കേരളവും ഷാർജയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന ചരിത്രമുഹൂർത്തത്തിനാണ് നാം കഴിഞ്ഞ ദിവസങ്ങളിൽ സാക്ഷ്യംവഹിച്ചത്. ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ കേരള സന്ദർശനവും അതിെൻറ ഭാഗമായി നടന്ന ചർച്ചകളും തികച്ചും ഫലപ്രദമായിരുന്നു. ചരിത്രത്തിലാദ്യമായാണ് ഒരു ഗൾഫ് ഭരണാധികാരി സംസ്ഥാന സർക്കാറിെൻറ അതിഥിയായി കേരളത്തിലെത്തുന്നത്.
കേരളവുമായി യു.എ.ഇക്ക് നൂറ്റാണ്ടുകളായുള്ള ബന്ധമാണുള്ളത്. ഇന്ത്യയുമായുള്ള അറബ് നാടുകളുടെ വാണിജ്യബന്ധം തുടങ്ങുന്നതുതന്നെ കേരളത്തിൽനിന്നാണ്. അതിനാലാണ് ഷാർജ കേരളീയരുടെ രണ്ടാമത്തെ വീടാണ് എന്നു പറയപ്പെടുന്നത്. കഴിഞ്ഞവർഷം എെൻറ നേതൃത്വത്തിൽ കേരള പ്രതിനിധികൾ ഷാർജ സന്ദർശിച്ചപ്പോൾ ഏറെ ഹൃദയവായ്പോടെയാണ് സുൽത്താൻ ഞങ്ങളെ സ്വീകരിച്ചത്. കേരളത്തോടുള്ള മമതയാണ് ആ സ്വീകരണത്തിലുടനീളം നിഴലിച്ചത്. അന്ന് ശൈഖ് സുൽത്താനുമായി നടത്തിയ കൂടിക്കാഴ്ചയിൽ സാംസ്കാരിക–വിദ്യാഭ്യാസ പ്രശ്നങ്ങളായിരുന്നു ചർച്ച ചെയ്തിരുന്നത്. ഷാർജക്കും കേരളത്തിനും ഒന്നിച്ചുനീങ്ങാൻ കഴിയുന്ന അനേകം മേഖലകളുണ്ട്. അത്തരം സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്നതായിരുന്നു ശൈഖ് സുൽത്താെൻറ കേരള സന്ദർശനം.
ചെറിയ കേസുകളിൽപെട്ട് ഷാർജയിലെ ജയിലുകളിൽ മൂന്നുവർഷത്തിലേറെയായി ശിക്ഷ അനുഭവിക്കുന്ന ഇന്ത്യക്കാരെ മോചിപ്പിക്കണമെന്ന അഭ്യർഥനപ്രകാരം ഷാർജ ഭരണാധികാരി നടത്തിയ പ്രഖ്യാപനം ചരിത്രപരമാണ്. ഇതിെൻറ അടിസ്ഥാനത്തിൽ 149 ഇന്ത്യക്കാരാണ് ജയിൽ മോചിതരായത്. ജയിലിലുള്ളവരെ നാട്ടിലേക്ക് തിരിച്ചയക്കണമെന്നായിരുന്നു സർക്കാർ അഭ്യർഥന. എന്നാൽ, ‘‘എന്തിനവർ നാട്ടിൽപോകണം, അവർ ഇവിടെത്തന്നെ നിൽക്കട്ടെ, അവർക്ക് ഷാർജ നല്ല ജോലി നൽകും’’ എന്ന് പറഞ്ഞശേഷമാണ് ശൈഖ് സുൽത്താൻ ഈ പ്രഖ്യാപനം നടത്തിയത്. കാലിക്കറ്റ് സർവകലാശാല നൽകിയ ഡി.ലിറ്റ് ബിരുദം ഏറ്റുവാങ്ങുന്ന ചടങ്ങിലാണ് ചരിത്രപരമായ പ്രഖ്യാപനം നടന്നത്. ഷാർജ സുൽത്താെൻറ പ്രഖ്യാപനം പ്രവാസികൾക്ക് മുഴുവൻ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിെൻറ ആവശ്യം മുൻനിർത്തി മനുഷ്യത്വപരമായ പരിഗണന നൽകി സുൽത്താൻ 149 ഇന്ത്യക്കാരെ മോചിപ്പിച്ചതിന് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ഈ നിലയിൽ ഇന്ത്യ ഗവൺമെൻറ് ശ്രമിച്ചാൽ യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെയും മറ്റ് ഗൾഫ് നാടുകളിലെയും ജയിലിൽ പെട്ടുപോയ അനേകം ഇന്ത്യക്കാരെ രക്ഷിച്ചെടുക്കാൻ കഴിയും. ഇതു സംബന്ധിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചിട്ടുണ്ട്. ഈ പ്രശ്നത്തിൽ കേന്ദ്രം എല്ലാ നയതന്ത്ര കഴിവുകളും സാധ്യതകളും ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഷാർജയുടെ സഹകരണം ആവശ്യപ്പെട്ട് എട്ട് പദ്ധതി നിർദേശങ്ങളാണ് കേരളം സമർപ്പിച്ചത്. ഷാർജയിൽ കേരളത്തിെൻറ സമ്പന്നമായ സംസ്കാരവും ആയുർവേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്കാരികകേന്ദ്രം, ഷാർജയിലെ മലയാളികൾക്ക് താങ്ങാവുന്ന വിലയിൽ ഭവനസമുച്ചയങ്ങൾ, എൻജിനീയറിങ് കോളജ്, മെഡിക്കൽ കോളജ്, പബ്ലിക് സ്കൂൾ എന്നിവ അടങ്ങുന്ന ആഗോള നിലവാരമുള്ള വിദ്യാഭ്യാസകേന്ദ്രം എന്നീ മൂന്നു പദ്ധതികൾ ഷാർജ ഭരണാധികാരിയുടെ സജീവമായ പരിഗണനയിലാണുള്ളത്. ഇവ മൂന്നും 2016 ഡിസംബറിൽ ഷാർജ സന്ദർശിച്ചപ്പോൾ മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഉൾപ്പെടുന്നവയാണ്.
മന്ത്രിമാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് മറ്റ് അഞ്ച് പദ്ധതി നിർദേശങ്ങൾകൂടി സമർപ്പിച്ചത്. ഐ.ടി മേഖലയിലെ സഹകരണം, ആയുർവേദം, മെഡിക്കൽ ടൂറിസം എന്നീ മേഖലകളിലെ നിക്ഷേപസാധ്യതകൾ, കണ്ണൂർ വിമാനത്താവളത്തിനു സമീപം അന്താരാഷ്ട്ര നിലവാരത്തിലുളള ആരോഗ്യപരിപാലന കേന്ദ്രം, പശ്ചാത്തല വികസന മേഖലയിൽ മുതൽമുടക്കിനുളള സാധ്യതകൾ, നവകേരളം കർമപദ്ധതിയിലെ ഹരിതകേരളം, ലൈഫ് മിഷനുകളുമായുള്ള സഹകരണം എന്നിവയാണ് അവ.
കേരളത്തിൽ അറബി പഠനത്തിനും ഗവേഷണത്തിനുമുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കുന്നതിന് നടപടിയെടുക്കുമെന്ന് ചർച്ചയിൽ ശൈഖ് സുൽത്താൻ പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴിൽപരമായ കഴിവും വൈദഗ്ധ്യവും വർധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്സിങ് മേഖലയിൽ, നൈപുണ്യ വികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയം ശൈഖ് സുൽത്താൻ മുന്നോട്ടുവെച്ചു. ഷാർജയിൽ ജോലിക്കു പോകുന്നവർക്ക് കേരളത്തിൽതന്നെ അന്താരാഷ്ട്ര ൈഡ്രവിങ് ലൈസൻസ് ലഭ്യമാക്കണമെന്ന നിർദേശം ഷാർജ ഭരണാധികാരി തത്ത്വത്തിൽ അംഗീകരിച്ചു. യു.എ.ഇ നിയമങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും അടിസ്ഥാനത്തിൽ ഇതിനാവശ്യമായ ടെസ്റ്റ് ഷാർജ അധികാരികൾ കേരളത്തിൽ നടത്തും.
കേരളവും ഷാർജയും അംഗീകരിച്ച പദ്ധതി നിർദേശങ്ങൾ നടപ്പാക്കുന്നതിനായി സമയബന്ധിതമായ കർമപദ്ധതി തയാറാക്കുന്നതിന് ഇരുഭാഗത്തിനും പ്രാതിനിധ്യമുള്ള ഉന്നതാധികാര ഉദ്യോഗസ്ഥ സമിതി രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
തെൻറ കൊട്ടാരത്തിൽ ജോലി ചെയ്യുന്നവർക്കുള്ള ക്ഷേമകാര്യങ്ങൾ ഷാർജയിൽ ജോലിചെയ്യുന്ന മുഴുവൻ പേർക്കും ലഭ്യമാക്കാനുള്ള ആഗ്രഹവും മന്ത്രിമാരുമായുള്ള ചർച്ചയിൽ ശൈഖ് സുൽത്താൻ പങ്കുവെച്ചു. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ തീരുമാനം ഷാർജയിൽ ജോലി ചെയ്യുന്ന വലിയവിഭാഗം കേരളീയർക്ക് പ്രയോജനം ചെയ്യും. ശൈഖ് സുൽത്താെൻറ ചരിത്രപ്രധാനമായ കേരള സന്ദർശനത്തിനുള്ള ആദരസൂചകമായി തിരുവനന്തപുരത്തെ യു.എ.ഇ കോൺസുലേറ്റിന് സ്വന്തം കെട്ടിടം പണിയാൻ 70 സെൻറ് സ്ഥലം 90 വർഷത്തേക്ക് പാട്ടത്തിനു നൽകാൻ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. ഷാർജയുമായി കൂടുതൽ അടുത്തബന്ധം സ്ഥാപിക്കാൻ ശൈഖ് സുൽത്താെൻറ സന്ദർശനം ഉപകരിച്ചിട്ടുണ്ട്. കേരളത്തോടും മലയാളി ജനതയോടും അദ്ദേഹം കാണിച്ച സൗഹൃദത്തിനും സൗമനസ്യത്തിനും നന്ദി പറയാൻ വാക്കുകളില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.