ആരാണ് ഇന്ത്യക്കാരൻ?

ലോകത്തെ മറ്റേതൊരു രാജ്യത്തുമുള്ളതിനേക്കാൾ സ്വാതന്ത്ര്യം അനുഭവിക്കുന്ന പൗരന്മാർ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ, ആരായിരിക്കണം ഇന്ത്യൻ പൗരന്മാർ എന്ന തർക്കത്തെചൊല്ലി രാജ്യതലസ്ഥാനം ഇപ്പോൾ കണ്ണീർ പൊഴിക്കുകയാണ്. ഇന്ത്യൻ പൗരനെ എങ്ങനെ നിർവചിക്കണമെന്ന ചോദ്യം ആഗോളതലത്തിൽതന്നെ ചർച്ചയാവുമ്പോൾ പുതിയ പൗരത്വ നിയമത്തോടുള്ള ഇന്ത്യക്കാരുടെ എതിർപ്പും കൂടിവരുന്നു.
ഈ ലോകത്തെ ഓരോ ആറാമത്തെ ആളും ഇന്ത്യക്കാരനായിരിക്കുമെന്ന് പറയാൻ കഴിയുംവിധം ഇന്ത്യയുടെ സാന്നിധ്യം ലോകമേധാവിത്വം നേടിക്കഴിഞ്ഞു. എന്നാൽ, ഈ ഉയർച്ചക്കിടയിലും പുതിയ പൗരത്വ നിയമത്തി​​​െൻറ പേരിൽ വർഷങ്ങളായി ഇന്ത്യയിൽ ജീവിക്കുന്ന ഇന്ത്യക്കാരിൽ പലരും നാടുകടത്തപ്പെടുകയോ ഡിറ്റെൻഷൻ സ​​െൻററുകളിൽ അടക്കപ്പെടുകയോ ചെയ്തേക്കാവുന്ന കുടിയൊഴിപ്പു ഭീഷണി നേരിടുന്നു. വിദേശത്ത്​ ജീവിക്കുന്ന പൗരന്മാരുടെ എണ്ണത്തി​​​െൻറ കാര്യത്തിൽ ചൈന കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്കയിൽ ഏറ്റവും സമ്പന്നരും ഏറെ സ്വാധീനവുമുള്ള വിഭാഗമായി ഇന്ത്യൻ വംശജർ മാറിക്കഴിഞ്ഞു. അതുകൊണ്ടാണ് ഡോണൾഡ് ട്രംപി​​​െൻറ ഇന്ത്യ സന്ദർശനം യു.എസിലെ ഇന്ത്യൻ വംശജരെ സ്വാധീനിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രമായിക്കൂടി പരിണമിച്ചത്. ലോകം ആഗ്രഹിച്ചാലും ഇ​െല്ലങ്കിലും ഇന്ത്യക്കാരെ കൂടെ നിർത്തി മാത്രമേ ലോകരാജ്യങ്ങൾക്ക് ഇനി മുന്നോട്ടു പോകാനാവൂ. ഇന്ത്യൻ റിപ്പബ്ലിക്​ എഴുപതാണ്ട് പിന്നിടുമ്പോൾ ഇങ്ങനെയൊരു വളർച്ച കൈവരിച്ചിട്ടു പോലും ആരാണ് ഇന്ത്യക്കാരൻ എന്നത് ഒരു സമസ്യയായി മാറ്റിയിരിക്കുകയാണ് നമ്മുടെ സർക്കാർ.

മുൻകാലങ്ങളിൽ രണ്ടു തലത്തിൽ നിന്നുകൊണ്ടാണ് ലോകം ഇന്ത്യക്കാരെ കണ്ടിരുന്നത്. ഒന്ന് വിദേശികളിലൂടെ നിർവചിക്കപ്പെട്ട ഇന്ത്യക്കാരൻ. രണ്ടാമത്തേത് താനാരാണെന്ന് സ്വയം കാണിച്ചുകൊടുത്തതിലൂടെ ലോകം അറിഞ്ഞ ഇന്ത്യക്കാരൻ. വിദേശികൾ ഇന്ത്യയെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചിരുന്നത് പല രീതികളിലൂടെയായിരുന്നു. 19ാം നൂറ്റാണ്ടി​​​െൻറ അന്ത്യത്തിൽ പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായിരുന്ന മാർക്ട്വയിൻ ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നത് ഇങ്ങനെയായിരുന്നു: ‘‘നൂറോളം രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാദേശം. നൂറിലധികം ഭാഷകളും ആയിരത്തിലധികം മതങ്ങളുമുള്ള, 25 ലക്ഷത്തോളം ദൈവങ്ങളെ ആരാധിക്കുന്ന, മനുഷ്യ വംശത്തി​​​െൻറ തൊട്ടിൽ, മനുഷ്യസംഭാഷണത്തി​​​െൻറ ജന്മസ്ഥലം, ചരിത്രത്തി​​​െൻറ അമ്മ, ഇതിഹാസത്തി​​​െൻറ മുത്തശ്ശി, പാരമ്പര്യത്തി​​​െൻറ വലിയ മുത്തശ്ശി; ഇവയെല്ലാമാണ് ഇന്ത്യ.’’

ഏതു മതവിശ്വാസിയും വിശ്വാസമില്ലാത്തവനും പല ഭാഷകൾ സംസാരിക്കുന്നവനും ദേശങ്ങളിൽ വസിക്കുന്നവനുമാവട്ടെ ഇന്ത്യയിൽ ജനിച്ച് ജീവിക്കുന്നവനെല്ലാം ഇന്ത്യക്കാരായിരുന്നു. ആ തത്ത്വത്തെ നമ്മുടെ ഭരണഘടന എത്രയോ നൂറ്റാണ്ടുകൾക്കു ശേഷവും സ്വായത്തമാക്കുകയുണ്ടായി. ഈ കാഴ്ചപ്പാടി​​​െൻറ ധന്യധാരയാണ് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന നമ്മുടെ ഇന്ത്യ. ഇന്ത്യയുടെ ഭൂപടത്തെയോ ഭൂമിശാസ്ത്രത്തെയോ അല്ല അതിനകത്തുള്ളവർ അത്യാദരങ്ങളോടെ ഉപാസിക്കുന്നത്; മറിച്ച്, മനുഷ്യരെയാണ്. 1936ൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം ഉയർത്തിയ ജനങ്ങളോട് ആരാണ് ഭാരത്​ മാതാവെന്നും ആരുടെ വിജയമാണ് അവർ ആഗ്രഹിക്കേണ്ടതെന്നും നെഹ്​റു വിശദീകരിച്ചത്​ ഇങ്ങനെയായിരുന്നു: ‘‘പർവതങ്ങളും നദികളും വനങ്ങളും വയലുകളും എല്ലാവർക്കും പ്രിയപ്പെട്ടതാണ്. എന്നാൽ, ആത്യന്തികമായി ഭാരത് മാതാ എന്ന് കണക്കാക്കുന്നത് ഇന്ത്യയിലെ ജനങ്ങളെയാണ്. ഈ വിശാലമായ സ്ഥലത്ത് വ്യാപിച്ച ഭാരത് മാതാ, മാതൃഭൂമി, പ്രധാനമായും ഈ ദശലക്ഷക്കണക്കിന് ജനങ്ങളാണ്, അവർക്ക് ആശംസിക്കുന്ന വിജയമാണ് ഈ ഭൂമിയുടെ വിജയം.’’

239 കൊല്ലത്തെ ചരിത്രം മാത്രമുള്ള അമേരിക്കൻ ജനത (1781ലാണ് അമേരിക്കൻ ഐക്യനാടുകൾ സ്ഥാപിതമായത്) വിവിധ രാജ്യങ്ങളിൽനിന്ന്​ അവിടേക്ക് കുടിയേറിയവരാണ്. എന്നിട്ടും 200 വർഷത്തെ പാരമ്പര്യത്തെ 2000 കൊല്ലത്തെ മൂല്യവും പ്രാധാന്യവും നൽകി അതി​​​െൻറ ചരിത്രത്തെ രേഖപ്പെടുത്തി ആദരിക്കുകയും ആ പാരമ്പര്യത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ് അമേരിക്കക്കാർ. എന്നാൽ, ഇന്ത്യയുടെ സവിശേഷമായ പാരമ്പര്യത്തെ തിരുത്തിയെഴുതാൻ ശ്രമിക്കുന്നവർ മറ്റൊരു ചരിത്ര സത്യത്തിനുനേരെയും കണ്ണടക്കുന്നു. വേദകാലത്തും അതിനപ്പുറത്തും ഇപ്പുറത്തുമെല്ലാം ഇന്ത്യയിലെ ജനങ്ങൾ വെളിയിൽനിന്ന്​ കടന്നുവന്നവരാണ്; അങ്ങനെ കുടിയേറി വന്നവരെല്ലാം ചേർന്ന് വിയർപ്പൊഴുക്കിയാണ് ഈ ഭൂപ്രദേശത്തെ ഇന്ത്യയാക്കി മാറ്റിയത്. അവരുടെ പിന്മുറക്കാരെ മതത്തി​​​െൻറയോ, ആര്യ -ദ്രാവിഡ വംശത്തി​​​െൻറയോ, ജാതിയുടെയോ പേരിലോ വേർതിരിച്ചു പറയാനോ നാടുകടത്തണമെന്ന് പറയാനോ ആർക്കും അവകാശമില്ല. ഇന്ത്യക്കാരിലെല്ലാം വർഗമിശ്രം നിറഞ്ഞുകിടക്കുന്ന കാര്യം അടുത്തകാലം വരെ ചരിത്രപരമായി മാത്രമാണ് ഉദ്ധരിച്ചിരുന്നതെങ്കിൽ ഇന്ന് ജനിതകശാസ്ത്രത്തി​​​െൻറ വളർച്ചയോടെ അത് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും ആധികാരികമായി പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ജീവിതരീതികളെയും സാർവജനീനമായി അംഗീകരിക്കുകയും സാഹോദര്യത്തി​​​െൻറ മൗലികമായ ഐക്യത്തെ ഉൾക്കൊള്ളുകയും ചെയ്യുന്നവനാണ് യഥാർഥ ഇന്ത്യക്കാരൻ. വിഭജനങ്ങൾ ഇല്ലാതാക്കി ഇന്ത്യയിലെ എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും പൗരബോധത്തി​​​െൻറ ഐക്യം സൃഷ്​ടിക്കുന്നവനാണ് രാജ്യസ്‌നേഹി. ഗാന്ധിജിയുടെ വീക്ഷണത്തിൽ ഇന്ത്യക്കാർ ആകമാനം ഒരമ്മയുടെ മക്കളാണ്. ഈ ദർശനം സത്യപ്പെടുത്തിയതുകൊണ്ടാണ് മഹാത്മാ ഗാന്ധി രാഷ്​ട്രപിതാവായത്. എന്നാൽ, വർത്തമാന ഇന്ത്യയിൽ ഇതെല്ലാം ബോധപൂർവം വിസ്മരിക്കപ്പെടുകയാണ്. ആരാണ് ഇന്ത്യക്കാരൻ എന്ന കാര്യത്തിൽ അനാവശ്യ സംശയങ്ങൾ മുളപൊട്ടിയിരിക്കുന്നു. നാനാത്വത്തിൽ വിശ്വസിക്കുകയും പരസ്പരം ആദരിക്കുകയും ചെയ്തിരുന്ന ഒരു ജനാധിപത്യ രാജ്യത്തിൽ ഇന്ത്യക്കാരൻ ആരാണെന്ന് നിർവചിക്കുന്നതിൽ മതവും പാരമ്പര്യവുമെല്ലാം വിഷയമാക്കുന്നത് വർഗീയ വിഭജനത്തിനും അക്രമോത്സുകതക്കും കാരണമായിരിക്കുകയാണ്. ഇത് രാജ്യത്തിനകത്ത് നാശത്തിലേക്കുള്ള ഗർത്തങ്ങൾ സൃഷ്​ടിക്കാൻ കാരണമാകും. എന്നാൽ, ഈ അപകടത്തെ ആലിംഗനം ചെയ്യുന്നതിൽനിന്ന്​ ഇന്ത്യയെ രക്ഷിക്കാൻ ആർക്ക് കഴിയും? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനും ഇതുയർത്തുന്ന വെല്ലുവിളി അതിജയിക്കാനും വിവേകമതികളായ ഇന്ത്യക്കാർ ഐക്യപ്പെടേണ്ടത് അനിവാര്യമാണ്.

Tags:    
News Summary - who is indian -opinion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.