ആറാംഘട്ട വോട്ടെടുപ്പിൽ രാജ്യതലസ്ഥാനത്ത് ഈസ്റ്റ് ഡൽഹിയിലെ ശഹീൻ ബാഗ് മുതൽ നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഭജൻപുര വരെയുള്ള ബൂത്തുകൾ സന്ദർശിച്ച് ‘മാധ്യമം’ ലേഖകൻ തയാറാക്കിയ റിപ്പോർട്ട്
ഡൽഹിയിലെ താപനില 44 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് കാലാവസ്ഥ വകുപ്പ് ‘യെല്ലോ അലർട്ട്’ നൽകിയ ദിവസമായിരുന്നു ശനിയാഴ്ച. അതുകൊണ്ടാകണം രാവിലെ വോട്ടിങ് തുടങ്ങിയപ്പോഴേക്കും ഡൽഹിയിലെ മിക്ക ബൂത്തുകളിലും വോട്ടർമാരുടെ ക്യൂ രൂപപ്പെട്ടിരുന്നു. ആം ആദ്മി പാർട്ടിയുടെ കുൽദീപ് കുമാറും ബി.ജെ.പിയുടെ ഹർഷ്ദീപ് മൽഹോത്രയും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന ഈസ്റ്റ് ഡൽഹിയിൽ ബി.ജെ.പിയുടെയും ആപ്പിന്റെയും സ്വാധീന കേന്ദ്രങ്ങളിൽ രാവിലെ തൊട്ടേ തിരക്ക് അനുഭവപ്പെട്ടു. ന്യൂ അശോക് നഗർ സ്കൂളിലെ ബൂത്തിൽ 7.45ന് എത്തിയിട്ടും 9.45നാണ് വോട്ടു ചെയ്യാനായതെന്ന് മലയാളി വോട്ടർ ബസന്ത് പങ്കജാക്ഷൻ പറഞ്ഞു. ബി.ജെ.പിക്ക് സ്വാധീനമുള്ള മധ്യവർഗ കുടുംബങ്ങളുള്ള മയൂർ വിഹാറിലെ ബൂത്തുകളിലൊന്നാണിത്.
മയൂർ വിഹാർ ഫേസ് ഒന്നിലെ തന്നെ പോക്കറ്റ് ഒന്നിലെ ഗേൾസ് സ്കൂളിൽ 10 മണി കഴിഞ്ഞ് എത്തുമ്പോൾ വെയിൽ കനത്തതുകാരണം വോട്ടർമാരുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. പല ബൂത്തുകളിലും യെല്ലോ അലർട്ട് അവഗണിച്ചും വോട്ടർമാർ നട്ടുച്ച നേരത്തും ബൂത്തിലെത്തിക്കൊണ്ടിരുന്നു.
ഇൻഡ്യ സഖ്യ പ്രചാരണത്തിൽ സൃഷ്ടിച്ച മുന്നേറ്റം വോട്ടുനാളിൽ ശഹീൻ ബാഗ് മുതൽ ഭജൻപുര വരെ വിവിധ ലോക്സഭ മണ്ഡലങ്ങളിലൂടെയുള്ള യാത്രയിൽ കണ്ടില്ല. വോട്ടുചെയ്യാനെത്തിയ പല വോട്ടർമാരും വോട്ടർപട്ടികയിൽ പേര് കണ്ടില്ലെന്നും ബൂത്തും ക്രമനമ്പറും കിട്ടിയില്ലെന്നും പറഞ്ഞ് വോട്ടു ചെയ്യാതെ മടങ്ങിപ്പോകുന്നതും കണ്ടു. വോട്ടർമാരെ ബൂത്തിലെത്തിക്കാനും എത്തിയവർക്ക് സ്ലിപ്പ് നൽകാനും താഴെ തട്ടിൽ ആപ്പിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകരുടെയും കൂട്ടായ നീക്കങ്ങളുമുണ്ടായില്ല.
കൊടും താപത്തെ തടുക്കാൻ ഒരു ടാർപായ പോലും വലിച്ചുകെട്ടാതെ കേവലം ഒരു മേശയും കസേരയും മാത്രമായി പലയിടങ്ങളിലും ഇൻഡ്യ സഖ്യത്തിന്റെ ബൂത്ത്. മറുഭാഗത്ത് ബി.ജെ.പിയാകട്ടെ വ്യവസ്ഥാപിതമായി ബൂത്തുകൾ സ്ഥാപിച്ച് എട്ടും പത്തും പ്രവർത്തകരെ അതിലിരുത്തി. പ്രവർത്തകർക്കുള്ള ലഘുഘക്ഷണവും വോട്ടർമാർക്കുള്ള വെള്ളവും അവിടെയാരുക്കി. പലയിടങ്ങളിലും വോട്ടർപട്ടിക പരതി വോട്ടർമാരെ റിക്ഷകളിൽ വോട്ടുചെയ്യാനെത്തിക്കുന്നതും തിരികെ കൊണ്ടുവിടുന്നതും കണ്ടു.
തെരഞ്ഞെടുപ്പ് കമീഷന്റെ ബൂത്തുതല ഓഫിസർ (ബി.എൽ.ഒ)മാർ വോട്ടർ സ്ലിപ്പുകൾ വീടുകളിലെത്തിച്ചുകൊടുക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും തങ്ങൾക്കാർക്കും ബി.എൽ.ഒമാർ സ്ലിപ് നൽകിയിട്ടില്ലെന്ന് ഈസ്റ്റ് ഡൽഹിയിലെ വോട്ടർമാർ പറഞ്ഞു. സ്കൂൾ വളപ്പിനകത്ത് സ്ലിപ് നൽകാൻ കമീഷൻ ഒരുക്കിയിരുന്ന കൗണ്ടറിൽ ചെന്ന് ബൂത്ത് നമ്പറും വോട്ടർ പട്ടികയിലെ ക്രമനമ്പറും എഴുതിവാങ്ങിയാണ് ഭർത്താവിനൊപ്പം വോട്ടു ചെയ്തതെന്ന് അബുൽ ഫസൽ എൻക്ലേവിലെ എം.സി.ഡി പ്രതിഭ സ്കൂളിലെ 96ാം ബൂത്തിൽ അതിരാവിലെ എത്തി വോട്ടുചെയ്ത ശബീന പറഞ്ഞു.
ഇത്തരമൊരു സൗകര്യമൊരുക്കിയതറിയാതെ നെട്ടോട്ടമോടിയവർക്ക് പോളിങ് ബൂത്തിൽനിന്നും 200 മീറ്റർ അകലെ ആപ്പിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ സ്ലിപ് നൽകാൻ ഇരുന്നിടത്ത് വൻ തിരക്ക്. മൊബൈൽ പ്രിന്റർ ഉപയോഗിച്ച് വോട്ടുസ്ലിപ് പ്രിന്റ് എടുത്തുകൊടുക്കുന്ന ഒരു ആപ് പ്രവർത്തകന് മുന്നിലും നീണ്ട ക്യൂ. എന്നാൽ, എല്ലാ ബ്ലോക്കുകളിലെയും വോട്ടർപട്ടിക ഇല്ലാതിരുന്നതിനാൽ പലരും ഏറെ നേരം പരതി തിരിച്ചുപോയി.
നോർത്ത് ഡൽഹിയിലെ നെഹ്റു വിഹാറിലെ പോളിങ് ബൂത്തിലേക്ക് വോട്ടു ചെയ്യാൻ പോകുന്നവർക്കായി സേവകുടിർ ബസ്സ്റ്റോപ് ബി.ജെ.പി ബൂത്താക്കി മാറ്റിയിരിക്കുന്നു. ശ്രീരാമ ചിത്രം ആലേഖനം ചെയ്ത കാവിക്കൊടികൾ കെട്ടിയ മൂന്ന് റിക്ഷകൾ വോട്ടർമാരെ എത്തിക്കാനും കൊണ്ടുവിടാനും തയാറാക്കി നിർത്തിയിട്ടുണ്ട്. ബസ് സ്റ്റോപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിക്ക് വോട്ട് അഭ്യർഥിച്ചുള്ള പരസ്യമുള്ളതിനാൽ തങ്ങൾക്ക് ബാനർ കെട്ടേണ്ട ആവശ്യമുണ്ടായില്ലെന്ന് രാമാനന്ദ് തമാശയായി പറഞ്ഞു. വെള്ളവും ലഘുഘക്ഷണവും ഈ ബസ് സ്റ്റോപ്പിൽ ഒരുക്കിയിട്ടുണ്ട്. ബി.ജെ.പി സ്വാധീന മേഖലയായ ഇവിടെ വോട്ടർമാരുടെ തിരക്കില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ ചൂട് കാരണം തങ്ങളുടെ വോട്ടുകൾ ഭൂരിഭാഗവും രാവിലെ ചെയ്യിച്ചുവെന്ന് രാമാനന്ദ് പറഞ്ഞു.
ജെ.എൻ.യു വിദ്യാർഥി നേതാവ് കനയ്യ കുമാർ കോൺഗ്രസ് ടിക്കറ്റിൽ ഭോജ്പൂരി ഗായകനായ ബി.ജെ.പിയുടെ മനോജ് തിവാരിയോട് മത്സരിക്കുന്ന നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഭജൻപുരയിലെ 202ാം നമ്പർ ബൂത്തിലേക്ക് പോകുമ്പോൾ വഴിവക്കിൽ ഒരു കസേരയും മേശയുമിട്ടിരിക്കുകയാണ് ആപ് പ്രവർത്തകനായ ഇഷ്തിയാക്. വൈകീട്ട് നാല് മണിയായപ്പോഴേക്കും 400 പേർക്കെങ്കിലുമുള്ള സ്ലിപ് ഇഷ്തിയാക് നൽകിയിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷമുള്ള ഈ ബൂത്തിൽ 90 ശതമാനം പോളിങ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ നടന്നതാണെന്നും അതിക്കുറിയും ആവർത്തിക്കുമെന്നും ഇഷ്തിയാക് പറഞ്ഞു. മണ്ഡലത്തിലെ മുസ്ലിം, ദലിത് ബൂത്തുകളിൽ കനത്ത പോളിങ് ഉള്ളത് കനയ്യക്ക് അനുകൂലമാകുമെന്നും ഇഷ്തിയാകിനെ സഹായിക്കുന്ന ആപിന്റെ വാർഡ് പ്രസിഡന്റ് മുഹമ്മദ് ഇഖ്ബാൽ പറഞ്ഞു. അതേസമയം, 202ാം ബൂത്തിൽ ഇൻഡ്യക്ക് ഒരു ഏജന്റില്ലെന്ന് ഇഷ്തിയാക് സങ്കടം പറഞ്ഞു. ബി.ജെ.പിയുടെ ബൂത്ത് ഏജന്റ് മാത്രമേ അവിടെയുള്ളൂ.
റാലികൾ നടത്തി പോയ കോൺഗ്രസിന്റെയും ആപ്പിന്റെയും നേതാക്കൾ ബൂത്തുകളിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്ന്. ഭജൻപുരയിലെ പഴയ കോൺഗ്രസുകാരനായ സയ്യിദ് അഹ്മദ് രോഷം കൊണ്ടു. വോട്ടർമാരെ എത്തിക്കാൻ ബൂത്തുകളിൽ എല്ലാ സന്നാഹങ്ങളും ഒരുക്കിയിരിക്കുകയാണ് ബി.ജെ.പി. എന്നിട്ടും അവർക്ക് വോട്ടു ചെയ്യാൻ ആളുകൾ വീടുകളിൽ നിന്നിറങ്ങി വരാത്തതാണ് അവരുടെ പ്രശ്നം. ഇൻഡ്യക്ക് വോട്ടു ചെയ്യാൻ വോട്ടർമാർ തയാറായിട്ടും അവരെ ബൂത്തിലെത്തിക്കാനോ സ്ലിപ് നൽകാനോ ഒരു തയാറെടുപ്പും നടത്തിയില്ല.
സഖ്യത്തിന് കിട്ടുമായിരുന്ന 10 മുതൽ 20 ശതമാനം വരെ വോട്ടുകളെങ്കിലും ഇതുമൂലം നഷ്ടമാകും. എന്നിട്ടും നേതാക്കളെയും പാർട്ടിക്കാരെയും കാത്തുനിൽക്കാതെ വോട്ടർമാർ പ്രയാസങ്ങളെല്ലാം സഹിച്ച് സ്വന്തം റിസ്കിൽ ബൂത്തിലെത്തി വോട്ടു ചെയ്യുന്നതുകൊണ്ടാണ് കനയ്യ ജയിക്കുമെന്ന് താൻ കട്ടായം പറയുന്നതെന്നും സയ്യിദ് അഹ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.