ഇന്ത്യൻ സിനിമയിൽ വർഷങ്ങളോളം ബോളിവുഡ് ഉറപ്പിച്ചു നിർത്തിയിരുന്ന പ്രതാപത്തിന് ഇളക്കം തട്ടിയിരിക്കുന്നു. 1990കളെ അടക്കിഭരിച്ച നായകരിൽ പ്രതീക്ഷയർപ്പിച്ചും അവരുടെ പതിവുരീതികളെ ആശ്രയിച്ചുമാണ് വലിയൊരളവിൽ ഹിന്ദി സിനിമാ വ്യവസായം ഇന്നും മുന്നോട്ടുപോകുന്നത്. ഇന്ത്യൻ സിനിമയുടെ നട്ടെല്ലായി പതിറ്റാണ്ടുകൾ വർത്തിച്ച ബോളിവുഡിനെ മറികടന്ന് ദക്ഷിണേന്ത്യൻ സിനിമകൾ തുടർവിജയങ്ങൾ നേടിക്കൊണ്ടിരിക്കുന്ന പുതുകാഴ്ചകളാണ് അഭ്രപാളികളിൽ അതിശയം പടർത്തുന്നത്. ഹിന്ദിയുടെ നിഴലിൽനിന്ന് മാറി തമിഴ്, മലയാളം, തെലുങ്ക് ഭാഷാ സിനിമകൾ അഭിമാനകരമായ സുവർണകാലത്തിലാണിപ്പോൾ.
ഒരുകാലത്ത് വലിയ വാണിജ്യവിജയവും പ്രേക്ഷകസ്വീകാര്യതയും നേടിയ പോപ്പുലർ സിനിമകൾ ഉണ്ടായിരുന്നത് ബോളിവുഡിലായിരുന്നെങ്കിൽ ഇന്ന് കഥ മാറിയിരിക്കുന്നു. ബോളിവുഡിന്റെ പണക്കൊഴുപ്പിനും താരത്തിളക്കത്തിനുമിടയിൽ അരികുവൽകരിക്കപ്പെട്ടിരുന്ന മറ്റ് ഭാഷാ സിനിമകൾ-പ്രത്യേകിച്ചും ദക്ഷിണേന്ത്യൻ സിനിമകൾ-ആഗോള പ്രേക്ഷക ഹൃദയം കീഴടക്കി മുന്നോട്ട് കുതിക്കുകയാണിപ്പോൾ. പ്രേക്ഷക മനസ്സിലും ബോക്സോഫീസിലും അവ ഉയർത്തുന്ന അനുരണനങ്ങൾ ബോളിവുഡിനെ അസൂയപ്പെടുത്തുന്ന തലത്തിലെത്തിനിൽക്കുന്നു.
അനവധി കാലം പ്രതാപികളായി വാണരുളിയ ഒരു സിനിമാമേഖലയെ പിന്നിലേക്ക് തള്ളി കരുത്തുകാട്ടാൻ കഴിഞ്ഞുവെന്നത് ദക്ഷിണേന്ത്യൻ സിനിമകളെ നിസ്സാരമായി എഴുതിത്തള്ളാൻ കഴിയില്ലെന്നതിന്റെ വ്യക്തമായ തെളിവാണ്. 2022 ആദ്യത്തോടുകൂടി ഇറങ്ങിയ ബ്ലോക്ബസ്റ്റേഴ്സ് ചിത്രങ്ങളായ കെ.ജി.എഫ്, ആർ.ആർ.ആർ എന്നിവ ലോകത്താകമാനം 1100 ഉം, 1240ഉം കോടികൾ കടന്ന് കളക്ഷൻ നേടി. ഈ സിനിമകളുടെ ഹിന്ദി പതിപ്പുകൾക്ക് 260 കോടിയാണ് ആദ്യവാരംതന്നെ ലഭിച്ചത്. എന്നാൽ ഈ വർഷമിറങ്ങിയ ഭൂൽ ഭുലൈയ്യ 2, ഗംഗുഭായ് കത്തിയാവാഡി എന്നീ ബോളിവുഡ് സിനിമകൾ 262 കോടി, 209 കോടി എന്നിങ്ങനെയാണ് എത്തിയതെന്നാണ് IMDB കണക്കുകൾ പറയുന്നത്. കശ്മീർ ഫയൽസ് ആയിരുന്നു ഇതിൽ വലിയ കളക്ഷൻ നേടിയത്- 340 കോടി.
അർജന്റീന മുതൽ സൗദി അറേബ്യ വരെയുള്ള 30 രാജ്യങ്ങളിൽ നെറ്റ്ഫ്ലിക്സിന്റെ ടോപ് ടെൻ ലിസ്റ്റിൽ ഉൾപ്പെട്ട മലയാള സിനിമയാണ് ബേസിൽ ജോസഫിന്റെ മിന്നൽ മുരളി. റിലീസ് ചെയ്ത ആദ്യവാരം തന്നെ നവരസ എന്ന ആന്തോളജി ടെലിവിഷൻ സീരീസിന് ഉണ്ടായിരുന്ന പ്രേക്ഷകരിൽ 40 ശതമാനം പേരും ഇന്ത്യക്ക് പുറത്ത് നിന്നുമുള്ളവരായിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളുടെ പ്രേക്ഷകരിൽ 50 ശതമാനവും ദക്ഷിണേന്ത്യക്ക് പുറത്താണ്. അതിൽ 15 മുതൽ 20 ശതമാനം വരെ രാജ്യത്തിന് പുറത്ത് നിന്നുള്ളവരും.
ലോകമൊട്ടാകെ ജനപ്രീതി നേടുന്ന ഇന്ത്യൻ സിനിമകളിലെല്ലാം ഇന്ന് കൂടുതലും യുവതാരങ്ങളാണ് മുഖ്യവേഷങ്ങളിലെന്നത് ശ്രദ്ധേയമാണ്. ചില അഭിനേതാക്കളെ മാത്രം വെച്ച് ഹിറ്റ് സിനിമകളുണ്ടാക്കിയിരുന്ന പ്രവണതക്ക് മാറ്റം വന്നിരിക്കുന്നു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലെ അഭിനേതാക്കളായ വിജയ്സേതുപതി, നയൻതാര, സാമന്ത, സായ് പല്ലവി, ഫഹദ് ഫാസിൽ, ദുൽഖർ സൽമാൻ, യാഷ്, വിജയ് ദേവരക്കൊണ്ട, രാംചരൺ, എൻ.ടി.ആർ ജൂനിയർ എന്നിവർ അഭിനയിച്ച വിവിധ സിനിമകളാണ് ഈ വർഷം റെക്കോഡ് കളക്ഷൻ നേടിയവ. സിനിമയുടെ വിജയത്തിനപ്പുറം മേൽപറഞ്ഞ താരങ്ങൾ ദക്ഷിണേന്ത്യക്ക് പുറത്തുമുള്ള ലക്ഷക്കണക്കിന് പ്രേക്ഷകരുടെ ഇഷ്ട അഭിനേതാക്കളായി മാറികഴിഞ്ഞിരിക്കുന്നു.
അഭിനയം, ഉള്ളടക്കം, സാങ്കേതിക മികവ്
ദക്ഷിണേന്ത്യൻ സിനിമകളുടെ ആഗോള സ്വീകാര്യതയ്ക്ക് ചില കാരണങ്ങളുണ്ട്. സിനിമയുടെ കഥ, അഭിനേതാക്കളുടെ പ്രകടനം, സിനിമയിലെ സാങ്കേതിക മികവ് എന്നിവ അതിൽ ഒഴിച്ചുകൂടാനാകാത്തതാണ്. ഇക്കാര്യങ്ങളിലെല്ലാം വ്യത്യസ്തത പരീക്ഷിക്കാനുള്ള മനോഭാവവും അതിനുള്ള ശ്രമങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.
നൂതനവും വ്യത്യസ്തവുമായ പ്രമേയങ്ങളും വൈവിധ്യമാർന്ന കഥകളും അടിസ്ഥാനമാക്കി നിരവധി ദക്ഷിണേന്ത്യൻ സിനിമകളാണ് ലോക പ്രേക്ഷകർക്ക് മുന്നിലേക്ക് വരുന്നത്. വിഷയങ്ങളിലെ ഈ സമ്പന്നതയും പ്രേക്ഷകരെ വലിയ തോതിൽ ആകർഷിക്കുന്നു. പുതിയ കോണുകളിലൂടെ കഥ അവതരിപ്പിക്കുന്നത് പ്രേക്ഷകർക്ക് അപരിചിതമായ കാഴ്ചാനുഭവമായിരുന്നു. ആ പുതുമ സിനിമക്ക് പ്രത്യേകം സ്വീകാര്യത നേടിക്കൊടുത്തിരിക്കണം.
ഒന്നിനൊന്നിന് മികച്ച കഥകളാണ് അതിൽ കൂടുതലും. അവയുടെ സ്വീകാര്യത, മികച്ച ഉള്ളടക്കമുള്ള സിനിമകൾ തെരഞ്ഞെടുക്കാൻ അഭിനേതാക്കളെ പോലും നിർബന്ധിതരാക്കിയിട്ടുണ്ട്. ഭാഷയേതായാലും നല്ല കഥകൾ അതിരുകൾ കടന്ന് സഞ്ചരിക്കുകയാണ്.
വലിയ ഹൈപ്പോടുകൂടി പുറത്തിറങ്ങിയ മിക്ക ഹിന്ദി ബിഗ്ബജറ്റ് സിനിമകളും തകർന്നത് ചില പൊതുവായ കാരണങ്ങൾ കൊണ്ട് തന്നെയാണ്. ആശയ ദാരിദ്ര്യം, അവതരണത്തിലെ ആവർത്തനം, അതിരുകടന്ന താരപ്രഭ എന്നിവയെല്ലാം അതിൽപെടുന്നു. അതേസമയം വേറിട്ട കഥകളുമായി ചുരുക്കം ചില സിനിമകളും ഹിന്ദിയിൽ പുറത്ത് വരുന്നുണ്ട്.
കോവിഡ് ലോക്ക്ഡൗൺ സമയത്ത് നാലു ചുമരുകൾക്കുള്ളിൽ നിന്നും രാജ്യാതിർത്തികളില്ലാതെ ജനങ്ങൾ കണ്ടത് എണ്ണിയാലൊടുങ്ങാത്ത സിനിമകളും സീരീസുകളുമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് നിലവാരമുള്ള സിനിമകൾ അക്കാലത്തുണ്ടായി. അന്നത്തെ ജീവിതാവസ്ഥകളെകൂടി അവതരിപ്പിച്ചത് പ്രേക്ഷകരെ സിനിമയോടും, സിനിമയെ പ്രേക്ഷകരോടും ചേർത്ത് നിർത്തി. ആർക്കറിയാം, ജോജി, പുത്തൻപുതു കാലൈ തുടങ്ങിയ സിനിമകൾ ചർച്ചയായത് അതിനു തെളിവായിരുന്നു. വിനോദമാണ് സിനിമയുടെ പ്രഥമ ലക്ഷ്യമെങ്കിലും അത് മാത്രമാകാതിരിക്കാനുള്ള ശ്രമകരമായ പരീക്ഷണങ്ങളും സംവിധായകർ നടത്തുന്നുണ്ട്.
കാലോചിതമായ മാറ്റമാണ് ദക്ഷിണേന്ത്യൻ സിനിമകളിൽ വന്നിരിക്കുന്നത്. അഭിനയത്തിലും, സാങ്കേതിക വശങ്ങളിലും പ്രമേയത്തിലുമെല്ലാം അത് പ്രകടമാണ്. ബോളിവുഡിൽ നിന്നടക്കമുള്ള സംവിധായകരും അഭിനേതാക്കളും പരസ്യമായിതന്നെ ദക്ഷിണേന്ത്യൻ സിനിമകളെക്കുറിച്ച് അഭിപ്രായ പ്രകടനങ്ങൾ നടത്താറുണ്ട്. അതും ഉത്തരേന്ത്യൻ പ്രേക്ഷകരിൽ സ്വാധീനമുണ്ടാക്കിയിട്ടുണ്ട്.
അനുഗ്രഹമായ ഒ.ടി.ടി
സിനിമയുടെ കാഴ്ചാനുഭവത്തെ തന്നെ ഒ.ടി.ടി മാറ്റിമറിച്ചു. വിനോദത്തിന് ഭംഗം വരുത്താതെ തന്നെ സിനിമയുടെ വിൽപന നടത്തുന്നതിന് നെറ്റ്ഫ്ലിക്സ്, ആമസോൺ എന്നിങ്ങനെ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അനുഗ്രഹമായി മാറുകയും ചെയ്തു. ഗൗരവമേറിയ വിഷയങ്ങൾ അവതരിപ്പിക്കുന്ന സിനിമകളും ടി.വി ഷോകളും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് നിഷ്പ്രയാസം സഞ്ചരിച്ചെത്തി. ബ്ലോക്ക്ബസ്റ്ററുകളുടെ കാര്യമായാലും അങ്ങനെതന്നെ. ദക്ഷിണേന്ത്യൻ സിനിമകളിൽ വാണിജ്യ സിനിമകളും സമാന്തര സിനിമകളും ഇടകലർന്ന് കഥ പറയുന്ന രീതി കൂടി വരുന്നതും മറ്റൊരു വിശേഷമാണ്. മിന്നൽ മുരളി, ആർ.ആർ.ആർ, കുറുപ്പ്, നവരസ, പാവകഥൈകൾ എന്നിങ്ങനെ നിരവധി ദക്ഷിണേന്ത്യൻ സിനിമകൾ ഒ.ടി.ടിയിൽ തരംഗമായി മാറി.
ഏത് ജോണറുകളും ആളുകൾക്ക് അവരുടെ താൽപര്യമനുസരിച്ച് തിരഞ്ഞെടുത്ത് കാണാനും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ അവസരമൊരുക്കി. ഒ.ടി.ടി ഉറപ്പു നൽകുന്ന വാണിജ്യലാഭവും വലുതാണ്. ഇന്ത്യയിലെ ബഹുഭാഷാ സിനിമകൾ പ്രദാനം ചെയ്യുന്ന ധാരാളം വിഷയങ്ങളും കഥകളും ലോകം മുഴുവനുമെത്താൻ ഡബ്ബ്ഡ് വേർഷനുകളും സബ്ടൈറ്റിലുകളും വലിയ ഗുണം ചെയ്തിട്ടുണ്ട്. കാഴ്ചക്കാരൻ ലോകത്തിന്റെ ഏത് കോണിൽ നിന്നുള്ള ആളാണെങ്കിലും ആവശ്യപ്പെടുന്ന ഭാഷയിൽ സിനിമ കാണാനുള്ള ഒപ്ഷനും ദക്ഷിണേന്ത്യൻ സിനിമകളുടെ അതിരുകളകന്ന സ്വീകാര്യതക്ക് തുണയായി.
പുതിയ പ്രതീക്ഷകൾ
ബോളിവുഡിന് പുറത്തുനിന്നും സീരീസുകളും സിനിമകളും ചെയ്യാൻ ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ മുന്നോട്ട് വന്നു എന്നത് ശുഭസൂചനയാണ്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും സീരിസുകളടക്കം ചെയ്യാൻ നെറ്റ്ഫ്ലിക്സും ആമസോണും വരെ ഒരുക്കമായിരിക്കുന്നു. ഭാഷക്കപ്പുറം നല്ല കണ്ടന്റുകളെ സ്വീകരിക്കാനും ആസ്വദിക്കാനും അഭിനന്ദിക്കാനും ലോക പ്രേക്ഷകർ തയാറായിരിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
കേരളത്തിലെ സിനിമാ വ്യവസായത്തെ ബൃഹത്താക്കുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ സംവിധായകരും നിർമാതാക്കളും മുന്നോട്ട് വരുന്നുണ്ട്. മലയാള സിനിമകൾ മറ്റ് തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങൾക്കൊപ്പം വാണിജ്യപരമായി പിടിച്ച് നിൽക്കാനും ശ്രമിക്കുന്നുണ്ട്. കാലോചിതമായ മാറ്റത്തോടെ അന്താരാഷ്ട്ര വേദികളിലടക്കം തിളങ്ങുന്ന ദക്ഷിണേന്ത്യൻ സിനിമകൾ ആ നിലവാരം നിലനിർത്തുമെന്ന് പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.