നമ്മൾ നിത്യജീവിതത്തിൽ പുലർത്തുന്ന മാന്യത, അന്തസ്സ് ഒക്കെ ഇല്ലാതാ വുന്നതു കാണാൻ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളും പ്രതികരണങ്ങളും കണ്ടാൽ മതിയാവും. മലയാളികൾ പൊതുവെ സ്വഭാവത്തിൽ ഔപചാരികത പുലർത്തുന്നവരാണ്. പക്ഷേ അവർപോലും സോഷ്യൽ മീഡിയയിൽ അങ്ങേയറ്റം അശ്ലീലമായി പെരുമാറുന്നത് കാണാം. ഈയടുത്ത കാലത്ത് സാറാ ജോസഫ് ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് പോസ്റ്റിട്ടപ്പോൾ കിട്ടിയ കമൻറുകൾ സഭ്യതയുടെ എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നു. കോളജ് പ്രഫസറായി വിരമിച്ച, അറിയപ്പെടുന്ന എഴുത്തുകാരിയായ അവരെ അങ്ങേയറ്റം മോശമായി ആക്രമിച്ചു. ഇതിൽ അത്യാവശ്യം വായനയും ലോകപരിചയവും ഉള്ളവർപോലും പെരുമാറിയ രീതി കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. ഒടുവിൽ ഫേസ്ബുക്കിൽ എഴുത്തു നിർത്തുകയാണെന്ന് അവർക്ക് പ്രഖ്യാപിക്കേണ്ടി വന്നു.
ഈയടുത്ത ദിവസങ്ങളിൽ ഇതരസംസ്ഥാന സുഹൃത്തുക്കളോട് പ്രളയകാലത്ത് മലയാളികൾ ജാതിമത ഭേദമില്ലാതെ നടത്തിയ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് അഭിമാനം കൊണ്ടപ്പോൾ ഒരു ബംഗാളി സുഹൃത്ത് എന്നെ കളിയാക്കി: പ്രളയശേഷം കേരളത്തിലെ മുസ്ലിംകൾ പാകിസ്താൻ പതാകയുമായി നടത്തിയ പ്രകടനത്തിെൻറ വിഡിയോയുടെ കാര്യം പറഞ്ഞായിരുന്നു അത്! കേരളത്തിൽ അങ്ങനെയൊരു പ്രകടനം നടന്നിട്ടേയില്ലെന്ന് ഞാൻ പറഞ്ഞപ്പോൾ ഇടതുപക്ഷക്കാരനായതുകൊണ്ട് രാജ്യദ്രോഹികളെ ന്യായീകരിക്കുകയാണെന്നാണ് അദ്ദേഹം. നല്ല വിദ്യാഭ്യാസവും ലോകപരിചയവും ഉള്ള, കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽനിന്ന് ഉയർന്ന തസ്തികയിൽനിന്ന് വിരമിച്ച ആളാണ്.
മലപ്പുറം ജില്ലയിൽ ഹിന്ദുക്കൾക്ക് അവർക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനോ, വസ്ത്രം ധരിക്കാനോ, സ്വന്തമായി സ്ഥലം വാങ്ങാനോ സാധിക്കില്ലെന്ന് നിരന്തരം നടക്കുന്ന പ്രചാരണമാണ്. മലപ്പുറം ജില്ലയിൽ ദിവസേനയെന്നോണം ഹിന്ദുക്കളെ ഇസ്ലാം മതത്തിലേക്ക് മതംമാറ്റം ചെയ്യുന്നുണ്ടെന്നത് വേറൊരു പ്രചാരണം. കേരളത്തിലെ മലപ്പുറം എന്ന സ്ഥലപ്പേര് ഉത്തരേന്ത്യയിൽ ഗ്രാമങ്ങളിൽപോലും അറിയാം, ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്ന ഒരു സ്ഥലമായി. ഞാൻ മലപ്പുറം ജില്ലയിൽ ജനിച്ച് വളർന്നവനാണെന്നും എെൻറ വീടിനുചുറ്റം ധാരാളം മുസ്ലിം വീടുകളുണ്ടെന്നും പറയുമ്പോൾ വിശ്വസിക്കാൻപോലും അവർ തയാറല്ല. നിഷ്കളങ്കരായ, ലോകപരിചയമില്ലാത്ത സാധാരണക്കാരിൽ ഇത്തരം പ്രചാരണം ഏതു തരം സ്വാധീനമാണുണ്ടാക്കുകയെന്ന് ആലോചിക്കാവുന്നതാണ്. മറ്റ് മതക്കാരുടെ നേർക്ക് അവിശ്വാസവും വെറുപ്പും നിറയാൻ ഇത് കാരണമാവുമെന്ന് പറയേണ്ടതില്ലല്ലോ.
ശബരിമല ഏറ്റവും നല്ല ഉദാഹരണമാണ്. എന്തെല്ലാം നുണകളാണ് ഓരോ ദിവസവും ഓരോ മണിക്കൂറിലും പുറത്തുവരുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ പോയത് ഇടതുപക്ഷ ഫെമിനിസ്റ്റ് സ്ത്രീകളാണെന്നായിരുന്നു, വലിയ നുണ. അതല്ല അവർ ചില ഹിന്ദു സംഘടനയിൽപെട്ടവരാണെന്ന് പിന്നീട് മനസ്സിലായി. എന്നാൽ, ഈ സത്യം ആദ്യത്തെ നുണയെത്തിയ വലിയ ശതമാനം പേരിൽ എത്തുകയില്ല എന്നു നിശ്ചയം.
റാണാ അയൂബ് എന്ന മാധ്യമപ്രവർത്തകയുടെ അനുഭവം ഞെട്ടിപ്പിക്കുന്നതാണ്. ഗുജറാത്ത് കലാപത്തിനുശേഷം വളരെ ദീർഘമായ, ആ സമൂഹത്തിെൻറ ഏറ്റവും താഴെ തട്ടിൽവരെ ചെന്നെത്തുന്ന, അന്വേഷണത്തിനും ഒടുവിൽ അവരെഴുതിയ പുസ്തകം ‘ഗുജറാത്ത് ഫയൽസ്’ അന്വേഷണാത്മക പത്രപ്രവർത്തനത്തിെൻറ നേർസാക്ഷ്യമാണ്. എന്നാൽ, അതിനവർ കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. പലതരം ഭീഷണികൾ അവർ നേരിട്ടിരുന്നു. ഒന്നിലും അവർ പതറിയില്ല. ഒടുവിൽ സംഭവിച്ചത് ഞെട്ടിക്കുന്നതായിരുന്നു. ഒരിക്കൽ അവരുടെ ഒരു സുഹൃത്ത് അവരെ അറിയിക്കുന്നു, സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പ്രചരിക്കുന്നുണ്ട്, അതൊന്ന് ശ്രദ്ധിക്കാൻ. നോക്കിയപ്പോൾ അതൊരു അശ്ലീല വിഡിയോ. ഏതോ പുതിയ സോഫ്റ്റ്വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വിഡിയോ ആയിരുന്നു അത്.
ഇതവരെ ആകെ തളർത്തിക്കളഞ്ഞു. വീട്ടുകാരേയും നാട്ടുകാരേയും നേരിടാൻ വയ്യാതായി. കടന്നുപോകുന്ന ഓരോ നിമിഷങ്ങളിലും വിഡിയോ ആളുകളിലേക്കെത്തിക്കൊണ്ടിരിക്കുന്നു. അവർ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുക്കാൻ ശ്രമിച്ചു. ആരും പരാതി സ്വീകരിക്കാൻപോലും തയാറായില്ല. കാരണം ആ വിഡിയോ ഷെയർ ചെയ്തവരിൽ ഉന്നതരായ പലരുമുണ്ടായിരുന്നു. ഇതിനകം ഫോണിലേക്ക് വിളികൾ വന്നുതുടങ്ങി, അവരുടെ ശരീരത്തിെൻറ വില അന്വേഷിച്ചുകൊണ്ട്. നിരന്തരമായ ഇത്തരം പ്രചരണം അവരെ രോഗിയാക്കി. രക്തസമ്മർദം കൂടി, ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ഒടുവിൽ ഐക്യരാഷ്ട്രസഭ വരെ അവർക്ക് പരാതികൊടുക്കേണ്ടി വന്നു. അതിനുശേഷമാണ് അത് നിന്നത് എന്ന് അവർ പറയുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു പത്രപ്രവർത്തകയുടെ അനുഭവമാണിത്.
ഈയടുത്ത ദിവസങ്ങളിൽ വന്ന ഒരു പത്രവാർത്ത ഇതിന് സമാനമായിരുന്നു. ഒരു ശരാശരി വീട്ടമ്മ, സ്വന്തമായി ഒരു ചെറിയ സ്ഥാപനം നടത്തി, കുടുംബവുമായി കഴിഞ്ഞിരുന്ന ശോഭ എന്ന വീട്ടമ്മക്കുണ്ടായ അനുഭവം. ഒരുദിവസം അവരുൾപ്പെടുന്ന ഒരു അശ്ലീല വിഡിയോ പുറത്തുവരുന്നു. സ്വാഭാവികമായി അവർ കുടുംബത്തിൽനിന്ന് പുറത്താവുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിൽ ആ വിഡിയോയിൽ ഉള്ളത് താനല്ല എന്ന് അവർ തെളിയിക്കുന്നു. അവർ പറഞ്ഞത് മക്കളുടെ മുന്നിലെങ്കിലും താൻ തെറ്റുകാരിയല്ലെന്ന് തെളിയിക്കണം എന്ന വാശിയാണ് നീണ്ട പോരാട്ടത്തിന് അവർക്ക് ശക്തികൊടുത്തത് എന്നാണ്.
സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചരണങ്ങൾ ഭൂരിഭാഗവും വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. തങ്ങളുടെ മതവിശ്വാസത്തിനോ മതവിശ്വാസമനുസരിച്ച് ജീവിക്കുന്നതിനോ കാര്യമായ ഒരു ബുദ്ധിമുട്ടും കേരളത്തിലെങ്കിലുമില്ലെന്നതാണ് ശരി. പക്ഷേ, നമ്മളെ ബാധിക്കുന്ന കാതലായ പ്രശ്നങ്ങളെ ഒഴിവാക്കി എളുപ്പം വോട്ടു നേടാനുള്ള വഴിയായി മതവിശ്വാസത്തെ ഉപയോഗിക്കുകയാണ്. ശബരിമലയിൽ ഒക്ടോബർ മാസത്തിലുണ്ടായ സംഭവങ്ങൾ കഴിഞ്ഞപ്പോൾ ഐ.ജി. മനോജ് എബ്രഹാമിെൻറ മതം സൂചിപ്പിച്ച് ചില നേതാക്കൾ സംസാരിച്ചത് നമ്മൾ കേട്ടതാണ്. കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമല സന്ദർശിച്ചതിനെ തുടർന്നുണ്ടായ വാക്കു തർക്കത്തിനുശേഷം എസ്.പി. രതീഷ് ചന്ദ്രയുടെ മതവേരുകൾ ചികഞ്ഞ് അദ്ദേഹം ഹിന്ദു മതത്തിൽനിന്നുള്ളയാളല്ല എന്ന് മട്ടിൽ സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് വിമാനത്താവളത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ ഷെയർ ചെയ്തത് കാണാനിടയായി. ഇവർ ചെയ്യുന്നതിെൻറ തിക്ത ഫലം ഇവർ അറിയുന്നുണ്ടാവുമോ ആവോ...
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.