ഒന്നോ രണ്ടോ അല്ല, ഒരുപാടൊരുപാട് വെല്ലുവിളികളിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. തികച്ചും തീർത്തും അപ്രതീക്ഷിതമായ, മുൻ അനുഭവമില്ലാത്തവയാണ് ഇവയിൽ ഭൂരിഭാഗവും. ആരോഗ്യമേഖലയിലെ ആഗോള അടിയന്തരാവസ്ഥ മാനവരാശിക്ക് മുഴുവൻ അപകടാവസ്ഥയാണ്. പക്ഷേ, നമ്മൾ തോറ്റു പിന്തിരിഞ്ഞോടുകയല്ല ചെയ്യുന്നത്. കോവിഡ് തരംഗങ്ങൾ എത്രമാത്രം ശക്തമായാണോ വീശിയടിക്കുകയും നാശം വിതക്കുകയും ചെയ്യുന്നത് അതിേനക്കാൾ ശക്തമായ രീതിയിലാണ് അവയെ മറികടക്കണം എന്ന ആഗ്രഹം നമ്മൾ ഓരോരുത്തരുടെയും മനസ്സിലുള്ളത്.
ശാസ്ത്രസമൂഹം അവിശ്രാന്ത പരിശ്രമം നടത്തി വാക്സിനുകളും പ്രതിരോധ മാർഗങ്ങളും കണ്ടെത്തുന്നു, സർക്കാറുകൾ അവ ജനങ്ങളിലേക്ക് എത്തിക്കുന്നു. ജനങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുന്നു. നാമിപ്പോൾ കാണുന്ന വിധത്തിലെങ്കിലും കോവിഡിെൻറ കെടുതികളെ തടുത്തുനിർത്താൻ കഴിഞ്ഞത് കൂട്ടായ പ്രയത്നങ്ങളിലൂടെ മാത്രമാണ്. എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പുവരുത്താൻ കഴിയാത്തിടത്തോളം നമ്മളാരും സുരക്ഷിതരല്ല എന്ന ചിന്ത കോവിഡ് പ്രതിരോധത്തിൽ മാത്രം പോരാ ഓരോ സാമൂഹിക സാഹചര്യങ്ങളെ നേരിടുന്നതിലും എല്ലാവർക്കും നീതി ഉറപ്പുവരുത്തുന്നതിലും നമ്മെ നയിക്കേണ്ടതുണ്ട്.
കേരളം നാലഞ്ചു വർഷമായി നേരിടുന്ന പ്രകൃതിക്ഷോഭങ്ങളാണ് മറ്റൊരു പ്രധാന പ്രശ്നം. തികച്ചും അപ്രതീക്ഷിതമായാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. നമ്മുടെ മലയോരമേഖലകളിലും തീരപ്രദേശത്തും ദുരന്തസാധ്യത ഇപ്പോഴുമുണ്ട്. താപനിലയിൽ വലിയ വ്യതിയാനങ്ങൾ വന്നുകൊണ്ടിരിക്കുന്നത് പഠനങ്ങളിലൂടെ മാത്രമല്ല, അനുഭവങ്ങളിലൂടെയും നമ്മൾ അറിയുന്നു. ദുരന്തത്തിെൻറ വ്യാപ്തി എത്ര വലുതാണെങ്കിലും അവയെ പ്രതിരോധിക്കാൻ നമ്മൾ ചെലുത്തുന്ന ജാഗ്രതയും കൂട്ടായ്മയും അതിജീവനത്തിന് സുപ്രധാനമാണ്. സർക്കാർ മാത്രം ചെയ്യേണ്ടതല്ല അതൊന്നും. രക്ഷാ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനും പുതിയൊരു കേരളം പടുത്തുയർത്തുന്നതിനും പൊതുസമൂഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്, ഇനിയുമതുണ്ടാവണം.
കേരളത്തിെൻറ ആത്മഹത്യാനിരക്കിൽ കാണുന്ന വലിയ വർധന നാമേവരേയും ആശങ്കപ്പെടുത്തുന്നുണ്ട്. മാനസിക ആരോഗ്യം കുറഞ്ഞ ഇടമായും നമ്മുടെ നാട് മാറുന്നുണ്ട്. ശരീരത്തിന് ഉണ്ടാവുന്ന രോഗം പോലെ തന്നെയാണ് മനസ്സിനുണ്ടാവുന്ന അസുഖവും. കൈയിൽ മുറിവ് പറ്റിയാൽ ചികിത്സിക്കുന്നതുപോലെ മനസ്സിനേൽക്കുന്ന മുറിവും ചികിത്സിക്കണം, അത് ഭേദമാവും. മാനസികാരോഗ്യം സംബന്ധിച്ച് ചില അബദ്ധധാരണകളും അനാവശ്യ അപമാന ചിന്തകളും നമ്മൾ പേറുന്നുണ്ട്. അത് ഒഴിവാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പുതിയ വർഷത്തിലെങ്കിലും അതിനു നമുക്ക് സാധിക്കണം.
സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളിൽ ദൃശ്യമായിക്കൊണ്ടിരിക്കുന്ന വ്യത്യാസമാണ് ശ്രദ്ധവേണ്ട മറ്റൊരു മേഖല. തീർച്ചയായും സാമൂഹിക ഉത്തരവാദിത്തത്തിലൂടെ മാത്രമേ ഈ അന്തരത്തിന് പ്രതിവിധി കണ്ടെത്താൻ കഴിയൂ. പഠിക്കാനും വളരാനും മുന്നേറാനുമുള്ള അവകാശം ഓരോ വ്യക്തിയുടെയും മൗലികാവകാശമാണ്.
അതിനുള്ള സൗകര്യം ഒരുക്കിനൽകാൻ ആരും പിശുക്കു കാണിക്കാതിരിക്കുക. കൂടുതൽ മിടുക്കരും മിടുക്കികളും ഉണ്ടായാൽ ആരുടെയും ഒരു അവസരവും നഷ്ടമാവാൻ പോകുന്നില്ല, മറിച്ച് അവരുടെയെല്ലാം കഴിവുകളും പ്രതിഭയും പ്രയോജനപ്പെടുന്ന കൂടുതൽ നല്ലൊരു ലോകമാണ് സാധ്യമാവുക. പുതിയ കാര്യങ്ങൾ പഠിക്കുവാനും അബദ്ധ ചിന്തകൾ തിരുത്തുവാനും അറിവിനെ അംഗീകരിക്കുവാനുമുള്ള കാലമായി മാറട്ടെ 2022.
കുറിച്യ ആദിവാസി സമൂഹത്തിൽനിന്ന് ചരിത്രത്തിലാദ്യമായി സിവിൽ സർവിസിലെത്തിയ ശ്രീധന്യ സുരേഷ് ഇപ്പോൾ പെരിന്തൽമണ്ണ സബ് കലക്ടറായി സേവനമനുഷ്ഠിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.