ദളപതി

‘‘കാത്തിരുന്ന് കാത്തിരുന്ന് പുഴമെലിഞ്ഞു, കടവൊഴിഞ്ഞു കാലവും കടന്നുപോയ്, ഓര്‍ത്തിരുന്ന് ഓര്‍ത്തിരുന്ന് നിഴലുപോലെ ചിറകൊടിഞ്ഞു, കാറ്റിലാടി നാളമായ്, നൂലുപോലെ നേര്‍ത്തുപോയ്, ചിരി മറന്നു പോയി’’ എന്ന പാട്ട് മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍െറ അവസ്ഥ വര്‍ണിക്കാന്‍ എഴുതിയതാണോ എന്ന് ആര്‍ക്കും ശങ്കതോന്നും. പാട്ടില്‍ പറയുന്നതെല്ലാം ശരിയാണ്. നല്ല കാലം മുഴുവന്‍ നഷ്ടപ്പെട്ടതാണ്. വല്ലാത്തൊരു കാത്തിരിപ്പായിരുന്നു.  63 വയസ്സുവരെ നീണ്ട കാത്തിരിപ്പ്. ഇന്ത്യന്‍ രാഷ്ട്രീയചരിത്രത്തില്‍ ഒരു നേതാവിനും ഇത്രയുംനാള്‍ കാത്തിരിക്കേണ്ടിവന്നിട്ടുണ്ടാവില്ല. പുത്രവാത്സല്യം മൂത്ത് മകന് പ്രായപൂര്‍ത്തിയാവുമ്പോള്‍തന്നെ വേണ്ട പദവികളൊക്കെ കൊടുക്കുന്നതാണ് നല്ല അച്ഛന്മാരായ നേതാക്കളൊക്കെ ചെയ്തത്. പാര്‍ട്ടി അധ്യക്ഷനാവാനും മുഖ്യമന്ത്രിയാവാനുമൊക്കെ ഇതിനുള്ളില്‍തന്നെ കഴിയുമായിരുന്നു. 20ാം വയസ്സു മുതല്‍തന്നെ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയ ആളാണ്. പ്രബലമായ രാഷ്ട്രീയകുലത്തിന്‍െറ പിന്‍താങ്ങ് ഉണ്ടായിരുന്നിട്ടും എം.എല്‍.എ ആവാന്‍ എടുത്തത് 15 കൊല്ലം. മന്ത്രിയായപ്പോള്‍ 50 കടന്നിരുന്നു. ഇപ്പോഴാണ് പാര്‍ട്ടിയുടെ വര്‍ക്കിങ് പ്രസിഡന്‍റ് എങ്കിലുമായത്. സംഗതി പുതിയ തസ്തികയാണ്. പാര്‍ട്ടി അധ്യക്ഷന് തുല്യമായ അധികാരങ്ങളാണ് ജനറല്‍ കൗണ്‍സില്‍ കല്‍പിച്ചരുളിയിരിക്കുന്നത്. അതിനായി പാര്‍ട്ടിയുടെ ഭരണഘടനാനിയമങ്ങള്‍പോലും മാറ്റി. ഇത്രയും നാള്‍ ദളപതിയായിരുന്നു. അതായത് കമാന്‍ഡര്‍. ഇനി രാജാവായേക്കും. അതും പട്ടാളക്കാരനായി അഞ്ചു  പതിറ്റാണ്ടിനുശേഷം.
 ഉപമുഖ്യനും മന്ത്രിയുമൊക്കെയായി ഒതുങ്ങാനായിരുന്നു വിധി. ഇനി ഏതായാലും സ്റ്റാലിന്‍യുഗമാണ്. എതിരിടാന്‍ മുന്നില്‍ പുരട്ച്ചി തലൈവിയില്ല. പകരം ശശികല. കലൈജ്ഞറിനിപ്പോള്‍ വയസ്സ് 93. സജീവരാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച മട്ടാണ്. മനസ്സു വിചാരിക്കുന്നിടത്ത് ശരീരം എത്തുന്നില്ല. പേരിന് അധ്യക്ഷസ്ഥാനത്ത് തുടരും. അതികായന്മാരൊക്കെ കളമൊഴിഞ്ഞിരിക്കുന്നു. ഇനി സ്റ്റാലിന് കയറിക്കളിക്കാം. അഞ്ചു തവണ മുഖ്യനായ കരുണാനിധി മകനത്തെന്നെ പിന്‍ഗാമിയാക്കുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. കലൈജ്ഞര്‍ അതു സൂചിപ്പിക്കുമ്പോഴൊക്കെ സ്റ്റാലിന്‍െറ അനുയായികള്‍ക്ക് സന്തോഷമായിരുന്നില്ല; നിരാശയായിരുന്നു. ഓരോ സൂചന കഴിഞ്ഞിട്ടും വര്‍ഷങ്ങള്‍ പിന്നിടുകയല്ലാതെ ഒന്നും സംഭവിച്ചില്ല. 90 കഴിഞ്ഞാലും കലൈജ്ഞര്‍തന്നെ കസേരയിലിരിക്കുമെന്ന് അനുയായികള്‍ക്ക് തോന്നിത്തുടങ്ങിയിരുന്നു. കരുണാനിധിക്കും ഡി.എം.കെക്കും ഇനിയും പട്ടാഭിഷേകം നീട്ടിക്കൊണ്ടുപോവാനാവില്ല. ജയലളിതയുടെ അഭാവം നികത്താനുള്ള മുന്നൊരുക്കങ്ങള്‍ എതിര്‍പാളയത്തില്‍ തകൃതിയായി തുടങ്ങിക്കഴിഞ്ഞു. ഈ മാസം പൊങ്കലിനുശേഷം ശശികല സംസ്ഥാനപര്യടനം ആരംഭിക്കുകയാണ്. ജയലളിതയുടെ വിയോഗം സൃഷ്ടിച്ച ജനവികാരം മുതലെടുക്കാനും തലൈവിയുടെ അപരവ്യക്തിത്വമാവാനും ശശികലക്ക് കഴിയുകയാണെങ്കില്‍ ഡി.എം.കെക്ക് കാര്യങ്ങള്‍  കുറെക്കൂടി കടുപ്പമാവും. അതുകൊണ്ടാണ് മികച്ച ഭരണാധികാരിയെന്ന് ചെന്നൈ മേയറും മന്ത്രിയുമൊക്കെയായിരുന്ന കാലംതൊട്ട് തെളിയിച്ചിട്ടുള്ള സ്റ്റാലിന്‍െറ സിംഹാസനാവരോഹണം ഇപ്പോഴെങ്കിലും നടന്നത്.
കുടുംബത്തില്‍ കുറച്ച് തൊഴുത്തില്‍കുത്ത് ഉണ്ട്. അത് പരിഹരിക്കുക എന്നതും സ്റ്റാലിന് പണിയാവും. വഴക്കാളിയായ മൂത്തസഹോദരനാണ് ഒന്നാമത്തെ പ്രശ്നം. അഴഗിരിക്ക് സ്റ്റാലിനെ എങ്ങനെയെങ്കിലും ഒതുക്കണമെന്നുണ്ട്. തെക്കന്‍ തമിഴകത്ത് കുറച്ച് ആളുകള്‍ കൂടെയുള്ളതിന്‍െറ ഹുങ്കാണ്. രണ്ടുകൊല്ലം മുമ്പ് പാര്‍ട്ടിക്കു പുറത്താക്കിയിട്ടും പഠിച്ചിട്ടില്ല. ഇപ്പോഴും സ്റ്റാലിനെതിരെ തെറിപറഞ്ഞു നടക്കലാണ് പണി. തക്കംകിട്ടിയാല്‍ സ്റ്റാലിന്‍െറ അനുയായികളുടെമേല്‍ കൈവെക്കും. സ്റ്റാലിനെ നേതാവാക്കിയാല്‍ പാര്‍ട്ടി തോല്‍ക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പുകാലം തൊട്ട് പറയുന്നതാണ്. തെക്ക് സ്വാധീനമുള്ള ഏട്ടന് മാപ്പുകൊടുത്ത് അനിയന്‍ കൂടെ കൂട്ടുമോ എന്ന് കാത്തിരുന്നു കാണാം. മറ്റൊരാള്‍ അര്‍ധസഹോദരി കനിമൊഴിയാണ്. അച്ഛന്‍െറയും കുറച്ച് നേതാക്കളുടെയും പിന്തുണയുണ്ട്. സംഘടനാപരമായ പിന്തുണയില്ലാത്തതിനാല്‍ വലിയ ഭീഷണിയൊന്നുമല്ല.
അഴിമതിയും സ്വജനപക്ഷപാതവും കാരണം പാര്‍ട്ടിയുടെ പ്രതിച്ഛായ ആകെ തകര്‍ന്നിരിക്കുകയാണ്. 2ജി സ്പെക്ട്രം കേസില്‍ പാര്‍ട്ടി എം.പി രാജയും സഹോദരി കനിമൊഴിയും അതുവഴി കരുണാനിധിയുടെ കുടുംബവും അപവാദത്തില്‍പെട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എതിര്‍പാര്‍ട്ടിക്ക് അത് നല്‍കിയ മേല്‍ക്കൈ കുറച്ചൊന്നുമല്ല. ഡി.എം.കെയുടെ അഴിച്ചുപണി സ്റ്റാലിന് തീര്‍ത്താല്‍ തീരാത്ത പണിയാവും. നേതാവ് എന്ന നിലയിലുള്ള സ്വന്തം കഴിവ് തെളിയിക്കേണ്ടിവരും എന്നത് വേറെ ഒരു പ്രശ്നം. പിതാവിന്‍െറ നേതൃപാടവമോ പാണ്ഡിത്യമോ പ്രസംഗകലയിലെ പ്രാവീണ്യമോ സ്റ്റാലിനില്ല. മകന്‍െറ നേതൃപാടവത്തില്‍ സംശയമുള്ള കരുണാനിധി കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍െറ ചുമതല മകന് കൊടുക്കാന്‍ മടിച്ചിരുന്നു. കരുണാനിധിയുടെ ഗുണഗണങ്ങളുള്ള പിന്‍ഗാമിയാണ് എന്ന് പ്രവര്‍ത്തനമികവുകൊണ്ടുതന്നെ കാട്ടിക്കൊടുക്കേണ്ടിവരും. മേയറും മന്ത്രിയുമാവുന്നതുപോലെയല്ല ജനങ്ങളെ മുന്നില്‍നിന്ന് നയിക്കുക എന്നത്. അത് വേറെ ഒരു കലയാണ്. സഖ്യകക്ഷികളുമായുള്ള ചര്‍ച്ചകളില്‍ സ്റ്റാലിന്‍ എന്നും കടുംപിടിത്തങ്ങള്‍ കാട്ടി. കൂട്ടുകക്ഷികളോട് അന്തസ്സോടെ പെരുമാറാന്‍ കരുണാനിധിയെപ്പോലെ സ്റ്റാലിന് അറിയില്ളെന്നു പറഞ്ഞ് സഖ്യം വിട്ടത് ദലിത് പാര്‍ട്ടിയായ പുതിയ തമിഴകത്തിന്‍െറ അധ്യക്ഷന്‍ കൃഷ്ണസ്വാമി. നാടുനീളെ കൊട്ടിഘോഷിച്ച് സ്റ്റാലിന്‍ നടത്തിയ ‘നമുക്കു നാമേ’ എന്ന പ്രചാരണം കഴിഞ്ഞ തവണ ഫലംകണ്ടില്ല. തെരുവോരങ്ങളിലെ ചായക്കടകളില്‍നിന്ന് ചായ കുടിച്ചും സാധാരണക്കാരുമായി തോളുരുമ്മിയും ഓട്ടോറിക്ഷകളില്‍ കയറിയും പ്രചാരണം നടത്തിയാല്‍ മാത്രം ജനമനസ്സില്‍ കയറിപ്പറ്റാന്‍ പറ്റില്ളെന്ന് അന്നു മനസ്സിലായതാണ്. കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമല്ല ചെറുകക്ഷികളും തക്കംപാര്‍ത്തിരിക്കുകയാണ്. അതികായന്മാരുടെ അഭാവത്തില്‍ തമിഴകത്തിന്‍െറ രാഷ്ട്രീയമനസ്സ് പിടിച്ചെടുക്കാന്‍ അവര്‍ എല്ലാ തന്ത്രങ്ങളും പയറ്റും. ഇരുകക്ഷികളുടെയും നേതൃത്വമാറ്റംകൊണ്ട് പരിഹരിക്കാവുന്നതല്ല ഈ പ്രശ്നം. രണ്ട് പുതിയ നേതാക്കളുടെയും അരക്ഷിതാവസ്ഥയെ കൃത്യമായി മുതലെടുക്കാന്‍ കഴിയുന്ന കക്ഷിക്ക് എളുപ്പത്തില്‍ വേരുറപ്പിക്കാന്‍ പറ്റും. മോദി ജയലളിതയുടെ അന്ത്യകര്‍മങ്ങള്‍ നടക്കുന്ന നേരത്ത് എത്തിയത് ഒരു സഖ്യത്തിന്‍െറ സൂചന നല്‍കുന്നുണ്ട്.
 1953 മാര്‍ച്ച് ഒന്നിനാണ് ദയാലു അമ്മാളു എന്ന രണ്ടാം ഭാര്യയില്‍ കരുണാനിധിക്ക് ഒരു മകന്‍ ജനിക്കുന്നത്. അവന്‍ ജനിച്ച് അഞ്ചാം ദിവസം  റഷ്യന്‍ കമ്യൂണിസ്റ്റ് നേതാവ് ജോസഫ് സ്റ്റാലിന്‍ മരിച്ചു. കമ്യൂണിസ്റ്റ് ആശയങ്ങളോട് കടുത്ത ആരാധനയുണ്ടായിരുന്ന കരുണാനിധി മകന് സ്റ്റാലിന്‍ എന്നു പേരിട്ടു. സ്റ്റാലിന്‍ സ്റ്റാലിനിസ്റ്റ് കാര്‍ക്കശ്യം കാട്ടാതിരുന്നാല്‍ സഖ്യകക്ഷികളെ കൂട്ടി സാമൂഹികാടിത്തറ വിപുലപ്പെടുത്താം.

Tags:    
News Summary - stalin- the commander

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.