പാഴായിപ്പോകുന്ന വായന

എന്‍െറ മുത്തശ്ശി പ്രൈമറി സ്കൂള്‍ അധ്യാപികയായിരുന്നു. ഞങ്ങളുടെ ഗ്രാമത്തില്‍ അന്ന് ഒരു വിദ്യാലയവും ഉണ്ടായിരുന്നില്ല. കടത്ത് കടന്നിട്ടാവണം അന്ന് അവര്‍ പോയിട്ടുണ്ടാവുക. പാലമൊക്കെ പിന്നെയാണ് എത്തിയത്. എനിക്ക് ഓര്‍മയുള്ള കാലത്തുതന്നെ മുത്തശ്ശിക്ക് വാര്‍ധക്യം തോന്നിയിരുന്നു. എങ്കിലും അവരുടെ ഊര്‍ജവും പ്രസരിപ്പും എന്നില്‍ അദ്ഭുതമാണ് ഉണര്‍ത്തിയിരുന്നത്. തൊണ്ണൂറ് കഴിയുമ്പോഴും ആ പ്രസരിപ്പിന് അല്‍പംപോലും കുറവുണ്ടായില്ല.  ഒരേക്കറിലധികം വിസ്തീര്‍ണമുള്ള മുറ്റം മുഴുവന്‍ തൂത്തുവൃത്തിയാക്കല്‍ തുടങ്ങി അനവധി ജോലികളില്‍ അവര്‍ വ്യാപൃതയാവും. ഇപ്പോള്‍ മുത്തശ്ശിയെ ഓര്‍ക്കാന്‍ മറ്റ് കാരണങ്ങളുണ്ട്. നാലടി പൊക്കമുള്ള കൃശഗാത്രി ഒരു ചാരുകസേരയില്‍ കാലിന്മേല്‍ കാല് കയറ്റിവെച്ച് പത്രപാരായണത്തില്‍ മുഴുകുന്നത് ഞങ്ങളുടെ പ്രഭാത കാഴ്ചകളിലൊന്നാണ്. ഈ വായന മണിക്കൂറുകള്‍ നീളും. ടെന്‍ഡര്‍ നോട്ടീസുകള്‍പോലും വായിച്ചുകാണുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഈ മുത്തശ്ശി സര്‍ഗാത്മക മൗനത്തിലൂടെ, പറഞ്ഞുതന്ന പല കാര്യങ്ങളിലൊന്ന് പരന്ന പത്രംവായനയാണ്. ആ ശീലത്തില്‍നിന്ന് ഞാന്‍ ഏതാണ്ട് പിന്‍വാങ്ങിയ നിലയിലാണ്. വര്‍ത്തമാന സമസ്യകളില്‍ ഒന്നായി ഞാനതിനെ സ്വയം സ്വീകരിക്കുന്നു. വായന തടസ്സപ്പെടുന്നു എന്നതാണ് പ്രശ്നം. എഴുത്തുകാരനെന്നപോലെ വായനക്കാരനും ചില ശീലങ്ങളുണ്ട്. അക്ഷരങ്ങളുടെ വടിവ്, തലക്കെട്ടുകള്‍, ഭാഷ, ലേ ഒൗട്ട് ഇത്യാദി കുറെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും. ഞങ്ങളുടെ തലമുറക്ക് ആകെയുണ്ടായിരുന്ന ഒരേയൊരു മാധ്യമം പത്രങ്ങള്‍ മാത്രമായിരുന്നുവെന്നതും പ്രസക്തമാണ്. നവ-പുതു-ദൃശ്യമാധ്യമങ്ങളുടെയൊന്നും പുകിലില്ലാതെ സൈ്വരവായന. അതൊരു സന്തോഷകാലം തന്നെയായിരുന്നു.
പരസ്യങ്ങളുടെ കടന്നുകയറ്റത്തില്‍ പകച്ചുപോകുന്നത് എന്നെപ്പോലെയുള്ള സാധാരണ വായനക്കാരാണ്. പരിപ്പുവടക്കും ചായക്കും വര്‍ഷത്തില്‍ ഒന്നോ രണ്ടോ രൂപ വര്‍ധിക്കുമ്പോള്‍ പല പത്രങ്ങളുടെയും വില വ്യത്യാസം അതിലേറെയാകുന്നു. ശൗചാലയങ്ങളില്‍ സമാധാനമായി പോകണമെങ്കില്‍ പത്രം വായിക്കണം. ഉറങ്ങുന്നതിനുമുമ്പ് ബാക്കിയും വായിച്ചുതീര്‍ക്കണം. ഉണരുന്നത് പത്രം വായിക്കാന്‍. ഇപ്പോഴും എല്ലാവരും ശകാരിക്കുന്നു, എന്‍െറ മകന്‍പോലും -പത്രം കിട്ടിയാല്‍ ഞാനാരുടെയും മുഖത്തുപോലും നോക്കാറില്ളെന്ന്. ഒരുകാലത്ത് ഇത്ര ഭ്രാന്തമായി പത്രവായനയില്‍ രമിച്ചിരുന്ന എനിക്ക് എന്തുപറ്റി എന്ന് അറിയാതെപോകുന്നു.
രസകരമായ ഒരു കാര്യം കൂടി എഴുതട്ടെ! ജീവിതത്തിന്‍െറ ദശാസന്ധിയില്‍, ഒരുവേള ഞാനും പത്രപ്രവര്‍ത്തനം പഠിക്കാന്‍ ഒരുമ്പെട്ടു. പഠിക്കാന്‍ സമര്‍ഥനല്ളെങ്കിലും റാങ്ക് വാങ്ങിച്ചാണ് പാസായത്. അന്നാണ് സാങ്കേതികതകള്‍ മനസ്സിലായത്. ആറു വരികളില്‍നിന്നും പത്തു വരികളിലേക്കും വാക്കുകളിലേക്കും ആശയങ്ങള്‍ ആവിഷ്കരിക്കുന്ന മനോഹര മനോജ്ഞ വിദ്യകള്‍ അന്നാണ് സ്വായത്തമാക്കിയത്. വാക്കുകളിലെ ദുര്‍മേദസ്സ് കണ്ടറിഞ്ഞു. ജോലിക്കുവേണ്ടിയുള്ള പഠനം അല്ലാത്തതുകൊണ്ട് ശരിക്കും ഞാന്‍ സന്തോഷവാനായിരുന്നു. കോഴ്സ് കഴിഞ്ഞ് അവാര്‍ഡുകളും മെഡലുകളും ഏറ്റുവാങ്ങാനായി ചെന്നപ്പോള്‍ ആരോ എന്നോടു ചോദിച്ചു. എന്തിനാണ് ഇത്രയും സമയം ചെലവാക്കി വെറുതെ നീ ഇത് പഠിച്ചതെന്ന്. വരികള്‍ക്കിടയിലെ വിടവുകളെക്കുറിച്ച്, പറയാത്ത വാക്കുകളെക്കുറിച്ച്, സര്‍ഗാത്മക മൗനങ്ങളെക്കുറിച്ച് വായിച്ചറിയാന്‍ എനിക്ക് ജേണലിസം പഠനംകൊണ്ട് കഴിഞ്ഞുവെന്ന് തെല്ലഹങ്കാരത്തോടെ ഇന്നും ഞാന്‍ പറയും.
പഠനം, സത്യം പറഞ്ഞാല്‍ കുറെ കണ്ണടകള്‍ എനിക്ക് സമ്മാനിച്ചു. അവിടെയാണ് പ്രശ്നം തുടങ്ങുന്നത്. നിലനില്‍പിനുവേണ്ടിയുള്ള തത്രപ്പാടുകളില്‍ പത്രധര്‍മം പലപ്പോഴും ബലികഴിക്കപ്പെടുന്നു. അങ്ങനെ  തന്നെയാകണം. ആദ്യ പേജുകളില്‍ മുഴുനീള ബഹുവര്‍ണ പരസ്യങ്ങള്‍ നിറഞ്ഞുതുടങ്ങിയിരിക്കുന്നു. മൂന്നാം പേജിലാണ് പത്രം ആരംഭിക്കുന്നത്. അവിടെയും രക്ഷയില്ല. പലപ്പോഴും അരപ്പേജ് പരസ്യം. കുഗ്രാമങ്ങളിലെ വൈദ്യനും വൈദികനും വരെ സുസ്മേരവദനരായി അഭീഷ്ടകാര്യസിദ്ധിക്കായി നമ്മെ നോക്കും. സഹിക്കാന്‍ കഴിയില്ല. നേരായും... പിന്നെ വെടിയേറ്റ് ചിതറിക്കിടക്കുന്നവരും കൂട്ടത്തോടെ അഴുക്കുചാലുകളില്‍ ആത്മഹത്യ ചെയ്യുന്ന നാടന്‍ മീനുകളും പട്ടിയുടെ കടിയേറ്റ് മുഖത്ത് മുറിവേറ്റ പിഞ്ചുകുഞ്ഞിന്‍െറ ഓമനമുഖവും ദൃശ്യങ്ങളായി, പ്രഭാതവിഭവങ്ങളായി അണിനിരക്കുന്നു. മണ്ടന്‍ പ്രസ്താവനകള്‍ക്ക് നാലുകോളം; ഗ്രാമ കലാസമിതി കൊടുക്കുന്ന 1001 രൂപയുടെ കലാരത്നം അവാര്‍ഡ് വാങ്ങിക്കുന്നവനും കൊറിയയിലെ കണ്ട യൂനിവേഴ്സിറ്റികളില്‍നിന്ന് ഡോക്ടറേറ്റ് വാങ്ങിച്ചെടുക്കുന്ന കോഴിക്കച്ചവടക്കാരനും മീശവിരിച്ച് അവതരിക്കും. ലോകപ്രശസ്ത മലയാളി ശാസ്ത്രജ്ഞന് അരക്കാല്‍ കോളത്തിലേക്ക് ഒരു തട്ട്!
പണ്ട്, എനിക്ക് പത്മശ്രീ കിട്ടിയപ്പോള്‍ ഒരു ദിനപത്രത്തിന്‍െറ മാര്‍ക്കറ്റിങ് മാനേജര്‍ എന്നെ വിളിച്ചു. ഞാന്‍ വിചാരിച്ചു, എന്തെങ്കിലും കേള്‍ക്കാന്‍ സുഖമുള്ള പ്രശംസാവചനങ്ങള്‍ ചൊരിയുമെന്ന്. അതല്ല കാര്യം, ഞാന്‍ മൂന്നുദിവസം തുടര്‍ച്ചയായി മുഴുനീള പരസ്യം കൊടുക്കണമെന്ന്. സാറ് പൈസ തന്നാല്‍ മതി: ഞങ്ങള്‍ ആരുടെയെങ്കിലും അഭിനന്ദനമായി, പ്രസിദ്ധീകരിക്കാം.
ഞാന്‍ അന്ധാളിച്ചുനില്‍ക്കുമ്പോള്‍, പിന്നെയും അവന്‍ തുടരുന്നു. സാര്‍ കണ്ടില്ളേ, ആ വര്‍ഷങ്ങളിലൊക്കെ ഇതേ സമ്മാനം നേടിയവര്‍. കോട്ടും പാപ്പാസുമിട്ട്  -ചുമ്മാതെ ഓരോ കമ്പനിയുടെ പേരിലായിരിക്കും... പൈസ മുഴുവന്‍ ആ മുതലാളിമാര്‍... കേള്‍ക്കാനുള്ള ശേഷി നഷ്ടപ്പെട്ടതുകൊണ്ട് ഞാന്‍ ഫോണ്‍ താഴെവെച്ചു.
ഭിന്നശേഷിയുള്ള ആളുകളുടെ അംഗസംഖ്യ ഇന്ത്യയില്‍ പത്തുശതമാനത്തില്‍ എത്തുമത്രേ! ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങള്‍ ഏറെ ബാക്കിനില്‍ക്കുന്നു. രാഷ്ട്രമീമാംസകള്‍ ചര്‍ച്ചചെയ്യപ്പെടണം. തകരുന്ന സാമ്പത്തിക സമവാക്യങ്ങളും കൊടികുത്തി വാഴുന്ന അഴിമതിയും വിഷം ചീറ്റുന്ന വര്‍ഗീയതയും ചര്‍ച്ച ചെയ്യപ്പെടണം. സാമൂഹിക വികസനവും ദാരിദ്ര്യവും കോളങ്ങള്‍ നിറക്കണം. നന്മയുടെ കൊച്ചുവിജയങ്ങള്‍ ആഘോഷിക്കപ്പെടണം. അതാണ് പത്രങ്ങള്‍ ചെയ്യേണ്ടത്.  വായനക്കാര്‍ ആഗ്രഹിക്കുന്നത് അതാണ്. ഞാന്‍ കാണാതിരിക്കുന്നില്ല.  പ്ളാച്ചിമടക്കും എന്‍ഡോസള്‍ഫാന്‍ കുഞ്ഞുങ്ങള്‍ക്കും വിഷമില്ലാത്ത കൃഷിക്കു വേണ്ടിയും നല്ല വെള്ളത്തിനുവേണ്ടിയും ഭൂമിയുടെ അവകാശത്തിനുമൊക്കെ പത്രമാധ്യമങ്ങള്‍ സമരം ചെയ്യുന്നുണ്ട്. അത് നല്ലകാര്യം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് ഒറ്റക്കാര്യമാണ്. പൊടിപ്പും തൊങ്ങലുമില്ലാതെ ഞങ്ങള്‍ക്ക് നേരറിയണം. നന്മയറിയണം. അത്രമാത്രം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.