ഒക്ടോബർ ഏഴിനുശേഷം, ഫലസ്തീനി വിദഗ്ധരുടെയും അവക്കുവേണ്ടി ശബ്ദമുയർത്തുന്നവരുടെയും ശബ്ദം പുറത്തുകേൾക്കാതാക്കി ഒരുകൂട്ടം മാധ്യമങ്ങൾ. നൗറാ ഇറാകത്തുമായി തത്സമയ ടി.വി അഭിമുഖം നടത്തിയ സി.ബി.എസ് വിഡിയോയിൽനിന്ന് ആ ഭാഗമേ നീക്കിക്കളഞ്ഞു.
യൂസുഫ് മുനയ്യറും ഉമർ ബദ്ദാറും എന്താണ് പറയാനുദ്ദേശിക്കുന്നതെന്നറിയിച്ചതോടെ സി.എൻ.എൻ അവരുടെ ടി.വി പരിപാടി റദ്ദാക്കി. മെഹ്ദി ഹസനെയും അയ്മൻ മുഹ്യിൽദീനെയുംപോലുള്ള, ഫലസ്തീനോട് അനുഭാവം പുലർത്തുന്ന അവതാരകരെ ഒതുക്കിക്കളഞ്ഞു എം.എസ്.എൻ.ബി.സി. അവരുടെ വൈദഗ്ധ്യം ഏറെ ആവശ്യമായ കാലത്ത് അവരുടെ പരിപാടികൾ യാദൃച്ഛികമായി സംപ്രേക്ഷണം ചെയ്യാതെയായി.
2014 ജൂലൈയിൽ ഗസ്സക്കെതിരെ ഇസ്രായേൽ യുദ്ധം നടത്തിയപ്പോഴും മാറ്റിനിർത്തപ്പെട്ടിരുന്നതിനാൽ മുഹ്യിൽദീന് പുതുതായൊന്നും തോന്നിയിട്ടുണ്ടാവില്ല. ഇത്തരം ഒഴിവാക്കലുകളേക്കാൾ ആഴത്തിലാണ് യഥാർഥ പ്രശ്നം.
ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ലോസ് ആഞ്ജലസ് ടൈംസ് എന്നീ മാധ്യമങ്ങൾ ഇസ്രായേലികളുടെ കൊലപാതകങ്ങളെ വിവരിക്കാൻ വികാരനിർഭരമായ ഭാഷ ഉപയോഗിക്കുകയും അവരുടെ മരണങ്ങൾക്ക് അനുപാതങ്ങൾക്കപ്പുറമായ ഊന്നൽ നൽകുകയും ചെയ്തതായി ജനുവരി ഒമ്പതിന് ഇന്റർസെപ്റ്റ് പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ ഏഴിന്റെ പശ്ചാത്തലത്തിൽ ഉയർന്ന മുസ്ലിം വിരുദ്ധ വംശീയതയെ ഏറക്കുറെ അവഗണിച്ച അവർ യു.എസിലെ സെമിറ്റിക് വിരുദ്ധത സംബന്ധിച്ച് വമ്പൻ കവറേജും നൽകി.
ഫലസ്തീനികൾക്ക് നിഷേധിക്കപ്പെടുന്നത് ‘കാര്യങ്ങൾ വിവരിക്കാനുള്ള അനുമതി’യാണെന്ന് ഇതേക്കുറിച്ച് എഡ്വേഡ് സഈദ് 1984ൽത്തന്നെ കൃത്യമായി കുറിച്ചു വെച്ചിട്ടുണ്ട്.
യു.എസിലെ മുഖ്യധാരാ മാധ്യമങ്ങളിൽനിന്ന് ഫലസ്തീനികളെ മായ്ച്ച് ഇല്ലാതാക്കുന്ന ഏർപ്പാടിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. 1914-1930 കാലഘട്ടത്തിലെ ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ബോസ്റ്റൺ ഗ്ലോബ്, വാൾസ്ട്രീറ്റ് ജേർണൽ, അറ്റ്ലാന്റ കോൺസ്റ്റിറ്റ്യൂഷൻ എന്നിവയിലെ നൂറുകണക്കിന് ലേഖനങ്ങൾ പരിശോധിച്ച ശേഷം പൗല ഗാർസിയ നടത്തിയ ഉപസംഹാരം ഇങ്ങനെ: ‘‘അവ ഫലസ്തീനിയൻ അറബികൾക്ക് ഒരുവിധ ശ്രദ്ധയും നൽകാതെ സയണിസ്റ്റ് കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരുന്നത്’’.
1970കളോടെ, യു.എസിലെ മുൻനിര പത്രങ്ങൾ ഫലസ്തീനികളെക്കുറിച്ച് കൂടുതൽ പ്രസിദ്ധീകരിക്കാൻ തുടങ്ങി, പക്ഷേ, അതിൽ ഫലസ്തീനികളാൽ എഴുതപ്പെട്ടവ തീരെ കുറവായിരുന്നു.
1970-2019 കാലത്ത് ന്യൂയോർക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, ദ നേഷൻ, ന്യൂ റിപ്പബ്ലിക് എന്നിവ പ്രസിദ്ധീകരിച്ച ആയിരക്കണക്കിന് ലേഖനങ്ങൾ മഹാ നാസർ പരിശോധന വിധേയമാക്കി. ഫലസ്തീൻ സംബന്ധമായി ന്യൂയോർക് ടൈംസ് പ്രസിദ്ധീകരിച്ച 2,490 ലേഖനങ്ങളിൽ രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ് ഫലസ്തീനികൾ എഴുതിയവ.
വാഷിങ്ടൺ പോസ്റ്റിൽ ഇത് ഒരുശതമാനം ആയിരുന്നുവെങ്കിൽ ന്യൂ റിപ്പബ്ലിക് ഒരു ഫലസ്തീനി എഴുതിയ ഒരു ലേഖനം പോലും ഈ വിഷയത്തിൽ പ്രസിദ്ധീകരിച്ചിട്ടില്ല. അതായത്, ഫലസ്തീൻ വിഷയങ്ങളെക്കുറിച്ച് ഒരു യഥാർഥ ഫലസ്തീനിയോട് ആലോചിക്കാൻ ഇവർക്കാർക്കും തോന്നിയിട്ടില്ലേ?
ഫലസ്തീൻ ശബ്ദങ്ങളെ പുറത്തുകേൾപ്പിക്കാതാക്കുന്ന പ്രവണത പരമ്പരാഗത അച്ചടി, കേബിൾ മാധ്യമങ്ങളെയും കടന്ന് ഇന്നത്തെ സുപ്രധാന മാധ്യമ സ്ഥാപനമായ മെറ്റയിലേക്കും കുതിച്ചിരിക്കുന്നു.
മനുഷ്യാവകാശ ലംഘനങ്ങൾ വിവരിക്കുന്ന പോസ്റ്റുകൾ ഉൾപ്പെടെ, ഫലസ്തീനികളുടെ 1,050ലധികം പോസ്റ്റുകൾ മൂടിവെക്കപ്പെട്ടതായി മെറ്റയുടെ വാഗ്ദാന ലംഘനങ്ങൾ: ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും ഫലസ്തീനി ഉള്ളടക്കങ്ങളുടെ സെൻസർഷിപ് എന്ന തലക്കെട്ടിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് തയാറാക്കിയ 51 പേജ് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫലസ്തീന്റെ മനുഷ്യാവകാശങ്ങളെ പിന്തുണക്കുന്ന സമാധാനപരമായ പ്രകടനങ്ങൾപോലും ഇതിൽ ഉൾപ്പെടുന്നു.
മെറ്റയുടെ ഈ പ്രശ്നങ്ങൾ വർഷങ്ങളായി തുടർന്നുവരുന്നതാണ്. 2021ൽ മെറ്റ കമ്പനിക്കുവേണ്ടി തയാറാക്കിയ ഒരു റിപ്പോർട്ടിൽ, ജറൂസലമിലെ ശൈഖ് ജർറാഹ് പ്രദേശത്ത് ഫലസ്തീനികൾക്കുനേരെ പൊലീസും കുടിയേറ്റക്കാരും നടത്തുന്ന ആക്രമണങ്ങളുടെയും ഗസ്സ ചീന്തിൽ ഉപരോധിതരായ ജനതക്കുനേരെ ഇസ്രായേലി യുദ്ധവിമാനങ്ങൾ ബോംബെറിയുന്നതിന്റെയും വിവരങ്ങൾ പങ്കുവെക്കുന്നത് കമ്പനിയുടെ തെറ്റായ ഉള്ളടക്ക നിയന്ത്രണ നയങ്ങൾ കാരണം തടയപ്പെട്ടുവെന്ന് കണ്ടെത്തി.
ഫലസ്തീനി ശബ്ദങ്ങളുടെ അതുമല്ലെങ്കിൽ അവരോട് അനുകമ്പ പുലർത്തുന്ന ശബ്ദങ്ങൾ പോലും, ബിസിനസ്, ടെക്, വെഞ്ച്വർ ക്യാപിറ്റൽ മാധ്യമങ്ങളിൽ തികച്ചും അന്യമാണ്. ഒരു ജനപ്രിയ ബിസിനസ് പോഡ്കാസ്റ്ററായ സ്കോട്ട് ഗാലോവേ, സാങ്കേതിക വിദ്യയെയും ബിസിനസിനെയും കുറിച്ചുള്ള തന്റെ ഷോകളെ ഒക്ടോബർ ഏഴിനുശേഷം ഇസ്രായേൽ സൈനിക പ്രചാരണത്തിന്റെ ഏറ്റുപാടലാക്കി മാറ്റി.
മറ്റൊരു ജനപ്രിയ ടെക്, ബിസിനസ് ഷോയായ ഓൾ-ഇൻ പോഡ്കാസ്റ്റ്, ഗസ്സ യുദ്ധത്തെക്കുറിച്ച് വിശദീകരിക്കാൻ ജാറെഡ് കുഷ്നറെ കൊണ്ടുവന്നു. ഇതേ കുഷ്നർ തന്നെയാണ് സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് പരിഹാരമായി ഫലസ്തീൻ എന്നെന്നേക്കുമായി അധിനിവേശം അംഗീകരിക്കണമെന്ന് ആഹ്വാനം ചെയ്തത്.
ഗസ്സയിൽ ഫലസ്തീനികളെ കൂട്ടക്കൊല ചെയ്ത ഇസ്രായേലിനെ പ്രോത്സാഹിപ്പിച്ച ടെക്കികളെ വിമർശിച്ച് ഫലസ്തീൻ അനുകൂല ബ്ലോഗ് പോസ്റ്റ് പ്രസിദ്ധീകരിച്ചതിന്റെ പേരിൽ പോൾ ബിഗർ എന്ന നൂതനാശയ വിദഗ്ധനെ സോഫ്റ്റ് വെയർ സംരംഭമായ സർക്കിൾസിഐ( CircleCI) ബോർഡിൽ നിന്ന് നീക്കം ചെയ്തു.
ഉന്നതവിദ്യാഭ്യാസ രംഗത്ത്, ഫലസ്തീൻ ശബ്ദങ്ങളുടെ അഭാവമോ സഹതാപത്തിന്റെ അഭാവമോ അല്ല പ്രശ്നം. മറ്റേതൊരു വിഭാഗത്തേക്കാളും അക്കാദമിക് വിദഗ്ധർ ഫലസ്തീനികളോട് അനുഭാവമുള്ളവരാണെന്നതിൽ സംശയമില്ല. എന്നാൽ, അക്കാദമിക രംഗത്തുപോലും ഒരു സ്വയം സെൻസർഷിപ് കാണാം. 69 ശതമാനം യു.എസ് കേന്ദ്രീകൃത പണ്ഡിതന്മാരും അക്കാദമിക്, പ്രഫഷനൽ വൃത്തങ്ങളിൽ മിഡിൽ ഈസ്റ്റിനെക്കുറിച്ച് സംസാരിക്കുമ്പോൾ സ്വയം സെൻസർ ചെയ്യുന്നു.
ഇസ്രായേൽ-ഫലസ്തീൻ വിഷയങ്ങളിൽ പ്രത്യേകിച്ച്, ഇസ്രായേലിനെ വിമർശിക്കുമ്പോൾ സ്വയം സെൻസർ ചെയ്യുന്നവരുടെ തോത് 81 ശതമാനമായി ഉയർന്നു. ജോലിപോലും നഷ്ടപ്പെട്ടേക്കുമെന്നും ഈ വിഷയം സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് ലഭിച്ച നിരവധി സഹപ്രവർത്തകർ ഇക്കാര്യം എന്നോടുതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
യു.എസ് കോൺഗ്രസിലുണ്ടായിരുന്ന ഒരേയൊരു ഫലസ്തീനി റാഷിദ തലൈബിനെ നിശ്ശബ്ദയാക്കിയതെങ്ങനെയെന്ന് നമ്മളെല്ലാം കണ്ടതാണല്ലോ. അമേരിക്കൻ ചരിത്രത്തിൽ 26 പ്രതിനിധികളെ മാത്രമാണ് സെൻഷ്വർ ചെയ്തിട്ടുള്ളത്. അതെല്ലാം കൈക്കൂലി, ലൈംഗികമായി അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങളുടെ പേരിലായിരുന്നു. കഷ്ടം, ഇനിമേൽ വംശഹത്യക്കെതിരായി സംസാരിക്കുന്നതും കൊടുംപാതകങ്ങളുടെ പട്ടികയിൽ എണ്ണേണ്ടിവരും നമുക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.