കോട്ടയം: സ്വർണത്തിലെ പ്ലേറ്റിൽ കൊത്തിയ ഡോ. വന്ദന ദാസ് എം.ബി.ബി.എസ് എന്ന നെയിം ബോർഡാണ് നമ്പിച്ചിറകാലായിൽ വീട്ടിൽ എത്തുന്നവരെ സ്വാഗതം ചെയ്യുന്നത്. ഉമ്മറഗേറ്റിൽനിന്ന് വീട്ടകത്തേക്ക് പരന്നൊഴുകിയ സ്നേഹമായിരുന്നു ഇവർക്ക് വന്ദന. ആ ചിരിപ്പൂ കൊഴിഞ്ഞതിന്റെ നൊമ്പരനീറ്റലിലാണ് കുറുപ്പന്തറ മുട്ടുചിറ പട്ടാളമുക്ക് നമ്പിച്ചിറ കാലായിൽ വീട്. പുലർച്ച മകൾക്ക് കുത്തേറ്റ വിവരം അറിഞ്ഞയുടൻ മാതാപിതാക്കളായ കെ.ജി. മോഹൻദാസും വസന്തകുമാരിയും കൊട്ടാരക്കരക്ക് പുറപ്പെട്ടു.
വീടുപൂട്ടിയാണ് ഇവർ പോയതെന്നതിനാൽ ദുരന്തമറിഞ്ഞ് എത്തിയവർ വരാന്തയിലാണ് ഒത്തുചേർന്നത്. ബന്ധുക്കളും നാട്ടുകാരും വിങ്ങിപ്പൊട്ടുന്ന കാഴ്ചയായിരുന്നു വീട്ടുമുറ്റത്ത്. ചിലർ രോഷാകുലരായി; ‘‘മഹാപാപി, എന്ത് ആഗ്രഹമായിരുന്നു അവൾക്ക് ഡോക്ടറാകാൻ, എങ്ങനെ തോന്നിയെടാ...’’ ബന്ധുവിന്റെ വിലാപം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
കുറവിലങ്ങാട് ഡീപോൾ സ്കൂളിലെ പ്ലസ് ടു പഠനം കഴിഞ്ഞ് പാലായിലെ സ്ഥാപനത്തിൽ എൻട്രൻസ് പരിശീലനത്തിനു ശേഷമാണ് വന്ദന കൊല്ലം അസീസിയ മെഡിക്കൽ കോളജിൽ എം.ബി.ബി.എസിന് ചേർന്നത്. വീട്ടുകാർ സ്നേഹപൂർവം കുട്ടാപ്പി എന്നു വിളിച്ചിരുന്ന വന്ദന ഒരു വർഷം മുമ്പാണ് ഹൗസ് സർജൻസിക്ക് കൊട്ടാരക്കരയിൽ എത്തിയത്. ആശുപത്രിക്ക് സമീപത്തെ വീട്ടിൽ പേയിങ് ഗെസ്റ്റായി ആദ്യം താമസിച്ചു.
അടുത്തിടെ ആശുപത്രി ഹോസ്റ്റലിലേക്ക് മാറി. ഇടക്കിടെ മാതാപിതാക്കൾ ആശുപത്രിയിലെത്തി വന്ദനയെ കാണുമായിരുന്നു. ഏറ്റവുമൊടുവിൽ ഫെബ്രുവരി അവസാനമാണ് നാട്ടിലെത്തിയത്. വീടിനു സമീപത്തെ ഉത്സവത്തിൽ പങ്കെടുത്ത് മൂന്നു ദിവസത്തിനുശേഷം മടക്കം. ഏകമകളായതിനാൽ വന്ദനയെക്കുറിച്ച വിശേഷങ്ങളായിരുന്നു കുടുംബസദസ്സുകളിൽ ഏറെയും മോഹൻദാസ് പങ്കുവെച്ചിരുന്നതെന്ന് ബന്ധുക്കൾ പറയുന്നു.
വീടിന്റെ കുട്ടാപ്പി അയൽവാസികളുടെയും ഓമനയായിരുന്നു. അവധിക്ക് എത്തുമ്പോൾ വീട്ടിൽ കളിചിരി ബഹളം ഉയരും. രണ്ടു മാസത്തിന്റെ ഇടവേളക്ക് ശേഷം വന്ദന വീട്ടിലേക്കെത്തുമ്പോൾ നാടും വീടും നിശ്ശബ്ദം. വിവാഹാലോചനകൾക്ക് തുടക്കമിട്ടിരുന്നു. എം.ഡിക്ക് ചേരാനുള്ള തയാറെടുപ്പിനിടെയാണ് മരണം കൊടുംകൊലപാതകി സന്ദീപിന്റെ രൂപത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.