നെയ്യാറ്റിൻകരയിൽ കോടതി നടപടിക്കിടെ ദമ്പതികൾ (രാജനും അമ്പിളിയും) തീകൊളുത്തി ആത്മഹത്യ ചെയ്തത് കേരളത്തിൻെറ മറവിയിലേക്കു മാഞ്ഞു. സുഗന്ധിയിൽനിന്ന് വസന്ത വിലകൊടുത്ത് വാങ്ങിയ ഭൂമിയിലാണ് രാജൻ താമസിച്ചിരുന്നതെന്ന് നെയ്യാറ്റിൻകര തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകിയതോടെയാണ് വാർത്തയുടെ ഗതിമാറിയത്. അതോടൊപ്പം വസന്തയുടെ അഭിഭാഷകർ ഭൂമി ലക്ഷംവീട് കോളനിയിൽ ഉൾപ്പെട്ടതല്ലെന്നും കൈമാറ്റം സാധുവാണെന്നും വാർത്തസമ്മേളനവും നടത്തി. എന്നാൽ, കലക്ടറും ഡെപ്യൂട്ടി കലക്ടറും ലാൻഡ് റവന്യൂ കമീഷണർക്ക് നൽകിയ റിപ്പോർട്ടുകൾ ഇവർ പറഞ്ഞ നുണകളെയാകെ തകർക്കുകയാണ്.
തർക്കഭൂമി അതിയന്നൂർ വില്ലേജിലെ സെറ്റിൽമെൻറ് രജിസ്റ്റർ പ്രകാരം 'പണ്ടാരവക കുടിജന്മ'ത്തിൽപെട്ടതാണ്. റീസർവേ ബി.ടി.ആർ പ്രകാരം ഒന്നര ഏക്കർ വിസ്തീർണമുള്ള ഭൂമി അതിയന്നൂർ 'ഗ്രാമപഞ്ചായത്ത് ലക്ഷംവീട്' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സർവേ നമ്പർ 381/3ൽപെട്ട മൂന്ന് സെൻറ് ഭൂമിക്ക് നെയ്യാറ്റിൻകര തഹസിൽദാർ 1989 നവംബർ എട്ടിനാണ് സുകുമാരൻ നായർക്ക് പട്ടയം നൽകിയത്. തുടർന്ന് കഴക്കൂട്ടം സർവേ സൂപ്രണ്ട് ഭൂമി ടി.പി 15,754 ആയി സുകുമാരൻ നായരുടെ പേരിൽ ചേർത്തു. ഭൂമിക്ക് പട്ടയം ലഭിച്ചിരിക്കുന്നത് സുകുമാരൻ നായരുടെ മാത്രം പേരിലാണ്. ഭൂമി പതിച്ചുകൊടുത്ത വകയിൽ ഈടാക്കിയ സംഖ്യകളുടെ വിവര രജിസ്റ്ററിൽ സുകുമാരൻ നായരുടെ പേരുണ്ട്. 1973 മുതൽ ഉപയോഗിക്കുന്ന രജിസ്റ്ററിൽ 1991^92 കാലയളവിൽ സുകുമാരൻ നായർക്ക് (8/89 പട്ടയ നമ്പർ ആയി 38 1/3ൽപെട്ട) ഭൂമി പതിച്ചുനൽകിയ വകയിൽ ഈടാക്കിയ തുകയുടെ വിവരം രേഖപ്പെടുത്തിയിട്ടുണ്ട്.
സുകുമാരൻ നായരുടെ പേരിൽ പട്ടയം ലഭിച്ച ഭൂമി വനജാക്ഷിയമ്മ വിൽപന നടത്തിയതിനെ തുടർന്ന് പോക്കുവരവ് ചെയ്തത് സംബന്ധിച്ച് ഡെപ്യൂട്ടി തഹസിൽദാർ അന്വേഷണം നടത്തിയിരുന്നു. പട്ടയം ലഭിച്ച കാലത്ത് സുകുമാരൻ നായർ ഉഷാകുമാരിയെ വിവാഹം ചെയ്ത് ലക്ഷംവീട് കോളനിയിൽ താമസിച്ചു. അവർക്ക് വിനിത ലക്ഷ്മി എന്നൊരു മകളുമുണ്ട്. 34 വയസ്സുള്ള വിനിത ലക്ഷ്മി ഇപ്പോൾ ഈറോഡാണ് താമസം. പിന്നീട് സുകുമാരൻ നായരും ഉഷാകുമാരിയും വേറിട്ട് താമസിച്ചുവെങ്കിലും ഇവർ വിവാഹബന്ധം വേർപെടുത്തിയിരുന്നില്ല. ഭാര്യയിൽനിന്ന് വേറിട്ട് ജീവിക്കുമ്പോൾ 2001 ഏപ്രിൽ 19നാണ് സുകുമാരൻ നായർ മരിച്ചത്. അന്വേഷണത്തിൽ മരണസർട്ടിഫിക്കറ്റ് ലഭിച്ചു. സുകുമാരൻ നായരുടെ മരണശേഷം ഉഷാകുമാരിക്ക് വിധവ പെൻഷൻ ലഭിച്ചു.
സുകുമാരൻ നായർ മരിക്കുമ്പോൾ ഒപ്പമുണ്ടായിരുന്നത് അമ്മ വനജാക്ഷിയാണ്. മരണത്തിനുശേഷം വനജാക്ഷി മകളുടെ കൂടെ താമസമാക്കി. 2001 മേയ് ഏഴിലെ വിലയാധാരപ്രകാരം വനജാക്ഷിയമ്മയാണ് ഈ ഭൂമി കൈമാറ്റം നടത്തിയത്. ബാലരാമപുരം സബ് രജിസ്ട്രാർ ഓഫിസിൽവെച്ചാണ് സുഗന്ധിയുടെ പേരിൽ ഭൂമി കൈമാറ്റം ചെയ്തത്. എന്നാൽ, ഭൂമിയുടെ അവകാശികളെ ഉൾപ്പെടുത്താതെ നടത്തിയ വിലയാധാരം നിയമസാധുതയുള്ളതല്ല. വനജാക്ഷിയമ്മ 2004ൽ മരിച്ചു. 2001ൽ ഭൂമി വിലയാധാരം നടത്തിയെങ്കിലും 2005 ജൂലൈ 12നാണ് ഭൂമി പോക്കുവരവ് നടത്തി സുഗന്ധിയുടെ പേര് ചേർത്ത് വില്ലേജ് രേഖകളിൽ മാറ്റം വരുത്തിയത്. പട്ടയം ലഭിച്ച സുകുമാരൻ നായരല്ല ഭൂമികൈമാറ്റം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിെൻറ അമ്മ വനജാക്ഷിക്കാകട്ടെ, ഭൂമിയിൽ അവകാശം ഉണ്ടായിരുന്നില്ല. അവർക്ക് എങ്ങനെ അവകാശം ലഭിച്ചു എന്നത് സംബന്ധിച്ച് വിലയാധാരത്തിലും പോക്കുവരവിലും രേഖപ്പെടുത്തിയിട്ടില്ല.
സുകുമാരൻ നായരുടെ ഭാര്യയായ ഉഷാകുമാരി ഭൂമി കൈമാറ്റത്തെക്കുറിച്ച് അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി. സുകുമാരൻ നായർ മരിക്കുമ്പോൾ ഈ ഭൂമിയുടെ അവകാശികൾ ഭാര്യ ഉഷാകുമാരിയും മകൾ വിനിത ലക്ഷ്മിയും ജീവിച്ചിരിപ്പുണ്ടായിരുന്നു. എന്നാൽ, ഇവരെയൊന്നും അറിയിക്കാതെയാണ് വനജാക്ഷി ഭൂമി കൈമാറ്റം നടത്തിയത്. അതേസമയം, 2005ൽ നെയ്യാറ്റിൻകര അഡീഷനൽ മുൻസിഫ് കോടതിയിൽ ഒരു കേസ് ഉണ്ടായിരുന്നു. കോടതി ഉത്തരവിൽ Suit dismissed as not pressed എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തരവിൽ വസ്തുവിൻെറ ഉടമാവകാശം വനജാക്ഷിക്ക് നൽകിയിട്ടില്ല. രേഖകളനുസരിച്ച് സുകുമാരൻ നായരുടെ ഭാര്യയായ ഉഷാകുമാരിയും മകളായ വിനിത ലക്ഷ്മിയുമാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. എന്നാൽ, ഇങ്ങനെയൊരു കേസ് ഫയൽ ചെയ്തിട്ടില്ലെന്ന് ഉഷാകുമാരി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഈ ഭൂമി സുഗന്ധി 2006 നവംബർ 24ന് നടത്തിയ വിലയാധാരപ്രകാരം വസന്തക്ക് നൽകി. തുടർന്ന് 2007ൽ പോക്കുവരവ് ചെയ്ത് വസന്തയുടെ പേരിൽ വില്ലേജ് രേഖകളിൽ മാറ്റംവരുത്തി. നിലവിൽ ഭൂമി വില്ലേജ് രേഖകൾപ്രകാരം തണ്ടപ്പേർ കക്ഷിയായ വസന്തയുടെ പേരിലാണ്.
നെയ്യാറ്റിൻകര താലൂക്കിലെ എൽ.എ^ഒന്ന്, എൽ.എ^ രണ്ട് രജിസ്റ്ററിൽ സുകുമാരൻ നായർക്ക് നൽകിയ പട്ടയത്തിൻെറ വിവരം രേഖപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ചതിൽ സമീപ സബ്ഡിവിഷൻ നമ്പറുകളായ 852 /17 (കമലാക്ഷിയുടെയും) 852/ 18 (വിമലയുടെയും) എന്നിവയിൽ അനുവദിച്ചിട്ടുള്ള പട്ടയങ്ങളെ സംബന്ധിച്ച വിവരങ്ങളും താലൂക്കിലെ എൽ.എ^ഒന്ന്, എൽ.എ^രണ്ട് രജിസ്റ്ററുകളിൽ ചേർത്തിട്ടില്ല (ഇതുസംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്.) ഈ രണ്ടു സർവേ നമ്പറുകളിലെ ഭൂമിയും നിലവിൽ 31967 നമ്പർ തണ്ടപ്പേർ പ്രകാരം വസന്തയുടെ ചെറുമകനായ ശരത്കുമാറിൻെറ പേരിലാണ്.
തർക്കഭൂമി രാജൻെറ കൈവശം ഒന്നര വർഷം ഉണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. ഭൂമി പതിച്ചുലഭിക്കുന്നതിന് നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിലെ രാജൻ, അമ്പിളി എന്നിവർ നെയ്യാറ്റിൻകര തഹസിൽദാർക്ക് അപേക്ഷ നൽകിയിരുന്നു. അപേക്ഷ എൽ.എ രേഖകൾ തയാറാക്കി ലഭ്യമാക്കുന്നതിന് 2020 ഫെബ്രുവരി 10ന് അതിയന്നൂർ വില്ലേജ് ഓഫിസർക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
വിലയാധാരപ്രകാരം ഭൂമി ലഭിച്ച സുഗന്ധിയോ അവരിൽനിന്ന് ഭൂമി കൈമാറി ലഭിച്ച വസന്തയോ പട്ടയത്തിന് അപേക്ഷിച്ചതായോ അവരുടെ പേരിൽ പട്ടയം ലഭിച്ചിട്ടുള്ളതായോ രേഖകളില്ല. ലക്ഷംവീട് കോളനിയിൽ കൈവശമുള്ള ഭൂമിയിന്മേൽ സ്ഥിരാവകാശം ലഭിക്കുന്നതിന് 1988 ജൂലൈ 18നാണ് സർക്കാർ ഉത്തരവിട്ടത്. അതുപ്രകാരമാണ് ലക്ഷംവീട് പദ്ധതിയിൽ അർഹരായ കൈവശക്കാരുടെ ഭൂമിക്ക് പട്ടയം നൽകിയത്. ഉത്തരവിലെ വ്യവസ്ഥ (അഞ്ച്) പ്രകാരം പതിച്ചുനൽകുന്ന ഭൂമി കൈമാറ്റം ചെയ്യുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ, 1988ലെ ഉത്തരവ് ഭേദഗതി വരുത്തി റവന്യൂ വകുപ്പ് 1997 മേയ് 20ന് മറ്റൊരു ഉത്തരവ് ഇറക്കി. അതുപ്രകാരം പതിച്ചുനൽകിയ ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ല. എന്നാൽ, കൈമാറ്റം ചെയ്തു കഴിഞ്ഞ സ്ഥലത്തിെൻറ നിലവിലുള്ള കൈവശക്കാർ അർഹരും സാമ്പത്തികമായി ദുർബല വിഭാഗത്തിൽപെട്ടവരും ആണെങ്കിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗീകരിക്കുന്നപക്ഷം അവർക്ക് പട്ടയം നൽകാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തിരുന്നു.
ഇവിടെ ഭൂമിയിൽ വനജാക്ഷിക്കുള്ള അവകാശം പരിശോധിക്കാതെയാണ് 2005 ജൂലൈ 12ന് വില്ലേജ് ഓഫിസറുടെ ചാർജ് വഹിച്ചിരുന്ന എസ്.വി.ഒ പോക്കുവരവ് ഉത്തരവായത്. അതിനാൽ 2005ലെ പോക്കുവരവ് റദ്ദ് ചെയ്യണമെന്നാണ് കലക്ടറുടെ റിപ്പോർട്ട്. ഭൂമി അന്യാധീനപ്പെടുത്താൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കെയാണ് 2001ലും 2006ലും ഭൂമി കൈമാറ്റം നടത്തിയത്. അതിനാൽ കൈമാറ്റങ്ങൾ നിയമാനുസൃതമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സർക്കാർ സംവിധാനത്തിലെ അട്ടിമറിയും കെടുകാര്യസ്ഥതയുമല്ലേ രണ്ടു ജീവനുകളെ ബലികൊടുത്തത്?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.