കലാപകാരികൾ തകർത്ത കടകളിലൊന്ന്

റൂർക്കിയിലന്നേരമെന്ത് നടന്നു?

കർണാടകക്കും രാജസ്ഥാനും മധ്യപ്രദേശിനും ഡൽഹിക്കുമൊപ്പം ഘോഷയാത്രയുടെ മറവിൽ ഹിന്ദുത്വ വർഗീയ സംഘങ്ങൾ അതിക്രമം അഴിച്ചുവിട്ടു ഉത്തരാഖണ്ഡിലെ റൂർക്കിയിൽ. പീഡനം ഭയന്ന് നിരവധി ഗ്രാമീണർ നാടുവിട്ടുപോയിരിക്കുന്നു. മുഖ്യധാര മാധ്യമങ്ങൾ കാര്യമായി കടന്നുചെന്നിട്ടില്ലാത്ത ഗ്രാമങ്ങളിലേക്ക് ത്രിപുര വർഗീയകലാപം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ സംഘ്പരിവാർ-പൊലീസ് വേട്ട നേരിടേണ്ടിവന്ന യുവ മാധ്യമപ്രവർത്തക സമൃദ്ധി സകുനിയ യാത്രചെയ്ത് തയാറാക്കിയ റിപ്പോർട്ട്

ജലാൽപൂരിൽ നിറയെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. ഹരിദ്വാർ ജില്ലയിലെ റൂർക്കിയിലുള്ള ഒരു ചെറുഗ്രാമമാണിത്- സംസ്ഥാന-ദേശീയ രാഷ്ട്രീയവുമായൊന്നും പ്രത്യേകിച്ച് എന്തെങ്കിലുമൊരു ബന്ധമില്ലാത്ത ദേശം. ഇവിടേക്കുള്ള വഴികളിലെ നിശ്ശബ്ദത കണ്ടാൽ ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾ ഇവിടെ അരങ്ങേറുമെന്ന് വിശ്വസിക്കാനേ കഴിയില്ല. പക്ഷേ, ഇതേ നിശ്ശബ്ദമേഖലയിലാണ് ഒരാഴ്ച മുമ്പ് ഏകപക്ഷീയമായ ആക്രമണങ്ങളും മുസ്‍ലിം കുടുംബങ്ങളുടെ കൂട്ടപലായനവും അരങ്ങേറിയത്.

ഏപ്രിൽ 16ന് ബജ്റംഗ് ദൾ നേതാവ് നവ്നീത് സിങ് സംഘടിപ്പിച്ച ഹനുമാൻ ജയന്തി ആഘോഷം പൊടുന്നനെ അക്രമാസക്തമാവുകയും മുസ്‍ലിം വീടുകൾ, കടകൾ, സ്വത്തുവകകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെടുകയുമായിരുന്നു. രാജ്യത്ത് ഹൈന്ദവ ആഘോഷങ്ങളുടെ മറവിൽ ഈയിടെ ആക്രമണങ്ങൾ പൊട്ടിപ്പുറപ്പെട്ട ഒമ്പതാമത്തെ സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

നാല് അയൽഗ്രാമങ്ങളിലെ ആളുകളാണ് ആഘോഷയാത്രക്കായി ഒരുമിച്ചുകൂടിയത്. കാവി ഷാളുകൾ ധരിച്ച രണ്ടായിരത്തോളം ആളുകൾ അണിനിരന്ന ജാഥ തുടക്കം സമാധാനപൂർണമായിരുന്നുവെങ്കിലും പിന്നീട് ഗ്രാമം മുഴുവൻ കത്തിയ വാഹനങ്ങളുടെ പുകയിൽ മുങ്ങി. മുസ്‍ലിംകളുടെ കടകളിലേക്കും വീടുകളിലേക്കും കല്ലുകൾ വർഷിക്കാൻ തുടങ്ങി.

''ഞങ്ങൾ വലിയ സന്തോഷത്തിൽ ജാഥയുടെ വിഡിയോ റെക്കോഡ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, ആ ജാഥ ഞങ്ങളുടെ ദുരിതങ്ങൾക്ക് വഴിവെക്കുമെന്ന് ആരറിഞ്ഞു -പ്രദേശവാസിയായ രേഷ്മ പറയുന്നു. അവരുടെ ബന്ധുവിനെ കലാപകാരികൾ മർദിച്ചു, വീടുകൾ തകർത്തു, വാഹനങ്ങൾ കത്തിച്ചു ചാമ്പലാക്കി. അവരുടെ കൈയിൽ തോക്കും വാളും വടികളുമുണ്ടായിരുന്നു. വീടുകളിൽ ഇരച്ചുകയറി പെൺമക്കളെ ഇറക്കിവിടൂ, ഞങ്ങൾ 'ശരി'യാക്കിത്തരാം എന്ന് വിളിച്ചു കൂവിക്കൊണ്ടിരുന്നു.

ജലാൽപൂരിലെ 1200 മുസ്‍ലിം കുടുംബങ്ങളിൽ പകുതിയോളം പേർ ഗ്രാമം വിട്ടിരിക്കുന്നു, ചിലർ തിരിച്ചുവരാൻ ഒരുങ്ങുന്നുണ്ട്. പള്ളിക്കടുത്തുള്ള വീടുകളും കടകളും തകർത്തിരിക്കുന്നത് ഗ്രാമത്തിൽ തുടരുന്നവർ കാണിച്ചു തന്നു.

''എന്തെങ്കിലും കുറ്റം ചെയ്തതുകൊണ്ടല്ല ഞങ്ങളുടെ കുടുംബക്കാർ നാടുവിട്ടുപോയിരിക്കുന്നത്, മക്കളുടെ കാര്യമോർത്ത് പേടിച്ചിട്ടാണ്. പൊലീസ് ഭൂരിപക്ഷക്കാരുടെ കൂടെയാണ്, സ്വന്തം വീടുകൾ ബുൾഡോസർ കൊണ്ട് ഇടിച്ചുപൊളിക്കുന്നത് കാണാൻ അവരാരും ആഗ്രഹിക്കുന്നില്ല - അവർ പറയുന്നു.

ആക്രമണം ആസൂത്രിതം, അന്വേഷണത്തിൽ പക്ഷപാതം

പള്ളിയുടെ അടുത്ത് താമസിക്കുന്ന അഖ്തരി എന്ന 60 വയസ്സുകാരി ആക്രമണം നടന്ന രീതി വിശദീകരിച്ചു. രണ്ടായിരമോ മൂവായിരമോ ആളുകളുണ്ടായിരുന്നു ജാഥയിൽ. ചാക്കുകളിൽ കല്ലുകൾ നിറച്ചുവന്ന് അവരത് എറിയുമ്പോൾ മുല്ലോ ജാഓ പാകിസ്താൻ എന്നും മറ്റുമുള്ള മുസ്‍ലിംവിരുദ്ധ ഗാനങ്ങളാണ് വാഹനത്തിൽനിന്ന് മുഴങ്ങിയിരുന്നത്. പള്ളിയോട് ചേർന്നാണ് അവർ നിലയുറപ്പിച്ചിരുന്നത്. റാലിയിൽനിന്ന് ഒരാൾ ഓടി വീട്ടിൽക്കയറി കൊലവിളി മുഴക്കിയപ്പോൾ പെൺമക്കളെയും കൂട്ടി താൻ ഒരു മുറിയിൽ അടച്ചിരിക്കുകയായിരുന്നുവെന്ന് അഖ്തരി പറയുന്നു. ഇവരുടെ മൂന്നുമാസം പ്രായമുള്ള പേരക്കുട്ടി മുഖത്ത് ആഴത്തിൽ മുറിവുപറ്റി ആശുപത്രിയിലാണ്.

പിറ്റേ ദിവസം പൊലീസ് എത്തി പറഞ്ഞത് 40 മുസ്‍ലിംകളെ വിട്ടുകിട്ടണമെന്നും ഇല്ലാത്തപക്ഷം വീടുകൾ ഇടിച്ചു നിരത്തിക്കളയുമെന്നുമാണ്. പുതിയ റിപ്പോർട്ടുകൾ പ്രകാരം 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

പർവീന്റെ മകൻ നടത്തുന്ന ഇലക്ട്രോണിക്സ് കട മുദ്രാവാക്യം വിളിച്ചു വന്ന അക്രമികൾ പൂർണമായി നശിപ്പിച്ചു. കടയിലുണ്ടായിരുന്ന വസ്തുക്കൾ മുഴുവൻ പൊട്ടിച്ച് പൊളിച്ചിട്ടിരുന്നു. ഒച്ചയും ബഹളവും കേട്ട് ഞങ്ങൾ വന്നു നോക്കുമ്പോൾ വീട്ടിലേക്ക് കല്ലേറ് തുടങ്ങി. പ്രദേശത്തെ ഏക മുസ്‍ലിം വീടാണ് ഹൃദ്രോഗിയായ പർവീന്റേത്. ചുറ്റുപാടുമുള്ള മറ്റു വീടുകൾക്കൊന്നും ഒരു പോറൽപോലുമില്ലെന്ന് അവർ പറയുന്നു. അയൽക്കാരാണ് കൈയേറ്റമെല്ലാം നടത്തിയത്. വീട്ടിൽ അതിക്രമിച്ചുകയറുകയും പെൺമക്കളെ അടിക്കുകയുമെല്ലാം ചെയ്തിട്ടും ഒരാളും സഹായത്തിനുമെത്തിയില്ല.

ഫർഹാൻ അലിക്ക് കഴിഞ്ഞയാഴ്ച വരെ സ്വന്തമായി ഒരു ഇ-റിക്ഷയും വാഗനറും രണ്ടു മോട്ടോർ സൈക്കിളുകളുമുണ്ടായിരുന്നു. ഇപ്പോൾ അവയെല്ലാം ചാരമായിരിക്കുന്നു. ഈ കലാപം വെറുമൊരു തെരുവുയുദ്ധമായിരുന്നില്ല. മറിച്ച്, സമുദായത്തെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ആക്രമണംതന്നെയായിരുന്നുവെന്ന് ഫർഹാൻ.

ആക്രമണത്തിന്റെ പിറ്റേ ദിവസം 48 മണിക്കൂറിനുള്ളിൽ മുസ്‍ലിം വീടുകൾ പൊലീസ് തകർത്തില്ലെങ്കിൽ ഞങ്ങൾ ബുൾഡോസർ വെക്കുമെന്നും ധരം സൻസദ് നടത്തുമെന്നും ഹിന്ദുത്വ നേതാവ് യതീന്ദ്രനാഥ് നടത്തിയ ഭീഷണിയുടെ വിഡിയോ വൈറലായിരുന്നു.

മുസ്‍ലിം പ്രദേശത്ത് നിർത്തിയിട്ടിരിക്കുന്ന ബുൾഡോസറുകളെക്കുറിച്ച് സബ്ഡിവിഷനൽ മജിസ്ട്രേറ്റ് ബ്രിജേഷ് തിവാരിയോട് ഞാൻ അന്വേഷിച്ചു- ആരാണ് അതു കൊണ്ടിട്ടതെന്ന് അറിവില്ലെന്നും മറ്റെന്തോ ജോലികൾക്കായി മുമ്പേ ഇവിടുള്ളതാണെന്നുമായിരുന്നു മറുപടി.

ബുൾഡോസർ രാഷ്ട്രീയം അത്യാവശ്യമാണെന്നാണ് ഭഗ്‍വാൻപുരിലെ ബജ്റംഗ് ദൾ പ്രസിഡന്റ് ചന്ദൻ സിങ്ങിന്റെ പക്ഷം. അവന്മാർക്കുള്ള ശരിയായ ചികിത്സ ഇതുതന്നെയാണെന്നും ഡി.ജി.പിക്കും മറ്റ് അധികാരികൾക്കും ബുൾഡോസർ ഇവിടെ എത്തിച്ച കാര്യം അറിയാമെന്നും ചന്ദൻ പറയുന്നു.

റൂർക്കിയുടെ വിദ്വേഷചരിതം

ഹിന്ദുക്കളും ഇതര മതസ്ഥരും തമ്മിലെ വർഗീയസംഘർഷം ഇവിടെ പുതിയ കാര്യമൊന്നുമല്ല. ഹിന്ദുത്വ ആക്രമികൾ എല്ലാവരെയും ഉപദ്രവിക്കാറുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിൽ ക്രൈസ്തവ പ്രാർഥനാലയത്തിൽ ആരാധന നടക്കവെ കയറി അതിക്രമം നടത്തിയ കേസിൽ 200 ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈമാസം മാർച്ചിലും തീവ്രവാദികൾ ആക്രമണം നടത്തുകയും ക്രൈസ്തവ വിശ്വാസികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഞാൻ ഹിന്ദുവാണെന്നറിഞ്ഞപ്പോൾ ഓംപാൽ എന്ന ഗ്രാമവാസി തുറന്നു സംസാരിക്കാൻ തയാറായി -നോക്കൂ മാഡം, ഇവിടത്തെ മുസ്‍ലിംകൾക്ക് പാകിസ്താനി മനസ്സാണ്, ക്രിക്കറ്റ് മാച്ച് നടക്കുമ്പോൾ ഇവർ പാകിസ്താനുവേണ്ടി ആവേശംകൊള്ളും. അവർ മോദി നൽകുന്ന സൗജന്യ റേഷൻ കഴിക്കുകയും അദ്ദേഹത്തെ കുറ്റംപറയുകയും ചെയ്യുന്നു.

പേരു പുറത്തുപറയാൻ കൂട്ടാക്കാത്ത മറ്റു ഗ്രാമവാസികൾക്കും ഇവിടത്തെ പ്രശ്നം പരിഹരിക്കാൻ ഒരൊറ്റ നിർദേശമേയുള്ളൂ -അക്കൂട്ടരുടെ വീടുകൾ ബുൾഡോസർ വെച്ച് നിരത്തുക.  

Tags:    
News Summary - What happened in Roorkee?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.