നിങ്ങൾ അടിമത്തം ഭേദിക്കുകതന്നെ ചെയ്യും

ഇന്ത്യൻ മാധ്യമരംഗത്ത് മാറ്റത്തിെൻറ അധ്യായങ്ങൾ രചിച്ച എൻ.ഡി.ടി.വി നാടകീയമാംവിധം അന്യാധീനപ്പെട്ടിരിക്കുന്നു.സ്ഥാപകരായ ഡോ. പ്രണയ് റോയ്, രാധിക റോയ് എന്നിവർക്കു പിന്നാലെ ജനപ്രിയ മാധ്യമ പ്രവർത്തകൻ രവീഷ് കുമാറും എൻ.ഡി ടി.വിയിൽനിന്ന് രാജിവെച്ചൊഴിഞ്ഞു. രാജി സമർപ്പിച്ചശേഷം Ravish Kumar Official എന്ന ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ രവീഷ് കുമാർ പ്രേക്ഷകരുമായി പങ്കുവെച്ച ചിന്തകളുടെ സംഗ്രഹം

ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിൽ സുവർണകാലമെന്നൊന്ന് ഉണ്ടായിട്ടില്ല, പക്ഷേ, ഇന്നത്തെപ്പോലെ സകല കാര്യങ്ങളും അതിവേഗത്തിൽ ഭസ്മീകരിക്കപ്പെടുന്ന കാലവും ഉണ്ടായിട്ടില്ല. ഈ രാജ്യത്ത് പല പല പേരുകളിൽ ഒട്ടനവധി ചാനലുകളുണ്ട്. പക്ഷേ, ഓരോന്നും മടിത്തട്ട് മാധ്യമങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.

1996 ആഗസ്റ്റിലാണ് ഞാൻ എൻ.ഡി ടി.വിയിൽ ഔദ്യോഗികമായി ചേരുന്നത്. അതിനുമുമ്പ് മാസങ്ങളോളം ഇവിടെ പ്രേക്ഷകരുടെ കത്തുകൾ തരംതിരിച്ച് റിപ്പോർട്ടുകൾ തയാറാക്കിയിരുന്നു. ഓരോ പരിപാടിയെയും കുറിച്ച് കാഴ്ചക്കാർ അയക്കുന്ന വിലപ്പെട്ട കത്തുകൾ വായിച്ച് അക്കാര്യം അവതാരകരെയും പ്രോഗ്രാം പ്രൊഡ്യൂസർമാരെയും അറിയിക്കൽ എെൻറ ജോലിയായിരുന്നു. ഇപ്പോഴും എനിക്ക് നിങ്ങളുടെ നൂറുകണക്കിന് സന്ദേശങ്ങളും കത്തുകളും ലഭിക്കുന്നുണ്ട്.

പക്ഷിക്ക് അതിെൻറ കൂട് കാണാൻ പറ്റാത്ത അവസ്ഥയിലാണ് ഈ സായാഹ്നം. മറ്റാരോ അതിെൻറ കൂട് കൈക്കലാക്കി മറഞ്ഞിരിക്കുന്നു. പക്ഷേ ക്ഷീണിച്ചൊടുങ്ങുംവരെ കുതിക്കാൻ പ്രവിശാലമായൊരു നീലാകാശം അതിനു മുന്നിലുണ്ട്. കത്തുകളുടെ തരംതിരിപ്പുകാരനായി തുടങ്ങി പരിഭാഷകനും റിപ്പോർട്ടറും ഗ്രൂപ് എഡിറ്ററുമെല്ലാം ആയ ആൾ ഇന്നിപ്പോൾ ചാനലിൽനിന്ന് രാജിവെക്കുകയാണ്.

ഒരു കാര്യം വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു; എന്നെ വിലയിരുത്തുേമ്പാൾ കത്തുകൾ തരംതിരിച്ചിരുന്ന ആളായിരുന്നു എന്ന സഹാനുഭൂതി നിങ്ങളാരും പ്രകടിപ്പിക്കരുത്. വിമാനത്തിൽ വന്നിറങ്ങി പണ്ട് ചായ വിറ്റിരുന്നുവെന്ന് കഥ പറയുന്ന ആളെപ്പോലെയല്ല ഞാൻ.

ആളുകളുടെ സഹാനുഭൂതി പിടിച്ചുപറ്റാനോ എെൻറ പരിശ്രമങ്ങളുടെ മഹത്ത്വം കാണിക്കാനോവേണ്ടി അത്തരം കഥകൾ പറയാൻ ഞാൻ ആഗ്രഹിക്കുന്നുമില്ല. ഈ രാജ്യത്ത് ഓരോ വ്യക്തിയുടെയും പരിശ്രമങ്ങൾ പർവതം കയറുന്നതുപോലെ കഠിനമാണ്. ആശുപത്രിയുടെ മുന്നിൽ കാത്തുനിൽക്കുന്ന രോഗികളോടും അവരുടെ കൂട്ടിരിപ്പുകാരോടും സംസാരിച്ചുനോക്കൂ, അപ്പോഴറിയാം അവരുടെ പ്രശ്നങ്ങൾ എത്ര വലുതാണെന്നും നിങ്ങളുടെ സങ്കടങ്ങൾ എത്ര ചെറുതാണെന്നും.

എൻ.ഡി ടി.വിയിൽ അവസരം ലഭിച്ച സന്ദർഭത്തിലെല്ലാം ജനതയുടെ, പ്രേക്ഷകരുടെ കഥകൾ പറയുന്നതിനാണ് ഞാൻ നീക്കിവെച്ചത്. എന്റെ ഓരോ പ്രോഗ്രാമും ഒന്നല്ലെങ്കിൽ മറ്റു ചില പ്രേക്ഷകരുടെ പിന്തുണയുടെ ഉദാഹരണങ്ങളായിരുന്നു. വിദേശങ്ങളിലും എനിക്കുവേണ്ടി നിങ്ങൾ ഗവേഷണവും റെക്കോഡിങ്ങുകളും നടത്തി.

പ്രൈംടൈം ഷോ കുറ്റരഹിതമാക്കാൻ നിങ്ങളാണ് കൂടുതൽ അധ്വാനിച്ചിരുന്നത്. ചിലപ്പോൾ മോശമായി അവതരിപ്പിക്കപ്പെട്ട സമയങ്ങളിൽ നിരാശ തുറന്ന് പ്രകടിപ്പിക്കുന്നതിനും മടികാണിച്ചില്ല. ഒരുപാട് മഴത്തുള്ളികൾ ചേർന്നാണ് ഒരു വൃക്ഷത്തെ പരിപോഷിപ്പിച്ചെടുക്കുന്നത് എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്.

നിങ്ങൾ ഏതുകാലത്തും മഴകളായി വർഷിക്കുമായിരുന്നു, ഉണക്ക മരങ്ങളെ ഹരിതാഭമാക്കിയിരുന്നു. ഇന്ന് ഒട്ടനവധി മാധ്യമപ്രവർത്തകർ യൂട്യൂബിലും ട്വിറ്ററിലുമായി പരിശ്രമം തുടരുന്നു. അവർക്കെല്ലാം പിന്നിൽ നിങ്ങളുണ്ട്. ജനാധിപത്യത്തിെൻറ സ്ഥാപനങ്ങളെല്ലാം തിരോഭവിക്കുേമ്പാൾ, കോടതികൾ ദുർബലമായിക്കൊണ്ടിരിക്കുേമ്പാൾ നിങ്ങൾ പ്രേക്ഷകർ മാത്രമാണ് ജനാധിപത്യത്തിനൊപ്പം നിലകൊള്ളാനുള്ളത്.

മാധ്യമപ്രവർത്തനം ഇന്ന് സ്ഥാപനങ്ങളെ ആശ്രയിച്ചല്ല, നിങ്ങളെപ്പോലുള്ള പ്രേക്ഷകരെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. നിങ്ങൾ പലരുടെയും പിന്തുണകൊണ്ട് മാത്രമാണ് പല മാധ്യമ പ്രവർത്തകർക്കും ചോദ്യങ്ങൾ ഉന്നയിക്കാനാകുന്നത്. അതുതന്നെയാണ് നിങ്ങൾക്ക് ഈ സന്ദർഭത്തിൽ ചെയ്യാനാവുന്ന ഏറ്റവും വലിയ പിന്തുണയും.

ജനങ്ങളുടെ ശബ്ദത്തെ ആരെങ്കിലും പൂർണമായി ഞെരിച്ചമർത്തിയേക്കാം, അല്ലെങ്കിൽ മത-വർഗീയതയിലൂന്നിയ വിദ്വേഷക്കാറ്റിെൻറ പൊടിപടലങ്ങളാൽ മറച്ചേക്കാം, മൂടിവെച്ചേക്കാം, ജനാധിപത്യത്തിെൻറ ശബ്ദത്തെ മായ്ച്ചുകളഞ്ഞേക്കാം. പക്ഷേ, നിങ്ങൾ പ്രേക്ഷകർ കൂടെയുണ്ടെന്നത് വലിയ ധൈര്യം പകരുന്നു.

ജനാധിപത്യം ഒരുപക്ഷേ അവസാനിച്ചാലും അവരുടെ മോഹങ്ങൾ ഒരിക്കലും അവസാനിക്കില്ല. എന്തെന്നാൽ നിങ്ങൾ പ്രേക്ഷകർ നിങ്ങളുടെ ഉത്തരവാദിത്തത്തെക്കുറിച്ച് നല്ല ബോധ്യമുള്ളവരാണ്. ഈ ദുരിതകാലത്തും നിങ്ങൾ മാധ്യമപ്രവർത്തകരിൽ വിശ്വാസമർപ്പിക്കുന്നു. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. എനിക്ക് എെൻറ പ്രേക്ഷകരെയോർത്ത് അഭിമാനമുണ്ട്.

ഒരു സ്ഥാപനമെന്ന നിലയിൽ എനിക്ക് എൻ.ഡി ടി.വിയിൽ വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആ സ്വാതന്ത്ര്യത്തെ പരമാവധി സൂക്ഷ്മതയോടെയാണ് ഞാൻ വിനിയോഗിച്ചിരുന്നത്. എന്തെന്നാൽ നിങ്ങളെന്നെ തീക്ഷ്ണമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എെൻറ മുന്നിൽനിന്ന് ലോകം മാറിക്കൊണ്ടിരുന്നു.

പക്ഷേ ടെസ്റ്റ് മാച്ചിലെ കളിക്കാരനെപ്പോലെ ഞാൻ പിച്ചിലുറച്ചു നിന്നു. പക്ഷേ, ചിലർ ഇപ്പോൾ കളിക്കുതന്നെ അന്ത്യമിട്ടിരിക്കുന്നു. ജനങ്ങളെ ഓട്ടക്കാലണകളായി കണക്കാക്കുന്ന സമ്പന്ന വണിക്കുകൾ ലോകത്ത് എല്ലായിടത്തുമുണ്ട്, ഇന്ത്യയിലുമുണ്ട്.

അവർ കൃത്യമായ വാർത്തകൾ നിങ്ങളിലെത്തിക്കുമെന്ന് അവകാശപ്പെടുന്നുവെങ്കിൽ അതിനർഥം ഡോളർ കൈപ്പറ്റി സ്വന്തം പോക്കറ്റിൽവെച്ച് നിങ്ങളുടെ കീശയിൽ ഓട്ടക്കാലണയിടാനാണ് അവർ ശ്രമിക്കുന്നത് എന്നാണ്. പത്രക്കാർ വാർത്തയെഴുതുേമ്പാൾ ഈ സമ്പന്നർ കേസുമായെത്തുന്നു.

എന്നിട്ട് സത്സംഗുകളിലെത്തി പ്രവചിക്കുന്നു; ഞങ്ങൾ മാധ്യമപ്രവർത്തനത്തിെൻറ നന്മയാണ് ആഗ്രഹിക്കുന്നതെന്ന്. ഇതിലെ നന്മയെന്താണെന്ന് നിങ്ങൾ പ്രേക്ഷകർക്ക് നന്നായി മനസ്സിലാകുന്നുണ്ട്. അതു കൊണ്ടുതന്നെ, ഞാനിന്ന് എെൻറ സ്ഥാപനത്തേക്കാളേറെ എെൻറ പ്രേക്ഷകരെ ഓർമിക്കാൻ ആഗ്രഹിക്കുന്നു.

ഹിന്ദിയിലെ മുതിർന്ന നിരവധി മാധ്യമപ്രവർത്തകർ ഇത്രമേൽ നിരീക്ഷിക്കപ്പെടുന്നതിലെ ആശ്ചര്യം എന്തുകൊണ്ടിവർ മറച്ചുവെക്കുന്നു? അതിെൻറ ആഴം ആകുലപ്പെടുത്തുന്നതാണ്. നിങ്ങളുടെ ഇടയിൽ വരുേമ്പാൾ എനിക്ക് ബോധ്യപ്പെട്ട സുപ്രധാന കാര്യം മാധ്യമപ്രവർത്തകരെക്കുറിച്ചുള്ള നിങ്ങളുടെ ബോധ്യവും വിശ്വാസവുമാണ്.

നിങ്ങൾക്ക് മുന്നിലൂടെ പല കാര്യങ്ങളും നിറഞ്ഞൊഴുകിപ്പോകുന്നു. ഇതെല്ലാം ജനങ്ങളെ അറിയിക്കാൻ മാധ്യമപ്രവർത്തകരേക്കാൾ മുന്തിയ മാർഗങ്ങളില്ല. നിങ്ങൾ എങ്ങനെയാണ് സർക്കാറിനെ കാണുന്നത് എന്ന് എനിക്ക് മനസ്സിലായി, ഞാനും ആ കണ്ണിലൂടെ സർക്കാറിനെ കാണുവാൻ തുടങ്ങി.

നിങ്ങളുടെ സജീവ പങ്കാളിത്തം മൂലമാണ് രാജ്യത്ത് ജനാധിപത്യം മിടിച്ചുനിൽക്കുന്നത്. ശാഹീൻ ബാഗിെൻറയും കർഷക സമരത്തിെൻറയും നിശ്ചയദാർഢ്യത്തിൽ എനിക്ക് ജനാധിപത്യത്തിെൻറ സൂര്യകിരണങ്ങൾ കാണാനായി. ഒരു ജനത എന്നനിലയിൽ നിങ്ങൾക്കുമേലുള്ള എെൻറ വിശ്വാസം കൂടുതൽ ദൃഢപ്പെട്ടു.

പ്രജാതന്ത്രത്തിലെ തന്ത്രങ്ങൾ നഷ്ടപ്പെട്ടാലും പ്രജകൾ നിലനിൽക്കുമെന്ന് എനിക്ക് ബോധ്യമായി. ഒരുനാൾ ഇതേ ജനം ജനാധിപത്യത്തെ ഇതിനേക്കാൾ മികച്ച രീതിയിൽ കരുപ്പിടിപ്പിക്കും. ചില ആളുകൾ ധരിച്ചുവെച്ചിരിക്കുന്നത് സകല തന്ത്രങ്ങളും തങ്ങളുടെ കൈപ്പിടിയിലാണെന്നാണ്.

ഇനി ജനങ്ങൾക്ക് ഒരു മൂല്യവുമില്ല, മാധ്യമങ്ങളെ ഇല്ലാതാക്കി പ്രതിപക്ഷത്തിെൻറയും ജനങ്ങളുടെയും പ്രസക്തി ഇല്ലാതാക്കിയിരിക്കുന്നുവെന്നാണ് അവർ കരുതിയിരിക്കുന്നത്. അത് സത്യമായിരിക്കാം; പക്ഷേ, ശാശ്വത സത്യമല്ല. ഒരുനാൾ, ജനങ്ങൾ വിദ്വേഷത്തിെൻറ പൊടിപടലങ്ങൾ ഭേദിച്ച് പുറത്തുവരും.

അവരുടെ ശരീരത്തിൽനിന്ന് വെറുപ്പ് അകന്നുമാറും, പുതിയൊരു ലോകം തേടും. അന്ന് അവർ ഒരു മാധ്യമപ്രവർത്തകനെ ഓർമിക്കും. വെറുപ്പിെൻറ അടിമത്തത്തിൽനിന്ന് പുറത്തു കടക്കാനുള്ള വഴി നിങ്ങൾതന്നെ കണ്ടെത്തും, നിങ്ങൾ കണ്ടെത്തിയേ മതിയാകൂ.

ഈ ദിവസം എെൻറ വനിതാ സഹപ്രവർത്തകരോട് പ്രത്യേകം നന്ദി പറയട്ടെ. ജോലിയിലെ നൈതികതയിലുറച്ച് ജോലി ചെയ്യുന്നതിൽ അവർ ഏറെ സഹായിച്ചിട്ടുണ്ട്. ഞാനീ കാര്യം ഇവിടെ പറയുന്നത് എന്തുകൊണ്ടെന്നാൽ മാധ്യമലോകത്ത് പുരുഷന്മാരുടെ മാത്രമല്ല, പുരുഷാധിപത്യത്തിെൻറ പിടിമുറുക്കമുണ്ട്.

നിങ്ങളീ ജോലിയിലേക്ക് വരാൻ ഔത്സുക്യം ഉള്ളവരാണെങ്കിൽ നിങ്ങളുടെ വനിതാ സഹപ്രവർത്തകരോട് മാന്യമായി പെരുമാറാനും അവരുടെ കഴിവിനെ അംഗീകരിക്കാനും തയാറാകണം.

ഇന്ത്യയുടെ മാധ്യമരംഗം മാറിക്കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങൾ മുടക്കി മാധ്യമ പ്രവർത്തനം പഠിക്കാനിറങ്ങിയിരിക്കുന്ന ആയിരക്കണക്കിന് യുവജനങ്ങളുടെ കാര്യമൊന്ന് ആലോചിച്ചുനോക്കൂ. അവർ പഠിക്കുന്നത് മാധ്യമപ്രവർത്തനം, ചെയ്യേണ്ടി വന്നേക്കാവുന്നത് ദല്ലാൾപണിയും.

നിലവിൽ ഈ മേഖലയിലുള്ളവരിൽ പലർക്കും മടുപ്പ് ബാധിച്ചിരിക്കുന്നു, പലരും ഈ ജോലി ഉപേക്ഷിച്ചുകഴിഞ്ഞു, മറ്റു ചിലർ ഒരു ജോലി എന്നനിലയിൽ മാത്രം ഈ രംഗത്ത് തുടരുന്നു. ഒരു ഉത്സാഹവുമില്ല.

ഇവിടത്തെ ജഡ്ജിമാർതന്നെ പറയുന്നു, ജാമ്യം നൽകി എന്ന കാരണത്താൽ ജഡ്ജിമാർ ഉന്നമിടപ്പെട്ടേക്കുമെന്ന ഭയമുണ്ടെന്ന്. ജഡ്ജിമാർ പോലും ഭയപ്പെടുന്ന കാലത്ത് ഞാൻ നിർഭയനാണ് എന്ന് പറയുന്നതുപോലും കുറ്റമാണ്. പേടി ബാധിച്ച ഒരു മാധ്യമ പ്രവർത്തകൻ നിർജീവമായ ജനതയെയാണ് വാർത്തെടുക്കുക.

അതുകൊണ്ട് പറയുക, ഞങ്ങൾക്ക് ഭയമില്ല എന്നുതന്നെ. നഗ്നപാദരായി ബ്രിട്ടീഷുകാരെ മുട്ടുകുത്തിച്ച ഒരു രാജ്യത്തെ ജനതയാണ് നിങ്ങൾ. നിങ്ങളിൽ വിശ്വസിക്കാതിരിക്കാൻ എനിക്ക് ഒരു കാരണവുമില്ല. ഒരുനാൾ നിങ്ങളീ മടിത്തട്ട്മാധ്യമങ്ങളുടെ അടിമത്തത്തിൽനിന്ന് പുറത്തുചാടുകതന്നെ ചെയ്യും. എക്കാലവും അടിമത്തത്തിനു കീഴിൽ നിൽക്കാൻ നിങ്ങൾക്കാവില്ല.

ഈ അടിമത്തത്തിനെതിരെ നിങ്ങൾ പോരാടുകതന്നെ വേണം. ഏവരുടെയും ബാധ്യതയാണത്. അത്തരമൊരു പോരാട്ടമില്ലാതെ ഈ ലോകത്തിനു മുന്നിൽ തലയുയർത്തി നടക്കാൻ കഴിയില്ല നിങ്ങൾക്ക്. അല്ലാതെവരുകിൽ ഒരു സ്വതന്ത്ര രാജ്യത്തെ മടിത്തട്ട്മാധ്യമങ്ങളുടെ അടിമകൾ എന്ന് മാത്രമായിരിക്കും നിങ്ങളുടെ ഐഡൻറിറ്റി.

ഈ അപകടത്തിെൻറ ഗൗരവാവസ്ഥ മനസ്സിലാക്കിയേ തീരൂ. നിയമം ഉപയോഗിച്ച് അവകാശങ്ങളെ തകർത്തുകൊണ്ടിരിക്കുന്നു, സകല നിയമവിരുദ്ധ കാര്യങ്ങളും നിയമപരമായി നമുക്കു മുന്നിൽ അവതരിപ്പിക്കപ്പെടുന്നു. ഈ ഘട്ടത്തിൽ ഏതു വഴിയിലേക്ക് പോകണം എന്നു ഞാൻ ഉറപ്പിച്ചിട്ടില്ല; പക്ഷേ, ഉറപ്പുള്ള കാര്യം എെൻറ ധീരതമാത്രമാണ്.

Tags:    
News Summary - You will break slavery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.