ഭൂമിയും മനുഷ്യരുമായുള്ള ബന്ധം പ്രാണവായുവും ജീവനും തമ്മിലുള്ളതുപോലെയാണ്. ഒരു തുണ്ടു ഭൂമി സ്വന്തമാക്കാൻ വേണ്ടിയാണ് ജീവിതകാലം മുഴുവൻ നമ്മുടെ നാട്ടിലെ സാധാരണക്കാർ കഠിനാധ്വാനം നടത്തുന്നത്. ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ ശക്തമായ പോരാട്ടങ്ങൾ ലോകത്തൊട്ടാകെ ഇപ്പോഴും തുടരുകയാണ്. നമ്മുടെ രാജ്യത്ത് ആദ്യമായി വിപ്ലവകരമായ ഒരു ഭൂനിയമത്തിൽകൂടി ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കാനുള്ള ആത്്മാർഥമായ ഒരു ശ്രമം നടത്തിയത് 1957ലെ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സർക്കാറായിരുന്നു. ഇതിനെത്തുടർന്ന് രാജ്യത്തെ ഏതാനും സംസ്ഥാനങ്ങളിൽ പരിമിതമായ രീതിയിലെങ്കിലും ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിന് പര്യാപ്തമായ നിയമങ്ങൾ പാസാക്കി. നിർഭാഗ്യവശാൽ കേന്ദ്രസർക്കാറുകളൊന്നും നാളിതുവരെ അത്തരത്തിലൊരു ഭൂപരിഷ്കരണനിയമം പാസാക്കിയെടുക്കാൻ തയാറായിട്ടുമില്ല.
ഭൂമിക്കുവേണ്ടിയുള്ള ഭൂരഹിതരുടെ പോരാട്ടങ്ങൾ ചരിത്രത്തിെൻറ ഗതിയെത്തന്നെ മാറ്റിമറിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഇത്തരം പോരാട്ടങ്ങൾ രാഷ്ട്രീയമായ വലിയ മാറ്റങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന തെലങ്കാന സമരം അടക്കമുള്ള ഡസൻ കണക്കിന് ഭൂരഹിതരുടെ രക്തരൂക്ഷിത പോരാട്ടങ്ങൾ നമ്മുടെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ്.
പശ്ചിമ ബംഗാളിലെ ഇടതുമുന്നണി ഭരണത്തിെൻറ അവസാനനാളുകളിൽ സിംഗൂരിലും നന്ദിഗ്രാമിലും കൃഷിക്കാരുടെ ഭൂമി രാജ്യത്തെ കുത്തക വ്യവസായിയായ ടാറ്റക്കും ഇേന്താനേഷ്യയിലെ കുത്തക വ്യവസായിയായ സലിം ഗ്രൂപ്പിനും വ്യവസായാവശ്യത്തിനായി ബലാൽക്കാരമായി നൽകിയതിനെതിരായി നടന്ന ജനങ്ങളുടെ ഐതിഹാസികമായ സമരവും അതിെൻറ പ്രത്യാഘാതങ്ങളുമാണ് ആ സംസ്ഥാനത്തെ സി.പി.എം നേതൃത്വത്തിലുള്ള മൂന്നര പതിറ്റാണ്ട് നീണ്ടുനിന്ന ഭരണത്തിന് മരണമണി മുഴക്കാൻ ഇടയാക്കിയത്.
സിംഗൂരിൽ ടാറ്റയുടെ നാനോ കാർ നിർമാണശാലക്കുവേണ്ടിയാണ് അവിടത്തെ പാവപ്പെട്ടവരുടെ ഭൂമിയാകെ ബലാൽക്കാരമായി പിടിച്ചെടുത്തത്. പൊലീസ് മാത്രമല്ല, ഗുണ്ടകളും പാർട്ടി പ്രവർത്തകരുമെല്ലാം ഭൂമി ഒഴിപ്പിച്ചെടുക്കാൻ രംഗത്തിറങ്ങി. ഡസൻ കണക്കിന് കൃഷിക്കാരാണ് കൊല ചെയ്യപ്പെട്ടത്. സമരരംഗത്തുനിന്ന കൃഷിക്കാരുടെ മക്കളെയും സ്ത്രീകളെയും ഗുണ്ടകളും പൊലീസും ചേർന്ന് ബലാത്സംഗത്തിനിരയാക്കിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ വ്യവസായ വികസനത്തിെൻറ പേരിലാണ് ഭരണത്തിെൻറ നേതൃത്വത്തിലുണ്ടായിരുന്ന സി.പി.എം ഈ കൊടുംപാതകം ചെയ്തത്.
അന്നത്തെ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും സി.പി.എമ്മും ബംഗാൾ ജനതയുടെ ഹൃദയത്തിൽനിന്ന് ഒറ്റപ്പെടാൻ ഇതിടയാക്കി എന്നുമാത്രമല്ല, സി.പി.എമ്മിനും ഇടതുമുന്നണിക്കും വളരെപ്പെട്ടെന്നൊന്നും അധികാരത്തിൽ തിരിച്ചുവരാൻ കഴിയാത്ത സാഹചര്യവും സിംഗൂരിലെ ഭൂമിയൊഴിപ്പിക്കൽ കൊണ്ടുണ്ടായി. നന്ദിഗ്രാമിലെ കൃഷിക്കാരുടെ ഭൂമി ബലാൽക്കാരമായി ഒഴിപ്പിച്ചുനൽകിയത് ഇന്തോനേഷ്യൻ കുത്തകയായ സലിം ഗ്രൂപ്പിന് വൻവ്യവസായ ശൃംഖല ആരംഭിക്കാനായിരുന്നു. ഇന്തോനേഷ്യയിലെ ഏകാധിപതിയായിരുന്ന പ്രസിഡൻറ് സുകാർണോക്ക് ആ രാജ്യത്തെ പതിനായിരക്കണക്കിന് കമ്യൂണിസ്റ്റുകാരെ കൂട്ടക്കുരുതി ചെയ്യാൻ എല്ലാവിധ സഹായവും ചെയ്തുകൊടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനായ കുത്തക മുതലാളിയാണ് ഈ സലിം ഗ്രൂപ്. ഈ കുത്തക മുതലാളിക്കുവേണ്ടി ആയിരക്കണക്കിന് കൃഷിക്കാരെ അവരുടെ ഭൂമിയിൽനിന്ന് ആട്ടിപ്പായിക്കാനും അത് സലിം ഗ്രൂപ്പിനെ ഏൽപിച്ചുകൊടുക്കാനും മുഖ്യമന്ത്രി ഭട്ടാചാര്യക്കും സി.പി.എം നേതൃത്വത്തിനും ഒരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല. അവിടത്തെ കൃഷിക്കാരും സാധാരണക്കാരും മാത്രമല്ല, സംസ്ഥാനെത്താട്ടാകെയുള്ള സി.പി.എം അനുഭാവികൾപോലും ഈ പ്രശ്നങ്ങളാകെ ഏറ്റെടുത്ത് ശക്തമായി മുന്നേറിയ മമത ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിെൻറയും നേതൃത്വത്തിൽ അണിനിരക്കാനിടയായതിൽ ഒരദ്ഭുതവുമില്ല.
സിംഗൂരും നന്ദിഗ്രാമും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇടതുപക്ഷത്തിനും വളരെ വിലപ്പെട്ട പാഠങ്ങളാണ് നൽകുന്നത്. സംസ്ഥാനത്തിെൻറ വ്യവസായ വികസനത്തിനായാലും മറ്റെന്താവശ്യത്തിനായാലും പാവപ്പെട്ടവരുടെ തുണ്ടുതുണ്ടു ഭൂമികൾ അവരിൽനിന്ന് അധികാരത്തിെൻറ ദണ്ഡുപയോഗിച്ച് ഒഴിപ്പിച്ചെടുക്കുന്നത് വലിയ തിരിച്ചടിയായിരിക്കും നൽകുക.
കേരളത്തിൽ ലക്ഷോപലക്ഷം പാവപ്പെട്ടവരാണ് ഭൂരഹിതരായിട്ടുള്ളത്. ഇവരിൽ ബഹുഭൂരിപക്ഷവും കൃഷിക്കാരും കർഷകത്തൊഴിലാളികളും പാവപ്പെട്ട തൊഴിലാളി വിഭാഗങ്ങളുമാണ്. ഭൂമിയുടെ യഥാർഥ അവകാശികൾ കൃഷിക്കാരും കർഷകത്തൊഴിലാളികളുമാണ്. ഭവനരഹിതരായ പാവപ്പെട്ടവർക്ക് തല ചായ്ക്കാൻ വീടുവെക്കാനുള്ള ഒരുതുണ്ട് ഭൂമിയെങ്കിലും വേണ്ടതായിട്ടുണ്ട്. അത് നൽകാനുള്ള ബാധ്യത സർക്കാറിനുണ്ടുതാനും.
ഭൂമിയുടെ ലഭ്യത വളരെ കുറവുള്ള സംസ്ഥാനമാണ് കേരളം. എങ്കിലും ഇവിടെയും പതിനായിരക്കണക്കിന് ഏക്കർ ഭൂമി ടാറ്റയും അതുപോലുള്ള വൻ കുത്തകകളും അവരുടെ കൈവശംെവച്ച് കൃഷിയും വ്യവസായവും നടത്തുകയാണ്. ഈ ഭൂമിയാകെ ഒഴിപ്പിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്നതാണ് നമ്മുടെ സംസ്ഥാനത്തിെൻറയും ആവശ്യം. ഭരണത്തിലും പുറത്തുമുള്ള മുഖ്യരാഷ്ട്രീയ പാർട്ടികളെല്ലാം സർക്കാർ ഭൂമിയും മിച്ചഭൂമിയും പിടിച്ചെടുത്ത് ഭൂരഹിതർക്ക് നൽകണമെന്ന് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിൽതന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
പരിസ്ഥിതി ലോലപ്രദേശമായ മൂന്നാറിലാണ് ടാറ്റയും അതുപോലുള്ള വൻകിട കൈയേറ്റക്കാരും ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈവശപ്പെടുത്തി െവച്ചിരിക്കുന്നത്. ഇവിടെ ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി നാട്ടുകാരും പുറത്തുള്ള പ്രമാണിമാരും കൈയേറിയിട്ടുമുണ്ട്. ഈ കൈയേറ്റക്കാരെ ഒഴിപ്പിച്ച് ഈ ഭൂമി ഭൂരഹിതരായ അവിടെത്തന്നെയുള്ള തോട്ടം തൊഴിലാളികൾക്കും മറ്റ് തൊഴിലാളികൾക്കും കർഷകത്തൊഴിലാളികൾക്കും പാവപ്പെട്ടവരായ ജനങ്ങൾക്കും നൽകേണ്ടതായിട്ടുണ്ട്. കഴിഞ്ഞ ഇടതു സർക്കാറിെൻറ കാലത്ത് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിൽ ഒരുശ്രമം ഇതിനായി നടത്തിയെങ്കിലും സ്വന്തം പാർട്ടിയുടെയും സി.പി.ഐയുടെയും കോൺഗ്രസിെൻറയുമെല്ലാം ശക്തമായ എതിർപ്പിനെ തുടർന്ന് അതിൽനിന്ന് പിന്മാറേണ്ടിവന്നു. എന്നാലും മൂന്നാറിലെ ഭൂമി കൈയേറ്റത്തിെൻറ ഒരു ചിത്രം രാജ്യത്തിെൻറ മുന്നിൽ അവതരിപ്പിക്കാൻ ഈ ഓപറേഷന് കഴിഞ്ഞു.
നിലവിലുള്ള ഇടതുസർക്കാർ മൂന്നാറിലെ കൈയേറ്റക്കാരെ ഒഴിപ്പിക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടും സ്വാഗതാർഹമാണ്. എന്നാൽ, ഒഴിപ്പിക്കലിനെതിരായ എതിർപ്പ് കഴിഞ്ഞ ഇടതുസർക്കാറിെൻറ കാലത്തേക്കാൾ കൂടുതലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. അന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദെൻറ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കലിനെതിരായി ഇപ്പോഴത്തെ ഒരു മന്ത്രി, സി.പി.എമ്മിെൻറയും കോൺഗ്രസിെൻറയും ഓരോ എം.എൽ.എമാർ, സി.പി.ഐയുടെ ഒരു ഉന്നത നേതാവ്, വിവിധ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ തുടങ്ങിയവരെല്ലാം ശക്തമായി രംഗത്തിറങ്ങിയത് സംസ്ഥാനെത്ത ജനങ്ങൾ മറന്നിട്ടില്ല.
ഇപ്പോഴത്തെ മൂന്നാർ ഓപറേഷൻ, നേരത്തേ എതിർത്തിരുന്ന ഒരു മന്ത്രിയടക്കമുള്ള നേതാക്കൾ ചേർന്നെടുത്ത തീരുമാനമാണ്. എന്നാൽ, ഈ ഓപറേഷന് നേതൃത്വംകൊടുക്കുന്ന റവന്യൂമന്ത്രി ചന്ദ്രശേഖരൻ സി.പി.ഐ പ്രതിനിധിയായതുകൊണ്ടാണോ എന്തോ ഓപറേഷെൻറ തുടക്കത്തിൽതന്നെ ഒരു മന്ത്രിയും ഒരു സി.പി.എം എം.എൽ.എയും അടക്കമുള്ള നേതാക്കൾ ശക്തമായ എതിർപ്പുമായി രംഗത്തിറങ്ങി. കുരിശ് നാട്ടി ൈകയേറിയ ഒരു വൻ ൈകയേറ്റഭൂമി ഒഴിപ്പിച്ചെടുക്കാൻ ശ്രമിച്ചതിനെ സാമുദായികവികാരം ഉണ്ടാക്കാനേ ഈ നടപടി സഹായിക്കൂവെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തുവരുകയും ഫലത്തിൽ ഭൂമി ഒഴിപ്പിക്കൽ നിർത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ.
വൻ ൈകയേറ്റക്കാരിൽനിന്ന് ഒഴിപ്പിച്ചെടുത്ത് നൽകുന്ന കാര്യത്തിൽ ബോധപൂർവം പ്രതിബന്ധങ്ങളുണ്ടാക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. സിംഗൂരിലും നന്ദിഗ്രാമിലും പാവപ്പെട്ടവരുടെ ഭൂമി വൻ കുത്തക മുതലാളിമാർക്ക് പിടിച്ചെടുത്ത് നൽകിയ സി.പി.എം ഇവിടെ ടാറ്റയെപ്പോലുള്ള കുത്തകകളുടെ കൈേയറ്റഭൂമി ബോധപൂർവം സംരക്ഷിക്കുകയാണ്.ഫലത്തിൽ സിംഗൂരിലും നന്ദിഗ്രാമിലും ഇടതുപക്ഷത്തിനെതിരായി ഉണ്ടായ ശക്തമായ ജനവികാരം അതേ സമീപനം തുടർന്നാൽ മൂന്നാറിലും ഉണ്ടാകുകതന്നെ ചെയ്യുമെന്ന യാഥാർഥ്യം വൈകിയ വേളയിലെങ്കിലും സംസ്ഥാനത്തെ ഇടതു നേതൃത്വം മനസ്സിലാക്കുന്നത് നന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.