ഉടുക്കുന്ന തുണിക്കുമുണ്ട്  ഒരു രാഷ്ട്രീയം

‘എന്‍െറ ഈ ഏഴാമത്തെ ഷര്‍ട്ടു കാണുമ്പോള്‍
കീറിപ്പറിഞ്ഞ ഉടുപ്പിട്ട് എപ്പോഴും ആയിരം
വിഷമങ്ങളെ കുറിച്ചുമാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന
മനുഷ്യരോട് എനിക്ക് പുച്ഛം തോന്നുന്നു.
പ്രിയപ്പെട്ട ഏഴാം നമ്പര്‍ ഷര്‍ട്ടേ നീ മാറരുതേ,
ഇതേപോലെ ഇരിക്കണേ,
തിളക്കവും മിനുക്കവും വിടാതെ’.
(സച്ചിദാനന്ദന്‍ മൊഴിമാറ്റിയ ബംഗാളി കവി ബുദ്ധദേവ് ദാസ് ഗുപ്തയുടെ ‘ഏഴാമത്തെ ഷര്‍ട്ട്’ എന്ന കവിത)

ഒരു മുല്ലാ നസ്റുദ്ദീന്‍ കഥയുണ്ട്. ഒരു വിരുന്നുസല്‍ക്കാരത്തിന് പോയ മുല്ലാ നസ്റുദ്ദീന്‍െറ കീറിയഷര്‍ട്ടും മുഷിഞ്ഞവേഷവുംകണ്ട് കാവല്‍ക്കാര്‍ അകത്തുകടക്കാന്‍ സമ്മതിച്ചില്ല. മുല്ല തിരിച്ചുപോയി. ഒരു സ്യൂട്ടും തിളങ്ങുന്ന ഷൂസും കടംവാങ്ങി പുതിയവേഷത്തില്‍ വീണ്ടും അവിടേക്ക് തിരിച്ചുവന്നു. കാവല്‍ക്കാര്‍ ബഹുമാനപുരസ്സരം സ്വീകരിച്ച് അകത്ത് കൊണ്ടുപോയി. തീന്‍ മേശയില്‍ നിരത്തിവെച്ച വിഭവങ്ങള്‍ക്കരികില്‍ ആരൊക്കെയോ ആദരവോടെ മുല്ലയെ നയിച്ചു. മുല്ല തിളങ്ങുന്ന ഷൂസും സ്യൂട്ടും അഴിച്ച് തീന്‍ മേശക്കരികിലുള്ള കസേരയില്‍വെച്ച് ഇറങ്ങിപ്പോയി.
എല്ലാവര്‍ക്കും വേഷമേ വേണ്ടൂ. അതുകൊണ്ടാണ് എല്ലാവരും വേഷംകെട്ടുന്നത്. വേഷം കെട്ടാത്തതുകൊണ്ടാണ് ലോകമറിയുന്ന നാലു പതിറ്റാണ്ടുകളായി ആദിവാസികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ദയാബായി എന്ന 75കാരിയെ കെ.എസ്.ആര്‍.ടി.സി ബസില്‍നിന്ന് ഇറക്കിവിട്ടത്. ആദിവാസിവേഷം ധരിച്ച ഒരുസ്ത്രീ മാന്യന്മാര്‍ സഞ്ചരിക്കുന്ന കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് അവകാശത്തെ കുറിച്ച് പറയുകയോ? കഴുത്തില്‍ വലിയൊരു സ്റ്റീല്‍ റിങ്, കൈയില്‍ സ്റ്റീല്‍ വളകള്‍, മൂക്കുത്തി. ആദിവാസികളെപോലെ ചേല ചുറ്റിയിട്ടുണ്ട്. ഇറക്കിവിടാന്‍  ഈ വേഷംതന്നെ ധാരാളം. നമ്മള്‍ മലയാളികള്‍ മനുഷ്യരുടെ വേഷങ്ങളിലാണ് നോക്കുന്നത്. വേഷംനോക്കി ആളെ തീരുമാനിക്കും. പലപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രഫസറായി വിദ്യാര്‍ഥികളെ സംബോധനചെയ്യുന്ന ദയാബായിയുടെ വായില്‍നിന്ന് ഇംഗ്ളീഷായിരുന്നു വന്നിരുന്നതെങ്കില്‍ ആ കണ്ടക്ടറും ഡ്രൈവറും അമ്പരന്ന് വാപൊളിക്കുമായിരുന്നു. (ദയാ ബായിയെ ഇറക്കിവിട്ട കണ്ടക്ടറും ഡ്രൈവറും മാത്രമല്ല കുറ്റക്കാര്‍; ഇത് കണ്ടിട്ടും പ്രതികരിക്കാത്ത മരത്തലയന്മാരായ ആ ബസിലെ യാത്രക്കാരും കുറ്റവാളികളാണ്. മിണ്ടാതിരിക്കുന്നതാണ് ‘മാന്യത’ എന്ന് ധരിക്കുന്ന മണ്ടന്മാര്‍!).
വസ്ത്രത്തിന്‍െറ രാഷ്ട്രീയം (The politics of Dress) എന്നപേരില്‍ മിനാ റോസസും ലൂസി എഡ്വേഡ്സും എഡിറ്റ് ചെയ്ത ഒരു പുസ്തകമുണ്ട്. ഒരു രാജ്യത്തിന്‍െറ ഒൗദ്യോഗിക വസ്ത്രധാരണ രീതികളും സംസ്കാരവുമൊക്കെയായി ബന്ധപ്പെടുത്തി എഴുതിയ പഠനങ്ങള്‍. സായിപ്പ് ഏറക്കാലം നമ്മെ ഭരിച്ചത് അവന്‍െറ ഭാഷ കൊണ്ട് മാത്രമല്ല, വേഷംകൊണ്ടുകൂടിയായിരുന്നു. അതുകൊണ്ടാണ് കൊളോണിയല്‍ അടിമത്വം ഉള്ളില്‍ ഇപ്പോഴും പേറിനടക്കുന്ന നമ്മള്‍ ഒൗദ്യോഗിക ചടങ്ങുകളിലും നക്ഷത്രഹോട്ടലുകളിലും മുന്തിയ കലാലയങ്ങളിലുമൊക്കെ സായിപ്പിന്‍െറ വേഷംകെട്ടി എത്തണമെന്ന് നിര്‍ബന്ധംപിടിക്കുന്നത് (ചാനലുകളിലെ വാര്‍ത്താവതാരകര്‍ക്കും ഇത് ബാധകം). ഗാന്ധിജി വസ്ത്രധാരണത്തിന്‍െറ രാഷ്ട്രീയം തിരിച്ചറിഞ്ഞതുകൊണ്ടാണ് അത്തരം വേഷംകെട്ടലുകളുടെ മുഖത്തുനോക്കി ആഞ്ഞടിച്ചത്-അര്‍ധ നഗ്നനായ ഫക്കീറായി സ്വയംമാറിയത്. ഇന്ത്യയിലെ ഓരോ കുട്ടിയുടെയും മനസ്സില്‍ അര്‍ധനഗ്നനായ ഈ ഫക്കീറിന്‍െറ ചിത്രം മനസ്സില്‍ പതിഞ്ഞുപോയതുകൊണ്ടാണ്; അല്ളെങ്കില്‍, വേഷംകണ്ട് നാം ഗാന്ധിജിയെയും നിരാകരിക്കുമായിരുന്നു.
10 ലക്ഷത്തിന്‍െറ കോട്ടിട്ട മോദിയുടെ രാഷ്ട്രീയം (പിന്നീട് ഈ കോട്ട് 4.31 കോടി രൂപക്ക് വജ്രവ്യാപാരിയായ ഹിതേഷ് ലാല്‍ജി ലേലം ചെയ്തെടുത്തു) കോര്‍പറേറ്റുകള്‍ക്കനുകൂലമായേ വരൂ. സാധാരണമനുഷ്യര്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും അവരിലൊരാളായി കഴിയുകയും ചെയ്ത ഭരണാധികാരികളും ചരിത്രത്തിലുണ്ട്.
മതപണ്ഡിതര്‍ ധരിക്കുന്ന വേഷങ്ങള്‍ക്കുപോലും അധികാരത്തിന്‍െറ ചില ചിഹ്നങ്ങളുണ്ട്.  ദൈവം ഹൃദയത്തിലേക്കാണ് നോക്കുന്നതെങ്കിലും മനുഷ്യര്‍, പ്രത്യേകിച്ച് മലയാളികള്‍ വേഷത്തിലേക്കാണ് നോക്കുന്നത്. ‘കണ്ടാലറിയില്ളേ?’ എന്നാണ് നമ്മള്‍ ചോദിക്കാറ്.
കണ്ടാല്‍ ചിലപ്പോള്‍ അറിയണമെന്നില്ല എന്നെങ്കിലും നാമറിയണം. മധ്യപ്രദേശിലെ ഗോണ്ടുവര്‍ഗക്കാരുടെ ജീവിതത്തെ നിര്‍ണയിച്ച ഒരു മഹതിക്ക് അവര്‍ ധരിച്ച വേഷത്തിന്‍െറപേരില്‍ അപമാനം സഹിക്കേണ്ടിവന്നത് നമുക്കുനല്‍കുന്നത് ഒരു പാഠമാണ്. പട്ടുടുത്താലേ രക്ഷയുള്ളൂ പാവങ്ങളോട് എങ്ങനെയും പെരുമാറാം എന്ന മലയാളിധാര്‍ഷ്ട്യത്തിന്‍െറ പുതിയപാഠം.

ജ്വാലയുടെ ഒരു വസ്ത്രത്തില്‍
നില്‍ക്കുന്നതാരാണ്?
ശരീരം നുറുങ്ങി
തലച്ചോറില്‍നിന്ന് ചോര തൂവിക്കൊണ്ടേയിരിക്കുന്നു.
.......................
.......................
കളവുകളുടെയും കൗശലങ്ങളുടെയും
കൊടുങ്കാറ്റുകളില്‍
വളയാതെ സത്യത്തെ
മര്‍ക്കടമുഷ്ടിയോടെ മുറുക്കിപ്പിടിച്ച
ഒരു ഭ്രാന്തനാണത് -
വളരെ വ്യക്തമാണ് അവനുള്ള ശിക്ഷ
കല്ളെറിഞ്ഞുകൊല്ലുക എന്നത് തന്നെ.
(അലി സര്‍ദാര്‍ ജഫ്രിയുടെ ജ്വാലയുടെ വസ്ത്രം എന്ന കവിതയില്‍നിന്ന്).

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.