രാജ്യത്തെ നിയമനിർമാണ സഭകളിലേക്ക് മൂന്നിലൊന്ന് സ്ത്രീ സംവരണം നിഷ്കർഷിക്കുന്ന ബിൽ നിയമമായിരിക്കുന്നു. വർഷങ്ങൾക്കുമുമ്പ് യു.പി.എ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയതാണ് ഈ ബിൽ. ഈയിടെ പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് പുതിയ പേരിൽ വീണ്ടും അവതരിപ്പിച്ച് പാസാക്കിയ എൻ.ഡി.എ സർക്കാർ ഇത് ഉടൻ പ്രാവർത്തികമാവില്ല എന്നും വ്യക്തമാക്കുന്നു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ സ്ത്രീകളുടെ വോട്ട് സമാഹരിക്കാനുള്ള അടവാണ് വനിതാ സംവരണ ബില്ലെന്ന സംശയം ശക്തിപ്പെടാൻ ഇത് വഴിവെച്ചു. തുല്യത വിഭാവനം ചെയ്യുന്ന ഒരു ഭരണഘടനയാണ് നമ്മുടേത്. അതേസമയം നമ്മുടെ നിയമസഭയിൽ സ്ത്രീകളുടെ എണ്ണം വെറും10 ശതമാനം പോലുമില്ല.
ഇന്റർ - പാർലമെന്ററി യൂനിയൻ (IPU) സമാഹരിച്ച കണക്കുകൾ പ്രകാരം 17ാം ലോക്സഭയിൽ 14.4 ശതമാനം മാത്രമാണ് സ്ത്രീ പ്രാതിനിധ്യം. ജനാധിപത്യത്തിന്റെ മാതാവ് എന്ന് പറയപ്പെടുന്ന ഇന്ത്യയുടെ ലോക്സഭയിൽ 78 വനിതകളും രാജ്യസഭയിൽ വെറും 24 പേരും മാത്രമേയുള്ളൂ എന്ന് സാരം.
രാജ്യം സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോഴത്തെ സ്ഥിതിയാണിത്. പ്രധാനമന്ത്രി, പ്രസിഡന്റ്, സ്പീക്കർ തുടങ്ങി രാജ്യത്തെ പ്രധാന പദവികളിലെല്ലാം സ്ത്രീകൾ എത്തിയിട്ടുണ്ട്. 27 സംസ്ഥാനങ്ങളിലായി 16 വനിതാ മുഖ്യമന്ത്രിമാർ ഭരിച്ചിട്ടുമുണ്ട്. യു.പിയിലും ബിഹാറിലും തമിഴ്നാട്ടിലും പിന്നെ ഡൽഹി, അസം, രാജസ്ഥാൻ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിലും സ്ത്രീകൾ മുഖ്യമന്ത്രിമാരായി. എന്നാൽ, 100 ശതമാനം സാക്ഷരരെന്ന് ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തിൽ നാളിതുവരെ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.
നവോത്ഥാന കേരളത്തിൽ വിവേചനവും വർഗീയതയും ജാതീയതയും എത്ര മാത്രമെന്ന് കാട്ടിത്തരുന്ന ചെറിയൊരുദാഹരണം മാത്രമാണത്. നിയമ നിർമാണ മേഖലയിൽ ഉറച്ച നിലപാടും പ്രാപ്തിയുമുള്ള വനിതകൾക്ക് മലയാള നാട്ടിൽ കുറവുണ്ടായിട്ടല്ല ഈ മാറ്റിനിർത്തൽ. നമ്മുടെ ഭരണഘടനാ അസംബ്ലിയിലെ 15 വനിതാ അംഗങ്ങളിൽ അമ്മു സ്വാമിനാഥൻ, ആനിമസ്ക്രീൻ, ആദ്യത്തെ ദലിത് ഗ്രാജ്വേറ്റ് ദാക്ഷായണി വേലായുധൻ എന്നിവരുണ്ടായിരുന്നു.
1948ലെ തിരു-കൊച്ചി നിയമസഭയിൽ ആനി മസ്ക്രീൻ, അക്കമ്മ ചെറിയാൻ എന്നീ രണ്ട് വനിതാ അംഗങ്ങളുണ്ടായിരുന്നു. 1952ലെ സഭയിൽ ഏക വനിതയായിരുന്നു കെ.ആർ. ഗൗരിയമ്മ. 1957ലെ ഐക്യകേരള നിയമസഭയിൽ ഗൗരിയമ്മയെ കൂടാതെ റോസമ്മ പുന്നൂസ്, ഐഷ, ലീല ദാമോദരമേനോൻ, കുസുമം ജോസഫ്, ശാരദ കൃഷ്ണ എന്നിവരുമുണ്ടായിരുന്നു. പക്ഷേ, ഒരു വനിതയെ മുഖ്യമന്ത്രിയാക്കാനുള്ള രാഷ്ട്രീയ ബോധ്യമൊന്നും നാം ഇനിയും കൈവരിച്ചിട്ടില്ല.
കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിൽ ‘പാർലമെന്ററി രംഗത്ത് സ്ത്രീകളുടെ സംഭാവനയും പങ്കാളിത്തവും’ എന്ന പാനൽ ചർച്ചയിൽ ഉയർന്നുകേട്ടത് നമ്മുടെ മൊത്തം സ്ത്രീസമൂഹത്തിന്റെ ആശങ്കകളാണ്.
രാഷ്ട്രീയ മാനങ്ങൾ ഒരുപാടുള്ള ഒരു തുറുപ്പുചീട്ടാണ് വനിത സംവരണ ബിൽ എന്നതിൽ സംശയമില്ല. 140 കോടിയിലധികം ജനങ്ങളുള്ള രാജ്യത്ത് സ്ത്രീ-പുരുഷ അനുപാതം ഏതാണ്ട് തുല്യമാണ്. എന്നിട്ടും സ്ത്രീകൾക്ക് എല്ലാ മേഖലകളിലും അവർ അർഹിക്കുന്ന പ്രാതിനിധ്യം നിഷേധിക്കപ്പെടുന്നു.
ഈ പശ്ചാത്തലത്തിൽ അടിയന്തരമായി ഒരു പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് വനിത സംവരണ ബില്ല് പാസാക്കിയെടുത്തത് പ്രാധാന്യമർഹിക്കുന്നു. 128ാമത് ഭരണഭേദഗതി ബിൽ പ്രകാരം ഇനി മുതൽ ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകളുടെ അവകാശമാണ്.
എന്നാൽ, 2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പും രാജ്യത്തെ സെൻസസ് പ്രക്രിയയും മണ്ഡല പുനർനിർണയവും കഴിഞ്ഞ് 2029ലെ പൊതുതെരഞ്ഞെടുപ്പിലേ പ്രാവർത്തികമാകൂ എന്നുവരുന്നത് സർക്കാറിന്റെ ആത്മാർഥതയില്ലായ്മ എന്ന ആക്ഷേപത്തെ ബലപ്പെടുത്തുന്നു.
ഭരണരംഗത്ത് സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് മൂന്നു പതിറ്റാണ്ടിലേറെയുള്ള ചരിത്രമുണ്ട്.
നമ്മുടെ നിയമസഭയിൽ 20ലേറെ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചിട്ടുള്ള കെ.ആർ. ഗൗരിയമ്മ ഒരിക്കൽ പറഞ്ഞത്, പൊതുപ്രവർത്തനരംഗത്ത് സ്ത്രീകളുടെ അവസ്ഥ ഇന്നും കുമാരനാശാൻ പറയുന്ന ‘ദുരവസ്ഥ’ തന്നെ എന്നാണ്. അതെത്ര ശരി. ലോകത്ത് പാർലമെന്ററി രംഗത്തെ സ്ത്രീ സാന്നിധ്യം ഇപ്പോഴും 22 ശതമാനം മാത്രമാണ്. തുല്യതയിലെത്താൻ സ്ത്രീകൾ ഇനിയുമെത്ര നൂറ്റാണ്ട് ക്യൂവിൽ കാത്തുനിൽക്കേണ്ടിവരും?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.