ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ, ഒഴിച്ചുകൂടാനാവാത്ത ചോദ്യമാണ് സഭകൾ സ്ത്രീകൾക്കും കൂടിയുള്ളതല ്ലേ എന്നത്. ഭരണ/അധികാരസ്ഥാനങ്ങളിൽ ഇരുന്ന് സഭ കൂടാൻ സ്ത്രീകൾക്ക് ഇപ്പോഴും ഇന്ത്യയിൽ അവകാശമില്ലെന്ന അവസ്ഥയ ാണ്. ത്രിതല പഞ്ചായത്തിൽ സ്ത്രീകളുടെ തുല്യപങ്കാളിത്തം ഉറപ്പുവരുത്തിയപ്പോൾ, നിയമസഭയിലും ലോക്സഭയിലും സ്ത്രീക ൾക്ക് മൂന്നിലൊന്നെങ്കിലും സംവരണം വേണമെന്ന് രണ്ടു ദശാബ്ദം മുേമ്പ ഉന്നയിക്കപ്പെട്ട ആവശ്യമാണ്. പഞ്ചായത്തു കളിൽ സ്ത്രീകൾ നിയമാനുസൃതമായി പകുതി സ്ഥാനങ്ങൾ അലങ്കരിച്ചെങ്കിലും ഭരണം നടത്തിക്കൊണ്ടിരുന്നത് അവരുടെ ആണുങ്ങൾ തന്നെയായിരുന്നു എന്നത് സ്ത്രീകളുടെ കുറ്റമല്ല; ഇവിടെ കൊടികുത്തി വാഴുന്ന പുരുഷാധിപത്യ സാമൂഹിക വ്യവസ്ഥയുടെ ക ുഴപ്പമാണ്. സംവരണത്തിലല്ല, സമത്വത്തിലാണ് താൽപര്യമെങ്കിലും സ്വതന്ത്ര സ്ത്രീസംഘടനകൾ സ്ത്രീകളുടെ 33 ശതമാനം സംവര ണത്തിനുവേണ്ടി മുറവിളി കൂട്ടി. ഇപ്പോൾ സംവരണം വേണ്ട, 50 ശതമാനം പ്രാതിനിധ്യം വേണം സ്ത്രീകൾക്കെന്ന് പറയാനുള്ളത്ര കാലം കടന്നു പോയിരിക്കുന്നു.
ജനസംഖ്യയിൽ പകുതിയോളം വരുന്ന, ബൗദ്ധിക-വിദ്യാഭ്യാസകാര്യങ്ങളിൽ മുന്തിനിൽക്കുന ്ന സ്ത്രീസമൂഹം എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പുകളിൽ/സ്ഥാനാർഥി നിർണയത്തിൽ തഴയപ്പെടുന്നത്? ഇത് ചോദിക്കാതെ, പര ിഹരിക്കാതെ, സ്ത്രീസമത്വത്തെക്കുറിച്ചു സംസാരിക്കാൻ ഇന്ത്യൻ രാഷ്ട്രീയത്തിന് കഴിയില്ല. ഈ പാർലമെൻററി ജനാധിപത്യം നിലവിൽ വരുന്നതിനു മുമ്പും മനുഷ്യർ ഇൗ ലോകത്ത് ജീവിച്ചിരുന്നു. നമ്മളിന്ന് ഉൗക്കോടെ മാനിക്കുന്ന ഈ ജനാധിപത്യ ഭരണസംവിധാനമൊന്നും അന്തിമമോ അനിവാര്യമോ അല്ല. എന്നല്ല, ഇത് താത്ത്വികമായി പൊളിച്ചടുക്കാനും ആലോചനയാകാം. എന്നാൽ, അത് നിലനിൽക്കുന്നിടത്തോളം ഇതിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തുക അനിവാര്യമാണ്.
ആരുടെ പാർലമെൻററി ജനാധിപത്യം?
ഇന്ത്യക്കാർ ‘നമ്മുടെ പാർലമെൻററി ജനാധിപത്യം’ എന്ന് അഹങ്കരിക്കുന്നതിൽ വലിയകാമ്പില്ല. ഇത് കോളനിവത്കരണത്തിെൻറഭാഗമായി നാം പഠിച്ചെടുത്ത ഒന്നു മാത്രമാണ്. ഒരുപക്ഷേ, ഇന്ത്യയുടെ സമ്മിശ്രസമൂഹത്തിന് ചേരാത്ത ഒരു സംവിധാനം ഇവിടെ പഠിപ്പിച്ചെടുത്തു ബ്രിട്ടീഷുകാർ എന്നും ചിന്തിക്കാം. താരതമ്യേന വളരെ ചെറിയ ജനസംഖ്യയുള്ള, ഒരേ മതത്തിൽ വിശ്വസിക്കുന്ന ജനങ്ങളുള്ള ഒരു രാജ്യത്തെ സംവിധാനം ഇന്ത്യയെപ്പോലൊരു രാജ്യത്ത് അനുവർത്തിക്കുമ്പോൾ വരുത്തേണ്ട മാറ്റങ്ങളാണ് ജാതി, മത, സ്ത്രീ സംവരണങ്ങളും മറ്റും. ഇത് നടപ്പിൽവന്നതു വഴിയുള്ള മാറ്റങ്ങൾ സമൂഹത്തിൽ സംഭവിക്കാതെ ജനാധിപത്യവും വിജയിക്കില്ല; സമത്വവും സോഷ്യലിസവും ഉണ്ടായി വരില്ല.
ഇംഗ്ലണ്ടിലും മറ്റു യൂറോപ്യൻ രാജ്യങ്ങളിലും അമേരിക്കയിലുമൊക്കെ പാർലമെൻററി സംവിധാനമുണ്ടാക്കിയത് പുരുഷന്മാർ മാത്രം ചേർന്നാണ്. സ്ത്രീകൾക്ക് വോട്ടവകാശം പോലുമില്ലായിരുന്നു തുടക്കത്തിൽ. പുരുഷന്മാർ കൂടിയാലോചിച്ചുണ്ടാക്കിയ പുരുഷസർക്കാർ! 19ാം നൂറ്റാണ്ടിെൻറ അവസാനകാലത്തും 20ാം നൂറ്റാണ്ടിെൻറ ആദ്യകാലത്തുമായി ശക്തിയാർജിച്ച, ഫെമിനിസത്തിെൻറ ഒന്നാം തരംഗമെന്നു വിശേഷിപ്പിക്കപ്പെടുന്ന സഫ്രേജ് മൂവ്മെൻറാണ് അമേരിക്കയിൽ സ്ത്രീകളുടെ വോട്ടവകാശത്തിനു വേണ്ടി പോരാട്ടം കുറിച്ചത്. അമേരിക്കൻ ഫെഡറൽ റിപ്പബ്ലിക്കിൽ സ്ത്രീകൾ വോട്ടുചെയ്യുന്നത് അത് നിലവിൽവന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞാണ്. ആദ്യമായി അവർ സാമ്പത്തിക ഉന്നതിയിലുള്ള സ്ത്രീകളെ മാത്രമാണ് വോട്ടുചെയ്യാൻ അനുവദിച്ചത്. പിന്നീട് 1920ലാണ് എല്ലാ സ്ത്രീകൾക്കും വോട്ടവകാശം ഉണ്ടായത്.
ഇന്ത്യക്ക് പാർലമെൻററി ഭരണസംവിധാനം പഠിപ്പിച്ച ബ്രിട്ടനിൽ 1918ലാണ് സ്ത്രീകൾക്ക് വോട്ടവകാശം കൊടുത്തത്. അതും 30 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കു മാത്രമാണ് ആദ്യമായി വോട്ടു ചെയ്യാൻ അനുമതിയുണ്ടായത്. ഇങ്ങനെ, വിവാഹിതകൾക്കുമാത്രം, പണമുള്ളവൾക്കു മാത്രം, പ്രായമുള്ളവൾക്കു മാത്രം തുടങ്ങിയ പല തട്ടുകളിൽ പലപ്പോഴായിട്ടാണ് പാശ്ചാത്യരാജ്യങ്ങളിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. ബ്രിട്ടീഷ് തത്ത്വചിന്തകയും ഫെമിനിസ്റ്റുമായ മേരി വുൾസ്റ്റൻ ക്രാഫ്റ്റ് 1792ൽ ‘എ വിൻഡിക്കേഷൻ ഓഫ് ദ റൈറ്റ്സ് ഒാഫ് വുമൺ’ എന്ന പുസ്തകത്തിലൂടെ സ്ത്രീകളുടെ വോട്ടവകാശത്തിനുള്ള ആഹ്വാനത്തിനും തിരിതെളിച്ചു. ഒരു നൂറ്റാണ്ടു കാലത്തോളം കഴിഞ്ഞാണെങ്കിലും വോട്ടവകാശം നേടിയെടുത്ത പാശ്ചാത്യ ഫെമിനിസത്തിലെ സ്ത്രീകൾ സ്ത്രീപക്ഷ രാഷ്ട്രീയത്തിനു തുടക്കംകുറിച്ചവരാണ്. അന്നത്തെ കാലഘട്ടത്തിെൻറ ആവശ്യമനുസരിച്ച് സ്ത്രീകളുടെ പാർട്ടിതന്നെ അവർ രൂപവത്കരിച്ചു. ഇത് പാശ്ചാത്യ ഭരണസംവിധാനത്തിെൻറ പുരുഷാടിത്തറ ഇളക്കി എന്നു കാണാം.
ആരുടെ രാഷ്ട്രീയ പാർട്ടി?
സ്ത്രീകളുടെ രാഷ്ട്രീയ പാർട്ടി ഇന്ത്യയിലും അനിവാര്യമാക്കുന്ന സാഹചര്യമുണ്ടെന്ന് തെരഞ്ഞെടുപ്പുകാലത്ത് മാത്രമല്ല തോന്നുന്നത്. തെരഞ്ഞെടുപ്പു കാലത്ത് അത് ശക്തിപ്പെടുമെന്നു മാത്രം. നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികളിൽ ഇന്ത്യയിൽ ധാരാളം സ്ത്രീകളുണ്ട് എങ്കിലും ഭൂരിഭാഗവും അണികൾ എന്ന നിലയിൽ മാത്രമാണുള്ളത്. താൻപോരിമയും പ്രതികരണശേഷിയുമുള്ള സ്ത്രീകൾക്കു നിൽക്കാൻ പറ്റാത്ത തരം രാഷ്ട്രീയപാർട്ടികളാണ് ഇന്ത്യയിലധികവും നിലവിലുള്ളത്. സ്ത്രീകൾ സമൂഹത്തിൽ കാണിക്കേണ്ടതരം വിധേയത്വമനോഭാവംതന്നെയാണ് പുരോഗമനാശയങ്ങൾ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രതീക്ഷിക്കുന്നത്. വിധേയകളെ മാത്രമേ ഇത്തരം പാർട്ടികൾ ഏതെങ്കിലും സ്ഥാനങ്ങളിൽ വെക്കുകയുമുള്ളൂ. അതിനാൽ, തേൻറടമുള്ള സ്ത്രീകൾക്ക് ഇത്തരം പാർട്ടികളിൽനിന്നു പോലും ഇറങ്ങിപ്പോകേണ്ടിവരും. പിന്നെയെന്താണ് ഒരു ബദലെന്നു ചിന്തിച്ചാൽ സമാനചിന്താഗതിക്കാരായ സ്ത്രീകളുടെ കൂട്ടായ്മതന്നെയാണെന്നു കാണാം.
ആരുടെ രാഷ്ട്രീയ പാർട്ടി എന്നു തോന്നിക്കും വിധം അവഗണനയുടെയും ആണധികാരത്തിെൻറയും തിക്തത അനുഭവിക്കുന്ന സ്ത്രീകൾ, വിധേയത്വവും വിവരക്കേടും കൂട്ടുപിടിച്ചുനിന്നാൽ അവർക്കു വലിയ പദവികൾ നൽകുന്നത് നമ്മൾ കേരളത്തിൽതന്നെ എത്രയോ കണ്ടിരിക്കുന്നു. ഇപ്പോൾ ആസന്നമായ ലോക്സഭ തെരഞ്ഞെടുപ്പിന് ഇരുപതിൽ രണ്ട് സീറ്റ് മാത്രം സ്ത്രീകൾക്ക് കൊടുത്ത കമ്യൂണിസ്റ്റ് പാർട്ടി പുരുഷന്മാരുടെ പാർട്ടിയായി അവശേഷിക്കുകയാണ്. തമാശ പറഞ്ഞു പൊട്ടൻകളിക്കുന്ന, പളപളാ മിന്നുന്ന ജുബ്ബയിട്ടു വരുന്ന സിനിമാനടനെയെങ്കിലും മാറ്റിനടാൻ കഴിയാത്തത് എന്തു രാഷ്ട്രീയമാണ്! ബുദ്ധികൊണ്ടും പ്രവർത്തനപരിചയംകൊണ്ടും എത്രയോ മുതിർന്ന/ചുറുചുറുക്കുള്ള സ്ത്രീകളെ അവഗണിച്ചുകൊണ്ടാണ് ഇത്തരമൊരു സ്ഥാനാർഥിപ്പട്ടിക ഉണ്ടാക്കിയത്. 20ൽ 10 സീറ്റുകൾ സ്ത്രീകൾക്ക് കൊടുത്ത് സോഷ്യലിസം നടപ്പാക്കണമായിരുന്നെങ്കിൽ അതിനുവേണ്ട മിടുക്കുള്ള സ്ത്രീകൾ കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയിൽത്തന്നെ ഇപ്പോഴും ഉണ്ടല്ലോ. എന്നിട്ടും അവരെയൊന്നും കണ്ടില്ലെന്നു നടിച്ചു, മറ്റേതൊരു പാർട്ടിയെയും പോലെ ചില നെറികെട്ട നാടകക്കാരെ സ്ഥാനാർഥികളാക്കുന്നത് സ്വാതന്ത്ര്യമോ സമത്വമോ ജനാധിപത്യമോ അല്ല, ആണധികാരം ആണയിട്ടുറപ്പിക്കലാണ്. കൂടുതൽ ആത്മാർഥതയോ അറിവോ ഉള്ള സ്ത്രീകൾ അധികം ഇല്ലെങ്കിലും മൂന്നു സ്ത്രീകളെ സ്ഥാനാർഥികളാക്കാൻ ആലോചിച്ചതുകൊണ്ട് കോൺഗ്രസും മെച്ചപ്പെട്ട സ്ത്രീപക്ഷ ചിന്ത മുന്നോട്ടുവെക്കുന്നില്ല.
ആർ.ബി.ഐയുടെ അനുവാദംപോലുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് നോട്ട് നിരോധിച്ചു പുതിയ പണം നടപ്പാക്കിയ മോദിയുടെ ബി.ജെ.പിക്കാർക്ക് ഒരൊറ്റ ദിവസത്തെ തീരുമാനത്തിൽ സ്ത്രീകൾക്ക് പകുതി സീറ്റ് കൊടുക്കാൻ സാധിക്കുമോ? ലോക്സഭയിൽ സ്ത്രീകൾക്ക് പകുതി സീറ്റ് കൊടുക്കണമെന്ന് മോദിക്ക് ഒരു സുപ്രഭാതത്തിൽ അങ്ങു തീരുമാനിക്കാൻ പറ്റില്ലേ? ജനജീവിതം സ്തംഭിപ്പിച്ച അനാവശ്യ നോട്ട് നിരോധനത്തിനു പകരം, സ്ഥാനാർഥികളിൽ സ്ത്രീകൾ പകുതിയില്ലെങ്കിൽ വോട്ട് നിരോധനം നടത്തുമെന്ന് എന്തുകൊണ്ട് തീരുമാനിച്ചുകൂടാ?
ആരുടെ തെരഞ്ഞെടുപ്പ്?
വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം 2010ൽ സ്ത്രീസംവരണ ബിൽ പിന്നെ ലോക്സഭയിൽ വെക്കാൻ അനുവദിക്കാതിരുന്ന യാഥാസ്ഥിതിക പുരുഷകോമാളികളെ ജനങ്ങൾ മറന്നിട്ടില്ല. പിന്നെയും നടന്നു തെരഞ്ഞെടുപ്പുകൾ. ഇതൊക്കെ ആരുടെ തെരഞ്ഞെടുപ്പാണെന്ന് സ്ത്രീകൾ ചിന്തിക്കണം. തെരഞ്ഞെടുപ്പിെൻറ ഭാഗധേയം വഹിക്കുന്നതിൽ സ്ത്രീകൾക്കു വലിയ പങ്കുണ്ട്. സ്ത്രീസ്ഥാനാർഥികൾക്കേ വോട്ട് ചെയ്യൂ എന്ന് സ്ത്രീകൾ ഒറ്റക്കെട്ടായി തീരുമാനിച്ചാൽ ഇവിടെ നടത്തുന്ന തെരഞ്ഞെടുപ്പ് സംവിധാനം തകരും. അപ്പോൾ ആണധികാരത്തിെൻറ തെരഞ്ഞെടുപ്പ്, തീർത്തും സ്ത്രീകളുടെ തെരഞ്ഞെടുപ്പായി മാറും. അങ്ങനെ മാത്രമേ ഇത് ജനങ്ങളുടെ തെരഞ്ഞെടുപ്പായി മാറൂ; ജനാധിപത്യമായി മാറൂ. അതിനാൽ, എന്തിന് വോട്ടുചെയ്യണമെന്ന് ചിന്തിക്കാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം ഇനി ഭരണസഭകളിലെ സ്ത്രീപ്രാതിനിധ്യവുമായി ബന്ധപ്പെട്ടതുമാകണം. സ്ത്രീകളുടെ തുല്യപ്രാതിനിധ്യം ഉറപ്പുവരുത്താതെ മുന്നോട്ടുപോകാനാവിെല്ലന്ന് ആൺകോയ്മക്ക് ബോധ്യപ്പെടുത്തിക്കൊടുക്കും വിധമുള്ള പ്രചാരണം അനിവാര്യമാണ്. അത് കാലത്തിനൊത്ത സാമൂഹികമാറ്റത്തിനും മാനവരാശിയുടെ ഗുണത്തിനുംസ്ത്രീകളുടെ ആത്മാഭിമാനം കാക്കാനും ഉതകും. നിയമം കൊണ്ടുവന്ന് തുല്യത നേടാനാകുന്നില്ലെങ്കിൽ തുല്യത കൊണ്ടുവന്ന് നിയമമാക്കാനുള്ള ചങ്കുറപ്പാണ് പുരോഗമന രാഷ്ട്രീയപ്രസ്ഥാനങ്ങൾ കാണിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.