ഭരണഘടനാ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ് ഇന്ത്യയെന്നത് വസ്തുതാപരമായി ശരിയായിരിക്കുമ്പോഴും ഇവിടത്തെ ജനങ്ങളുടെ മനോഗതിയെയും സാമൂഹിക രാഷ്ട്രീയ ജീവിതത്തെയും നിർണയിക്കുന്ന ആഴത്തിലുള്ള ആശയ സംസ്കാര വ്യവസ്ഥയായി ജാതിചിന്ത തുടരുകയാണ്. ആൾക്കൂട്ട ആക്രമണങ്ങളുടെ വേരുകിടക്കുന്നത് ഇന്ത്യയിലെ പ്രബലമായ ജാതിയുടെ ആശയവ്യവസ്ഥയിലാണ്.
ഭരണഘടനാ ജനാധിപത്യ വ്യവസ്ഥക്കുള്ളിൽ നീതിയും നിയമവും നടപ്പാക്കാൻ സാധിക്കാത്തവിധം ജാതിബ്രാഹ്മണ്യം മനുഷ്യജീവിതങ്ങളെ പിടിച്ചുമുറുക്കുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. ജാതിവ്യവസ്ഥ നിലനിന്നുപോരുന്നതുതന്നെ അത് പാലിക്കാൻ ഒരാൾക്കൂട്ടത്തെ അത് സജ്ജമാക്കുന്നു എന്നതിനാലാണ്.
പരസ്പരം ജാതിയുടെ മേൽക്കീഴ് ക്രമങ്ങൾ പാലിക്കാൻ അത് നിർബന്ധിതമാക്കുന്നു. കേരളത്തിലെ ആൾക്കൂട്ട ആക്രമണങ്ങളുടെ നീണ്ട ചരിത്രം ഈ മനഃസ്ഥിതിയുടെ സങ്കീർണമായ പ്രശ്നസ്ഥലികളെ അനാവരണം ചെയ്യുന്നുണ്ട്.
ഇന്ത്യൻ ജാതിവ്യവസ്ഥയുടെ ആന്തരിക പ്രതിഫലനമാണ് ആൾക്കൂട്ട കൊലപാതകമായി കലാശിക്കുന്നത്. ഇതനുസരിച്ച് ‘നീതി’ നടപ്പാക്കപ്പെടുന്നത് ജാതിയുടെ വരേണ്യ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ്. വൈക്കത്ത് ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യത്തിനായി അവർണ ജനത നടത്തിയ പോരാട്ടത്തെ സവർണ ആൾക്കൂട്ടങ്ങൾ ക്രൂരമായ ഹിംസകൾ കൊണ്ടാണ് നേരിട്ടാണ്.
നെന്മാറയിലെ ക്ഷേത്രത്തിലെ നിവേദ്യത്തിനായി കാത്തുനിന്ന ഒരു ഈഴവനെ ബ്രാഹ്മണർ കൂട്ടം ചേർന്ന് പ്രഹരിച്ചതായി മലയാള മനോരമയും മിതവാദിയും (1920) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുലയർ കല്ലയും മാലയും ഉപേക്ഷിച്ചത് ജാതിക്കെതിരായ വെല്ലുവിളിയായി തിരിച്ചറിഞ്ഞ മലയാള ശൂദ്രർ അവർക്കെതിരായി അതിക്രൂര ആൾക്കൂട്ടാ ക്രമണങ്ങളാണ് അഴിച്ചുവിട്ടത്.
കല്പാത്തി ക്ഷേത്രവീഥിയിലൂടെ നടന്നതിന് ശ്രീമാൻ രാഘവൻ ഉൾപ്പെടെയുള്ള പ്രബുദ്ധ ഈഴവരെ കല്പാത്തിയിലെ പട്ടന്മാർ കൂട്ടംചേർന്ന് തല്ലിയതിനെപ്പറ്റി പി. ഭാസ്കരനുണ്ണി രേഖപ്പെടുത്തുന്നുണ്ട്. വൈക്കത്തെ ദളവാക്കുളം കൂട്ടക്കൊലയും ഭീകരമായ സവർണ ഹിംസയുടെ പ്രത്യക്ഷ ദൃഷ്ടാന്തമാണ്.
ഇങ്ങനെ നോക്കിയാൽ കേരളത്തിൽ പത്തൊമ്പത്, ഇരുപത് നൂറ്റാണ്ടുകളിലായി അരങ്ങേറിയ ആൾക്കൂട്ട ആക്രമണങ്ങളെല്ലാം തന്നെ ജാതിവ്യവസ്ഥയുടെ നേരിട്ടുള്ള പരിണിത ഫലമാണെന്നു കാണാൻ കഴിയും.
അപരത്തോടുള്ള വെറുപ്പും സംശയവും, മ്ലേച്ഛമാക്കി ചിത്രീകരിക്കാനുള്ള സ്വാഭാവിക വഴക്കവും ജാതിവ്യവസ്ഥയുടെ ലോകവീക്ഷണത്തിൽനിന്ന് ഉടലെടുക്കുന്നതാണ്. ആദിവാസികൾ, ദലിതർ, അന്തർസംസ്ഥാന തൊഴിലാളികൾ എന്നിവരോടുള്ള വെറുപ്പ് ചരിത്രത്തിൽ നൂറ്റാണ്ടുകളായി തുടരുന്നത് മറ്റ് പല രൂപങ്ങളിൽ വർത്തമാനത്തെയും ആവേശിക്കുന്നതിന്റെ ദൃഷ്ടാന്തമാണ് ബിഹാറിൽ നിന്നുള്ള രാജേഷ് മാഞ്ചി എന്ന തൊഴിലാളി ദാരുണമായ ആൾക്കൂട്ട ഹിംസക്ക് വിധേയമായത്.
കള്ളനെന്നാരോപിച്ചാണ് രാജേഷ് മാഞ്ചിക്കെതിരായി ആക്രമണങ്ങൾ അഴിച്ചുവിട്ടത്. ആദിവാസിയായ മധുവിനെ ആക്രമണത്തിന് വിധേയമാക്കിയ അതേ മലയാളി മനസ്സാണ് ഒരു അന്തർസംസ്ഥാന തൊഴിലാളിയുടെ ഉയിരപഹരിച്ചിരിക്കുന്നത്.
കേരളത്തിന്റെ ചരിത്ര ഭൂതകാലത്തിൽ നിലനിന്നിരുന്ന ജാതി മേൽക്കോയ്മാ സംസ്ഥാപനത്തിന് വേണ്ടിയുള്ള ആൾക്കൂട്ട ഹിംസയാണ് ഇന്നും മടികൂടാതെ മലയാളി തുടരുന്നത്. മനുഷ്യരെ സംശയത്തോടെ മാത്രം വീക്ഷിക്കുന്നതിനും, അവർ കള്ളന്മാരാകാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നുള്ള മുൻവിധിയോടെ സമീപിക്കാൻ മലയാളിയെ പ്രേരിപ്പിക്കുന്നതും ജാതിയുടെ വരേണ്യബോധ്യം നിമിത്തമാണ്.
ഇതേ ബോധ്യമാണ് ദലിതരും ആദിവാസികളും എത്രയധികം യോഗ്യതയുണ്ടെന്നുവരികിലും യോഗ്യതയില്ലാത്തവരായും, സവർണത സ്വാഭാവികമായ യോഗ്യതയായും ചിത്രീകരിക്കുന്നതിന് കാരണവും ജാതിയുടെ മേൽക്കീഴ് വ്യവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇനിയൊരു ആൾക്കൂട്ട കൊല നടക്കാതിരിക്കണമെങ്കിൽ ജാതി വരേണ്യതയിലൂന്നിയ ബോധ്യങ്ങളിൽനിന്ന് വിടുതൽനേടി മലയാളി ജനാധിപത്യവത്കരിക്കപ്പെടണം.
മറ്റൊരു പ്രധാനപ്പെട്ട പ്രശ്നം, എന്തുകൊണ്ടാണ് ആൾക്കൂട്ടങ്ങൾ നിയമം കൈയിലെടുക്കുന്നത് എന്നതാണ്. ചാതുർവർണ്യ ജാതിവ്യവസ്ഥ ആൾക്കൂട്ട കൊലകളെ പിന്താങ്ങുന്നു എന്നതുതന്നെ. ശൂദ്രനോടൊപ്പം ശയിക്കുന്ന ബ്രാഹ്മണസ്ത്രീയെ പരസ്യ ശിക്ഷക്ക് വിധേയമാക്കാൻ കൽപിക്കുന്ന ധർമശാസ്ത്രങ്ങൾ ആൾക്കൂട്ട ഹിംസയെയാണ് ധർമമായി വ്യവഹരിക്കുന്നത്.
പൊതുവഴികളിലൂടെ നടക്കാൻ പോരാട്ടം നടത്തിയ ബഹുജനങ്ങളെ ഹീനമായി അതിക്രമിച്ച സവർണ ശക്തികളെ പ്രത്യയ ശാസ്ത്രപരമായി നയിച്ചത് മനുസ്മൃതി ഉൾപ്പെടെയുള്ള ധർമശാസനങ്ങളാണ്.
അവർണരോട് ക്രൂരമായി പെരുമാറാൻ സ്മൃതികൾ തങ്ങളെ അനുശാസിക്കുന്നു എന്ന് ഗാന്ധിയോട് പ്രതിവചിച്ച നമ്പ്യാതിരിയുടെ മനോഭാവത്തിൽനിന്ന് മലയാളി മനസ്സുകൾക്ക് മോചനം ലഭിച്ചിട്ടില്ല എന്നതിന്റെ വേദനനിറഞ്ഞ സാക്ഷ്യം കൂടിയാണ് രാജേഷ് മാഞ്ചിയുടെ അപഹരിക്കപ്പെട്ട ജീവൻ.
സ്വാതന്ത്ര്യം ലഭിച്ച് ഏഴു പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സ്വാതന്ത്ര്യം ലഭിക്കാത്ത ജനതതിയുടെ വിമോചന ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതിനുള്ള തത്ത്വവാക്യമായ ‘‘സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം’’ എന്ന ലക്ഷ്യത്തിലേക്കെത്താൻ മലയാളി ജനാധിപത്യവത്കരിക്കപ്പെട്ടേ മതിയാവൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.