സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാൻ പുതിയ െഎ.ടി നിയമം കൊണ്ടുവന്നതിനു പിന്നാലെ ട്വിറ്ററിനെ ലക്ഷ്യമിട്ട് കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബി.ജെ.പി സർക്കാറുകൾ നടത്തിപ്പോരുന്ന കളികൾ തുടർച്ചയായി വാർത്തകളിൽ നിറയുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നിരവധി കേസുകളാണ് ട്വിറ്ററിനെതിരെയുള്ളത്. കോവിഡ് ടൂൾകിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റർ ഇന്ത്യ മാനേജിങ് ഡയറക്ടർ മനീഷ് മഹേശ്വരിയെ കഴിഞ്ഞ മേയ് 31ന് ഡൽഹി പൊലീസ് ചോദ്യംചെയ്തിരുന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മോദി സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷമുണ്ടാക്കിയ ടൂൾകിറ്റ് എന്ന പേരിൽ ബി.ജെ.പി വക്താവ് സംപിറ്റ് പട്രയടക്ക മുള്ള നേതാക്കൾ ചെയ്ത ട്വീറ്റിന് 'മാനിപ്പുലേറ്റഡ് മീഡിയ' എന്ന ടാഗ് ട്വിറ്റർ നൽകിയെന്നതാണ് കേസ്. ട്വിറ്ററിെൻറ ഡൽഹി ഒാഫിസിൽ പരിശോധന നടത്തുകയും ഡൽഹി പൊലീസ് ബംഗളൂരുവിലെത്തി മനീഷ് മഹേശ്വരിയെ ചോദ്യംചെയ്യുകയും ചെയ്തു. ഇതിനു സമാനമായാണ് ഗാസിയാബാദ് വിഡിയോ കേസിലും ട്വിറ്ററിനെ പ്രതിചേർത്ത് യു.പി പൊലീസ് രംഗത്തെത്തിയത്.
ഗാസിയാബാദ് ലോണിയിൽ മുസ്ലിം വയോധികനെ മർദിക്കുന്നതിെൻറ വിഡിയോ ട്വിറ്ററിൽ പ്രചരിച്ചതിനാണ് കേസ്. ഡൽഹി െപാലീസ് ബംഗളൂരുവിലെത്തിയാണ് ട്വിറ്റർ ഇന്ത്യ എം.ഡിയെ ചോദ്യംചെയ്തെങ്കിൽ യു.പി പൊലീസ് വിരട്ടലിെൻറ ഒരു പടി കൂടി കടന്നു. ക്രിമിനൽ നടപടി ക്രമത്തിലെ സെക്ഷൻ (സി.ആർ.പി.സി) 160 പ്രകാരം ജൂൺ 17ന് മനീഷ് മഹേശ്വരിക്ക് സമൻസ് അയച്ച പൊലീസ്, ജൂൺ 21ന് മനീഷിനു പുറമെ മാധ്യമപ്രവർത്തകരായ സാബ നഖ്വി, റാണ അയ്യൂബ്, മുഹമ്മദ് സുബൈർ തുടങ്ങിയവർക്ക് സി.ആർ.പി.സി 41എ പ്രകാരമുള്ള നോട്ടീസ് നൽകി. ഗാസിയാബാദ് ലോണി ബോർഡർ പൊലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാവാത്തപക്ഷം അറസ്റ്റ് ചെയ്യുമെന്ന മുന്നറിയിപ്പായിരുന്നു ഇൗ സമൻസ്. ഒരു തരം ഭീഷണി. ബംഗളൂരുവിൽ കഴിയുന്ന മനീഷ് മഹേശ്വരി സമൻസ് ലഭിച്ചതിനു പിന്നാലെ താൻ വിഡിയോ കോൺഫറൻസ് വഴി ഹാജരാവാമെന്ന് അറിയിച്ചിരുന്നു. യു.പി പൊലീസ് അനുമതി നിഷേധിച്ചതോടെയാണ് ഹരജിയുമായി കർണാടക ഹൈകോടതിയെ സമീപിച്ചത്.
അറസ്റ്റ് നടപടി ഇടക്കാല ഉത്തരവിലൂടെ തടഞ്ഞ കോടതി, വസ്തുതപോലും പരിശോധിക്കാതെയാണ് കേസിൽ യു.പി പൊലീസ് നടപടി സ്വീകരിച്ചതെന്ന് പിന്നീട് വാദം കേൾക്കുന്നതിനിടെ ചൂണ്ടിക്കാട്ടി. ട്വിറ്ററിൽ വ്യാജ വിഡിയോ അപ്ലോഡ് ചെയ്താൽ ട്വിറ്റർ ഇന്ത്യയുടെ ജീവനക്കാർക്ക് അത് നിയന്ത്രിക്കാനാവില്ലെന്നും ട്വിറ്റർ ഇന്ത്യ സ്വതന്ത്ര കമ്പനിയാണെന്നും യു.എസ് ആസ്ഥാനമായ ട്വിറ്ററിലെ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ തങ്ങൾക്ക് പങ്കില്ലെന്നുമാണ് മനീഷ് മഹേശ്വരി കോടതിയെ അറിയിച്ചത്. ട്വിറ്റർ ഇന്ത്യ എം.ഡിയായ മനീഷിന് ഇന്ത്യയിലെ ബിസിനസിെൻറ ചുമതലയാണുള്ളത്. പബ്ലിക് ഡൊമൈനുകളിലടക്കം ഇൗ വിവരം ലഭ്യമാണെന്നിരിക്കെ ഇതൊന്നും പരിശോധിക്കാതെയാണോ അദ്ദേഹത്തെ ഉള്ളടക്കത്തിെൻറ പേരിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ചതെന്ന കോടതിയുടെ ചോദ്യത്തിനു മുന്നിൽ യു.പി പൊലീസ് നാണംകെട്ടു. സി.ആർ.പി.സി സെക്ഷൻ 160 പ്രകാരം ആവശ്യെമങ്കിൽ ഒാൺലൈനായോ ബംഗളൂരുവിലെ മനീഷിെൻറ വീട്ടിലെത്തിയോ ചോദ്യം െചയ്യാനാണ് കോടതി അനുവാദം നൽകിയത്.
ട്വിറ്ററിൽ പ്രത്യക്ഷപ്പെടുന്ന വിഡിയോകളുടെ പേരിൽ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൊക്കെ കേസെടുക്കുകയും ട്വിറ്റർ ഇന്ത്യ എം.ഡിയെ രാജ്യത്തങ്ങോളമിങ്ങോളം കേസിെൻറ പേരിൽ പരക്കംപായിക്കുകയും ചെയ്യുന്ന മധുര മനോഹര സ്വപ്നം യു.പി പൊലീസ് കണ്ടുകാണണം. പക്ഷേ, യു.പി പൊലീസിന് ഇത്തവണ തെറ്റി. സമൻസ് കർണാടക ഹൈകോടതി ചുരുട്ടിക്കൂട്ടി കൊട്ടയിലെറിയുകയായിരുന്നു. പീഡിപ്പിക്കാനും സമ്മർദത്തിലാക്കാനുമുള്ള ഉപകരണമായാണ് സെക്ഷൻ 41 എ പ്രകാരമുള്ള സമൻസ് അയച്ചെതന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഹിന്ദുത്വ ഭരണത്തിെൻറ ആദർശ ഭൂമിയായി ബി.ജെ.പി കാണുന്ന യു.പിയിലെ യോഗി സർക്കാറിനേറ്റ കനത്ത പ്രഹരമായി കോടതിയുടെ നടപടി. ജനാധിപത്യവും മതേതരത്വവും അപകടത്തിലാവുേമ്പാഴും നീതിപീഠങ്ങൾ പ്രതീക്ഷയുടെ നുറുങ്ങുവെട്ടങ്ങൾ തെളിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ഹൈകോടതിയുടെ സിംഗിൾബെഞ്ചിെൻറ ഉത്തരവിനെതിരെ യു.പി പൊലീസ് അപ്പീൽ പോയാലും ഈ കോടതി പരാമർശങ്ങൾ തെളിഞ്ഞുതന്നെ നിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.