ഓരോ തവണ സിഗരറ്റ് കത്തിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ചെറിയ പങ്ക് എരിഞ്ഞുതീരുകയാണ്. പുകയില വിരുദ്ധദിനം പുകവലി നിർത്താനുള്ള ദിനം കൂടിയാണ്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ അത് സാധ്യമാണ്. പുകവലി നിർത്തുമ്പോൾ ജീവിതത്തെ തിരികെപ്പിടിക്കുകയാണ്. കാൻസർ, ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയവ വരാനുള്ള സാധ്യത കുറക്കുന്നു. മെച്ചപ്പെട്ട രീതിയിൽ ശ്വസിക്കാൻ കഴിയുന്നു. ഭക്ഷണത്തിന് രുചികിട്ടുന്നു. ശരീര ദുർഗന്ധം മാറുന്നു. ചുരുക്കത്തിൽ പുതുജീവിതമാണ് ലഭിക്കുക
ആത്മഹത്യ ചെയ്യാനുള്ള മികച്ച മാർഗമാണ് സിഗരറ്റ് എന്ന കുർട്ട്വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 80 ലക്ഷം പേരാണ് വർഷംതോറും പുകവലിമൂലം മരിക്കുന്നത്. അതായത്, ഓരോ സെക്കൻഡിലും ശരാശരി ഒരാൾവീതം. ഇന്ത്യയിൽ ഓരോ വർഷവും എട്ടു ലക്ഷത്തിലേറെ പേർ പുകയിലമൂലം മരിക്കുന്നുണ്ട്.
ആകെ ഉണ്ടാകുന്ന കാൻസറിന്റെ 40 ശതമാനവും പുകയില മൂലമാണ്. കേരളത്തിൽ പ്രതിവർഷം 25,000 പേർക്ക് പുതുതായി കാൻസർ ബാധയുണ്ടാകുന്നു. കേരളത്തിൽ ഇപ്പോൾ ശ്വാസകോശ രോഗികൾ 12 ലക്ഷമുണ്ട്. 87 ശതമാനം ശ്വാസകോശാർബുദങ്ങൾക്കും കാരണം പുകവലിയാണ്.
ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും പുകവലി നേരിട്ടും അല്ലാതെയും ബാധിക്കുന്നു. ചുമയിൽ ആരംഭിച്ച് തൊണ്ടയിലെ അസ്വസ്ഥതക്കൊപ്പം വായ്നാറ്റത്തിനും വസ്ത്രങ്ങളിലെ ദുർഗന്ധത്തിനും പല്ലിന്റെ നിറവ്യത്യാസത്തിനും ഇത് കാരണമാകുന്നു.
കാലക്രമേണ ശ്വാസകോശ രോഗങ്ങൾ, ഹൃദ്രോഗം, അൾസർ, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, സ്ട്രോക്ക്, പലതരത്തിലുള്ള അർബുദങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ കൂടുതൽ ഗുരുതരമായ അവസ്ഥകളുണ്ടാകും. പുകവലിക്കുന്നവരെപ്പോലെ പുകവലിക്കാർക്കൊപ്പം നിൽക്കുന്നവർക്കും രോഗബാധക്ക് സാധ്യതയുണ്ട്.
പുകവലിക്കുന്നവർ പുറത്തേക്ക് ഊതിവിടുന്ന പുകയിൽ 4000ത്തിലധികം രാസപദാർഥങ്ങളുണ്ട്. ഇതിൽ 40 എണ്ണം കാൻസർ ഉണ്ടാക്കുന്നവയാണ്. വീട്ടിലെ മുതിർന്നവരുടെ പുകവലി കുഞ്ഞുങ്ങളിൽ വിട്ടുമാറാത്ത ചുമ, വലിവ്, ന്യൂമോണിയ, ജലദോഷം, ടോൺസിലൈറ്റിസ്, ചെവിവേദന, വയറുവേദന എന്നിവയുണ്ടാക്കും. പുകവലി പ്രത്യുല്പാദനക്ഷമത കുറക്കുന്നു. പുരുഷവന്ധ്യത സൃഷ്ടിക്കുന്നു.
സ്ഥിരമായി പുകവലിക്കുന്നവർക്ക് ടൈപ് 2 പ്രമേഹം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ 30-40 ശതമാനം കൂടുതലാണ്. വൃക്കരോഗം, കാലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടൽ, അന്ധത, നാഡീക്ഷതം എന്നിവയും ഉണ്ടാകും. പുകയിലയുടെ ഉപയോഗം വിഷാദം, സ്കിസോഫ്രീനിയ എന്നീ മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.
പുകവലി ഉപയോഗം തിമിരത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. കണ്ണുകളിലേക്കുള്ള രക്തയോട്ടം കുറഞ്ഞ് റെറ്റിനയുടെ പ്രവർത്തനത്തിൽ മാറ്റംവരുത്തുകയും നേത്ര കാൻസർ വരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് ഇന്റർനാഷനൽ എജൻസി ഫോർ ദി പ്രിവൻഷൻ ഓഫ് ബ്ലൈൻഡ്നെസ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഓരോ തവണ സിഗരറ്റ് കത്തിക്കുമ്പോൾ നിങ്ങളുടെ ആയുസ്സിന്റെ ചെറിയ പങ്ക് എരിഞ്ഞുതീരുകയാണ്. പുകയില വിരുദ്ധദിനം പുകവലി നിർത്താനുള്ള ദിനം കൂടിയാണ്. നിശ്ചയദാർഢ്യമുണ്ടെങ്കിൽ അത് സാധ്യമാണ്. പുകവലി നിർത്തുമ്പോൾ ജീവിതത്തെ തിരികെപ്പിടിക്കുകയാണ്.
കാൻസർ, ഹൃദയസ്തംഭനം, സ്ട്രോക്ക് തുടങ്ങിയവ വരാനുള്ള സാധ്യത കുറക്കുന്നു. മെച്ചപ്പെട്ട രീതിയിൽ ശ്വസിക്കാൻ കഴിയുന്നു. ഭക്ഷണത്തിന് രുചികിട്ടുന്നു. ശരീര ദുർഗന്ധം മാറുന്നു. ചുരുക്കത്തിൽ പുതുജീവിതമാണ് ലഭിക്കുക. പുകവലി നിർത്താം, പുതിയ മനുഷ്യനാകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.