ വീടുകളും റിസോർട്ടുകളും കച്ചവടസ്ഥാപനങ്ങളും കെട്ടിപ്പൊക്കിയവരും അടങ്ങുന്ന കൈയേറ്റ മാഫിയ അരങ്ങു വാഴുന്നത്.

എന്നാൽ, സർക്കാറിനും പരിസ്ഥിതിവാദികൾക്കും ഏറെ പഥ്യം മറ്റൊരു കുട്ടരെയാണ്. പട്ടയഭൂമികളിലും സി.എച്ച്.ആറിൽ ഉൾപ്പെട്ട ഏലത്തോട്ടത്തിലും നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി റിസോർട്ടുകളും വ്യാപാര സമുച്ചയങ്ങളും പണിതുകൂട്ടിയവർ അവരിൽ പലരുടേയും വേരുകളും ബന്ധങ്ങളും ജില്ലക്ക് വെളിയിലാണ്. രാഷ്ട്രീയ ഭരണ സിരാകേന്ദ്രങ്ങളിൽ വലിയ സ്വാധീനമുള്ളവരുടെ ബിനാമികളും ആ കൂട്ടത്തിലുണ്ട്. പട്ടയ ഭൂമിയിലും ഏലത്തോട്ടത്തിലും ചട്ടങ്ങൾക്കു വിരുദ്ധമായി നിർമാണ പ്രവൃത്തികൾ ചെയ്തവരെ ൈകയേറ്റക്കാരായി ചിത്രീകരിച്ച് ഒഴിപ്പിക്കൽ ഭീഷണിയുടെ മുൾമുനയിൽ നിർത്തുന്നതിലാണ് സർക്കാറിനും കപട പ്രകൃതിസ്നേഹികൾക്കും കൂടുതൽ താൽപര്യം.

കേറിക്കിടക്കാൻ സ്വന്തമാെയാരു കൂരപോലും ഇല്ലാത്തവരെ തൊട്ടാൽ കൈപൊള്ളും എന്ന് എല്ലാവർക്കും അറിയാം. അവരെ മുന്നിൽ നിർത്തിയാണ് ഭൂമാഫിയയുടെ കസർത്തുകൾ. ആ സത്യമൊന്ന് ഉറക്കെ പറയാൻ ആർക്കും എന്താണ് താൽപര്യം ഇല്ലാത്തത്? വലിയ ഗുണമൊന്നും കിട്ടില്ലെന്നും, ചിലപ്പോൾ കൈപൊള്ളുമെന്നും എല്ലാവർക്കും അറിയാം. എല്ലാത്തിനും ഒരു എളുപ്പവഴി എന്ന നിലയിലാണ് മേൽ പറഞ്ഞ മൂന്നു വിഭാഗത്തിൽപെട്ടവരെയും ഒരുപോലെ ൈകയേറ്റക്കാരായി ചിത്രീകരിക്കുന്നത്.

മൂന്നാർ വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലും ഒരു കാര്യം എടുത്തുപറയേണ്ടതുണ്ട്. മൂന്നാറിലെ ബഹുഭൂരിപക്ഷം ഭൂമിയും ടാറ്റായുടെ കെ.ഡി.എച്ച്.പി കമ്പനിയുടെ അധീനതയിൽ ആയതുകൊണ്ടാണ് മൂന്നാർ ഇപ്പോഴും നിലനിൽക്കുന്നത്. അല്ലെങ്കിൽ സഞ്ചാരികളുടെ പറുദീസയായ മൂന്നാർ പണ്ടേ കൈയേറ്റക്കാരുടെ പറുദീസയായേനെ.

മൂന്നാറിൽ അവശേഷിക്കുന്ന സർക്കാർ ഭൂമിയിലെ ചെറിയ തുണ്ടുകൾ കൈവശംെവച്ചിരിക്കുന്ന ഭൂ രഹിതർക്ക് പട്ടയം കൊടുക്കണം, അല്ലെങ്കിൽ അവരെ പുനരധിവസിപ്പിക്കണം. പരമ്പരാഗതമായി മൂന്നാറിൽ കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കും പട്ടയം നൽകണം. അവശേഷിക്കുന്ന സർക്കാർ ഭൂമി പൊതു ആവശ്യങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും വേണ്ടി പരിരക്ഷിക്കണം. മൂന്നാർ വിവാദം അങ്ങനെ അവസാനിക്കട്ടെ! ദുഷ്ടലാക്കോടെ ഇരട്ടമുഖം കാണിച്ച് കൊഴുത്തു തടിക്കാൻ ആർക്കും കഴിയാതെ പോകട്ടെ!

നാടകം അവസാനിപ്പിക്കണം
സർക്കാർ ഇനിയെങ്കിലും ഈ നാടകം അവസാനിപ്പിക്കണം. ജനങ്ങളുടെ കണ്ണിൽ പൊടിയിടാനും കാണേണ്ടവരെ വേണ്ടപോലെ കാണാനും അവിടെയും ഇവിടെയും അധികമൊന്നും നോവാത്ത വിധത്തിൽ മണ്ണുമാന്തിയന്ത്രംകൊണ്ട് നാടകം കളിക്കുന്നത് മഹാബോറാണ്. ജനങ്ങൾ ഈ തട്ടിപ്പ് തിരിച്ചറിഞ്ഞുകഴിഞ്ഞു.

മൂന്നാറിലും ഇടുക്കി ജില്ലയിലും മാത്രമല്ല കേരളത്തിൽ എല്ലായിടത്തും അവശേഷിക്കുന്ന സർക്കാർ ഭൂമികളും വനഭൂമികളും പരിരക്ഷിച്ച് നാളത്തെ തലമുറക്കായി പ്രകൃതിയെ സംരക്ഷിക്കണം. ഭൂമാഫിയയെയും യഥാർഥ ൈകയേറ്റക്കാരേയും ഒരു കാതം ദൂരെ നിർത്തണം. അവർ എത്ര ശക്തരാണെങ്കിലും. അവരുടെയൊക്കെ അന്യായ കൈവശമിരിക്കുന്ന സർക്കാർ ഭൂമി നിയമാനുസരണം വീണ്ടെടുത്ത്, സർക്കാർ പദ്ധതികൾക്കും പ്രകൃതി സന്തുലനത്തിനും ആവശ്യമില്ലാത്ത ഭൂമികൾ കിടപ്പാടം ഇല്ലാത്തവർക്കും തോട്ടം തൊഴിലാളികൾക്കും പതിച്ചു കൊടുക്കണം. അതാണ് സാമൂഹിക നീതി.  

ജെ.ഡി. മൺറോ സായിപ്പിെൻറ പിൻഗാമികളായി വന്ന കമ്പനികളുടെ പൂർണമായ അധികാരത്തിലായിരുന്നു മൂന്നാർ ടൗൺ എന്ന കാര്യം അധികം പേർക്കും അറിയില്ല. വൈദ്യുതി വിതരണവും, ജല വിതരണവും ഒരുകാലത്ത് കമ്പനിയുടെ കുത്തകയായിരുന്നു. കമ്പനിയും കമ്പനിയുടെ ജീവനക്കാരും തൊഴിലാളികളും അവർക്കു വേണ്ടി കച്ചവടക്കാരായി വന്നവരും എല്ലാം അടങ്ങുന്ന മൂന്നാർ ടൗൺ ഒരർഥത്തിൽ കമ്പനിയുടെ സ്വകാര്യ ടൗൺഷിപ്പായിരുന്നു. 1977-ൽ കെ.ഡി.എച്ച് റിസംപ്ഷൻ ആക്ടിലൂടെ സർക്കാർ തിരിച്ചെടുത്ത ഏതാനും തുണ്ടു ഭൂമി മാത്രമാണ് സർക്കാറിെൻറ അധീനതയിലുള്ളത്. അതിനു പുറമെ തോടുകളുടേയും പുഴകളുടേയും പുറമ്പോക്കുകളും സർക്കാറിെൻറ അധീനതയിലാണ്. അവശേഷിക്കുന്ന ഭൂപ്രദേശങ്ങൾ എല്ലാം ഇപ്പോഴും ടാറ്റായുടെ കെ.ഡി.എച്ച്.പി കമ്പനിയുടെ കൈവശത്തിലാണ്. കമ്പനിയുടെ സ്ഥലങ്ങളിൽ ആരെയും കാലുകുത്താൻ പോലും അനുവദിക്കില്ല. സർക്കാറിൽ നിക്ഷിപ്തമായ സ്ഥലങ്ങളിലാണ് എം.എൽ.എ ഉൾപ്പെടെയുള്ളവരുടെ കൈയേറ്റങ്ങൾ.

മൂന്നാറിലും മൂന്നാറിനു വെളിയിലുമായി ദേവികുളം താലൂക്കിൽ 12 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഉദ്ദേശം 1774 ചതുരശ്ര കിലോമീറ്റർ വിസ്തൃതമായ വനഭൂമികളും സി.എച്ച്.ആറിൽ ഉൾപ്പെട്ട ഏലത്തോട്ടങ്ങളും പുൽമേടുകളും എല്ലാം ൈകയേറ്റ മാഫിയയുടെ ഭീഷണിയിലാണ്. ചെറുതും വലുതുമായ അനേകം ൈകയേറ്റങ്ങൾ അവിടെയൊക്കെയുണ്ട്. മൂന്നാറിനു വെളിയിൽ മറ്റു പഞ്ചായത്തുകളിലാണ് കൂടുതൽ ൈകയേറ്റങ്ങൾ ഉള്ളത് എന്നതാണ് യാഥാർഥ്യം. എല്ലാം കൂട്ടിപ്പറയുന്നത് മൂന്നാർ എന്നാണെന്നു മാത്രം.

ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിൽ സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിക്കാൻ ചെന്ന റവന്യൂ ഉദ്യോഗസ്ഥരെ പൊലീസിനെ നോക്കുകുത്തിയാക്കി സി.പി.എം നേതാക്കൾ ൈകയേറ്റം ചെയ്തത് യാദൃച്ഛികമായ സംഭവമൊന്നുമല്ല. ൈകയേറ്റക്കാരെ സംരക്ഷിക്കാൻ സി.പി.എമ്മും പൊലീസും ഉണ്ടെന്ന സന്ദേശമാണ് അതിലൂടെ നൽകുന്നത്. ൈകയേറ്റക്കാർക്ക് ആനന്ദക്കടലിൽനിന്ന് തിമിർത്താടാൻ ഇതിലധികം എന്തു വേണം. എല്ലാം വെറും നാടകമാണ്. സി.പി.ഐ ൈകയേറ്റക്കാരെ ഇറക്കും എന്നു പ്രഖ്യാപിക്കും, ൈകയേറ്റക്കാരെ ഒഴിപ്പിക്കുന്നത് സി.പി.എം ചെറുത്തുകാണിച്ചു കൊടുക്കും. അറിയേണ്ടവർക്കെല്ലാം വളരെ വ്യക്തമായ സന്ദേശം രണ്ടുകൂട്ടരും നൽകിക്കഴിഞ്ഞു.

കൈയേറ്റം ഒഴിപ്പിക്കാൻ ചെന്നാൽ ജനങ്ങൾ ചെറുത്തുകൊള്ളും എന്ന സി.പി.എം മന്ത്രിയുടെ വീൺ വാക്കും അസ്സലായിട്ടുണ്ട്. ഇതാണ് നിലപാടെങ്കിൽ മന്ത്രിസഭക്ക് അങ്ങനെയങ്ങ് തീരുമാനിച്ചാൽ പോരേ? വെറുതെ ജനങ്ങളെ വിഡ്ഢികളാക്കേണ്ട കാര്യമില്ലല്ലോ. ജനങ്ങളുടെ പേരുപറഞ്ഞ് ഉൗറ്റംകൊള്ളാൻ സി.പി.എമ്മി-ന് പ്രത്യേക അവകാശമെന്നും ആരും കൽപിച്ചു കൊടുത്തിട്ടില്ല എന്നത് ജനങ്ങൾ തിരിച്ചറിയാതെ പോകുന്നതാണ് കഷ്ടം.

ഈ നാടകത്തിൽ എന്താണ് കേരള പൊലീസിെൻറ വേഷം എന്ന ചോദ്യത്തിന് അനുദിനം പ്രസക്തിയേറുകയാണ്. ന്യൂമാൻ കോളജിെൻറ പ്രിൻസിപ്പലിെൻറ മുറിയിൽ പതിനഞ്ചിലധികം പൊലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് എസ്.എഫ്.ഐയുടെ വിരലുകളിലെണ്ണാവുന്ന അക്രമി സംഘം അഴിഞ്ഞാടിയത്. ദേവികുളത്ത് റവന്യൂ ഉദ്യോഗസ്ഥരെ സി.പി.എമ്മിെൻറ നേതാക്കൾ ഉൾപ്പെടെയുള്ള ആക്രമിസംഘം തല്ലിച്ചതച്ചിട്ടും പൊലീസ് അനങ്ങിയില്ല. സബ് ഡിവിഷനൽ മജിസ്േട്രറ്റു കൂടിയായ സബ് കലക്ടറുടെ ഉത്തരവുകൾ കേട്ടതായി പോലും പൊലീസ് ഭാവിച്ചില്ല.

വന്നുവന്ന് ഇപ്പോൾ കേരളത്തിൽ ഭരണകക്ഷിക്കാരും പൊലീസുകാരും എല്ലാം മത്സരിച്ച് ഡബ്ൾ റോളിൽ അഭിനയിക്കുകയാണ്. കേരളത്തിെൻറ കഷ്ടകാലം എന്നല്ലാതെ എന്തുപറയാൻ.

ഇടുക്കി ജില്ല മുൻ ഗവൺമെൻറ് പ്ലീഡറാണ് ലേഖകൻ

Tags:    
News Summary - second munnar mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.