പൊതുനന്മയും ദൈവപ്രീതിയും കാംക്ഷിച്ച് സ്ഥാവര ജംഗമ വസ്തുക്കൾ സ്വമേധയാ ദാനമായി മതപരമായ ആവശ്യങ്ങൾക്ക് വിശ്വാസിസമൂഹം നൂറ്റാണ്ടുകളായി വിട്ടുകൊടുത്തതാണ് വഖഫ് സ്വത്തുക്കൾ. ഇസ്ലാമിക വിധിവിലക്കുകൾ അനുസരിച്ച് അത് സൂക്ഷിച്ച് കൈകാര്യം ചെയ്യുകയാണ് കൈകാര്യ കർത്താക്കളുടെ കടമ. രാജ്യത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ രൂപവത്കൃതമായ സ്വയംഭരണാധികാരമുള്ള സ്ഥാപനമാണ് വഖഫ് ബോർഡ്. 1995ലെ പരിഷ്കരിച്ച സെൻട്രൽ വഖഫ് ആക്ട് ഏറ്റവും അവസാനമായി ഭേദഗതി ചെയ്യപ്പെട്ടത് 2013ലാണ്. ഇതനുസരിച്ചാണ് രാജ്യത്ത് വഖഫ്ബോർഡുകൾ പ്രവർത്തിക്കുന്നത്. ബോർഡിലെ ഉദ്യോഗസ്ഥരുടെ നിയമനം പി.എസ്.സി.ക്ക് വിടാനുള്ള തീരുമാനം കേരള സർക്കാർ പ്രഖ്യാപിക്കുന്നത് 2017 ഫെബ്രുവരിയിലെ ബജറ്റ് സമ്മേളനത്തിലാണ്. അതിനുമുമ്പുതന്നെ ദേവസ്വം ബോർഡിനു കീഴിൽ വരുന്ന സ്ഥാപനങ്ങളിലെ നിയമനവും പി.എസ്.സിക്കു വിടുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, ദേവസ്വം നിയമനങ്ങളിൽ എക്കാലവും മേധാവിത്വവും മേൽക്കൈയും നേടി തൊണ്ണൂറ് ശതമാനത്തോളം കൈയടക്കിെവച്ചിരിക്കുന്നവരുടെ സമ്മർദങ്ങൾക്കും ഭീഷണിക്കും മുമ്പിൽ മുട്ടുമടക്കിയ സർക്കാർ പി.എസ്.സി.ക്കു വിടാതെ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിനുതന്നെ മുഴുവൻ നിയമനാധികാരവും നൽകി മുന്നാക്കവിഭാഗങ്ങളെ പ്രീണിപ്പിച്ചു. അതേസമയം, വഖഫ് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ നിർബന്ധബുദ്ധിക്കും പിടിവാശിക്കും മുമ്പിൽ മുഖ്യമന്ത്രിയും ഇടതുമുന്നണിയും തെറ്റിദ്ധരിപ്പിക്കപ്പെട്ട് നവംബർ പകുതിയോടെ വഖഫ് നിയമനം പി.എസ്.സി.ക്ക് വിടുന്നതിനുള്ള ഓർഡിനൻസ് മന്ത്രിസഭ അംഗീകരിക്കുകയാണുണ്ടായത്. നിയമവകുപ്പ് ഉദ്യോഗസ്ഥരുടെ അഭിപ്രായം പരിഗണിക്കാതെ വകുപ്പുമന്ത്രിയും സർക്കാറും നവംബർ അവസാനം ഓർഡിനൻസ് ഗവർണറുടെ അംഗീകാരത്തിന് അയച്ചിരിക്കുകയാണ്.
വഖഫ്ബോർഡിലെ നിയമനങ്ങൾ പി.എസ്.സി.ക്കു വിടുന്നത് നല്ലതല്ലേ, ഉയർന്ന യോഗ്യതയും കാര്യക്ഷമതയുമുള്ളവരെ നിയമിക്കാൻ സാധിക്കുമല്ലോ, നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും ഇല്ലാതാവുകയില്ലേ എന്നെല്ലാമാണ് പൊതുവായ ചോദ്യം. പൊതുസമൂഹത്തിന് അങ്ങനെ മാത്രമേ ചിന്തിക്കാനാവൂ. ഒറ്റനോട്ടത്തിൽ എല്ലാം ശരിയാണെന്ന് തോന്നും. കേരള സംസ്ഥാന വഖഫ് ബോർഡിെൻറ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ആർക്കും ന്യായമായും തോന്നാവുന്നതാണ് ഇൗ സംശയങ്ങൾ. ബോർഡിൽ കേരളത്തിലാകെയുള്ളത് 150ൽ താഴെ തസ്തികകളാണ്. എന്നാൽ, ദേവസ്വം ബോർഡുകളിലേക്ക് പതിനായിരത്തിലധികം തസ്തികകളിലാണ് നിയമനം നടക്കുന്നത് എന്നതും പ്രത്യേകം പരാമർശിക്കേണ്ടതാണ്.
1995ലെ സെൻട്രൽ വഖഫ് ആക്ടും സംസ്ഥാനങ്ങൾ രൂപംനൽകുന്ന വഖഫ് ചട്ടങ്ങളുമനുസരിച്ചാണ് വഖഫ് ബോർഡ് പ്രവർത്തിക്കേണ്ടത്. സെൻട്രൽ വഖഫ് ആക്ടിലെ 24ാം വകുപ്പ് പ്രകാരം ബോർഡിെൻറ പ്രവർത്തനത്തിനാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് വ്യവസ്ഥകളും ചട്ടങ്ങളും നിയന്ത്രണങ്ങളുമുണ്ടാക്കി സർക്കാറിെൻറ കൺസൽട്ടേഷനോടെ ബോർഡിനുതന്നെ നിയമനങ്ങൾ നടത്താൻ അധികാരവും അവകാശവുമുണ്ട്. 24 ാം വകുപ്പ് പ്രകാരം സർക്കാറുമായി കൺസൽട്ടേഷൻ മാത്രം മതി. സർക്കാറിെൻറ കൺകറൻസോ കൺസേൻറാ ആവശ്യമില്ല. കേന്ദ്രനിയമത്തിനു വിരുദ്ധമായ നടപടിയെന്ന നിലക്ക് തീരുമാനം ഭരണഘടനവിരുദ്ധവുമാണ്.
ഭരണഘടനയുടെ 320 ാം വകുപ്പു പ്രകാരം സ്ഥാപിതമായ ഒരു റിക്രൂട്ട്മെൻ്റ് ബോർഡാണ് പി.എസ്.സി. ദേവസ്വം നിയമനങ്ങളിൽ ഹിന്ദു വിഭാഗങ്ങളിൽനിന്നുമാത്രം അപേക്ഷ ക്ഷണിച്ച് നിയമനം നടത്താൻ പി.എസ്.സി.ക്ക് സാധിക്കില്ല. ജാതി, മതം, ലിംഗം, വർഗം എന്നിവയുടെ അടിസ്ഥാനത്തിൽ ഏതൊരു ഉദ്യോഗാർഥിക്കും നിശ്ചിത യോഗ്യതയും മാനദണ്ഡങ്ങളും പാലിക്കുന്നപക്ഷം നിയമനത്തിന് അപേക്ഷിക്കാം. ദേവസ്വം ബോർഡിലെ മിനിസ്റ്റീരിയൽ വിഭാഗം, എൻജിനീയറിങ് വിഭാഗം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ള മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒരു മതത്തിലും പെടാത്തയാൾക്കും അപേക്ഷിക്കാം. ആ ഒറ്റക്കാരണം കൊണ്ടുതന്നെയാണ് ദേവസ്വം നിയമനങ്ങൾ പി.എസ്.സി.ക്കു വിടുന്നതിനെ ഭരണഘടനാപരമായും മറ്റു നിയമങ്ങളും ചട്ടങ്ങളുമനുസരിച്ചും എതിർത്തത്. ദേവസ്വം ബോർഡ് നിയമനങ്ങളിൽ സ്വജനപക്ഷപാതവും അഴിമതിയും മറ്റു നിക്ഷിപ്ത താൽപര്യങ്ങളും കൂടിയായപ്പോൾ നിയമപരമായ പരിരക്ഷ ലഭിക്കില്ലെന്ന വാദത്തിലാണ് പി.എസ്.സി.ക്ക് വിടാതിരുന്നത് എന്നതാണ് യഥാർഥ വസ്തുത. സത്യത്തിൽ അതാണ് പ്രായോഗികമായ പരിഹാരവും.
സമാനമായ പ്രശ്നമാണ് വഖഫ് ബോർഡ് നിയമനത്തിലും സ്വീകരിക്കേണ്ടത്. പി.എസ്.സി.ക്ക് മുസ്ലിംകളിൽനിന്നു മാത്രമായി വഖഫ് നിയമനങ്ങൾ വിജ്ഞാപനത്തിലൂടെ അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി നിയമനം നടത്താൻ ഭരണഘടനപരമായും കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവിസ് റൂൾസ് പ്രകാരവും സാധ്യമല്ല. പി.എസ്.സി സ്വീകരിച്ച നിയമന ചട്ടപ്രകാരം മുസ്ലിംകൾക്ക് മാത്രമായി സ്പെഷൽ റൂൾസ് അംഗീകരിക്കാനും സാധ്യമല്ല. ദേവസ്വം ബോർഡിെൻറ നിയമനം പി.എസ്.സിക്ക് വിടാതിരുന്നതിനു പിന്നിലുള്ള അതേ ന്യായത്തിെൻറയും യുക്തിയുടെയും അടിസ്ഥാനത്തിൽ വഖഫ് മേഖലയിലെ നിയമനത്തിന് ‘വഖഫ് റിക്രൂട്ട്മെൻറ് ബോർഡ്’ എന്ന വേദി രൂപവത്കരിക്കുകയാണ് അടിയന്തരമായി വേണ്ടത്.
ഇനി പി.എസ്.സിയും സർക്കാറും വഖഫ് നിയമനം പി.എസ്.സി.ക്ക് വിടാമെന്ന് തീരുമാനിച്ചുറപ്പിച്ച് സ്പെഷൽ റൂൾസും മറ്റും തയാറാക്കി ബന്ധപ്പെട്ടവരുടെ ആക്ഷേപവും പരാതികളും പരിഗണിച്ച് വഖഫ് നിയമനം നൂറുശതമാനവും മുസ്ലിംകൾക്ക് മാത്രമായി ഉറപ്പുവരുത്താൻ നിയമപരമായി സാധിക്കില്ല. ഏത് സാഹചര്യത്തിലും കോടതിയിൽ ചോദ്യം ചെയ്യപ്പെടാനിടയുണ്ട്. ഇസ്ലാം മതവിശ്വാസികളും ശരീഅത്ത് നിയമവും വഖഫ് നിയമനങ്ങളും അറിയുന്ന മുസ്ലിംകൾക്ക് യോഗ്യതയുടെ മാത്രം അടിസ്ഥാനത്തിൽ പി.എസ്.സി. നിയമനം നടത്താമെന്നുറപ്പിച്ചാലും സംവരണ വ്യവസ്ഥകളും മറ്റും ചോദ്യം ചെയ്യപ്പെടുകയും പ്രായോഗികമായി നിയമന നടപടികൾ പ്രതിസന്ധിയിലാക്കാനും ഭാവിയിൽ സാധ്യതയേറെയാണ്. ഇനി പി.എസ്.സി.ക്കുതന്നെ നിയമനം നടത്താമെന്ന് അംഗീകരിച്ചാൽതന്നെ മെറിറ്റിലെ 50 ശതമാനവും മുസ്ലിംകൾക്ക് നിലവിലുള്ള 10-12 ശതമാനം സംവരണവും ഉൾപ്പടെ പരമാവധി 62 ശതമാനം മാത്രമേ പി.എസ്.സിക്ക് നിയമനം നടത്താൻ കഴിയൂ. അങ്ങനെ സംഭവിച്ചാൽ നൂറു ശതമാനവും മുസ്ലിംകൾക്ക് മാത്രം ലഭിക്കേണ്ടതും മുസ്ലിംകൾ മാത്രം കൈകാര്യം ചെയ്യുവാൻ യോഗ്യരുമായ പവിത്രവും പരിപാവനവുമായ വഖഫ് സ്ഥാപനങ്ങളിലെ അഡ്മിനിസ്േട്രറ്റർ/മുതവല്ലിമാർ മുതൽ ഓഫിസ് ജോലിയും കണക്കെഴുത്തും ഉൾെപ്പടെ ഇതര മതവിഭാഗങ്ങളിൽനിന്നും യോഗ്യതയുടെ അടിസ്ഥാനത്തിൽ നിയമിക്കപ്പെടേണ്ട സാഹചര്യം സംജാതമാകുമെന്നുറപ്പാണ്.
മന്ത്രിസഭയിലെ ഒരംഗമെന്ന നിലയിൽ വഖഫ് മന്ത്രികൂടി ഉൾപ്പെട്ട മന്ത്രിസഭ തീരുമാനപ്രകാരമാണ് ദേവസ്വം നിയമനം പി.എസ്.സിക്ക് വിടാതെ ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിനു വിട്ടത്. അതേ ലോജിക്കും പ്രായോഗിക സമീപനവുമാണ് വഖഫ് ബോർഡിലേക്കുള്ള നിയമന കാര്യത്തിലും സ്വീകരിക്കേണ്ടതെന്നാണ് നിർദേശിക്കാനുള്ള പരിഹാരം.
‘മെക്ക’ ജനറൽ സെക്രട്ടറിയാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.