ബഹുവിചിത്രമാണ് ഇൗ ലോകം. അവിശ്വസനീയ സംഭവവികാസങ്ങൾ ഇൗ ഭൂമുഖത്ത് അരങ്ങേറുന്നത് അത്ര അപൂർവവുമല്ല. എന്നാൽ, കാള പെറ്റെന്ന വാർത്തകേട്ട് തെല്ലിടപോലും ചിന്തിക്കാതെ കയറെടുത്ത് ഇറങ്ങാൻ ഭാവിക്കുന്ന ശുംഭന്മാരെക്കുറിച്ച് എന്തുപറയാൻ. ഫേസ്ബുക് മുതൽ ട്വിറ്റർ വരെയുള്ള നവസമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെടുന്ന വ്യാജവാർത്തകളുടെ ചതിക്കുഴികളിൽ പ്രഗല്ഭമതികൾപോലും ചെന്നുവീഴുന്ന പശ്ചാത്തലം മുൻനിർത്തിയാണ് ഇൗ കുറിപ്പ്. ഇൗയിടെ വ്യാപക പ്രചാരം നേടിയ ഒരു വൃത്താന്തം നോക്കുക. 12കാരനായ മരുമകനുമായി ഭാര്യക്ക് അവിഹിതബന്ധം ഉണ്ടെന്ന് സംശയിച്ച ഒരറബി സഹധർമിണിയുടെ മർമഭാഗം പശ ഒട്ടിച്ച് ഭദ്രമാക്കിയത്രെ. ബിസിനസ് ആവശ്യാർഥമുള്ള യാത്രയുടെ മുന്നോടിയായിട്ടായിരുന്നു ഇൗ അറ്റകൈ പ്രയോഗം! സാമാന്യബുദ്ധിയുള്ളവർ ഇൗ വാർത്ത വിശ്വസിക്കില്ലെന്ന് എനിക്ക് തീർച്ചയുണ്ട്. റോബർട്ട് ബ്രൗണിങ്ങിെൻറ പ്രസിദ്ധമായ ‘പോർഫീരിയാസ് ലവർ’ എന്ന കവിത ഒാർമയിലെത്തുന്നു. സ്നേഹതീവ്രതയാൽ ഒരു കമിതാവ് കാമുകിയെ കൊലപ്പെടുത്തി തേൻറതുമാത്രമാക്കിമാറ്റുന്നതാണ് കവിതയിലെ പ്രതിപാദ്യം. കഴുത്തുഞെരിക്കുേമ്പാൾ അവൾക്ക് വേദനിച്ചിട്ടുണ്ടാകില്ലെന്നാണ് ആ കമിതാവിെൻറ ആത്മഗതം. കവിതകൾക്കുമാത്രം ഇണങ്ങുന്ന വിചിത്രഭാവന.
ഭാവനകളെ വാർത്തകളാക്കിമാറ്റുന്ന പ്രവണത സമൂഹമാധ്യമകാലത്ത് വിനോദമോ വഞ്ചനയോ ബോധപൂർവം നടത്തുന്ന കൗശലമോ ആയി മാറിയിരിക്കുന്നു. മുസ്ലിംകളെക്കുറിച്ചും അറബികളെ സംബന്ധിച്ചും എന്തും എഴുതിവിടാം. വായനക്കാരും ശ്രോതാക്കളും വെള്ളംചേർക്കാത്ത ഇത്തരം കള്ളങ്ങൾ ഉപ്പുകൂട്ടാതെ വിഴുങ്ങുന്ന ദുരവസ്ഥയെന്ന് ഇതിനെ വിശേഷിപ്പിക്കാം. ഇത്തരം ഘട്ടങ്ങളിൽ സാമാന്യബുദ്ധിക്ക് കൈമോശം സംഭവിക്കുന്നത് എന്തുകൊണ്ടാകും? ഏതാനും ആഴ്ച മുമ്പാണ് അറബ് വ്യാപാരി സംശയരോഗത്താൽ ഭാര്യക്കെതിരെ അറ്റകൈ പ്രയോഗിച്ച ‘വാർത്ത’ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 12കാരനായ ബാലെൻറ ഫോേട്ടാക്ക് ഭാര്യ ‘ൈലക്ക്’ നൽകിയതാണത്രെ അറബിയെ സംശയഗ്രസ്തനാക്കിയത്. വാർത്തയുടെ ഉറവിടം അന്വേഷിച്ചിറങ്ങിയ എനിക്ക് സ്വകാര്യവ്യക്തിയുടെ ബ്ലോഗ് സ്പോട്ടിൽ അത് കണ്ടെത്താനായി. പിന്നീട് ‘വേൾഡ് ന്യൂസ് ഡെയ്ലി റിപ്പോർട്ട്സ്’ എന്ന സൈറ്റിലും ‘വാർത്ത’ കാണാനിടയായി. കുപ്രസിദ്ധ വ്യാജവാർത്തനിർമിതകേന്ദ്രമാണ് വേൾഡ് സൈറ്റ് റിപ്പോർട്ട് എന്നോർക്കുക.
വാർത്തയുടെ ആധികാരികത സംശയാസ്പദമാണെന്ന കാര്യം ഒരു കമൻറ് വഴി, ഫേസ്ബുക്കിൽ ആഘോഷപൂർവം വ്യാജവാർത്ത ഷെയർചെയ്ത യുവതിക്ക് ഞാൻനൽകിയ സന്ദേശം വിവാദത്തിലാണ് കലാശിച്ചത്. യുവതിയുൾപ്പെടെ പരിഹാസ െഎക്കണിലൂടെ എനിക്കുനേരെ കയർത്തു. വ്യാജവാർത്തകൾ വെളിപ്പെടുത്തുന്ന എക്സ്പ്രസ് വെബ് ഉദ്ധരിച്ച് നൽകിയ എെൻറ മറുപടി വന്നതോടെ ആ സ്ത്രീ എെൻറ കമൻറുൾപ്പെടെയുള്ള വിമർശനാഭിപ്രായങ്ങൾ നീക്കം ചെയ്തു. എന്നാൽ, ഏവരെയും തുറിച്ചുനോക്കുന്ന ‘ആ വാർത്ത’ വാളിൽനിന്ന് നീക്കാൻ ഇപ്പോഴും തയാറല്ല ആ മഹിള.
‘വേൾഡ് ന്യൂസ് ഡെയ്ലി റിപ്പോർട്ട്സ്’ ചമച്ച മറ്റൊരു വ്യാജവാർത്ത നോക്കുക: ‘സൗദിരാജകുമാരന് 35 കോടി ഡോളറും അഞ്ച് ഭാര്യമാെരയും ചൂതാട്ടത്തിൽ നഷ്ടമായി’ എന്നായിരുന്നു ആ കിടിലൻ റിപ്പോർട്ട്. മുതിർന്ന കോൺഗ്രസ് നേതാവും എഴുത്തുകാരനും അഭിജ്ഞനുമായ ശശി തരൂർ പോലും ഇൗ വാർത്ത ട്വീറ്റ് ചെയ്തു എന്നതാണ് അതിശയകരമായ വസ്തുത. സംഗതി ശുദ്ധവ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഞാനും സുഹൃത്തുക്കളും ട്വിറ്ററിൽ പ്രതികരിച്ചെങ്കിലും തരൂർ ട്വീറ്റ് പിൻവലിച്ചിരുന്നില്ല. ഫേസ്ബുക്ക് വഴി വാർത്തയുടെ ഉറവിടം പൊളിച്ചുകാട്ടിയതോടെ മാത്രമായിരുന്നു പിന്മാറാൻ തരൂർ തയാറായത്. പക്ഷേ, ഒരു ക്ഷമാപണത്തിന് അദ്ദേഹം സന്നദ്ധനായിരുന്നില്ല. വ്യാജ ഉറവിടങ്ങളിൽനിന്നെത്തുന്ന ഇത്തരം നിർമിതവാർത്തകൾ വേദനിപ്പിക്കുന്ന അനുഭവമാണെന്ന് നന്നായി മനസ്സിലാക്കുന്ന വ്യക്തിയാണദ്ദേഹം. ‘പച്ച നുണകളും വാർത്താവക്രീകരണങ്ങളും മിശ്രണം ചെയ്ത പ്രകോപനകരമായ പുലമ്പൽ’ എന്ന പ്രസിദ്ധമായ സ്വന്തം പ്രയോഗത്തെ അദ്ദേഹത്തെതന്നെ ഒാർമിപ്പിക്കാൻ നിർബന്ധിതമാവുകയാണ് നാം.
ശശി തരൂരിനെ മാത്രം എന്തിന് പഴിക്കണം. ഇതേ വ്യാജ റിപ്പോർട്ട് ‘അഖ്ബാർ മിശ്രിഖ്’ എന്ന ഉർദു ദിനപത്രവും റിപ്പോർട്ട് ചെയ്തു. കൊൽക്കത്തക്കാരനായ ഉർദു പത്രാധിപർ രാജ്യസഭ എം.പി കൂടിയാണെന്നോർക്കുക. കൗതുകകരമാണെന്ന് പറയാം, വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ട പത്രം വ്യാജവാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതുസംബന്ധമായി അപ്രധാനമായ ഒരു ന്യൂസ് നൽകി മുഖം രക്ഷിച്ചു. എന്നാൽ ക്ഷമാപണത്തിനൊന്നും പത്രാധിപന്മാർ മുതിർന്നില്ല. ദിവസങ്ങൾ പിന്നിട്ടപ്പോൾ ദൈനിക് ജാഗരൺ, സീ ന്യൂസ് എന്നീ പോർട്ടലുകളും ചില ഹിന്ദി ദിനപത്രങ്ങളും ഇതേ വാർത്ത പ്രാധാന്യപൂർവം പ്രസിദ്ധീകരിക്കുകയുണ്ടായി.
വ്യാജവാർത്താസൈറ്റുകൾ വഴി ദിനപത്രങ്ങളിലേക്ക് കയറിക്കൂടിയ മറ്റൊരു വാർത്ത ഇപ്രകാരം വായിക്കാം. ‘മറ്റൊന്നും ഭക്ഷിക്കാൻ കിട്ടാത്ത സാഹചര്യങ്ങളിൽ ഭാര്യയുടെ മാംസം ഭുജിക്കാൻ ഭർത്താവിനെ അനുവദിച്ച് മതപുരോഹിതൻ ഫത്വ നൽകി’.ഇന്ത്യയിലുൾപ്പെടെ സാർവദേശീയപത്രങ്ങളിലും വിവിധ മാധ്യമങ്ങളിലും ഇൗ വ്യാജൻ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. മുസ്ലിംരാജ്യങ്ങളിലെ സ്ത്രീജനങ്ങളുടെ പരിതാവസ്ഥ പ്രതിഫലിപ്പിക്കുന്ന സംഭവമായാണ് ഫത്വ ആഘോഷിക്കപ്പെട്ടത്. യാഥാസ്ഥിതികത്വത്തെ ഭേദിക്കുന്ന ധീരമായ ഫത്വകൾ നൽകാറുള്ള ഒരു മുഫ്തിയുടെ പേരിലായിരുന്നു വാർത്ത പ്രചരിക്കപ്പെട്ടിരുന്നത്. ഒടുവിൽ ആ മുഫ്തി രംഗപ്രവേശം ചെയ്ത് താൻ ഒരിക്കലും വിവാദ ഫത്വ നൽകിയിരുന്നില്ലെന്നും ഇത്തരം വഞ്ചനകൾക്കെതിരെ ജാഗ്രതപാലിക്കണമെന്നും വിശദീകരിച്ചതോടെയാണ് വ്യാജകൗശലങ്ങളുടെ കാട്ടുതീ കെട്ടടങ്ങിയത്. മുസ്ലിംകെളയും അറബികെളയും സംബന്ധിച്ച വാർപ്പ് മാതൃകയാണ് മാധ്യമ ആഖ്യാനങ്ങളുടെ അടിത്തറ. വാർത്തകൾ ഇൗ വിഭാഗങ്ങളുമായി ബന്ധപ്പെട്ടവരുടേതെങ്കിൽ വസ്തുതാസ്ഥിരീകരണം ആവശ്യമില്ലെന്ന് മീഡിയ തീരുമാനിച്ചുറച്ചിരിക്കുന്നു. മുസ്ലിംകളുമായി ബന്ധപ്പെട്ടവയെല്ലാം-അറബി, ഉർദുഭാഷകൾ, തൊപ്പി, താടി-സംശയത്തിെൻറ ചിഹ്നങ്ങളായി മുദ്രയടിക്കപ്പെട്ടിരിക്കുന്നു.
ഇസ്ലാംഭീതിയുടെ വ്യത്യസ്തഭാവങ്ങൾ ലോകത്തുടനീളം മുസ്ലിംകളെ വേട്ടയാടുന്നതിൽ ഇത്തരം വ്യാജവാർത്തകൾ നിർണായകപങ്കാണ് വഹിക്കുന്നത്്. കള്ളവാർത്തകൾ മുസ്ലിംകൾക്കിടയിലും മുൻവിധികൾക്ക് വിത്തുപാകിയിട്ടുണ്ട്. ശിയാക്കളെ സംബന്ധിച്ചാണോ ആ വാർത്ത, ശരിയായിരിക്കുമെന്ന് സുന്നികൾ പറയും. വഹാബികൾ കാടന്മാരാണെന്ന് സുന്നികൾ പറയും. ബറേൽവികൾ പിന്നെ പിഴച്ചവരല്ലേയെന്ന് സൂഫികൾ ചോദിക്കും. സലഫികൾ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നതായി ഇതരവിഭാഗങ്ങൾ കഥ നിരത്തും. ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന വ്യാജനിർമിതികളെ കണ്ണുമടച്ച് മറ്റുള്ളവർ ഷെയർ ചെയ്യും.
ഇന്ത്യയിൽ മുസ്ലിംകളുടെ ദേശക്കൂറിനെ ചോദ്യംചെയ്യാൻ പ്രേരണനൽകുന്ന വാർത്തകളാണ് പലപ്പോഴും ചമക്കപ്പെട്ടതായി കാണാറ്. ഭീകരാക്രമണങ്ങൾ അരങ്ങേറുേമ്പാൾ അവ മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കാൻ തെളിവുകൾ ലഭിക്കുംമുേമ്പ വ്യാജവാർത്തനിർമാണസംഘം സജീവമാകുന്ന ഉദാഹരണങ്ങൾ നിരവധി. മുസഫർനഗർ ഉൾപ്പെടെ വിവിധ കലാപങ്ങൾക്ക് പ്രകോപനമായി മാറിയത് വാട്സ്ആപ്-േഫസ്ബുക്ക് ഗ്രൂപ്പുകൾ പടച്ചുവിട്ട വാർത്തകളാെണന്ന് ഇതിനകം തെളിയിക്കെപ്പടുകയുണ്ടായി.
ചാമ്പ്യൻസ്ട്രോഫി ക്രിക്കറ്റ് മത്സരവേളയിലാണ് ഏറ്റവുമൊടുവിൽ ഇത്തരം കൃത്രിമപ്രചാരണങ്ങൾ അരങ്ങേറിയത്. മുസ്ലിം ജനസംഖ്യ കൂടുതലുള്ള ദിക്കുകളിൽ, ട്രോഫി നേടിയ പാകിസ്താനെ അനുകൂലിച്ച് പടക്കങ്ങൾ പൊട്ടിച്ച് ഘോഷയാത്രകൾ നടത്തിയതായി പ്രചരിപ്പിക്കപ്പെട്ടു. കൊൽക്കത്തപ്രാന്തത്തിലെ അത്തരമൊരു ഏരിയയിൽ താമസിച്ചുവരുന്ന എനിക്ക് ഒരു നേരിയ ശബ്ദംപോലും ഉയർന്നതായി കേൾക്കാനായിട്ടില്ല എന്നതാണ് യാഥാർഥ്യം. അലീഗഢിലെയും മറ്റും സുഹൃത്തുക്കളും ഇക്കാര്യം എന്നെ അറിയിച്ചിട്ടുണ്ട്. നിരവധി മാധ്യമപ്രവർത്തകർ ഇതുസംബന്ധമായി ടെലിഫോണിൽ ആരായുകയുണ്ടായി. അനിഷ്ടസംഭവങ്ങൾ ഒന്നും അരങ്ങേറിയില്ലെങ്കിലും അലീഗഢ് മേഖലയിൽ പടക്കങ്ങൾ പൊട്ടിയെന്ന വാർത്തയാണ് പിറ്റേദിവസം ‘അമർ ഉജാല’ എന്ന പത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇതിനെ വ്യാജവാർത്തനിർമിതിയുടെ ചെറുകള്ളിയിൽ ഒതുക്കിനിർത്താൻ വയ്യ. അതിദേശീയതയുടെ ഹിസ്റ്റീരിയ ഇളക്കിവിടുന്ന വലതുപക്ഷശക്തികളുടെ ഉപകരണങ്ങളായി മാറിയ മാധ്യമങ്ങൾ ബോധപൂർവം നടത്തുന്ന വേലയായി മാത്രമേ ഇതിനെ വിലയിരുത്താനാകൂ.
അതേസമയം, വ്യാജവാർത്തനിർമിതികളുടെ ഉറവിടം തുറന്നുകാട്ടുന്ന വെബ്പോർട്ടലുകൾ രംഗപ്രവേശം ചെയ്തത് ശുഭോദർക്കമാണ്. ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ ‘ക്രോസ് ചെക്’ എന്നപേരിൽ ഇവ സഹകരണ കൂട്ടായ്മകൾക്ക് രൂപം നൽകിയിരിക്കുന്നു. വ്യാജവാർത്തകളുടെ അടിവേര് പിഴുതെടുക്കുന്ന ആൾട്ട് ന്യൂസ് ഇന്ത്യയിൽ ജനശ്രദ്ധ കവർന്നുകഴിഞ്ഞു.രസിപ്പിക്കാൻ ഉതകുന്നതാണെങ്കിൽ നുണകഥകളായാലും ഞാൻ പ്രശ്നമാക്കില്ല’ എന്ന കുറോസോവൻ കഥാപാത്രത്തിെൻറ (ചിത്രം: റാേഷാമോൺ) ആത്മഗതമാണ് ഒാർമയിലെത്തുന്നത്. അതേ, അപരന്മാരുടെ ചെലവിൽ രസം പകരാൻ തങ്ങളുടെ മുൻവിധികളുമായി പൊരുത്തപ്പെടുന്ന വ്യാജങ്ങൾ ചമക്കുന്നതിൽ സമൂഹമാധ്യമങ്ങൾക്ക് തെല്ലുമില്ല സേങ്കാചം. മുസ്ലിംകൾ നിരന്തരം പ്രതിലോമകാരികളായി ബിംബവത്കരിക്കപ്പെടുക എന്ന ദുരന്തമാണ് ഇൗ വിലക്ഷണരീതിയുടെ പ്രധാന പ്രത്യാഘാതം.
(കൊൽകൊത്ത ആലിയ യൂനിവേഴ്സിറ്റി അസോസിയേറ്റ് പ്രഫസറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.