ചരിത്രമെഴുതുന്ന ആം ആദ്മി

രാജ്യം ഉറ്റുനോക്കിയ ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്‍്റെ ആം ആദ്മി പാര്‍ട്ടി അത്ഭുതകരമായ വിജയം നേടിയിരിക്കുകയാണ്. ആകെയുള്ള എഴുപത് സീറ്റുകളില്‍ 67 ഉം ആം ആദ്മി പിടിച്ചെടുത്തു. ബി.ജെ.പി.യ്ക്ക് മൂന്ന് സീറ്റ്. കോണ്‍ഗ്രസിന് ഒന്നുമില്ല. ചരിത്രപരമായ ഈ ജനവിധി ഡെല്‍ഹിയില്‍ മാത്രമല്ല, രാജ്യമെമ്പാടും വലിയ ചലനമുണ്ടാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒരു വര്‍ഷം മുമ്പ് നാല്‍പത്തൊന്‍പത് ദിവസത്തെ ഭരണം വലിച്ചെറിഞ്ഞ് പോയ കെജരിവാളിനും കൂട്ടര്‍ക്കും പിന്നീട് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കാര്യമായ സാന്നിധ്യം അറിയിക്കാനായിരുന്നില്ല. എന്നാല്‍ അത്തരം തിരിച്ചടികളെയെല്ലാം നിഷ്പ്രഭമാക്കുന്ന വന്‍വിജയത്തോടെയാണ് അദേഹം ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. അഴിമതിയ്ക്കും വി.ഐ.പി. സംസ്കാരത്തിനുമെതിരെ പോരാടുകയാണ് തന്‍്റെ മുഖ്യ അജന്‍ഡയെന്ന് നിയുക്ത മുഖ്യമന്ത്രി വ്യക്തമാക്കിക്കഴിഞ്ഞു. ഡല്‍ഹിയില്‍ ഒരു ജനപ്രിയ ഭരണം കാഴ്ചവയ്ക്കാനായാല്‍ അരവിന്ദ് കേജരിവാളിന്‍്റെ സ്ഥാനം ഡെല്‍ഹി മുഖ്യമന്ത്രി പദത്തില്‍ നിന്ന് ഇനിയും ഉയരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.   

അഭൂതപൂര്‍വും അസാധാരണവും എന്നല്ല ഒരുവേള അവിശ്വസനീയമെന്നു തന്നെ പറയാവുന്ന  ഈ തെരഞ്ഞെടുപ്പുഫലം ഉയര്‍ത്താനിടയുള്ള രാഷ്ര്ടീയ ചലനങ്ങള്‍ എന്തൊക്കെയായിരിക്കും? രാഷ്ര്ടീയ നിരീക്ഷകരും വിശകലന വിദഗ്ദ്ധരും ഇക്കാര്യത്തെക്കുറിച്ചാണ് ഇപ്പോള്‍ ആവേശ ത്തോടെ ചര്‍ച്ച ചെയ്യുന്നത്. പല പ്രമുഖരും അഭിപ്രായപ്പെടുന്നതുപോലെ കേന്ദ്രത്തില്‍ ബി.ജെ.പി. ഭരണമേറ്റതോടെ ഒഴിഞ്ഞു കിടന്ന പ്രതിപക്ഷ നേതൃപദവിയിലേക്ക് അരവിന്ദ് കെജ്രിവാള്‍ ശക്തമായി കടന്നുവന്നിരിക്കുന്നു എന്നതാണ് ഈ വിധിയെഴുത്തിന്‍്റെ ഏറ്റവും ശ്രദ്ധേയമായ വശം. ലോകസഭാ തെരഞ്ഞെടുപ്പു മുതല്‍ കനത്ത തിരിച്ചടി നേരിടുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഒരു സീറ്റു പോലും നേടാനാവാതെ തറപറ്റി. കോണ്‍ഗ്രസിന്‍്റെ പ്രമുഖ വോട്ടുബാങ്കായിരുന്ന ന്യൂനപക്ഷങ്ങളും മധ്യവര്‍ഗവും ആം ആദ്മി പക്ഷത്തേയ്ക്ക് കൂട്ടത്തോടെ മാറുകയായിരുന്നു. ഒരുവേള ബി.ജെ.പി.യ്ക്ക് ഇത്ര കനത്ത തിരിച്ചടി നേരിടാന്‍ ഇടയായതും നിരാശാഭരിതരായ ഒരു വലിയ വിഭാഗം കോണ്‍ഗ്രസ് അനുഭാവികള്‍ കൂട്ടത്തോടെ ആം ആദ്മിയ്ക്ക് വോട്ട് ചെയ്തതാണെന്നു കാണാം. ഇവയെല്ലാം കൂട്ടിവായിക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടി, സമീപഭാവിയില്‍ തന്നെ ബി.ജെ.പി.യ്ക്ക് ബദലായി പ്രതിപക്ഷ നേതൃസ്ഥാനത്തേയ്ക്ക് ഉയര്‍ന്നുവരാനാണുള്ള സാധ്യത തള്ളിക്കളയാനാവില്ല. പ്രത്യേകിച്ചും കോണ്‍ഗ്രസിന്‍്റെ തകര്‍ച്ച ഏതാണ്ട് സമ്പൂര്‍ണമായി കഴിഞ്ഞിരിക്കുന്ന ഈ അവസ്ഥയില്‍.

മധ്യ ഇടതുപക്ഷ രാഷ്ര്ടീയ ചായ് വ് സ്വീകരിക്കുന്ന ലിബറല്‍ ചിന്താധാരകളുള്ള എ.എ.പി. ഇന്ത്യന്‍ രാഷ്ര്ടീയത്തിലേക്ക് കടന്നുവന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. 2011 ല്‍ ഗാന്ധിയനായ അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ അഴിമതിയ്ക്കെതിരെ ഡെല്‍ഹിയില്‍ നടത്തിയ നിരാഹാര സമരമാണ് അതിനു വഴിമരുന്നിട്ടതെന്ന് പറയാം. ബഹുകോടികളുടെ കുംഭകോണങ്ങളും ഭരണപരമായ കെടുകാര്യസ്ഥതയും സാധാരണക്കാരുടെ മനസുമടുപ്പിച്ച ആ സമയത്ത് ജനങ്ങള്‍ക്ക് ഒരു പുതിയ പ്രതീക്ഷ പകര്‍ന്ന മുന്നേറ്റമായിരുന്നു അഴിമതിയ്ക്കെതിരെ ഇന്ത്യ എന്ന പേരില്‍ നടന്ന ആ നിരാഹാര സമരം. വ്യവസ്ഥാപിത രാഷ്ര്ടീയ പാര്‍ട്ടികളുടെ ബ്യൂറോക്രാറ്റിക് ശൈലിയിലും അഴിമതിയിലും കുടുംബാധിപത്യത്തിലും മനംമടുത്ത ഒരു വലിയ വിഭാഗം, പ്രത്യേകിച്ചും യുവജനങ്ങള്‍ ആ സമരം ഏറ്റെടുക്കുകയുണ്ടായി. അതിന്‍്റെ തുടര്‍ച്ചയായിട്ടാണ് 2012 നവബറില്‍ അരവിന്ദ് കെജ്രിവാള്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കുന്നത്.  പിറ്റേ വര്‍ഷം നടന്ന ഡെല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച ആം ആദ്മി പാര്‍ട്ടി 28 സീറ്റുകള്‍ നേടി രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയായി മാറി. ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്ന ആ നിയമസഭയില്‍ 32 സീറ്റു നേടിയ ബി.ജെ.പി.യായിരുന്നു ഏറ്റവും വലിയ കക്ഷി. നിലവിലെ ഭരണകക്ഷിയായിരുന്ന പതിനഞ്ച് വര്‍ഷം തുടര്‍ച്ചയായി ഡെല്‍ഹി ഭരിച്ച കോണ്‍ഗ്രസ് കേവലം എട്ട് സീറ്റിലൊതുങ്ങി.

കോണ്‍ഗ്രസിന്‍്റെ സഹായത്തോടെ പിന്നീട് മന്ത്രിസഭ രൂപീകരിച്ച കേജ്രിവാള്‍ അധികാരത്തിലത്തെിയത് ജനങ്ങളുടെ ആകാശത്തോളം ഉയര്‍ന്ന പ്രതീക്ഷകളുടെ ഭാരവുമായിട്ടായിരുന്നു. അത്ര വലിയ ആവേശമായിരുന്നു സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും  അന്നുണ്ടായിരുന്നത്. എന്നാല്‍ നിരവധി ജനപ്രിയ പദ്ധതികളും മറ്റും  നടപ്പിലാക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ആദ്യ കെജ്രിവാള്‍ ഭരണത്തിന് കഴിഞ്ഞില്ല എന്നു പറയണം. നിരവധി വിവാദങ്ങളും ഇക്കാലത്ത് ഉയരുകയുണ്ടായി. കേവലം നാല്‍പത്തൊന്‍പത് ദിവസത്തെ ഭരണത്തിനുശേഷം അടുത്തുവരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഭാഗ്യപരീക്ഷണത്തിനിറങ്ങിയ കെജ്രിവാള്‍ പിന്നീട് മുഖ്യമന്ത്രിപദം രാജി വയ്ക്കുകയാണുണ്ടായത്. രാഷ്ര്ടീയ സാഹചര്യങ്ങള്‍ വിലയിരുത്താതെ നടത്തിയ ഈ എടുത്തുചാട്ടം എ.എ.പിയ്ക്ക് വലിയ തിരിച്ചടിയാണുണ്ടാക്കിയത്. വാരണാസിയില്‍ നരേന്ദ്ര മോദിയ്ക്കെതിരെ മത്സരിച്ച കെജ്രിവാളടക്കം എല്ലാ പ്രമുഖ നേതാക്കളും തോറ്റു. പഞ്ചാബില്‍ നിന്ന് ലഭിച്ച നാല് അംഗങ്ങളെ മാത്രമാണ് പാര്‍ട്ടിയ്ക്ക് ലോകസഭയിലേക്ക് അയക്കാനായത്.  ശക്തികേന്ദ്രമായ ഡെല്‍ഹിയില്‍ പോലും ഒരു സീറ്റിലും വിജയിക്കാനായതുമില്ല.

ഈ തിരിച്ചടികളില്‍ നിന്നെല്ലാം പാഠം പഠിച്ച് സമര്‍ത്ഥമായ കരുനീക്കങ്ങളുമായിട്ടാണ് അരവിന്ദ് കെജ്രിവാള്‍ ഈ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പാര്‍ട്ടിയിലെ പല പ്രമുഖ സഹപ്രവര്‍ത്തകരും മറ്റു പാര്‍ട്ടികളിലേക്ക് കൂറുമാറിയപ്പോഴും അദേഹം തന്‍്റെ അഴിമതി വിരുദ്ധ പ്രതിഛായയില്‍ ഊന്നി നിന്നുകൊണ്ട് പ്രവര്‍ത്തിക്കുകയും ചരിത്രവിജയം നേടുകയും ചെയ്തിരിക്കുന്നു. ജനവികാരം പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് മികച്ച ഭരണം ഡെല്‍ഹിയില്‍ കാഴ്ചവയ്ക്കുകയും ലിബറല്‍ ചിന്താഗതി പുലര്‍ത്തുന്ന സാധാരണക്കാരും ഇടത്തരാക്കാരുമായ വലിയ വിഭാഗം ജനതയുടെ പിന്തുണ ആര്‍ജിക്കുകയും ചെയ്താല്‍ ഇന്ത്യയില്‍ വലിയ രാഷ്ര്ടീയമാറ്റങ്ങള്‍ക്ക് തിരികൊളുത്തിയ  സംഭവമായി ഈ തെരഞ്ഞെടുപ്പിനെ ചരിത്രം അടയാളപ്പെടുത്തും. ബി.ജെ.പി.യ്ക്കെതിരെ  എ.എ.പി.യ്ക്ക് മികച്ച ബദല്‍ സൃഷ്ടിക്കാന്‍ സാധിച്ചാല്‍ ദേശീയതലത്തില്‍ തന്നെ രാഷ്ര്ടീയ ചിത്രം മാറിമറിയും. അങ്ങനെ സംഭവിച്ചാല്‍ ഹരിയാനക്കാരനായ ഈ നാല്പത്താറുകാരനു മുന്നില്‍ ചരിത്രം വഴിമാറിയേക്കാം.




 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.