വഖഫ് ബോര്‍ഡിനു കീഴിലെ നിയമനങ്ങള്‍ എന്തുകൊണ്ട് പി.എസ്.സിക്ക് വിട്ടു കൂടാ എന്ന ചോദ്യത്തിനുള്ള ഉത്തരം അത് പൊതുസേവന മേഖലയല്ല എന്നു തന്നെയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നൽകുന്നത് സര്‍ക്കാറല്ല. വഖഫ് ബോര്‍ഡിെൻറ ഫണ്ട് ഉപയോഗിച്ചാണ് ശമ്പളം നൽകുന്നത്. വഖഫ് സ്ഥാപനങ്ങളുടെ നടത്തിപ്പില്‍ ഏതെങ്കിലും തര്‍ക്കമോ പ്രതിസന്ധികളോ ഉണ്ടാകുമ്പോള്‍ ബോര്‍ഡ് ജീവനക്കാരെയാണ് റിസീവറായി നിയമിക്കുന്നത്.
പള്ളിയുടെയോ, യതീംഖാനയുടെയോ, മദ്റസയുടെയോ, ഖബര്സ്ഥാനുകളുടെയോ റിസീവറായി നിയമിക്കപ്പെടുന്നയാള്‍ വിശ്വാസിയായിരിക്കണമെന്നതും, ഇസ്ലാമിക പ്രമാണങ്ങളില്‍ ധാരണയുള്ള ആളായിരിക്കണമെന്നതും, അതിെൻറ പുരോഗതിയില്‍ താൽപര്യമുള്ളയാളായിരിക്കണമെന്നതും വിശ്വാസികൾക്ക് നിർബന്ധമാണ്. മതത്തിലും, മതസ്ഥാപനങ്ങളിലും താൽപര്യമില്ലാത്തവര് വഖഫ് ബോര്‍ഡിലെത്തുന്നത് വഖഫിെൻറ വളര്‍ച്ചയെ ഇല്ലാതാക്കും. അതിനാല്‍ തന്നെ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ നടത്തേണ്ടത് പി.എസ്.സിയല്ല.
മേല്പറഞ്ഞ ധാർമിക പ്രശ്നം മാത്രമല്ല ഇതിലുള്ളത്. പി.എസ്.സി വഴി നിയമനം നടത്തുന്ന ഏതെങ്കിലും സ്ഥാപനത്തിലേക്ക് ഒരു മതവിഭാഗത്തില്‍ പെട്ടവരെ മാത്രം നിയോഗിക്കുന്നത് കേരളത്തില്‍ കീഴ്വഴക്കമില്ലാത്ത കാര്യമാണ്. അതിെൻറ നിയമസാധുത കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. കേന്ദ്ര ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലേക്ക് സംസ്ഥാനത്തെ നിയമസഭ നിയമം നിർമിക്കുന്നതിെൻറ സാധുത പരിശോധിക്കേണ്ടത് സുപ്രീംകോടതിയാണ്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം മുസ്ലിം വിദ്യാർഥികൾക്ക് ലഭിക്കേണ്ടുന്ന വിവിധ സ്കോളര്‍ഷിപ്പുകള്‍ തടയാൻ ഗൂഢാലോചന നടത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നടത്തുന്ന നിയമനങ്ങളിൽ ഇടപെടുന്നത് സദുദ്ദേശ്യത്തോടു കൂടിയല്ല.
പി.എസ്.സി വഴി കൂടുതല്‍ കഴിവുള്ള ഉദ്യോഗാര്‍ഥികളെ ബോര്‍ഡിനു ലഭിക്കുമെന്നാണ് ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. സംസ്ഥാനത്തെ സർവകലാശാലകളിലെ അസിസ്റ്റൻറ് പ്രഫസര്‍, അസോസിയേറ്റ് പ്രഫസര്‍ നിയമനങ്ങള്‍ നടത്തുന്നത് അതത് സർവകലാശാലകളാണ്. ഗുണമേന്മ കൂട്ടാന്‍ ആ നിയമനം പി.എസ്.സിക്ക് വിട്ടിട്ടില്ല. സംസ്ഥാനത്തെ വ്യവസായ വകുപ്പിനു കീഴിലെ വിവിധ സ്ഥാപനങ്ങളിലേക്ക് പി.എസ്.സി വഴിയല്ല നിയമനമെന്നതെന്ന് കൂടി ഇതോടു ചേര്‍ത്തു വായിക്കണം. തരംകിട്ടിയാലെല്ലാം പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നത്. ബന്ധുനിയമനം നടത്തി രണ്ടു മന്ത്രിമാർ രാജിവെച്ച ഒന്നാം പിണറായി സർക്കാറിലെ സംഭവങ്ങൾ നാം മറന്നിട്ടില്ല. മലപ്പുറത്തെ എം.എസ്.പി സ്കൂളിലെ നിയമനം ഇപ്പോഴും നടത്തുന്നത് എം.എസ്.പി കമാൻഡൻറാണ്. അതുപോലും പി.എസ്.സിക്ക് വിടാത്ത സര്‍ക്കാറാണ് വഖഫ് ബോര്‍ഡിനെ കുറിച്ച് ന്യായീകരണം പറയുന്നത്.
ദേവസ്വംബോര്‍ഡുകളില്‍ ആയിരക്കണക്കിന് തസ്തികകളിലേക്ക് നിയമനം നടത്തുന്നത് പി.എസ്.സി വഴിയല്ല. അവിടേക്കുള്ള റിക്രൂട്ട്മെൻറ് നിലവിലത്തേത് പോലെ ദേവസ്വം ബോര്‍ഡ് വഴി തുടരണമെന്നാണ് മുസ്ലിം ലീഗ് നിലപാട്. ആ നിയമനങ്ങള്‍ വിശ്വാസവുമായും, ആചാരങ്ങളുമായും ബന്ധപ്പെട്ടതാണ്.
ഇസ്ലാമിെൻറ ആശയപ്രചാരണത്തിനും, ആരാധനാലയ നടത്തിപ്പിനും, സമുദായ ക്ഷേമത്തിനുമായി സ്വന്തം സ്വത്തില്‍ നിന്ന് വിശ്വാസികളായ മനുഷ്യര്‍ ദാനം നൽകിയ സ്വത്തുക്കളാണ് വഖഫ് എന്ന് പറയുന്നത്. വഖഫ് സ്വത്തുക്കളുടെ യഥാര്‍ഥ അവകാശി അല്ലാഹുവാണ്. അതിെൻറ കൈകാര്യകര്‍ത്താക്കളാണ് വിവിധ കാലങ്ങളില്‍ അതിെൻറ മുതവല്ലിമാരും, കമ്മിറ്റി ഭാരവാഹികളുമായി വരുന്നത്.
1954ലെ കേന്ദ്ര വഖഫ് ആക്ട് പ്രകാരം സംസ്ഥാനങ്ങളില്‍ വഖഫ് ബോര്‍ഡുകള്‍ പ്രവർത്തിക്കുന്നു. അതത് സംസ്ഥാനങ്ങളിലെ വഖഫ് സ്വത്തുക്കളുടെ മേല്‍ നിയമപരമായ സംരക്ഷണച്ചുമതലകളും, അധികാരങ്ങളും വഖഫ് ബോര്‍ഡിനുണ്ട്. വഖഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള നീക്കിയിരിപ്പിെൻറ നിശ്ചിത വിഹിതം (ഏഴ് ശതമാനം) കൊണ്ടാണ് സംസ്ഥാന വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാന സര്‍ക്കാറിെൻറയോ, കേന്ദ്ര സര്‍ക്കാറിെൻറയോ ധനസഹായം കൊണ്ടോ, വ്യക്തികളുടെ നികുതിപ്പണം കൊണ്ടോ അല്ല സംസ്ഥാന വഖഫ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്.
മതസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ അനാവശ്യമായ ഇടപെടല്‍ നടത്തുന്നത് നമ്മുടെ മതേതര സര്‍ക്കാറിെൻറ അന്തസ്സിന് പരിക്കേൽപിക്കും. വഖഫ് ബോര്‍ഡിലേക്ക് പി.എസ്.സി വഴി നിയമനം നടത്തണമെന്ന് മുസ്ലിം സമുദായം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തിലെ വഖഫ് ബോര്‍ഡിെൻറ നടത്തിപ്പില്‍ കെടുകാര്യസ്ഥതയോ, യോഗ്യരായ ഉദ്യോഗസ്ഥരുടെ അഭാവമോ ഉണ്ടെന്ന് സമുദായം പരാതിപ്പെട്ടിട്ടില്ല.
നിലവില്‍ സംസ്ഥാനത്തെ മറ്റ് വകുപ്പുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ എത്തുന്നവര്‍, എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് ലിസ്റ്റില്‍ നിന്ന് വഖഫ് ബോര്‍ഡ് നിയമിക്കുന്ന താൽകാലിക ജീവനക്കാര്‍ എന്നിവരാണ് വഖഫ് ബോര്‍ഡില്‍ ജോലി ചെയ്യുന്നത്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ക്ക് ബോര്‍ഡിന് കീഴില്‍ തന്നെ ഒരു റിക്രൂട്ട്മെൻറ് ബോര്‍ഡ് രൂപവത്കരിക്കുക എന്നതാണ് ഇപ്പോഴുണ്ടാക്കിയ പ്രശ്നത്തിന് പരിഹാരം. വഖഫ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് നിലവിലുള്ളതുപോലെ അതത് സ്ഥാപനങ്ങള്‍ക്കുള്ള അധികാരം നിലനില്ക്കുകയും വേണം.
ഇന്ത്യയിൽ തന്നെ ഒന്നാം സ്ഥാനത്തുള്ള വഖഫ് ബോർഡാണ് കേരളത്തിലേത്. മികച്ച രീതിയിൽ പരാതികളില്ലാതെ, അഴിമതിയില്ലാതെ മുന്നോട്ടു പോകുന്നു. ഈ വഖഫ് ബോർഡിനെ സംരക്ഷിക്കുകയും ഗ്രാൻറും ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള സഹായവും നൽകുകയും, ട്രൈബ്യൂണലിന് വാങ്ങിയ പണം തിരികെ നൽകുകയുമെല്ലാം ചെയ്ത് സർക്കാർ പിന്തുണക്കണം. അല്ലാതെ പശ്ചിമ ബംഗാളിലെ ഇടതു ഭരണകാലത്തു ചെയ്തതു പോലെ വഖഫ് ബോർഡിൽ കൈകടത്തി കോടികളുടെ സ്വത്ത് കൈക്കലാക്കുകയല്ല ചെയ്യേണ്ടത്.
(എം.എസ്.എഫ് ദേശീയ പ്രസിഡൻറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.