നാടുകടത്തുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച ആ 70 ലക്ഷം ബംഗ്ലാദേശി നുഴഞ് ഞുകയറ്റക്കാരെല്ലാം എവിടെയാണ്? അസം നിയമസഭ ഹോസ്റ്റലില്‍ കണ്ടയുടന്‍ പ്രതിപക്ഷ നേത ാവ് ദേബബ്രത സൈക്യ ചോദിച്ചു. ഒടുവില്‍ പാര്‍ലമെൻറില്‍ ഷാ പറഞ്ഞ പ്രകാരം 40 ലക്ഷം ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ എങ്കിലും അസമിലുണ്ടാകണം. എന്നാല്‍, അന്തിമ പൗരത്വപ്പട്ടിക ഇറങ്ങ ിയപ്പോള്‍ പുറത്തായവര്‍ 20 ലക്ഷം തികച്ചില്ല. പുറത്തായ 19,06,657 പേരില്‍ മഹാഭൂരിഭാഗത്തിനും ഇന്ത്യന്‍ പൗരത്വത്തിെൻറ രേഖകളുണ്ടു താനും. സ്വാതന്ത്ര്യസമരസേനാനികളുടെയും പ്രഥ മ അസം നിയമസഭ ഡെപ്യൂട്ടി സ്പീക്കറുടെയും പിന്മുറക്കാര് പട്ടികയില്‍ ഇല്ലാതെപോയത് അത ുകൊണ്ടാണെന്നും സൈക്യ പറയുന്നു.
എന്‍.ആര്.സി പ്രക്രിയയില്‍ പ്രഫഷനലിസത്തിെൻറ അ ഭാവം നന്നായുണ്ട്. പിഴവുകളും പോരായ്മകളുമുണ്ട്്. മാനുഷിക ഘടകങ്ങള്‍ പരിഗണിക്കാത്ത തിെൻറ പ്രശ്നങ്ങളുണ്ട്. രേഖകളൊന്നും സൂക്ഷിക്കാത്ത കാലത്ത് ദത്തെടുക്കപ്പെട്ടവരും ബന്ധുവീടുകളില്‍ വളര്‍ന്നവരും പിതാവില്‍നിന്നും മാതാവില്നിന്നുമുള്ള കുടുംബ പാരമ്പര്യം തെളിയിക്കാനാകാതെ പുറത്തുനില്‍ക്കുകയാണ്. അവര്‍ക്കുകൂടി നീതി ലഭിച്ചാല്‍ പൗരത്വപ്പട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ എണ്ണം വീണ്ടും കുത്തനെ താഴോട്ടു വരും. ബംഗ്ലാദേശില്‍നിന്ന് അസമിലേക്കുണ്ടെന്നു പറയുന്ന ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ഒരു തട്ടിപ്പായിരുന്നുവെന്ന് ഇനിയെങ്കിലും മനസ്സിലാക്കിയേ മതിയാകൂ. അസം, കുടിയേറ്റക്കാരെക്കൊണ്ടു നിറഞ്ഞു എന്ന് ഇനിയൊരാള്‍ക്കും പറയാനാവില്ല. എന്‍.ആര്.സി നടപ്പാക്കിയിരുന്നില്ലെങ്കില്‍ ബംഗ്ലാദേശി മുസ്ലിംകളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ട് പെരുപ്പിച്ച കണക്കുകള്‍ പ്രചരിപ്പിക്കുന്നത് തുടരുമായിരുന്നു. അതുകൊണ്ടാണ് ബംഗ്ലാദേശികളെന്ന് നിരന്തരം പഴികേള്‍ക്കുന്ന, ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിംകള്തന്നെ എന്‍.ആര്.സിയെ പിന്തുണച്ചത്.പറഞ്ഞുകേട്ട കണക്കുകളെല്ലാം ഇതോടെ കെട്ടുകഥകളായി.
ബി.എല്‍.ഒയും അതിര്‍ത്തി പൊലീസും കാണിക്കുന്നത്
എന്‍.ആര്.സി വിവേചനരഹിതമായും നീതിപൂര്‍വകമായും നടന്നാല്‍ തങ്ങളെ വേട്ടയാടുന്നതിന് അന്ത്യമാകുമെന്ന് ബംഗാളി മുസ്ലിംകള് കരുതിയിരുന്നുവെന്ന് സൈക്യ പറഞ്ഞു. എന്നാല്‍, വിദേശി പൗരന്മാരെ കണ്ടെത്തുന്നതിനുള്ള പ്രക്രിയ നീതിപൂര്‍വകമായി നടന്നില്ല. വോട്ടര്‍പട്ടികയില്‍ പേരുള്ള ഒരാളെ കുറിച്ച് പ്രാഥമികമായി സംശയമുന്നയിക്കുന്ന തെരഞ്ഞെടുപ്പ് കമീഷെൻറ ബൂത്ത് ലെവല്‍ ഓഫിസര്‍മാരില്‍ തുടങ്ങുന്നുണ്ട് ഈ കൃത്യവിലോപം. സംശയം തോന്നുന്ന ഓരോ വോട്ടറുടെയും വീടുകളിൽ പോയി രേഖകള്‍ പരിശോധിച്ച് അടിസ്ഥാനമുണ്ടെന്ന് ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ പരാതി ബി.എല്‍.ഒ മുകളിലേക്ക് നീക്കേണ്ടതുള്ളൂ. എന്നിട്ടാണ് ഡീ വോട്ടര്‍ (ഡൗട്ട്ഫുള്‍ അഥവാ സംശയാസ്പദ വോട്ടര്‍) എന്ന ഗണത്തില്‍പ്പെടുത്താൻ നോട്ടീസ് അയക്കാവൂ. എന്നാല്‍, വോട്ടര്‍പട്ടികയില്‍നിന്ന് ഏതാനും പേരുകള്‍ തെരഞ്ഞെടുത്ത് വീടുകളില്‍ പോയി അക്കാര്യം പരിശോധിക്കാതെ സ്വന്തം നിലക്ക് സംശയാസ്പദ വോട്ടറാക്കുന്നതിനുള്ള നടപടിക്ക് തുടക്കമിടുകയാണ് പല ബി.എല്‍.ഒമാരും ചെയ്യുന്നത്.
വിദേശികളെന്ന് സംശയിക്കുന്നവരെ പിടികൂടാന്‍ ചുമതലയുള്ള അസം അതിര്‍ത്തി പൊലീസാണ് ഈ വിഷയത്തില്‍ ഗുരുതരമായ നിയമലംഘനം നടത്തുന്നത്. ആവശ്യപ്പെടുന്ന കൈക്കൂലി കൊടുക്കാത്തവരെയെല്ലാം ഇന്ത്യന്‍ പൗരത്വമില്ലാത്തവരാക്കി മാറ്റുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കേണ്ട ജില്ല പൊലീസ് സൂപ്രണ്ടുമാര്‍ അത് നിര്‍വഹിക്കുന്നില്ല. ഇങ്ങനെയൊക്കെ വിദേശി ട്രൈബ്യൂണല്‍ കേസ് എത്തിച്ച ശേഷം ഒരു നോട്ടീസ് പോലും അയക്കാതെ ഏകപക്ഷീയമായി വിദേശിയായി പ്രഖ്യാപിച്ച് വിദേശി ട്രൈബ്യൂണലും അനീതി കാണിക്കും. പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങള്‍ എല്ലാ വര്‍ഷവും സംഭവിക്കാറുള്ള സംസ്ഥാനമാണിത്. ദുരന്തവേളകളില്‍ രേഖകള്‍ നഷ്ടപ്പെട്ടുപോകുന്ന ദരിദ്രരായ മനുഷ്യര്‍ പിന്നീടൊരു കാലത്ത് തങ്ങള്‍ക്കത് വേണ്ടിവരുമെന്ന് ഒരിക്കലും കരുതിക്കാണില്ല. 1985ല്‍ മാത്രമാണ് ജനന, മരണ രജിസ്ട്രേഷന് അസമില്‍ നിര്‍ബന്ധമാക്കുന്നത്. അവരോടാണ് 1951ലെയും 1971ലെയുമൊക്കെയുള്ള മുന്‍ഗാമികളുടെ പൗരത്വ രേഖകള്‍ ചോദിക്കുന്നത്. ഇതൊക്കെ ചോദിച്ചിട്ടും തങ്ങള്‍ പ്രചരിപ്പിച്ച ബംഗ്ലാദേശി മുസ്ലിം കുടിയേറ്റം അസമിലുണ്ടെന്ന് തെളിയിക്കാന്‍ ബി.ജെ.പിക്കായില്ല.
‘ആസു’വും അജ്മലും തമ്മിലുള്ള വ്യത്യാസം
ഹിന്ദുവായാലും മുസ്ലിമായാലും ബംഗ്ലാദേശിയെ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താക്കണമെന്ന് അസമീസ് സംഘടനകളാവശ്യപ്പെട്ടപ്പോള് ബംഗ്ലാദേശി ഹിന്ദുക്കള്‍ക്ക് പൗരത്വം നല്കി മുസ്ലിംകളെ പുറത്താക്കണമെന്നാണ് പട്ടിക ഇറങ്ങിയ ശേഷവും ബി.ജെ.പി നിലപാട്. അസമിലെ കുടിയേറ്റ വിരുദ്ധസമരം തുടങ്ങുന്ന കാലത്തുപോലും 60 ലക്ഷം ബംഗ്ലാദേശികളുണ്ടെന്നായിരുന്നു പ്രക്ഷോഭ രംഗത്തിറങ്ങിയ ഒാള് അസം സ്റ്റുഡൻറ്സ് യൂനിയന്‍ (ആസു) അടക്കമുള്ള അസമീസ് സംഘടനകള്‍ പറഞ്ഞിരുന്നത്. തൃപ്തികരമായ പട്ടികക്കായി ‘ആസു’ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇപ്പോള്‍ പട്ടികയില്‍ പേരുവന്നവരെ ഇന്ത്യക്കാരായി മാനിക്കുമെന്നും പുറത്തുനില്‍ക്കുന്ന യഥാര്‍ഥ ഇന്ത്യന്‍ പൗരന്മാരെ അകത്തെത്തിക്കാന്‍ നിയമസഹായം നല്‍കുമെന്നുമാണ് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിെൻറ ഒൗദ്യോഗിക നിലപാട്.
അസമിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയശക്തിയായ എ.ഐ.ഡി.യു.എഫിനെ കൈപിടിയിലൊതുക്കിയ അത്തര്‍ വ്യാപാരി ബദ്റുദ്ദീന്‍ അജ്മല്‍ സ്വന്തം വ്യവസായ താല്പര്യങ്ങള്ക്കായി എന്‍.ആര്.സിയില്‍ വോട്ടുബാങ്കായ ബംഗാളി മുസ്ലിംകള്ക്കായി ഒന്നും ചെയ്തില്ല എന്നതാണ് കൗതുകകരം. ബി.ജെ.പിയുമായി ഒത്തുകളിച്ച്, പൗരത്വ വിഷയത്തില്‍ സുപ്രീംകോടതിയില്‍ കൊടുത്തിരുന്ന കേസില്‍നിന്ന് അജ്മല്‍ പിന്മാറി നിര്‍ണായകഘട്ടത്തില്‍ കാലുവാരുകയും ചെയ്തു. അസമില്‍ പൗരത്വപ്പട്ടികയില്‍ പേരുചേര്‍ക്കാനും നിയമയുദ്ധം നടത്താനും ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദിെൻറ മറുവിഭാഗവും ജമാഅത്തെ ഇസ്ലാമിയും എ.പി.സി.ആറും അടക്കമുള്ള മുസ്ലിം സംഘടനകളും ടീസ്റ്റ സെറ്റൽവാദ്, നിലിം ദത്ത, ഹര്‍ഷ് മന്ദര്‍ എന്നിവരെ പോലുള്ള വ്യക്തികളും അത്യധ്വാനം ചെയ്തിട്ടും പേരുചേര്‍ക്കാന്‍ സഹായിക്കാന്‍ അജ്മലും പാര്‍ട്ടിയും ഒന്നും ചെയ്തിരുന്നില്ല.
അസമില്‍ ബി.ജെ.പി ഇനി ചെയ്യുന്നത്
പൗരത്വമില്ലാത്ത മുസ്ലിംകളുടെ എണ്ണം കേന്ദ്ര ആഭ്യന്തര മന്ത്രിയും അസം മുഖ്യമന്ത്രിയും പറഞ്ഞതിെൻറ നാലയലത്തുപോലും എത്താതിരുന്നതോടെ ഈ എന്‍.ആര്.സി ‘ആസു’വിനെ പോലെ ബി.ജെ.പിക്കും വേണ്ടാതായിരിക്കുന്നു. ബി.ജെ.പിയുടെയും അസം സര്‍ക്കാറിെൻറയും ഭാവി പരിപാടികളറിയാന് അസം ബി.ജെ.പി വക്താവ് രുപം ഗോസ്വാമിയെ കണ്ടപ്പോള്‍ ‘എല്ലാവര്ക്കും സന്തോഷിക്കാനായില്ലേ’ എന്ന് ഉള്ളിലുള്ള നിരാശ മറനീക്കി പുറത്തുവന്നു. ഏറ്റവും കൂടുതല്‍ പുറത്തുപോകേണ്ടത് മുസ്ലിംകളായിരുന്നു. എന്നാല്‍, പുറത്തായിരിക്കുന്നത് ഹിന്ദുക്കളാണ്. മുസ്ലിംകള് ഒരേ വീട്ടിലുള്ളവരാണെങ്കിലും പേരിെൻറ അവസാനം ഒരുപോലെയാകില്ല. ഹിന്ദുക്കളെപ്പോലെ ജാതിപ്പേരും വീട്ടുപേരും അവര്‍ ഉപയോഗിക്കാത്തതിനാല്‍ അവര്‍ ആള്‍മാറാട്ടം നടത്തിയതാണെന്നും മറ്റുള്ളവരുടെ പിതാക്കന്മാരുടെയും പിതാമഹന്മാരുടെയും കുടുംബ പാരമ്പര്യ രേഖകള്‍ പണം കൊടുത്തുവാങ്ങി പൗരത്വമുണ്ടാക്കിയതാണെന്നുമുള്ള ആരോപണവും ഗോസ്വാമി ഉന്നയിച്ചു. ഇനി എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തെ ഇതൊന്നും ബാധിക്കില്ലെന്നായിരുന്നു മറുപടി. അതിനുള്ള വഴികള്‍ ബി.ജെ.പി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. അതിന് തങ്ങള്‍ക്കു മുന്നില്‍ രണ്ടു വഴികളാണുള്ളതെന്ന് ബി.ജെ.പി വക്താവ് വിശദീകരിച്ചു.
അസം എന്‍.ആര്.സിക്ക് ശേഷം ബി.ജെ.പി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ രാജ്യവ്യാപകമായി എന്‍.ആര്.സി കൊണ്ടുവരുകയാണ് അതിലൊന്ന്. അതോടെ അസമിലെ എന്‍.ആര്.സി അസാധുവാകും. കാരണം അസമിലെ പൗരത്വപ്പട്ടികയില്‍ പേരുവരാനുള്ള മാനദണ്ഡമായി പറഞ്ഞിരിക്കുന്നത് പൂര്‍വികര്‍ 1971ന് മുമ്പ് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നവര് ആയിരിക്കണം എന്നതാണ്. എന്നാല്‍, ദേശീയതലത്തില്‍ എന്‍.ആര്.സി നടപ്പാക്കുമ്പോള്‍ അങ്ങനെയൊരു നിബന്ധന പറ്റില്ല. 1951 അടിസ്ഥാനവര്‍ഷമായി കണക്കാക്കേണ്ടി വരും. മറ്റെല്ലാ സംസ്ഥാനങ്ങളെയും പോലെ അസമിന് മാത്രമായി 1971 മാനദണ്ഡമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് അപ്പോള്‍ കഴിയില്ല. 1951നുശേഷം പുറത്തുനിന്ന് വന്നവരെല്ലാം അസമിലെ പൗരത്വപ്പട്ടികയില്‍നിന്ന് പുറത്താവുകയാകും ഫലം. ഹിന്ദുക്കള്‍ എത്ര പുറത്തായാലും അവരെ പൗരത്വ ബില്‍ കൊണ്ടുവന്ന് പൗരത്വം നല്കാന് കഴിയും. മറ്റുള്ളവര്‍ പുറത്താകുകതന്നെ ചെയ്യും.
1967ലെ ഗുവാഹതി ഹൈകോടതി വിധിയാണ് ബി.ജെ.പിയുടെ മുന്നിലുള്ള രണ്ടാമത്തെ വഴിയെന്ന് രുപം ഗോസ്വാമി ചൂണ്ടിക്കാട്ടി. ഒരാളുടെ പേര് ദേശീയ പൗരത്വപ്പട്ടികയിലുണ്ട് (എന്‍.ആര്.സി) എന്നതുകൊണ്ടുമാത്രം അയാള്‍ ഇന്ത്യന്‍ പൗരനാണെന്ന് അര്‍ഥമില്ലെന്നതാണ് ആ വിധി. ഇപ്പോള്‍ പൗരത്വപ്പട്ടികയില്‍ പേരില്ലാത്തവര്‍ അതില്‍ ചേര്‍ക്കാന്‍ വിദേശി ട്രൈബ്യൂണലിനെ സമീപിക്കുന്നപോലെ ഇപ്പോള്‍ രേഖകളുണ്ടാക്കി കയറിയവരെ പട്ടികയില്‍നിന്ന് പുറത്താക്കാന്‍ ബി.ജെ.പി പരാതിയുമായി വീണ്ടും വിദേശി ട്രൈബ്യൂണലിനെ സമീപിക്കും. ഇപ്പോള്‍ പൗരത്വപ്പട്ടികയില്‍ കയറിയ വലിയൊരു വിഭാഗത്തെ ഈ തരത്തില്‍ പുറത്താക്കാന്‍ കഴിയുമെന്നും ഗോസ്വാമി പ്രതീക്ഷ പ്രകടിപ്പിച്ചു. ആ പട്ടികയില്‍ പേരുണ്ടെന്നതോ ഇല്ലെന്നതോ ബംഗ്ലാദേശികളെന്നു പറഞ്ഞ് അസമിലെ മുസ്ലിംകളെ വേട്ടയാടുന്നതില്‍നിന്ന് തങ്ങളെ തടയില്ല എന്നുതന്നെയാണ് ബി.ജെ.പി വക്താവ് വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ബി.ജെ.പിയുടെ ഭാഷ സംസാരിക്കുന്ന കോണ്‍ഗ്രസിലെ തരുണ്‍ ഗോഗോയി പറഞ്ഞതുപോലെ, അസം പൗരത്വപ്പട്ടിക എന്നത് വെറുമൊരു പാഴ്ക്കടലാസായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.