ഫോ​ട്ടോ: വിജയ്​ പാണ്ഡെ

ഈ മഹാമാരിയിൽ നമ്മൾ ഒറ്റക്കാണ്

അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ മണ്ണിൽ ഇത്തിരി ഇടമാണ് നിതീഷ്കുമാറിന് വേണ്ടിയിരുന്നത്. ചേതനയറ്റ ശരീരവുമായി അയാൾ രണ്ടു ദിവസം കാത്തു. സഹായത്തിന് തിരഞ്ഞു. വീട്ടിൽനിന്ന് മൃതദേഹം പുറത്തിറക്കാൻ കഴിഞ്ഞില്ല. ആ നിസ്സഹായതക്കും ഇടനെഞ്ചിലെ ആർത്തനാദത്തിനും ഒടുവിൽ, അമ്മയെ ദഹിപ്പിക്കാൻ സ്ഥലം കിട്ടി. ഏതെങ്കിലും ശ്മശാനമായിരുന്നില്ല. ഒരു പാർക്കിങ് ഏരിയയിൽ ഒരുകൂട്ടം മൃതദേഹങ്ങൾക്കൊപ്പം ആ അമ്മയും ചിതയിൽ എരിഞ്ഞടങ്ങി.

വടക്കു കിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ നടന്നതാണ്. കോവിഡ് താണ്ഡവമാടുകയും ആളുകൾ പ്രാണവായുവിന് പിടയുകയും ചെയ്യുന്ന ഡൽഹിയിൽ അത് ഒറ്റപ്പെട്ട സംഭവമല്ല. കോവിഡ് ജീവച്ഛവമാക്കിയവരുടെ ദൈന്യതക്കൊപ്പം, ദാരുണമായ പല സംഭവങ്ങളിലൊന്ന്. ഓക്സിജനുവേണ്ടി കോവിഡ് ബാധിതരെന്നപോലെ, സംസ്കരിക്കാൻ ഊഴം കാത്ത് മൃതദേഹങ്ങളും ക്യൂവിലാണ്. ശ്മശാനങ്ങളിൽ ഇടമില്ല. ഒന്നു കത്തിത്തീരാതെ അതേ സ്ഥലത്ത് മറ്റൊന്ന് ദഹിപ്പിക്കാനാവില്ല. പല പാർക്കിങ് ഗ്രൗണ്ടുകളും ഫുട്പാത്തുകൾ പോലും താൽക്കാലിക ശ്മശാനങ്ങളാക്കിയിരിക്കുന്നു. ദഹിപ്പിക്കാൻ വിറകില്ല. കൊണ്ടുപോകാൻ ആംബുലൻസില്ല. കൂടെ നടക്കാൻ ബന്ധുക്കളില്ല. മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിക്കുന്നു. കുഞ്ഞുങ്ങൾ, യുവാക്കൾ, പ്രായമായവർ, നവദമ്പതികൾ, എല്ലാം അക്കൂട്ടത്തിലുണ്ട്. 60 മൃതദേഹങ്ങൾ ഒറ്റദിവസം ദഹിപ്പിച്ചിട്ടും 15 മൃതദേഹങ്ങൾ ക്യൂവിൽ തുടരുന്ന കഥയാണ് ഒരു സന്നദ്ധ സംഘടന പ്രവർത്തകന് പറയാനുണ്ടായിരുന്നത്. കണ്ടുനിൽക്കാൻ മനക്കട്ടി വേണം. ആംബുലൻസിൽനിന്ന് മൃതദേഹങ്ങളിലൊന്ന് തെറിച്ചുവീണ സംഭവം അടക്കം മൃതദേഹങ്ങളോടുള്ള അനാദരവി​െൻറ കഥ വേറെയുണ്ട്.

10 ദിവസം കോവിഡിെൻറ പിടിയിൽ അമർന്നു കഴിഞ്ഞതിനൊടുവിലാണ് നിതീഷിെൻറ അമ്മ മരിച്ചത്. ആരോഗ്യ പ്രവർത്തകനായിട്ടുപോലും അമ്മക്കുവേണ്ടി ഏതെങ്കിലും ആശുപത്രിയിൽ ഒരു ബെഡ് തരപ്പെടുത്താൻ അദ്ദേഹത്തിന്​ സാധിച്ചില്ല. ആരും തിരിഞ്ഞുനോക്കാൻ ഉണ്ടായിരുന്നില്ല. കോവിഡ് കൊണ്ടുപോയ ആയിരങ്ങളിൽനിന്ന് അവശേഷിക്കുന്ന പതിനായിരങ്ങളിലേക്ക് വരാം. കോവിഡ് ബാധിതരും അവരുടെ കുടുംബവും നേരിടുന്ന നിസ്സഹായതകൾ വിവരണാതീതമാണ്. മരണവും കൂട്ടത്തിൽ ഉണ്ടെന്ന് സംശയിക്കേണ്ട പകർച്ചപ്പനിയും. അത് കടന്നെത്തുന്ന വീടുകളിലേക്ക് ചെല്ലാൻ സഹായിക്കണമെന്നുള്ളവർ പോലും മടിച്ചുനിൽക്കുന്ന സാഹചര്യം. കാരണം, എങ്ങാനും കോവിഡ് പിടികൂടിയാൽ, ഈ മഹാനഗരത്തിൽ പിന്നെ അയാൾ, ആ കുടുംബം, മിക്കവാറും ഒറ്റക്കാണ്. അവർക്കൊരു സഹായം ചെയ്യാൻ ആർക്കും കഴിയാത്ത സ്ഥിതി.

ആശുപത്രികളിലേക്ക് ചെന്നിട്ട് കാര്യമില്ല. അകത്തോ പുറത്തു വരാന്തയിലോ അതിനും പുറത്ത് ആശുപത്രി വളപ്പിലോ റോഡരികിലോ പോലും അൽപം ഇടം കിട്ടാത്ത സ്ഥിതി. എത്ര വേഗത്തിലാണ് കോവിഡിെൻറ പുതിയ വകഭേദം പടർന്നുപിടിച്ചത്. ആശുപത്രിയിൽ ​െബഡ് കിട്ടാനില്ലെന്നപോലെ, ഒരു ടെസ്​റ്റ്​ നടത്താൻ കഴിയാത്ത സ്ഥിതി. അവശ്യ മരുന്നുകൾക്ക് ക്ഷാമം. പണമോ പദവിയോ ഒന്നുകൊണ്ടും കാര്യമില്ല. മനുഷ്യൻ എത്ര നിസ്സാരനാണ്! അതിനിടയിൽ മഞ്ഞളും ഇഞ്ചിയും കലക്കിയ വെള്ളം കുടിച്ചും ആവി പിടിച്ചും ഡോക്ടർമാർ എഴുതിക്കൊടുക്കുന്ന വിറ്റമിൻ ഗുളികകളിലുമൊക്കെ അഭയവും ആശ്വാസവും കണ്ടെത്തുകയാണ് കോവിഡ് രോഗികൾ; അവരുടെ കുടുംബം. മരുന്ന് പൂഴ്ത്തിവെപ്പ്​ നടക്കുന്നു. നിത്യോപയോഗ സാധനങ്ങൾക്ക് തീവില. ആശ്വാസം ലഭിക്കുമെന്ന വിശ്വാസത്തിൽ കോവിഡ് രോഗികൾ ആശ്രയിച്ചു തുടങ്ങിയതോടെ ഒരു കരിക്കിന് 75 രൂപ, പപ്പായ കിലോഗ്രാമിന് 80 രൂപ എന്ന ക്രമത്തിൽ കൊള്ളയാരംഭിച്ചത്​ വേറെ.

ഇനിയുമെ​ത്ര മരിക്കണം?

ഭീതിദമാണ് ഓക്സിജൻ ക്ഷാമം. കോവിഡ് ബാധിതരായ അൽപപ്രാണനുകളെ കൊന്നുകളഞ്ഞ സംഭവങ്ങൾ. ഡൽഹിയിലെ ഏറ്റവും പ്രമുഖമായ ഗംഗാറാം ആശുപത്രിയിൽ 20 പേർ മരിച്ചത് പ്രാണവായു കിട്ടാതെയാണെന്ന് ആദ്യം സ്ഥിരീകരിക്കുകയും പിന്നീട് ആരുടെയോ സമ്മർദം മൂലമെന്നപോലെ തിരുത്തുകയുമായിരുന്നു അധികൃതർ. ഡൽഹിയിലെ ജയ്പുർ ഗോൾഡൻ ആശുപത്രിയിൽ 25 പേർ മരിച്ചത് വേണ്ടത്ര അളവിൽ ഓക്സിജൻ കിട്ടാത്തതു കൊണ്ടാണെന്ന യാഥാർഥ്യം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ശാന്തിമുകുന്ദ് അടക്കം പല ആശുപത്രികളും ഓക്സിജൻ ഇല്ലാത്തതിനാൽ രോഗികൾക്കു മുന്നിൽ നിവൃത്തിയില്ലാതെ വാതിൽ കൊട്ടിയടച്ചു. അപ്പോൾ സർക്കാർ ആശുപത്രികളുടെ കഥ എന്താവും? കോവിഡിെൻറ പടർച്ചവേഗത്തെക്കാൾ ഇന്ന് ഓരോരുത്തരെയും വിഹ്വലമാക്കുന്നത്, ആശുപത്രിയിൽ എത്തിയിട്ട് കാര്യമില്ലെന്ന പച്ചയായ സത്യമാണ്. സഹായ മനസ്​കർക്കുപോലും ഇത്തരം സാഹചര്യങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കാൻ മാത്രമാണ് കഴിയുന്നത്. ഭരണ സംവിധാനത്തിെൻറ പരാജയം കവർന്നെടുക്കുന്നത് എത്രയെത്ര ജീവനുകൾ. ആ സാഹചര്യം മാറിവരാൻ ഇനിയെത്ര നാൾ എടുക്കും, അതിനുമുമ്പ് എന്തൊക്കെ സംഭവിക്കുമെന്ന വലിയ ഉത്കണ്ഠയാണ് സമൂഹത്തെ ചൂഴ്ന്നുനിൽക്കുന്നത്.

പ്രാണവായുവിന് ഇരന്നു നിൽക്കുന്ന ജനങ്ങൾ. ശ്വാസം കിട്ടാതെ പിടയുന്ന രോഗികൾ. ഇതിനു മുെമ്പാരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരന്തസ്ഥിതിയിേലക്ക് ഡൽഹിയും മഹാരാഷ്​ട്രയും ഗുജറാത്തും അടക്കം ഡസനിലേറെ സംസ്ഥാനങ്ങളിലെ ജനങ്ങളെ എടുത്തെറിഞ്ഞ ക്രിമിനൽ കുറ്റകൃത്യമാണ് യഥാർഥത്തിൽ ഭരണകൂടത്തിൽനിന്ന് ഉണ്ടായിരിക്കുന്നത്. ഒരുവർഷം മുമ്പ് കോവിഡിനെ നേരിടാൻ ജനത്തെക്കൊണ്ട് കിണ്ണം കൊട്ടിച്ച പരിഹാസ നാടകത്തിനപ്പുറം, കുറ്റകരമായ അലംഭാവത്തിന് ഇപ്പോ

ൾ രാജ്യം കൊടുക്കേണ്ടിവരുന്ന വില എത്രയാണ്? കോവിഡിെൻറ രണ്ടാം തരംഗം ഇന്ത്യയിൽ സംഭവിക്കാതിരിക്കില്ല എന്ന് വ്യക്തമായിരുന്നു. കോവിഡ് താണ്ഡവമാടിയ പുറംനാടുകളിലെല്ലാം അതു സംഭവിച്ചിട്ടുണ്ട്. ആദ്യം വന്നതിനെക്കാൾ വ്യാപ്തി രണ്ടാം തരംഗത്തിന് ഉണ്ടാകുമെന്നും ഇന്ത്യ മുന്നൊരുക്കം നടത്തണമെന്നും രാജ്യത്തെ ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

പുതിയ വകഭേദങ്ങൾ കണ്ടെത്തിയതും ദുസ്സൂചന മാത്രമല്ല, ഒരുങ്ങാനുള്ള മുന്നറിയിപ്പു കൂടിയായിരുന്നു. എന്തിന്, മഹാരാഷ്​ട്ര പുതിയ തരംഗത്തിൽ മുങ്ങിയപ്പോൾ പോലും ആ തരംഗപ്പടർച്ച മറ്റു സംസ്ഥാനങ്ങളിൽ, മഹാനഗരങ്ങളിൽ സംഭവിക്കുമെന്നു തിരിച്ചറിഞ്ഞു സന്നാഹങ്ങൾ ഒരുക്കാനല്ല കേന്ദ്രസർക്കാർ ശ്രമിച്ചത്. രണ്ടാം തരംഗത്തെ എങ്ങനെയാണ് മറ്റു നാടുകൾ കീഴ്​പ്പെടുത്തുന്നതെന്ന് പഠിച്ചില്ല. ഭരണം നിയന്ത്രിക്കുന്ന മഹാേനതാക്കൾ രാവിലെ കുളിച്ചു കുറിയിട്ട് തെരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പറന്നു. വൈകീട്ട് തിരിച്ചുവന്നു. വീണ്ടും രാവിലെ പ്രചാരണത്തിന് പറന്നു. കേവലം തെരഞ്ഞെടുപ്പു ജയത്തിന് രാജ്യം നേരിടാൻ പോകുന്ന ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയെ അവഗണിച്ചു. കോവിഡിനെക്കുറിച്ച ഉത്കണ്ഠകൾ രാഷ്​ട്രീയ എതിരാളികളുടെ ഉഡായിപ്പുകൾ മാത്രമായി കണ്ടു. കുംഭമേളയും തെരഞ്ഞെടുപ്പു പ്രചാരണവുമൊക്കെ നിയന്ത്രണമില്ലാതെ നടന്നു. വീടിെൻറ വാതിൽപടിയിൽ ലക്ഷ്മണരേഖയുണ്ടെന്ന വിവരണത്തോടെ കഴിഞ്ഞ വർഷം ലോക്ഡൗൺ ഏർപ്പെടുത്തിയ പ്രധാനമന്ത്രി ഇക്കുറി സംസ്ഥാനങ്ങളെ ഉപദേശിച്ചത്, ലോക്ഡൗൺ അവസാന വഴിയായി കാണണമെന്നാണ്. ലോക്ഡൗണിെൻറ ന്യായാന്യായങ്ങളെക്കാൾ, വ്യവസായി താൽപര്യമാണ് അതിൽ മുഴച്ചുനിന്നത്. ഒടുവിലിപ്പോൾ ലോക്ഡൗൺ നീട്ടാതെ വഴിയില്ലെന്നായിരിക്കുന്നു. എല്ലാറ്റിെൻറയും വില കിണ്ണം കൊട്ടിയവരും അല്ലാത്തവരും ഒരുപോലെ അനുഭവിക്കുന്നു.

നമുക്ക് നമ്മുടെ ആശുപത്രികളെ സജ്ജമാക്കാമായിരുന്നു. മെഡിക്കൽ ഓക്സിജൻ ഇന്ത്യക്ക് ദുർലഭമായ ഒന്നല്ല. അത് ഉൽപാദിപ്പിക്കുന്ന സ്ഥലങ്ങളിൽനിന്ന് മഹാനഗരങ്ങളിലേക്കും മറ്റും മുൻകൂട്ടി എത്തിച്ച് സൂക്ഷിക്കാനുള്ള കരുതലാണ് വേണ്ടിയിരുന്നത്. ടെസ്​റ്റ്​ ആവശ്യാനുസരണം നടത്താനും അവശ്യ മരുന്നുകളുടെ ലഭ്യത മുൻകൂട്ടി ഉറപ്പാക്കാനും നമുക്ക് കഴിയുമായിരുന്നു. സംസ്ഥാനങ്ങളുമായി മെച്ചപ്പെട്ട ഏകോപനം നടത്താമായിരുന്നു. ഒാക്സിജനുവേണ്ടി സംസ്ഥാനങ്ങൾ കടിപിടി കൂടുന്ന ദുരവസ്ഥ പോലും ഉണ്ടാക്കിവെച്ചത് കേന്ദ്ര സർക്കാറാണ്. അതു തീർക്കാൻ ഫലപ്രദമായി ഇടപെട്ടതുപോലും നീതിപീഠങ്ങളാണ്. അപ്പോഴും ന്യായം നിരത്തുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. പ്രധാനമന്ത്രിയുമായി നടത്തിയ സംഭാഷണം ലൈവായി ജനങ്ങളെ കാണിച്ചതിെൻറ നീരസം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിനോട് പ്രകടിപ്പിക്കാനായിരുന്നു മോദിക്ക്​ തിടുക്കം.

വഞ്ചനയുടെ രാജത​ന്ത്രം

സൗജന്യമായി നൽകുമെന്നു പറഞ്ഞ വാക്സിൻ ഇന്ന് കൊള്ളക്കുള്ള പുതിയ വഴിയായി മാറിയിരിക്കുന്നു. ഒരു രാജ്യം, ഒറ്റ നികുതിയെന്ന സങ്കൽപം വികലമായ ജി.എസ്.ടി പരിഷ്കാരമായി നടപ്പാക്കിയ സർക്കാറിന്, ജനങ്ങൾക്ക് അവശ്യം നൽകേണ്ട വാക്സിന് പൊതുവില നിശ്ചയിക്കാൻ കഴിയുന്നില്ല. 130 കോടി ജനങ്ങളുള്ള രാജ്യത്ത് രണ്ടു വാക്സിൻ നിർമാണശാലകൾ മാത്രം പ്രയോജനപ്പെടുത്തിയാണ് സാർവത്രിക വാക്സിൻ പദ്ധതി മോദിസർക്കാർ മുന്നോട്ടുവെച്ചത്. സാങ്കേതിക രീതി പറഞ്ഞുകൊടുത്താൽ വാക്സിൻ നിർമിക്കാൻ കഴിയുന്ന പൊതുമേഖല സ്ഥാപനങ്ങൾ ഇന്ത്യയിലുണ്ട്. അവയൊക്കെയും സർക്കാർ നയത്തിനു മുന്നിൽ നോക്കുകുത്തിയായി. അതിനിടയിൽ കൈയടി നേടാൻ കയറ്റുമതിയും നടത്തി. ഒടുവിൽ മറ്റു രാജ്യങ്ങളുടെ എല്ലാ വാക്സിനുകളും ഇറക്കുമതി ചെയ്യാമെന്നായി. സംസ്ഥാനങ്ങൾക്കും ആശുപത്രികൾക്കും നേരിട്ടു വാങ്ങാമെന്നായി. പല വിലയായി. എല്ലാറ്റിനും ഒത്തുകളിയുടെ ഗന്ധം.

കോവിഡ് എന്നു കേട്ടുതുടങ്ങിയ കാലം തൊട്ട് ചർച്ച ചെയ്യപ്പെടുന്നതാണ് വെൻറിലേറ്റർ, ഓക്സിജൻ ലഭ്യത തുടങ്ങിയവയുടെ ആവശ്യകത. ഓക്സിജൻ ലഭ്യത കൂട്ടാൻ പല സ്ഥാപനങ്ങളെയും ചുമതല ഏൽപിക്കാൻ പാകത്തിൽ സർക്കാർ ഒരു കർമപദ്ധതി തയാറാക്കിയതാണ്. 162 ഓക്സിജൻ നിർമാണ യൂനിറ്റുകൾ രാജ്യവ്യാപകമായി തുടങ്ങാൻ ഒക്ടോബറിൽ ടെൻഡർ ക്ഷണിച്ചതാണ്. 200 കോടി രൂപ മാത്രമായിരുന്നു മൊത്തം ചെലവ്. അതിന് പി.എം കെയേഴ്സ് ഫണ്ടിൽനിന്ന് തുക എടുക്കാനും തീരുമാനിച്ചു. ആറു മാസത്തിനു ശേഷമുള്ള കഥ എന്താണ്? 33 യൂനിറ്റുകൾ മാത്രം തുടങ്ങി. യു.പിക്ക് 14 യൂനിറ്റുകൾ നൽകിയതിൽ, തുടങ്ങിയത് വട്ടപ്പൂജ്യം. രണ്ടാം തരംഗത്തിന് പ്രധാന കാരണമെന്നു കരുതുന്ന കോവിഡിെൻറ ഇന്ത്യൻ വകഭേദം കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ കണ്ടെത്തിയതാണ്. അതിനെ പ്രതിരോധിക്കാൻ മുൻകരുതലുകളോ വാക്സിനിലെ മാറ്റങ്ങളോ ഒന്നും നടന്നില്ല. അതിനാവശ്യമായ തുക സർക്കാർ കൊടുത്തില്ല. അതിനെല്ലാമൊടുവിൽ, അത്യാവശ്യ ഘട്ടത്തിൽ വിമാനത്തിൽ ഓക്സിജൻ ഇറക്കേണ്ടിവന്ന ഭരണകർത്താക്കളെ, ജനങ്ങളെ രക്ഷിക്കാൻ അവതരിച്ച മഹാപുരുഷന്മാരായും അവതരിപ്പിക്കുന്നു എന്നതാണ് വൈചിത്ര്യം.

മറ്റു രാജ്യങ്ങൾ കോവിഡിെൻറ പല തരംഗങ്ങളെയും സമർഥമായി അതിജയിക്കുേമ്പാൾ കോവിഡ് പ്രതിരോധത്തിന് ഒരു ദീർഘദർശനമോ മാർഗരേഖയോ ഇല്ലാതെ നിൽക്കുകയാണ് ഇന്ത്യ. മെച്ചപ്പെട്ട സാഹചര്യം ഈ ജനത അർഹിക്കുന്നുണ്ട്; കിട്ടുന്നില്ലെന്നു മാത്രം. യഥാർഥത്തിൽ കോവിഡിനെക്കാൾ, ഓക്സിജൻ ക്ഷാമമാണ് രണ്ടാംതരംഗത്തിെല മരണവും കെടുതിയും ഇത്രത്തോളം ഉയർത്തിയത്. ഈ കൂട്ടക്കൊലക്ക് ഉത്തരവാദി ആരാണ്? മഹാമാരിയുടെ താണ്ഡവത്തിനു മുന്നിൽ പകച്ച്, അതിനെക്കാൾ ഒറ്റപ്പെട്ട് നിൽക്കുന്ന നമ്മളാരും അല്ല.

Tags:    
News Summary - We are alone in this epidemic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.