ഖാഇദെ മില്ലത്ത് എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് പ്രഥമ അധ്യക്ഷൻ മുഹമ്മദ് ഇസ്മായിൽ നടത്തിയ പ്രസംഗത്തിൽനിന്ന്
മുസൽമാന്മാർക്ക് സ്വന്തമായ ഒരു സംഘടനയില്ലെങ്കിൽ അവർ ഛിന്നഭിന്നമായി നശിച്ചുപോകും. അത്തരം ഒരു പരിതഃസ്ഥിതിയിൽ തങ്ങൾക്കുമാത്രം ബാധകമായ ഒരു പ്രത്യേകാവശ്യം ഉന്നയിക്കണമെന്ന് അവർക്ക് തോന്നുകയാണെങ്കിൽ ഒരു സമുദായമെന്ന നിലയിൽ അങ്ങനെ അഭിപ്രായപ്രകടനം നടത്താൻ അവർക്ക് അവസരമുണ്ടാവില്ല.
ഒരു അഭിപ്രായം സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ അഭിലാഷപ്രകടനമാണെന്ന് ബോധ്യപ്പെടുകയാണെങ്കിൽ സർക്കാർ അനുഭാവപൂർവമായ ഒരു നയം അവലംബിച്ചുവെന്നുവരാം. സമുദായം ശരിയാംവിധം സംഘടിക്കാത്തപക്ഷം ആ ബോധ്യം യഥാസമയം സർക്കാറിനുണ്ടായെന്നുവരില്ല.
തദ്ഫലമായി അവശതയും അതൃപ്തിയും ജനങ്ങൾക്കിടയിൽ വളർന്നേക്കും. ഇത് ആർക്കും ഒരു ഗുണവും ചെയ്യില്ല. ആകയാൽ സമുദായത്തിന്റെ മാത്രമല്ല, സർക്കാറിന്റെകൂടി താല്പര്യം പരിഗണിക്കുമ്പോൾ നാം സംഘടിതമായി നിലകൊള്ളുകയും സംഘടന നിലനിർത്തുകയും ചെയ്യുന്നത് അഭിലഷണീയവും ആവശ്യവും ആകുന്നു.
ഒരു സമുദായം സുസംഘടിതമായിരുന്നാൽ എല്ലാ വിഭാഗത്തിലെയും ജനങ്ങൾ തമ്മിൽ സൗഹാർദവും സഹകരണവും വളർത്തുന്നതിനും അതിന്റെ ഫലപ്രദമായ സഹകരണം ഏതവസരത്തിലും ലഭിക്കുന്നതാണ്. പാകിസ്താൻ സമ്പാദനമായിരുന്നു ലീഗിന്റെ ലക്ഷ്യമെന്നും അത് നിലവിൽ വന്നതുകൊണ്ട് ഇനി ലീഗ് നിലനിർത്തേണ്ടതില്ലെന്നും ചിലർ പറയുന്നു.
ഇത് തെറ്റാണ്. ഇങ്ങനെ പറയുന്നവർക്ക് ഈ കാര്യം സംബന്ധിച്ച് സാമാന്യവിവരം പോലുമില്ല. 1906ലാണ് മുസ്ലിം ലീഗ് നിലവിൽ വന്നത്. മുസ്ലിംകളുടെ അവകാശ സംരക്ഷണവും മറ്റുള്ളവരുമായി സൗഹൃദം വളർത്തലുമായിരുന്നു അതിന്റെ ലക്ഷ്യം. പാകിസ്താൻ അതിന്റെ ലക്ഷ്യമായി ഉൾക്കൊള്ളിച്ചത് 1940ൽ മാത്രമാണ്.
അതു സാധ്യമായിക്കഴിഞ്ഞതിനാൽ ഈ ലക്ഷ്യം ലീഗിന്റെ ഉദ്ദേശ്യങ്ങളിൽ ഉൾപ്പെടുന്നില്ല. എന്നാൽ, മുമ്പുതന്നെയുള്ള ആ പഴയ ലക്ഷ്യങ്ങൾ ഇപ്പോഴുമുണ്ട്. മുസൽമാന്മാർ ഒരു ന്യൂനപക്ഷമായതുകൊണ്ട് അതിൽ മാറ്റമൊന്നും വരുത്തേണ്ടതില്ല. ഇപ്പോൾ ലീഗിൽ ലക്ഷ്യങ്ങളിതാണ്.
1. നാടിന്റെ സ്വാതന്ത്ര്യവും അന്തസ്സും അഭിമാനവും നിലനിർത്തുകയും സംരക്ഷിക്കുകയും ജനങ്ങളുടെ ശക്തിക്കും അഭിവൃദ്ധിക്കും ക്ഷേമത്തിനുമുള്ള പരിശ്രമങ്ങളിൽ പങ്കുവഹിക്കുകയും ചെയ്യുക.
2. മുസ്ലിംകളുടെയും മറ്റു ന്യൂനപക്ഷങ്ങളുടെയും ന്യായമായ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുക,
3. മുസ്ലിംകളും മറ്റു സമുദായങ്ങളും തമ്മിൽ സൗഹാർദവും ഐക്യവും വളർത്തുക.
ഈ ലക്ഷ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെ ആർക്കാണ് എതിർക്കാനാവുക? ഇതിൽ ഏതെങ്കിലും ഒന്ന് ലീഗിന്റെ ലക്ഷ്യമായി അംഗീകരിക്കരുതെന്ന് ന്യായബോധമുള്ള ആർക്കെങ്കിലും പറയാനാകുമോ?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.