ഗുജറാത്തില്‍ ഇപ്പോള്‍ കഴിഞ്ഞ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട പരാജയം ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കാള്‍ ആഴമുള്ളതും അതിനെക്കാള്‍ ദൂരവ്യാപകമായ ആഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. ബിഹാറില്‍ ഒറ്റക്ക് ജയിക്കാന്‍ ബി.ജെ.പിക്ക് കഴിയുമോയെന്നത് തെരഞ്ഞെടുപ്പില്‍ അധികം ഉന്നയിക്കാതെപോയ ചോദ്യമായിരുന്നു. തങ്ങളുടെ അനുകൂലമായ ഒരുഘടകം എന്ന് ബി.ജെ.പി വിശ്വസിക്കുന്ന ‘മോദിപ്രഭാവ’ത്തില്‍ മാഞ്ചിയുടെയും പസ്വാന്‍െറയും ചെറിയപാര്‍ട്ടികളെ കൂട്ടി വിജയിക്കാമെന്നത് അവരുടെ പ്രതീക്ഷയായിരുന്നു എന്നേയുള്ളൂ. അവിടെ നിതീഷും ലാലുവും കോണ്‍ഗ്രസുംകൂടി ചേരുന്ന മുന്നണിക്ക് ഭൂരിപക്ഷം ഏതാണ്ട് തീര്‍ച്ചയായിരുന്നു. അതുതന്നെ സംഭവിക്കുകയുംചെയ്തു. നിതീഷ് വളരെക്കാലം ബി.ജെ.പിക്ക് ഒപ്പമുണ്ടായിരുന്ന ആളാണ്. ഇനിനാളെ എവിടെ നില്‍ക്കും എന്ന് ഇപ്പോള്‍ പറയാന്‍കഴിയില്ല. കോണ്‍ഗ്രസിതര പ്രതിപക്ഷപാര്‍ട്ടികള്‍ മിക്കവയും ഒരിക്കലെങ്കിലും ബി.ജെ.പിയുമായോ ജനസംഘവുമായോ സഖ്യത്തില്‍ ഏര്‍പ്പെട്ടിട്ടുള്ളവയാണ്. ഹിന്ദുത്വവുമായി ഇവര്‍ക്കാര്‍ക്കും സ്ഥിരമായ ‘മതേതര’ വൈരുധ്യമില്ല.
ഗുജറാത്തില്‍ ജനതാദള്‍ (യുനൈറ്റഡ്) ഒരു ശക്തമായ സാന്നിധ്യമാണെങ്കിലും കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് എതിരിടുന്ന രാഷ്ട്രീയമാണ് സംസ്ഥാനത്തുള്ളത്. 1975ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനുംമുമ്പ്് ഭാരതീയജനസംഘവും സിന്‍ഡിക്കേറ്റ് കോണ്‍ഗ്രസും സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുംകൂടി ചേര്‍ന്നുണ്ടാക്കിയ വലതുപിന്തിരിപ്പന്‍ സഖ്യം ജനതാമോര്‍ച്ച എന്നപേരില്‍ അധികാരത്തില്‍വന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഇതാണ് പിന്നീട് ജനതാപാര്‍ട്ടിയായി മാറിയത്. 1975 ജൂണില്‍ അടിയന്തരാവസ്ഥക്ക് തൊട്ടുമുമ്പുനടന്ന ആ തെരഞ്ഞെടുപ്പില്‍ ജനസംഘം താരതമ്യേന ചെറിയ പാര്‍ട്ടിയായിരുന്നുവെങ്കിലും ഏറ്റവുംകൂടുതല്‍ ആക്രമണം അഴിച്ചുവിട്ടത് അവരായിരുന്നു എന്ന് ഘനശ്യാം ഷാ എഴുതിയിരുന്നു (ഏഷ്യന്‍ സര്‍വേ, വാള്യം 16, No. 3, 1976). ഇന്ദിര ഗാന്ധിയുടെ നിരവധി തെരഞ്ഞെടുപ്പുയോഗങ്ങള്‍ അവര്‍ അലങ്കോലപ്പെടുത്തുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പുപ്രചാരണം നടത്താന്‍പോലും അനുവദിക്കാതെ നിരന്തരം ആക്രമിക്കുകയുംചെയ്തു. തെരഞ്ഞെടുപ്പുപ്രചാരണത്തിന് എത്തിയ അന്നത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ജഗ്ജീവന്‍ റാമിനെ ആക്രമിച്ചുപരിക്കേല്‍പിച്ചു. ഈ ഫാഷിസ്റ്റ് സ്വഭാവം ഇന്നും ബി.ജെ.പി തുടരുന്നു. കോണ്‍ഗ്രസിന്‍െറ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പരാജയത്തിനും ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. അടിയന്തരാവസ്ഥക്ക് കോണ്‍ഗ്രസിനെ ഉത്തരേന്ത്യയിലെ വലതുപിന്തിരിപ്പന്‍ ശക്തികളുടെ രാഷ്ട്രീയ ആക്രമണത്തില്‍നിന്ന് രക്ഷിക്കാനായില്ളെന്നു മാത്രമല്ല, ആ ജനാധിപത്യവിരുദ്ധമായ തീരുമാനവും ആ കാലഘട്ടത്തിലുണ്ടായ അമിതാധികാരപ്രയോഗങ്ങളും ഭരണകൂട അതിക്രമങ്ങളും ഇപ്പോഴും പാര്‍ട്ടിയെ ഉത്തരംമുട്ടിക്കുകയുമാണ്. ഏതായാലും, പിന്നീട് ഇന്ത്യയിലെ മറ്റുസ്ഥലങ്ങളില്‍ എന്നതുപോലെ ജനതാപരീക്ഷണം ഗുജറാത്തില്‍ ബാക്കിവെച്ചത് ശക്തമായ ബി.ജെ.പി-സംഘ്പരിവാര്‍ സാന്നിധ്യമായിരുന്നു. മോദിയുടെ കാലത്ത് അത് അതിന്‍െറ പാരമ്യത്തിലത്തെുകയും നാടിനെ ഇപ്പോഴും നീറ്റുന്ന ന്യൂനപക്ഷഹിംസ അവിടെ അരങ്ങേറുകയും ചെയ്തു.
ബി.ജെ.പിയുടെ ഗുജറാത്ത് വികസനവാര്‍ത്തകള്‍ മോദിയെ വീരനായകനാക്കിക്കൊണ്ടുള്ള പൊള്ളക്കഥകളായിരുന്നു. ഭീതിയുടെ നിഴലില്‍ ഒരു സംസ്ഥാനത്തെ നിര്‍ത്തി അടക്കിഭരിക്കുകയാണ് യഥാര്‍ഥത്തില്‍ മോദി ചെയ്തത്. മോദിയുടെ പ്രധാനമന്ത്രിപദം ഉറപ്പാക്കിയ ആ തന്ത്രം ഇപ്പോള്‍ ഡല്‍ഹിയിലും അദ്ദേഹം പരീക്ഷിക്കുന്നുണ്ട്. എന്നാല്‍, അതിനിടയില്‍ ഗുജറാത്തില്‍ വലിയ രാഷ്ട്രീയമാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് വിളിച്ചുപറയുന്നതായിരുന്നു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുനടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിട്ട വലിയതോതിലുള്ള പരാജയം.
ബിഹാറിലെപ്പോലെ പഴയ ജനതാപരിവാറിലെ കക്ഷികളും കോണ്‍ഗ്രസും അടങ്ങുന്ന ഒരു മുന്നണിയോടല്ല, നേരിട്ട് കോണ്‍ഗ്രസിനോടുതന്നെയാണ് ബി ജെ.പി പരാജയപ്പെട്ടത്. ഏറ്റവും പ്രധാനമായിട്ടുള്ളത് ഗ്രാമീണമേഖലയില്‍ ബി.ജെ.പിയുടെ അടിവേരുകള്‍ പിഴുതെറിയാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു എന്നതും നഗരമേഖലകളില്‍ അവരുടെ സ്വാധീനത്തിന് കനത്ത ആഘാതമേല്‍പിക്കാന്‍ കഴിഞ്ഞു എന്നതുമാണ്. കോണ്‍ഗ്രസ് വലിയതോതിലുള്ള പ്രചാരണംനടത്തി നേടിയ വോട്ടുകള്‍ അല്ലാ ഇതെന്ന് അവിടത്തെ തെരഞ്ഞെടുപ്പുചിത്രം നേരിട്ടുകണ്ട എനിക്ക് ബോധ്യമുള്ളതാണ്.
ശക്തമായ പ്രചാരണത്തിന് കോണ്‍ഗ്രസ് തയാറാവാഞ്ഞതുതന്നെ വലിയ വിജയപ്രതീക്ഷകള്‍ ഇല്ലാതിരുന്നതുകൊണ്ടാണ് (എന്നിട്ടും കോണ്‍ഗ്രസിനെതിരെ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി). ഗുജറാത്തിലെ ഗ്രാമീണജനങ്ങള്‍ എടുത്ത രാഷ്ട്രീയതീരുമാനം ആയിരുന്നു ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നത്. അതാണ് ഈ തെരഞ്ഞെടുപ്പിന്‍െറ ഏറ്റവും പ്രധാനപ്പെട്ട ചരിത്രപാഠം.
2010ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേടിയ വിജയം ഏതാണ്ട് സമ്പൂര്‍ണമായിരുന്നു. എന്നാല്‍, 2015ല്‍ തെളിയുന്ന ചിത്രം വളരെ വ്യത്യസ്തമാണ്. 2010ല്‍ ആറു കോര്‍പറേഷനുകളിലും വിജയിച്ച ബി.ജെ.പിക്ക് 443 സീറ്റുകളാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസിന് ഏതാണ്ട് 100 സീറ്റുകളെ അന്ന് നേടാനായുള്ളൂ. 2015ല്‍ കോര്‍പറേഷനുകളില്‍ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിലും സീറ്റുകളുടെ എണ്ണം 332 ആയി കുറയുകയും കോണ്‍ഗ്രസിന്‍േറത് 156 ആയി വര്‍ധിക്കുകയും ചെയ്തു. മുനിസിപ്പാലിറ്റികളില്‍ 55 എണ്ണത്തില്‍ ഭൂരിപക്ഷമുണ്ടായിരുന്ന ബി.ജെ.പിക്ക് ഇപ്പോള്‍ 41 എണ്ണത്തിലേ ഭരണമുള്ളൂ. കോണ്‍ഗ്രസ്ഭരണമുള്ള മുനിസിപ്പാലിറ്റികള്‍ ഒമ്പതില്‍നിന്ന് 12 ആയി. സീറ്റുകളുടെ കാര്യത്തിലും വലിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ് സീറ്റുകള്‍ ഏതാണ്ട് ഇരട്ടിയാക്കി. നഗരപാലികകളില്‍ ബി.ജെ.പി ആധിപത്യം തുടരുന്നെങ്കിലും ശക്തമായ പ്രതിപക്ഷസാന്നിധ്യം ഉണ്ടായിരിക്കുന്നു എന്നത് വളരെ പ്രധാനമാണ്. എങ്കിലും, നഗരങ്ങളിലെ മധ്യവര്‍ഗത്തിനിടയില്‍ ബി.ജെ.പിയും സംഘ്പരിവാറും ഉണ്ടാക്കിയിട്ടുള്ള സ്വാധീനം കാര്യമായി കുറഞ്ഞിട്ടില്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
എന്നാല്‍, ഗ്രാമീണമേഖലയിലെ സ്ഥിതി ഇതല്ല. 2010ല്‍ 24 ജില്ലാപഞ്ചായത്തുകളാണുണ്ടായിരുന്നത്. അതില്‍ 22ഉം ഭരിച്ചിരുന്നത് ബി.ജെ.പിയായിരുന്നു. 2015ല്‍ 31 ജില്ലാപഞ്ചായത്തുകളുള്ളതില്‍ 24ഉം നേടിയിരിക്കുന്നത് കോണ്‍ഗ്രസാണ്. താലൂക്ക് പഞ്ചായത്തുകളില്‍ 230ല്‍ 151ഉം നേടി ബി.ജെ.പിയെ കോണ്‍ഗ്രസ് ബഹുദൂരം പിന്നിലാക്കി. പല ജില്ലകളിലും ഒരു താലൂക്ക് പഞ്ചായത്തുപോലും നേടാനാവാതെ ബി.ജെ.പി തുടച്ചുനീക്കപ്പെടുകയായിരുന്നു. മോദിയുടെ ജില്ലയായ മേസാനയിലും ബി.ജെ.പി പ്രസിഡന്‍റ് ആര്‍.സി. ഫാല്‍ദുവിന്‍െറ മണ്ഡലമായ കലാവതിലും ബി.ജെ.പി തകര്‍ന്നടിഞ്ഞു.
ഈ തെരഞ്ഞെടുപ്പ് നടന്നത് പട്ടീദാര്‍ സമുദായസംഘടനകള്‍ സംവരണവാദം ഉയര്‍ത്തിനടത്തുന്ന സമരത്തിന്‍െറ പശ്ചാത്തലത്തിലായിരുന്നു. ഇത് ബി.ജെ.പിയുടെ വോട്ടുകള്‍ ചോരുന്നതിനു കാരണമാകും എന്ന് കരുതിയിരുന്നു എങ്കിലും അതുണ്ടായില്ല. എല്ലാവിഭാഗങ്ങളും പൊതുവില്‍ ബി.ജെ.പിക്ക് എതിരാവുന്ന കാഴ്ചയാണ് കാണുന്നത്. സൗരാഷ്ട്രമേഖലയില്‍ ബി.ജെ.പിക്കുണ്ടായ വന്‍തകര്‍ച്ച പട്ടേല്‍സമുദായത്തിന്‍െറ അവരോടുള്ള അകല്‍ച്ചയാണ് സൂചിപ്പിക്കുന്നത് എന്നുപറയാമെങ്കിലും അത് സംവരണസമരത്തിന്‍െറ ഭാഗമായുണ്ടായ എതിര്‍പ്പല്ല. പട്ടേല്‍ സംവരണവാദം സംവരണനയത്തോട് എതിര്‍പ്പുള്ളവരുടെതാണ്. അവരുടെ നിലപാടും ബി.ജെ.പി നിലപാടും ഇക്കാര്യത്തില്‍ വ്യത്യസ്തമല്ല. ഗ്രാമീണമേഖലയിലെ കര്‍ഷകതൊഴിലാളി സമൂഹം ഒന്നടങ്കം ബി.ജെ.പിയെ കൈവിടുകയാണ്. ഗുജറാത്ത് മാതൃകയുടെ പൊയ്മുഖം അവര്‍ വലിച്ചുകീറിയിരിക്കുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ ചിത്രം ആവര്‍ത്തിക്കും എന്ന് ഉറപ്പിച്ചുപറയാന്‍ കഴിയില്ളെങ്കിലും ഗുജറാത്തിലെ ബി.ജെ.പിയുടെ അടിത്തറ ഇളകിക്കഴിഞ്ഞിരിക്കുന്നു എന്ന് നിസ്സംശയം പറയാവുന്ന സാഹചര്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് സംജാതമായിരിക്കുന്നത്.
അസഹിഷ്ണുതയുടെയും ജനാധിപത്യവിരുദ്ധതയുടെയും രാഷ്ട്രീയത്തിനുള്ള തിരിച്ചടികള്‍ തുടങ്ങിക്കഴിഞ്ഞു എന്നാണ് ഗുജറാത്ത് നല്‍കുന്ന സൂചന. രാജ്യത്തിന് ഇതുനല്‍കുന്ന പ്രത്യാശയുടെ സന്ദേശം ആഹ്ളാദകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.