അഭയാർഥി മുനമ്പായി വീണ്ടും തമിഴകം

'ജോലിയില്ല, ഭക്ഷണസാധനങ്ങളുടെ വില മൂന്നിരട്ടിയിലധികം വർധിച്ചു, കുഞ്ഞുങ്ങൾക്ക് ഒരു പൊതി ബിസ്കറ്റോ ഒരു കോപ്പ പാലോ വാങ്ങി നൽകാൻ കഴിയാത്ത അവസ്ഥ. ഇന്ധനത്തിന് ജനങ്ങൾ രണ്ടു കിലോമീറ്ററിലധികം ക്യൂ നിൽക്കുന്നു. ക്രമസമാധാനപാലനത്തിന് പെട്രോൾ പമ്പുകളിൽ സൈന്യത്തെയാണ് നിയോഗിച്ചിരിക്കുന്നത്. പാചകവാതക സിലിണ്ടറുകൾ കിട്ടാനില്ല. നാടുവിടുകയല്ലാതെ വഴിയുണ്ടായിരുന്നില്ല. ജനങ്ങൾ ആകെ പരിഭ്രാന്തിയിലാണ്. ഈ പ്രതിസന്ധി കൂടുതൽ കുടുംബങ്ങളെ പലായനം ചെയ്യാൻ നിർബന്ധിതരാക്കും. ഭർത്താവിനെ ശ്രീലങ്കയിൽ നിർത്തി മക്കളെയുംകൊണ്ട് തമിഴകത്തേക്ക് പലായനംചെയ്ത ഡോറി ആനിസ്റ്റൺ ഇത് പറയുമ്പോൾ കരഞ്ഞ് വിറക്കുന്നുണ്ടായിരുന്നു.

ബോട്ടുകാരന് 50,000 രൂപ നൽകിയാണ് ഇവിടേക്ക് പുറപ്പെട്ടത്, അർധരാത്രി ഒരു മണൽത്തിട്ടയിൽ ഇറക്കിവിടുകയായിരുന്നു. വേറെ ചില അമ്മമാരും കുഞ്ഞുങ്ങളും രാമേശ്വരം തീരത്ത് വന്നിറങ്ങിയിട്ടുണ്ട്, നിങ്ങളിതു വായിക്കുമ്പോഴും ഒരു ബോട്ടിൽ ഇടംകിട്ടാൻ ഊഴം കാത്ത് വരിനിൽക്കുന്നുണ്ട് ഒരുപാട് മനുഷ്യർ. തമിഴകം വീണ്ടും ശ്രീലങ്കൻ തമിഴ് അഭയാർഥികളുടെ അഭയകേന്ദ്രമാവുകയാണ്. 80കളിൽ ശ്രീലങ്കയിലെ വംശീയ യുദ്ധകാലയളവിലാണ് ഒട്ടനവധി ശ്രീലങ്കൻ തമിഴ് കുടുംബങ്ങൾ തമിഴ്നാട്ടിലെത്തിയതെങ്കിൽ ഇപ്പോൾ വിലക്കയറ്റവും ഇന്ധനക്ഷാമവും പട്ടിണിയുംമൂലം പൊറുതിമുട്ടിയാണ് എത്തുന്നത്. വരുംദിവസങ്ങളിൽ അഭയാർഥികളുടെ കൂട്ടപലായനം ശക്തിപ്പെടുമെന്നാണ് കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ വിലയിരുത്തൽ.

ശ്രീലങ്കയിലെ മാന്നാർ സ്വദേശികളായ ഡോറി ആനിസ്റ്റൺ (28), എസ്തർ (ഒമ്പത്), മോസസ് (ആറ്), ആർ. ഗജേന്ദ്രൻ (24), ഭാര്യ മേരി ക്ലാരിൻ (23), ഇവരുടെ നാലുമാസം പ്രായമുള്ള മകൻ നിജാത്ത് എന്നിവരാണ് ചൊവ്വാഴ്ച രാവിലെ ധനുഷ്കോടി കടൽക്കരയിൽ അനധികൃത ബോട്ടിൽ കയറിയെത്തിയത്. വൈകീട്ട് മറ്റൊരു ബോട്ടിൽ പത്തംഗ സംഘവുമെത്തി. ഇവരെ ഇന്ത്യൻ തീരസംരക്ഷണസേന കസ്റ്റഡിയിലെടുത്ത് മണ്ഡപത്തിലെത്തിച്ചു.


ശ്രീലങ്കയിൽനിന്ന് അനധികൃത കടത്തുവള്ളങ്ങളിൽ രാമേശ്വരത്ത് എത്തിക്കുന്നതിന് പതിനായിരക്കണക്കിന് രൂപയാണ് ബോട്ടുകാർ ഈടാക്കുന്നത്. മറൈൻ പൊലീസ് കസ്റ്റഡിയിലെടുത്ത അഭയാർഥികളെ രാമേശ്വരം മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ശ്രീലങ്കൻ അഭയാർഥിപ്രശ്നം എന്നും തമിഴ്നാട്ടിൽ വൈകാരിക വിഷയമാണ്.

ശ്രീലങ്കൻ ഭരണത്തിൽ രാജപക്സ കുടുംബത്തിന്റെ തിരിച്ചുവരവ് തമിഴ് സംഘടനകളിൽ കടുത്ത അസംതൃപ്തിയാണ് പടർത്തിയിരുന്നത്. ആഭ്യന്തരയുദ്ധത്തിൽ തമിഴ്വംശജരെ കൊന്നൊടുക്കിയതിന് നേതൃത്വം നൽകിയ ഭരണാധികാരിയാണ് ഗോടബയ രാജപക്സയെന്നാണ് ഇവരുടെ ആരോപണം. ശ്രീലങ്കൻ ആഭ്യന്തരയുദ്ധവേളയിൽ പ്രതിരോധ വകുപ്പിന്റെ തലവനായ ഗോടബയയുടെ അറിവോടെയാണ് തമിഴ് വംശഹത്യ അരങ്ങേറിയതെന്ന് തമിഴക രാഷ്ട്രീയകക്ഷി നേതാക്കൾ പറയുന്നു. എൽ.ടി.ടി.ഇക്കെതിരായ യുദ്ധത്തിനിടയിൽ ആയിരക്കണക്കിന് നിരപരാധികളായ തമിഴരാണ് കൂട്ടക്കൊലക്കിരയായത്.

യുദ്ധക്കുറ്റവാളികളും ഒട്ടനവധി മനുഷ്യാവകാശലംഘനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത രാജപക്സ കുടുംബം നയിക്കുന്ന 'ശ്രീലങ്ക പൊതുജന പെരുമുന' (എസ്.എൽ.പി.പി) ഭരണത്തിലേറിയത് തമിഴ് സംഘടനകളെ ആശങ്കയിലാഴ്ത്തിയിരുന്നു. നരേന്ദ്ര മോദി സർക്കാർ തുടക്കംമുതലേ മനുഷ്യാവകാശ കൗൺസിലിലും ശ്രീലങ്കൻ തമിഴ് പ്രശ്നങ്ങളിലും സിംഹള സർക്കാറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തമിഴർക്ക് എതിരായി നിലപാട് സ്വീകരിക്കാറുള്ള രാജപക്സ കുടുംബത്തിന്‍റെ ഓരോ നീക്കവും കേന്ദ്ര സർക്കാർ സസൂക്ഷ്മം നിരീക്ഷിക്കണമെന്നാണ് തമിഴ് സംഘടനകളുടെ ആവശ്യം.

80കളുടെ തുടക്കത്തിൽ ആഭ്യന്തരയുദ്ധം തമിഴരുടെ അഭയാർഥിപ്രവാഹത്തിന് കാരണമായി. നിലവിൽ സംസ്ഥാനത്തെ 108 അഭയാർഥി ക്യാമ്പുകളിലായി 18,944 കുടുംബങ്ങളിലെ 58,822 പേരാണ് വസിക്കുന്നത്. തമിഴ്നാട് സർക്കാറിന്റെ നിയന്ത്രണത്തിലാണ് ക്യാമ്പുകൾ. നൂറുകണക്കിന് കുടുംബങ്ങൾ ക്യാമ്പിനു പുറത്തും താമസിക്കുന്നു. ഇവിടങ്ങളിലെ യുവതലമുറക്ക് ശ്രീലങ്കയെന്ന രാജ്യം കേട്ടറിവ് മാത്രമാണ്. ക്യാമ്പുകളിലെ ജീവിതവും നരകതുല്യമാണ്. മാസംതോറും സർക്കാർ സാമ്പത്തികസഹായം നൽകുന്നുണ്ട്. ഓരോ സ്ത്രീ അന്തേവാസിക്കും മാസം 1000 രൂപ സർക്കാർ നൽകും. സർക്കാർ സ്കൂളുകളിൽ കുട്ടികളെ ചേർക്കാം. റേഷൻ ലഭ്യമാക്കുന്നുണ്ട്. അന്തേവാസികളുടെ തൊഴിലവസരങ്ങൾ പരിമിതമാണ്. ഓരോ ക്യാമ്പിലും മൂന്നു തലമുറകളുണ്ട്. ക്യാമ്പുകൾ പൊലീസ് നിരീക്ഷണത്തിലുമാണ്.

ശ്രീലങ്കൻ അഭയാർഥികൾക്ക് ഇരട്ട പൗരത്വം നൽകണമെന്ന് മാറിമാറി വന്ന ദ്രാവിഡ സർക്കാറുകൾ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. ലങ്കൻ അഭയാർഥികളിൽ ഭൂരിഭാഗവും ഹിന്ദുക്കളായിട്ടും കേന്ദ്ര സർക്കാറിന്‍റെ പുതിയ പൗരത്വ ഭേദഗതി ബില്ലിന്‍റെ പരിധിയിൽ നിന്ന് ശ്രീലങ്കൻ അഭയാർഥികളെ മാറ്റിനിർത്തിയത് ബിൽ വർഗീയം മാത്രമല്ല, വംശീയംകൂടിയാണെന്ന് ബോധ്യപ്പെടുത്തിയിരുന്നു.

മൂന്നു ദശാബ്ദങ്ങൾക്കിടെ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ കടുത്ത പീഡനങ്ങൾക്കും വംശീയവെറിക്കും ഇരയായത് സിംഹളർ ഭരിക്കുന്ന ശ്രീലങ്കയിലാണ്. മുസ്ലിംകളും കടുത്ത വിവേചനമാണ് നേരിടുന്നത്. പൗരത്വമില്ലാത്തതിനാൽ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെട്ട് പലരും മാതൃരാജ്യത്തിലേക്കു പോകാൻ തയാറെടുക്കവെയാണ് ശ്രീലങ്കൻ ഭരണാധികാരികളുടെ കെടുകാര്യസ്ഥതയും തെറ്റായ സാമ്പത്തികനയങ്ങളുംമൂലം രാജ്യം വീണ്ടും അരാജകത്വത്തിലേക്കു നീങ്ങിയത്.

Tags:    
News Summary - Tamil Nadu again as a refugee front

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.