രണ്ടര മാസത്തിലേറെയായി മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ വംശഹത്യയും പൈശാചികമായ പീഡനങ്ങളും ഗൗരവമേറിയ ചില മുന്നറിയിപ്പുകളും താക്കീതും നൽകുന്നുണ്ട്. സമീപഭാവിയിൽ ഇന്ത്യൻ തെരുവുകളിൽ കലാപങ്ങളുണ്ടായാൽ എന്തായിരിക്കും ഭരണകൂട സമീപനം എന്നതിന്റെ സൂചനയാണ് അതിലൊന്ന്.
അക്രമത്തിന് നേതൃത്വം നൽകുന്നവരോട് ചേർന്നുനിന്ന് രക്ഷപ്പെടാം എന്ന് തെറ്റിദ്ധരിക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും കാത്തിരിക്കുന്ന ദുരന്തമാണ് മറ്റൊന്ന്. എല്ലാറ്റിനും പുറമെ രാജ്യത്തിന് സംഭവിക്കുന്ന മുറിവുകളും.
മേയ് മാസം ആദ്യത്തിൽ ആരംഭിച്ച ആസൂത്രിത കലാപങ്ങളോട് ക്രൂരമായ മൗനവും നിസ്സംഗതയും പുലർത്തിയ പ്രധാനമന്ത്രി മേയ് നാലിന് നടന്ന കൊടിയ സ്ത്രീപീഡനങ്ങളുടെ ചിത്രം ഈയിടെ ലോകത്തിനുമുന്നിൽ അനാവൃതമായപ്പോൾ മാത്രമാണ് പാർലമെന്റിനുപുറത്ത് ചില വാചോടാപങ്ങൾ നടത്തിയത്.
രാജസ്ഥാനിലോ ഛത്തിസ്ഗഢിലോ മണിപ്പൂരിലോ രാജ്യത്തിന്റെ ഏത് പ്രദേശത്തായാലും സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വെച്ചുപൊറുപ്പിക്കുകയില്ല എന്നതായിരുന്നു മോദിയുടെ വാക്കുകൾ. പ്രതിപക്ഷ ഭരണമുള്ള രണ്ട് സംസ്ഥാനങ്ങളുടെ പേര് മുമ്പേപറഞ്ഞ് മണിപ്പൂരിനെ വെള്ളപൂശാനുള്ള ദുഷ്ടലാക്ക് ആർക്കും മനസ്സിലാക്കാവുന്നതാണ്. മൗനത്തേക്കാൾ ഭയാനകമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം എന്ന ‘സ്ക്രോൾ ഡോട്ട് ഇൻ’ എക്സിക്യൂട്ടിവ് എഡിറ്റർ സുപ്രിയ ശർമയുടെ പ്രതികരണം, ആ കാപട്യം അനാവരണം ചെയ്യുന്നതാണ്.
ആയിരത്തിലേറെ വരുന്ന സായുധ കലാപകാരികളുടെ ആക്രമണത്തിൽനിന്ന് ജീവനുംകൊണ്ട് വനത്തിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിച്ച അഞ്ചുപേരടങ്ങുന്ന ഒരു കുടുംബത്തിലെ രണ്ട് സ്ത്രീകളെ ക്രൂരമായി പീഡിപ്പിച്ച ശേഷം നഗ്നരാക്കി തെരുവിൽ നടത്തിച്ച സംഭവം എന്തുകൊണ്ട് സർക്കാറിന്റെ ശ്രദ്ധയിൽപെട്ടില്ല എന്ന ഒരു മാധ്യമ പ്രവർത്തകന്റെ ടെലിഫോൺ അഭിമുഖത്തിലെ ചോദ്യത്തിന്, സമാനമായ നൂറുകണക്കിന് കേസുകൾ ഇവിടെ നടന്നിട്ടുണ്ട് എന്ന മുഖ്യമന്ത്രി ബിരേൻസിങ് നൽകിയ മറുപടി കേട്ടപ്പോഴാണ് മഞ്ഞുമലയുടെ അഗ്രം മാത്രമാണ് പുറത്തുവന്നതെന്ന മാധ്യമ പ്രമുഖൻ ജോൺ ബ്രിട്ടാസ് എം.പിയുടെ പ്രതികരണത്തിന്റെ പ്രസക്തി മനസ്സിലാവുന്നത്.
24 മണിക്കൂർ കഴിഞ്ഞിട്ടും ഒരു കലാപം നിയന്ത്രണ വിധേയമാകുന്നില്ലെങ്കിൽ അതിനുപിന്നിൽ ഭരണകൂട പിന്തുണയുണ്ടെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.
എക്ലീസിയ യുനൈറ്റഡ് ഫോറം പ്രസിഡന്റ് ഫാ. ജോൺസൺ തെക്കടയിൽ പുറത്തുവിട്ട വസ്തുതാന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ നടുക്കം ഉളവാക്കുന്നവയാണ്. മെയ്തേയി കലാപകാരികൾക്ക് എല്ലാ പിന്തുണയും നൽകാൻ പൊലീസിന് നിർദേശം ലഭിച്ചിരുന്നുവത്രെ. പൊലീസിന്റെ ആയുധങ്ങളും യൂനിഫോമുകളുമാണ് കലാപകാരികൾ ഉപയോഗിക്കുന്നത്. കലാപകാരികളെയും പൊലീസിനെയും ജനങ്ങൾക്ക് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ടവിടെ.
മെയ്തേയി വിഭാഗത്തിൽനിന്ന് ഒരു സ്ത്രീ കലാപത്തിൽ പങ്കാളിത്തം വഹിച്ചില്ലെങ്കിൽ 500 രൂപ പിഴയൊടുക്കണംപോലും. 112 മൃതദേഹങ്ങൾ സംസ്കരിക്കപ്പെടാതെ ദുർഗന്ധം വമിച്ചുകിടക്കുന്നത് കണ്ടുവെന്നാണ് വസ്തുതാന്വേഷണ സംഘം അറിയിക്കുന്നത്. മണിപ്പൂരിൽ ഇപ്പോൾ ഒരു സർക്കാർ ഉണ്ടെന്ന് പറയാനാവില്ല. മെയ്തേയികളും കുക്കികളും നാഗാകളും പ്രത്യേകം ഭരണം നടത്തുന്നു. സംസ്ഥാന സർക്കാർ കലാപകാരികൾക്കൊപ്പവും.
ശത്രുക്കളുടെ പട്ടിക കൃത്യമായ മുൻഗണനാ ക്രമത്തിൽ തയാറാക്കി ആസൂത്രിതമായി ഉന്മൂലന പരിപാടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഭീകര വിഭാഗങ്ങൾക്ക് സഹായകമായ സമീപനം സ്വീകരിച്ചാൽ രക്ഷപ്പെടാം എന്ന് ധരിക്കുന്നവർക്ക് മണിപ്പൂർ നൽകുന്ന പാഠം വലുതാണ്. പൗരത്വ നിഷേധ നിയമവും ഏകവ്യക്തി നിയമവും ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെക്കുന്നുവെന്ന തോന്നൽ ഉളവാക്കപ്പെടുന്നുവെങ്കിൽ അത് അവരുടെ മുൻഗണനാ തന്ത്രത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
മണിപ്പൂരിൽ നടന്നത് ഇനി മറ്റൊരിടത്തും സംഭവിക്കരുത്. അപ്രകാരം സംഭവിച്ചാൽ വ്യാപകമായ ആഭ്യന്തര കലാപത്തിനും അരാജകത്വത്തിനുമായിരിക്കും രാജ്യം സാക്ഷ്യംവഹിക്കുക. നമ്മുടെ നാടിനെ തകർക്കാൻ, അതിന്റെ പരമാധികാരം അടിയറവെക്കാൻ, സ്വാതന്ത്ര്യം നഷ്ടമാക്കാൻ നാം ആരെയും അനുവദിച്ചുകൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.