മുസ്ലിം ലീഗിനെ പിളർത്തി കാൽനൂറ്റാണ്ടു മുമ്പ് സി.പി.എം രൂപവത്കരിച്ച പാർട്ടിയാണ് ഇന്ത്യൻ നാഷനൽ ലീഗ്. ലീഗിനെയും യു.ഡി.എഫിനെയും ദുർബലപ്പെടുത്തുകയെന്ന സി.പി.എം അജണ്ടയിൽ പിറന്ന ഈ പാർട്ടിയിൽ അന്ന് ചേർന്നവർ കരുതിയത് എളുപ്പത്തിൽ ഇടതുമുന്നണിയിൽ ചേക്കേറാമെന്നായിരുന്നു.
എന്നാൽ, മതേതരത്വം തെളിയിക്കാൻ കാൽനൂറ്റാണ്ട് ഐ.എൻ.എല്ലിനെ സി.പി.എം വെയിലത്തു നിർത്തി. വർഗീയകക്ഷികളെ എൽ.ഡി.എഫിെൻറ നാലയലത്ത് അടുപ്പിക്കരുതെന്ന് സി.പി.എമ്മിൽ അന്ന് ശക്തനായിരുന്ന വി.എസ്. അച്യുതാനന്ദൻ നിലപാടെടുത്തു. പാർട്ടിയിലെ ബഹുഭൂരിഭാഗവും അതിനോട് യോജിച്ചു. സി.പി.ഐയും ഇതേ അഭിപ്രായക്കാരായിരുന്നു. അതോടെ ഐ.എൻ.എല്ലിെൻറ പ്രതീക്ഷ തകർന്നു.
മതേതരത്വം തെളിയിക്കാൻ, പഠിച്ച പണികൾ പലതും ചെയ്തിട്ടും സി.പി.എം അനുകമ്പ കാണിച്ചില്ല. ഒടുവിൽ പാർട്ടി ഏറക്കുറെ ഈർക്കിൽ പരുവത്തിലായപ്പോഴാണ് മുന്നണിപ്രവേശനം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് മുന്നണി വികസിപ്പിച്ച് ശക്തി വർധിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായിട്ടാണ് ഐ.എൻ.എല്ലിന് സി.പി.എം ഇടം നൽകിയത്.
ഐ.എൻ.എല്ലിെൻറ ശക്തി തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ നാട്ടുകാർക്ക് ബോധ്യപ്പെടുകയും ചെയ്തു! രാഷ്ട്രീയപ്രവർത്തന പാരമ്പര്യമുള്ള ആരെങ്കിലും ജനറൽ സെക്രട്ടറിയായി വരണമെന്ന് സംസ്ഥാന പ്രസിഡൻറ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും സി.പി.എമ്മിന് അഭിമതനായ ആൾ എന്ന ലേബലിലാണ് കാസിം ഇരിക്കൂർ ജനറൽ സെക്രട്ടറിയായത്.
അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് സംഘടിപ്പിക്കാൻ വേണ്ടിയാവാം, സി.പി.എമ്മിനും കോടിയേരിക്കും വേണ്ടിയുള്ള കൂലിയെഴുത്തിെൻറ ഉത്തമ ഉദാഹരണമാണ് കോടിയേരി ബാലകൃഷ്ണൻ രമേശ് ചെന്നിത്തലക്കെതിരെ ഉന്നയിച്ച ആർ.എസ്.എസ് ആരോപണം ഏറ്റെടുത്ത് കോടിയേരിക്കു മുന്നിൽ നല്ലപിള്ള ചമയാൻ 'മാധ്യമ'ത്തിൽ ആഗസ്റ്റ് 14ന് എഴുതിയ ലേഖനം.
ഒരാളെ ആർ.എസ്.എസായി മുദ്രകുത്തുമ്പോൾ ഉപോദ്ബലകമായ തെളിവുകൾ വേണം. ഈ പ്രാഥമിക മര്യാദ ലേഖകൻ കാണിച്ചിട്ടില്ല. രമേശ് ചെന്നിത്തല ആർ.എസ്.എസാണെന്നു പറയുമ്പോൾ ഒന്നുകിൽ എസ്. രാമചന്ദ്രൻ പിള്ളയെ പോലെ ആർ.എസ്.എസ് ശാഖയിൽ പോയുള്ള പരിചയമെങ്കിലും അദ്ദേഹത്തിന് വേണ്ടതായിരുന്നു.
അതല്ലെങ്കിൽ ചുരുങ്ങിയപക്ഷം, തലശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോഴെല്ലാം ആർ.എസ്.എസ് വോട്ടുകൾ വാങ്ങിയ കോടിയേരി ബാലകൃഷ്ണനുള്ളതുപോലെ (കണക്കുകൾ പ്രതിപക്ഷ നേതാവ് 'മാധ്യമം' ലേഖനത്തിൽ നിരത്തിയിരുന്നു) ദൃഢമായ സംഘ്പരിവാർ ബന്ധമെങ്കിലും ഉണ്ടായിരിക്കണം. കോടിയേരിക്ക് തെരഞ്ഞെടുപ്പിൽ വോട്ടുകൾ വർധിച്ചപ്പോഴെല്ലാം ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ടു കുറഞ്ഞത് കോൺഗ്രസിന് ചെയ്തതുകൊണ്ടാണെന്ന വിചിത്രമായ കണ്ടുപിടിത്തമാണ് ലേഖകൻ നടത്തുന്നത്.
ആർ.എസ്.എസ് നൽകുന്ന പിന്തുണക്ക് കാലാകാലങ്ങളിൽ പ്രത്യുപകാരം നൽകിപ്പോന്ന ആളാണ് കോടിയേരി ബാലകൃഷ്ണൻ. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് സി.പി.എം പ്രവർത്തകരെ കൊലചെയ്ത കേസുകളിൽ പ്രതികളായ, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊടും ക്രിമിനലുകളായ ആർ.എസ്.എസുകാരെ കോടിയേരി ജയിലിൽനിന്ന് വിട്ടയച്ചിട്ടുണ്ട്. വി.എസ് സർക്കാറിെൻറ അവസാന കാലത്ത് 209 തടവുപുള്ളികളെ വിട്ടയക്കാൻ സർക്കാർ തീരുമാനിച്ചു. മഹാത്മ ഗാന്ധിയുടെ 150ാം ജന്മവാർഷികം പ്രമാണിച്ച് കേന്ദ്ര സർക്കാർ നൽകിയ ഇളവനുസരിച്ചായിരുന്നു അത്.
അന്ന് ജയിൽ വകുപ്പിെൻറ ചുമതലയുള്ള ആഭ്യന്തര മന്ത്രിയായിരുന്നു കോടിയേരി. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിൽ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവർ ലിസ്റ്റിലുണ്ടായിരുന്നു. യുവമോർച്ച വൈസ് പ്രസിഡൻറായിരുന്ന കെ.ടി. ജയകൃഷ്ണൻ മാസ്റ്ററെ ക്ലാസ്മുറിയിൽ കുട്ടികൾക്കു മുന്നിൽ വെട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതി അച്ചാരമ്പത്തു പ്രദീപനും ആ ലിസ്റ്റിൽ ഉൾപ്പെട്ടു.
തലശ്ശേരി ഫാസ്റ്റ് ട്രാക്ക് കോടതി പ്രദീപനെ വധശിക്ഷക്ക് വിധിച്ചെങ്കിലും അപ്പീലിൽ സുപ്രീംകോടതി അത് ജീവപര്യന്തം ആക്കിയിരുന്നു. പത്തുകൊല്ലം പോലും ജയിലിൽ കിടക്കാത്ത അയാളടക്കം കണ്ണൂർ സെൻട്രൽ ജയിലിലെ 45 തടവുകാരെയാണ് വിട്ടയക്കാൻ തീരുമാനിച്ചത്. ജയകൃഷ്ണൻ മാസ്റ്ററുടെ അമ്മ കൗസല്യ ഇതിനെതിരെ ഹൈകോടതിയെ സമീപിച്ചു. ഇതോടെ സി.പി.എം നേതൃത്വം ആർ.എസ്.എസ് നേതാക്കളുമായി രഹസ്യചർച്ച നടത്തി.
പ്രദീപെൻറ മോചനത്തെ എതിർക്കാതിരുന്നാൽ ആർ.എസ്.എസ് പറയുന്നവരെകൂടി ഉൾപ്പെടുത്തി പുതിയ ലിസ്റ്റ് ഉണ്ടാക്കാമെന്ന് കോടിയേരി ഉറപ്പുനൽകി. അതനുസരിച്ച് കൗസല്യയെക്കൊണ്ട് ആർ.എസ്.എസ് പരാതി പിൻവലിപ്പിച്ചു.
ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ട ഇരട്ടക്കൊലക്കേസ് പ്രതികളടക്കം ആർ.എസ്.എസ് ലിസ്റ്റിലുള്ളവരെ സർക്കാർ വിട്ടയച്ചു. ജയകൃഷ്ണൻ മാസ്റ്റർ വധക്കേസ് പ്രതിയെ വിട്ടയച്ചതിൽ രോഷാകുലരായ ബി.ജെ.പി പ്രവർത്തകരെ അന്ന് നേതാക്കൾ സമാധാനിപ്പിച്ചത് ഇതുപറഞ്ഞാണ്.
തീവ്രരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പാർട്ടികൾ എന്ന നിലയിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിൽ ഒരു അന്തർധാര എന്നും സജീവമായി നിലനിൽക്കുന്നുണ്ട്. ഈ പാർട്ടികളിലെ നേതാക്കന്മാർക്കോ പ്രവർത്തകർക്കോ ഒന്നുവിട്ട് മറ്റേതിൽ പോകാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല.
കണ്ണൂരിൽ ബി.ജെ.പി ജില്ല പ്രസിഡൻറായിരുന്ന ഒ.കെ. വാസു ഇപ്പോൾ സി.പി.എമ്മിെൻറ മലബാറിലെ പ്രധാന നേതാവും മലബാർ ദേവസ്വം പ്രസിഡൻറുമാണ്. ബി.ജെ.പിയുടെ പ്രമുഖ നേതാവ് സി.കെ. പത്മനാഭൻ കണ്ണൂരിലെ പ്രമുഖ കമ്യൂണിസ്റ്റ് കുടുംബത്തിൽനിന്നു വന്നയാളും പാർട്ടിയുടെ പ്രമുഖ നേതാവുമായിരുന്നു. 'ദേശാഭിമാനി'യുടെ ചീഫ് എഡിറ്റർ പദവിയിൽനിന്ന് വി.ടി. ഇന്ദുചൂഡൻ നേരെ പോയത് ആർ.എസ്.എസിലേക്കാണ്.
ഇങ്ങനെ കണക്കെടുപ്പ് നടത്തിയാൽ സി.പി.എമ്മിൽനിന്നും ആർ.എസ്.എസിൽനിന്നും വന്നും പോയും ഇരിക്കുന്നവരുടെ വലിയ പട്ടികതന്നെ ലഭിക്കും. അക്രമവും ജനാധിപത്യ വിരുദ്ധതയും മുഖമുദ്രയായതുകൊണ്ടാണ് ഈ പാർട്ടികൾക്ക് ഇത്തരത്തിൽ കൊടുക്കൽവാങ്ങലുകൾ നടത്താൻ കഴിയുന്നത്.
പിണറായി വിജയനോട് ബി.ജെ.പി മൃദുനയം സ്വീകരിക്കുന്നു എന്ന് ഈയിടെ പറഞ്ഞത് ഏതെങ്കിലും കോൺഗ്രസ് നേതാവല്ല. ദീർഘകാലം കേരളത്തിൽ ആർ.എസ്.എസിെൻറ നാവായിരുന്ന പി.പി. മുകുന്ദനാണ്. ബി.ജെ.പിക്ക് സി.പി.എം ഒരു പ്രതിയോഗിയേ അല്ല. കൊച്ചുകേരളത്തിൽ മാത്രം അവശേഷിക്കുന്ന പാർട്ടിയാണ്.
നേരെമറിച്ച്, അഖിലേന്ത്യ തലത്തിൽ ബി.ജെ.പിയെ എതിർക്കാനുള്ള ഏക പ്രസ്ഥാനം കോൺഗ്രസാണ്. അതിെൻറ തകർച്ചയിലൂടെ മാത്രമേ നരേന്ദ്ര മോദിയുടെ ഫാഷിസ്റ്റ് ഭരണത്തിന് പൂർണത വരിക്കാൻ കഴിയൂ. മോദിക്കെതിരെ ഒരക്ഷരം ഉരിയാടാത്ത, മോദിക്കു മുന്നിൽ മുട്ടിടിക്കുന്ന പിണറായി വിജയൻ ഒരു തവണകൂടി കേരളത്തിൽ മുഖ്യമന്ത്രിയാകണമെന്നാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ യു.ഡി.എഫ് ശിഥിലമായി 2026ൽ കേരളത്തിൽ അധികാരം പിടിക്കാമെന്നാണ് അവർ മനപ്പായസം ഉണ്ണുന്നത്. കോൺഗ്രസ് നശിച്ചുകാണണമെന്നാണ് സി.പി.എമ്മും ആഗ്രഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.