കഴിഞ്ഞ ആറുവർഷത്തിനിടെ ബ്രിട്ടന് നാലു പ്രധാനമന്ത്രിമാരാണുണ്ടായത്. അവരുടെ പുതിയ ധനമന്ത്രി മിനി ബജറ്റ് അവതരിപ്പിച്ച് 38 മണിക്കൂറിനുള്ളിൽ പുറത്താക്കപ്പെട്ടു. വർധിച്ചുവരുന്ന ഊർജ ചെലവ് നേരിടാൻ കുടുംബങ്ങളെ സഹായിക്കുന്ന നികുതിയിളവും സാമ്പത്തിക പാക്കേജുകളും ബജറ്റിൽ ഉണ്ടായിരുന്നിട്ടും ഇത് സംഭവിച്ചു. നികുതിയിളവുകൾ വിപണിയെ ആഹ്ലാദിപ്പിക്കുന്നതിന് പകരം സാമ്പത്തിക വ്യവസ്ഥയെ തകർച്ചയുടെ വക്കിലാണെത്തിച്ചത്. ലോകത്തെ ഏറ്റവും വലിയ ആഗോള സാമ്പത്തികകേന്ദ്രം സ്ഥിതിചെയ്യുന്ന രാജ്യത്ത് ഇതൊന്നും പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ 12 വർഷമായി കൺസർവേറ്റിവ് പാർട്ടിയാണ് രാജ്യം ഭരിക്കുന്നത്. നികുതിയിളവുകൾക്കായി നിലകൊള്ളുന്നവരെന്ന അവരുടെ പ്രതിച്ഛായക്കു വിരുദ്ധമായി ഇക്കാലയളവിൽ നികുതി ഉയർന്നു.
നികുതിയിളവ് സാമ്പത്തിക വളർച്ചക്ക് ഉത്തേജനം നൽകുമെന്ന് അവർ കരുതിയിട്ടുണ്ടാകണം. പുറത്താക്കപ്പെട്ട ധനമന്ത്രി ക്വാസി ക്വാർട്ടെങ് ഉയർന്ന നികുതി ബ്രാക്കറ്റ് 45ൽ നിന്ന് 40 ശതമാനമായും മൊത്തത്തിലുള്ള നികുതി 20ൽനിന്ന് 19 ശതമാനമായും കുറച്ചു. കോർപറേറ്റ് നികുതി പോലും 25 ശതമാനത്തിലേക്ക് നീങ്ങാതെ 19 ശതമാനത്തിൽ നിലനിർത്തണമെന്നായിരുന്നു മിനി ബജറ്റിലെ നിർദേശം.
നികുതിയുടെ പകുതിയോളം ഏറ്റവും ഉയർന്ന വരുമാനമുള്ള അഞ്ചു ശതമാനത്തിൽനിന്നായിരുന്നു. യഥാർഥത്തിൽ വൻകിട വ്യവസായികൾ ഉയർന്ന ലാഭം കാണിക്കാനാണ് സാധ്യത. അത് അവരുടെ ഓഹരി മൂല്യം വർധിപ്പിക്കും. എന്നാൽ, ജി.ഡി.പി അങ്ങനെയല്ല. നികുതിയിളവ് നികുതിവരുമാനം വർധിപ്പിക്കുമെന്ന 'സപ്ലൈ സൈഡ് മന്ത്രം' ഉണ്ടായിരിക്കെത്തന്നെ, മിതമായതോതിലെ നികുതിയിളവുകൊണ്ട് നികുതി വരുമാനം വർധിക്കില്ലെന്ന് ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളിലും നാം കണ്ടു.
ട്രസ് ഭരണകൂടം നിർദേശിച്ച നികുതിയിളവുകൾ കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും വലുതായിരുന്നു. ഇതുകൊണ്ട് വരുമാനത്തിലുണ്ടാകുന്ന കുറവുനികത്താൻ 60 ബില്യൻ പൗണ്ടിന്റെ കടമെടുപ്പും പ്രഖ്യാപിച്ചു. ഈ കടമെടുപ്പും നികുതിയിളവും ധനകാര്യ നിക്ഷേപകർക്ക് ഇഷ്ടമായില്ല. നിങ്ങൾക്ക് നിക്ഷേപകരെ കബളിപ്പിക്കാൻ കഴിയില്ല, പ്രത്യേകിച്ച് ബജറ്റ് വിശ്വസനീയമല്ലെങ്കിൽ. ബോണ്ടുകൾ വൻതോതിൽ വിൽക്കപ്പെട്ടു, മൂല്യം കുത്തനെ ഇടിഞ്ഞു. വലിയ പെൻഷൻ ഫണ്ടുകളെ ഇത് ബാധിച്ചു. ബോണ്ട് ഉൾപ്പെടെ ദ്രവ ആസ്തികൾ വിറ്റഴിച്ചാണ് അവർ പണം കണ്ടെത്തിയത്. വൻ തകർച്ച ഒഴിവാക്കാൻ യു.കെ സർക്കാറിന് ഇടപെടേണ്ടിവന്നു. ഒരു വികസിത രാജ്യത്ത് കേട്ടുകേൾവിപോലുമില്ലാത്ത വിധം 62 ബില്യൻ പൗണ്ട് വിനിയോഗിച്ചായിരുന്നു ഇടപെടൽ. സാമ്പത്തികവ്യവസ്ഥ തകർച്ചയുടെ അടുത്തെത്തി. അന്താരാഷ്ട്ര നാണയനിധി പോലും യു.കെ ബജറ്റ് നിർദേശങ്ങളെ നിശിതമായി വിമർശിച്ചു. പണപ്പെരുപ്പം പത്തുശതമാനം എന്ന ചരിത്രത്തിലെ ഉയർന്ന നിരക്കിൽ നിൽക്കുമ്പോൾ വൻ നികുതിയിളവുകളും സാമ്പത്തിക വിപുലീകരണവും പ്രഖ്യാപിക്കുന്നത് അബദ്ധമായിരുന്നു. ഇത് പണപ്പെരുപ്പം കൂടുതൽ വഷളാക്കുകയേയുള്ളൂ. ഏതായാലും സർക്കാറിന് തീരുമാനം റദ്ദാക്കേണ്ടിവന്നു.
യു.കെ പ്രതിസന്ധിയിൽനിന്ന് പഠിക്കേണ്ട പാഠങ്ങൾ താഴെപ്പറയുന്നവയാണ്. വരുമാനത്തിലെയും സമ്പത്തിലെയും അസമത്വം കുത്തനെ ഉയർന്നിരിക്കുന്ന സമയത്ത് ട്രിക്കിൾ ഡൗൺ ഇക്കണോമിക്സ് (അതിസമ്പന്നർക്ക് ഇളവ് നൽകുന്ന സാമ്പത്തിക നയങ്ങൾ) അവലംബിക്കരുത്. അവർ സമ്പത്ത് ചെലവഴിക്കുന്നതിലൂടെ താഴെത്തട്ടിൽ ജോലിയും വരുമാനവും സൃഷ്ടിക്കപ്പെടുമെന്ന പ്രതീക്ഷ വെറുതെയാണ്. രണ്ടാമതായി, പണപ്പെരുപ്പം രൂക്ഷമാകുമ്പോൾ, സാമ്പത്തിക വിപുലീകരണത്തിന് ശ്രമിക്കരുത്. ജനുവരിയിൽ വരാനിരിക്കുന്ന ഇന്ത്യയുടെ കേന്ദ്ര ബജറ്റിനുള്ള മാർഗനിർദേശമായി ധനമന്ത്രി സൂചിപ്പിച്ച കാര്യമാണിത്.
മൂന്നാമതായി, എണ്ണവില വളരെ ഉയർന്നിരിക്കുന്ന സമയത്ത് മിനി ബജറ്റിൽ പ്രഖ്യാപിച്ച കോർപറേറ്റ് നികുതികൾ വെട്ടിക്കുറക്കുന്നതിന് പകരം യു.കെയിൽ തന്നെ പരീക്ഷിച്ച വിൻഡ്ഫാൾ ഗെയിൻസ് ടാക്സ് (അസാധാരണ സാഹചര്യത്തിൽ കമ്പനികൾക്ക് പെട്ടെന്ന് വൻ ലാഭം ലഭിക്കുമ്പോൾ സർക്കാർ ചുമത്തുന്ന പ്രത്യേക നികുതി) ചുമത്തുന്നതാണ് നല്ലത്. യുക്രെയ്ൻ യുദ്ധം മൂലം വൻ ലാഭമുണ്ടായ എണ്ണക്കമ്പനികൾക്ക് ഇന്ത്യയും വിൻഡ്ഫാൾ ഗെയിൻ ടാക്സ് പരീക്ഷിക്കുകയാണ്.
നാലാമതായി, പുതിയ നിക്ഷേപങ്ങൾ അടിസ്ഥാന സൗകര്യങ്ങളിലുള്ള പൊതുനിക്ഷേപത്തിൽനിന്നാണ് വരേണ്ടത്. നികുതി വെട്ടിക്കുറക്കുന്നതിനുപകരം പുതിയ നിക്ഷേപങ്ങൾക്കായി ധനസ്രോതസ്സുകൾ കരുതിവെക്കണം.
അഞ്ചാമതായി സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിരതക്ക് കൂടുതൽ ഊന്നൽ നൽകണം. സാമ്പത്തികവ്യവസ്ഥയുടെ പ്രതിരോധശേഷി കൂടുതലായിരിക്കണം. ഇന്ത്യയിൽ ഓഹരിവിപണിയിൽ വൻതോതിൽ വിറ്റഴിക്കൽ നടക്കുകയാണെങ്കിൽ ബാലൻസ് ഷീറ്റ് വഴിയോ മാർജിൻ കാൾ വഴിയോ തുടർ പ്രതികരണങ്ങൾ ഉണ്ടാകില്ലേ? ബാങ്കുകൾ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ടോ അല്ലെങ്കിൽ അമിതമായി പ്രാധാന്യം ലഭിക്കുന്നുണ്ടോ? കോൺസെൻട്രേഷൻ റിസ്ക് (ഒരു കൂട്ടം ഒന്നിച്ച് ഹിതകരമല്ലാത്ത ദിശയിലേക്ക് ചലിക്കുന്നതുമൂലമുള്ള നഷ്ട/മൂല്യത്തകർച്ചാ സാധ്യത) ഉണ്ടോ? ബ്രിട്ടനിൽനിന്ന് ചില പാഠങ്ങൾ പഠിക്കാനുണ്ട്. യു.കെയിലെ വെള്ളിവെളിച്ചം എന്താണെന്നുവെച്ചാൽ സർക്കാർ വേഗത്തിൽ പാഠം പഠിച്ച് യു ടേൺ എടുത്തു എന്നതാണ്.
(സാമ്പത്തിക ശാസ്ത്രജ്ഞനും ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് വൈസ് ചാൻസലറുമാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.