വിഭജന മ്യൂസിയം സ്വാഗതാര്‍ഹം

ഒട്ടും മോശപ്പെട്ട ആശയമല്ല വിഭജന മ്യൂസിയം. ചരിത്രത്തിലെ അഗാധമായ മുറിവായിരുന്നു ഇന്ത്യ-പാക് വിഭജനം. വിഭജനത്തെ ആധാരമാക്കി ഒരു മ്യൂസിയം സ്ഥാപിക്കുക എന്ന ആശയം പ്രിയങ്കരംതന്നെ. പക്ഷേ, ബ്രിട്ടീഷ് മ്യൂസിയത്തിന്‍െറ ഉപവിഭാഗമായിട്ടാണത്രെ വിഭജന മ്യൂസിയം സ്ഥാപിക്കുക. നിര്‍ദിഷ്ട മ്യൂസിയത്തിന് മേല്‍നോട്ടം വഹിക്കുന്നതും ബ്രിട്ടീഷുകാരായിരിക്കും. വിഭജനത്തിന്‍െറയും ദശലക്ഷം ജനങ്ങളുടെ ജീവന്‍ ഹോമിച്ചതിന്‍െറയും പൂര്‍ണ ഉത്തരവാദിത്തം ബ്രിട്ടനായിരിക്കെ അവര്‍തന്നെ ഇത്തരമൊരു മ്യൂസിയത്തിന് നേതൃത്വം നല്‍കുന്നത് എത്രമാത്രം അഭികാമ്യമായിരിക്കും? ഓര്‍മകളുടെ സഞ്ചയം ഒരുക്കുന്നതിനു പിന്നിലെ അടിസ്ഥാന ലക്ഷ്യംതന്നെ അതോടെ അവതാളത്തിലാകും.
ഇന്ത്യ വിടുമ്പോള്‍ ബ്രിട്ടന്‍ നല്‍കിയ അവസാന തൊഴിയായിരുന്നു വിഭജനം. മതത്തിന്‍െറ അടിസ്ഥാനത്തില്‍ ഉപഭൂഖണ്ഡത്തെ വെട്ടിമുറിക്കുകയായിരുന്നു അവര്‍. പാകിസ്താന്‍ മതാധിഷ്ഠിത രാഷ്ട്രമായപ്പോള്‍, ഇന്ത്യ മതേതര ഭരണഘടനക്ക് അംഗീകാരം നല്‍കി. മതേതരത്വ സങ്കല്‍പത്തിന് ഭരണഘടനയുടെ ആമുഖത്തില്‍ ഇടം ലഭിച്ചു. പക്ഷേ, അതേ ഇന്ത്യയില്‍തന്നെയായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതും, 1984ല്‍ സിഖ് കൂട്ടക്കുരുതി അരങ്ങേറിയതും. മതേതരത്വം പാഴ്വാക്കും പ്രഹസനവുമായി പരിണമിച്ച സന്ദര്‍ഭങ്ങള്‍.
പാകിസ്താനുമായുള്ള യുദ്ധങ്ങള്‍ ഒഴിവാക്കാന്‍ മതേതര ഇന്ത്യക്ക് സാധിച്ചില്ല. ഇരു രാജ്യങ്ങളും ആണവായുധങ്ങള്‍ സ്വായത്തമാക്കിയിട്ടുണ്ട്. ഇരുപക്ഷത്തേയും സങ്കുചിത താല്‍പര്യക്കാര്‍ യുദ്ധോത്സുകരായി പരസ്പരം ഭീഷണികള്‍ മുഴക്കുന്നതില്‍ മത്സരിക്കുന്നു. ഈ പശ്ചാത്തലത്തില്‍  വേണം വിഭജന മ്യൂസിയത്തെ വിലയിരുത്താന്‍.
ജനങ്ങള്‍ക്കുണ്ടായ ദുരിതപര്‍വങ്ങള്‍ ചിത്രീകരിക്കാതെ മ്യൂസിയത്തിന് സത്യസന്ധമാകാന്‍ കഴിയില്ല. അപ്പോള്‍ വിഭജനകാല സംഘര്‍ഷങ്ങളുടെ യഥാര്‍ഥ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് പഴയ മുറിവുകള്‍ വീണ്ടും തുറന്നിടുന്നതിന് വഴിവെക്കും. ഒരുമയും ഐക്യവും സാധ്യമാക്കുന്നതിനുള്ള പോംവഴികള്‍ ആരായുന്നതിനേക്കാള്‍, എങ്ങനെ ഭിന്നിച്ചുനില്‍ക്കാം എന്ന ആലോചനയിലാണ് ഹിന്ദു- മുസ്ലിം സമുദായങ്ങള്‍. ബ്രിട്ടന്‍െറ ആഗമനത്തിനു മുമ്പ് ഹിന്ദുക്കളും മുസ്ലിംകളും മൈത്രിയോടെ ഇന്ത്യയില്‍  ജീവിച്ചു എന്നത് ചരിത്ര യാഥാര്‍ഥ്യം. എന്നാല്‍, ഇരു സമുദായങ്ങള്‍ക്കും വ്യത്യസ്ത നിയോജക മണ്ഡലങ്ങള്‍ തയാറാക്കി ആ സൗഹാര്‍ദം ശിഥിലമാക്കുന്നതില്‍ കൊളോണിയല്‍ ശക്തികള്‍ വിജയം വരിച്ചു.
മുസ്ലിംകള്‍ക്കുവേണ്ടി സംവരണ രീതി നടപ്പാക്കുന്ന നീക്കം ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ  ഭായ് പട്ടേല്‍ പുറത്തുവിട്ടപ്പോള്‍ ഇന്ത്യ-പാക് വിഭജനംപോലെ അതും മറ്റൊരു വിഭജനമായിരിക്കുമെന്ന് മുസ്ലിം നേതാക്കള്‍തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. മുസ്ലിംകളുടെ നില ദലിതുകളെക്കാള്‍ പരിതാപകരമാണെന്ന് സച്ചാര്‍ കമീഷന്‍ ചൂണ്ടിക്കാട്ടിയതോടെ മുസ്ലിംകള്‍ സംവരണത്തിനുള്ള ആവശ്യങ്ങള്‍ ശക്തിപ്പെടുത്തുകയായിരുന്നു.
മുസ്ലിംകളും ഹിന്ദുക്കളും പരസ്പര വിശ്വാസത്തോടെ ഒറ്റക്കെട്ടാവുന്നത് മാത്രമാണ് ഉദ്ഗ്രഥനത്തിനുള്ള മികച്ച വഴിയെന്ന് ഞാന്‍ കരുതുന്നു. വാസ്തവത്തില്‍ ഇരു വിഭാഗങ്ങളുടെയും സാമൂഹിക ബന്ധം ശിഥിലമായിരിക്കുന്നു. വ്യാപാരികള്‍, വ്യവസായികള്‍, ഉദ്യോഗസ്ഥര്‍ എന്നീ നിലകളിലാണ് അവരുടെ ബന്ധങ്ങള്‍. അയല്‍ക്കാരന്‍, സാധാരണ മനുഷ്യന്‍ എന്നീ നിലകളിലുള്ള അടുപ്പം സ്ഥാപിക്കാനാകാതെ ബന്ധങ്ങള്‍ പരിമിത വൃത്തത്തില്‍ ചുരുങ്ങിപ്പോകുന്നു.
ഡല്‍ഹിയിലെ കിഷന്‍ഗഞ്ചില്‍ വര്‍ഗീയ ലഹള പടര്‍ന്ന സന്ദര്‍ഭം ഓര്‍മിക്കുന്നു. ലഹളയെ തുടര്‍ന്ന് മുസ്ലിംകള്‍ അവിടെ താമസിക്കാന്‍പോലും ഭയപ്പെട്ടു. അവര്‍ പ്രത്യേക ചേരികളില്‍ പുനരധിവസിക്കപ്പെട്ടു. ആ ചേരി സന്ദര്‍ശിച്ച ഘട്ടത്തില്‍ ഈവിധം ഒറ്റപ്പെട്ട് താമസിക്കുന്നത് അഭിലഷണീയമല്ളെന്ന എന്‍െറ ഉപദേശം ശ്രവിക്കാന്‍ അവര്‍ തയാറായില്ല. ചേരിയിലെ സാഹചര്യം ഇപ്പോള്‍ കൂടുതല്‍ ദുസ്സഹമായിരിക്കുന്നു. അസൗകര്യങ്ങള്‍ വര്‍ധിച്ചതോടെ ക്ളേശങ്ങളും ദുരിതങ്ങളും വര്‍ധിച്ചു. ഓരോ മുസ്ലിമിനെയും സംശയത്തിന്‍െറ കണ്ണിലൂടെയാണ് ഹിന്ദു വിഭാഗങ്ങള്‍ വീക്ഷിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ വിഭജന മ്യൂസിയം എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകുമോ? എന്നാല്‍, അത്യധികം ആകര്‍ഷകമാണ് ഇസ്ലാമാബാദില്‍ സ്ഥാപിച്ച പഞ്ചാബി സാംസ്കാരിക മ്യൂസിയം. പരേതനായ കവി ഫയിസ് അഹ്മദ് ഫയിസ് ആണ് ഈ കേന്ദ്രം സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തത്.  പഞ്ചാബി നാടോടി തനത് കലാരൂപങ്ങള്‍, പഞ്ചാബി മാതൃകയിലുള്ള ഗൃഹസാമാനങ്ങള്‍, വിവാഹ വസ്ത്രങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുക്കളും മുസ്ലിംകളും ഭേദമില്ലാതെ ഉപയോഗിച്ചുവന്ന ആദ്യകാല വേഷവിധാനങ്ങളും കാണാം. സ്നേഹോഷ്മളതയുടെ  പഴയ കാലഘട്ടത്തെ പാകിസ്താന്‍ പുന$സൃഷ്ടിച്ചിരിക്കുന്നു.
ഇത്തരം പദ്ധതികളിലൂടെ പരസ്പരം അറിയാനും ജനകീയതല സമ്പര്‍ക്കം വിപുലീകരിക്കാനും സാധിക്കുന്നപക്ഷം മോദി -ശരീഫ് കൂടിക്കാഴ്ചയുടെയോ, ബാങ്കോക് നയതന്ത്രത്തിന്‍െറയോ പിന്തുണ ഇല്ലാതത്തെന്നെ ഇന്ത്യ-പാക് ബന്ധങ്ങള്‍  ഊട്ടിയുറപ്പിക്കാനാകും.
നിര്‍ദിഷ്ട മ്യൂസിയത്തിന്‍െറ പ്രകൃതം എന്തുമാകട്ടെ, അതിന്‍െറ നിര്‍മാണ നടത്തിപ്പ് ചുമതലകളില്‍നിന്ന് ബ്രിട്ടനെ മാറ്റി നിര്‍ത്തിയേ മതിയാവൂ. അവരുടെ കൊടുംക്രൂരതകള്‍ക്ക് വിധേയമായ രാജ്യമാണ് ഇന്ത്യ. വിഭജന മ്യൂസിയം സ്വാഗതാര്‍ഹംതന്നെ; ബ്രിട്ടീഷ് ഇടപെടല്‍ ഒഴിവാക്കേണ്ടതും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.