നാലുപതിറ്റാണ്ടിന്‍െറ കഥകള്‍ ഓര്‍മിപ്പിച്ചുകൊണ്ട് 11ാമത് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി തിരശ്ശീല ഉയരുമ്പോള്‍, ചോദ്യം ഇതാണ്! ഇത്തവണ ആരാകും ചാമ്പ്യന്‍സ്?
ലോകകപ്പ് ക്രിക്കറ്റിന് പ്രായം 40 ആകുമ്പോള്‍ ഭൂഗോളം 14 രാഷ്ട്രങ്ങളായി ഒതുങ്ങിപ്പോകുന്നു. ആസ്ട്രേലിയയും ന്യൂസിലന്‍ഡും ഏഴുവീതം പട്ടണങ്ങളിലായി ഈ മാസാവസാനം ഏറ്റെടുത്ത് നടത്തുന്ന 11ാമത് ലോകകപ്പ് ക്രിക്കറ്റില്‍ ഓരോ പൂളിലുമായി ഏഴ് രാജ്യങ്ങളാണ് രംഗത്തിറങ്ങുന്നത്. മൊത്തം 14 ടീമുകള്‍. 49 മത്സരങ്ങള്‍.
ഫെബ്രുവരി 14ന് തുടങ്ങി മാര്‍ച്ച് 15ന് അവസാനിക്കുന്ന ഈ ക്രിക്കറ്റ് ലോകമേളയില്‍ രണ്ടു പൂളില്‍നിന്ന് നാലു ടീമുകള്‍ വീതം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നീങ്ങും. മാര്‍ച്ച് 21ന് അവസാനിക്കുന്ന ഈ റൗണ്ടിലെ ജേതാക്കള്‍ 24, 26 തീയതികളില്‍ സെമിഫൈനലില്‍ ഏറ്റുമുട്ടും. ഇതിലെ ജേതാക്കളാകും മാര്‍ച്ച് 29ന് നടക്കുന്ന കലാശക്കളിക്കിറങ്ങുക.
1975ല്‍ ഏതാനും പഴയകാല ക്രിക്കറ്റ് താരങ്ങള്‍ ചേര്‍ന്നാണ് നീണ്ടുനീണ്ടു പോകുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് പകരം 50 ഓവര്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് അങ്കത്തട്ടൊരുക്കിയത്. നാലുവര്‍ഷത്തിലൊരിക്കല്‍ നടത്താമെന്ന വ്യവസ്ഥയില്‍ തുടക്കമിട്ട പ്രഡന്‍ഷ്യല്‍ ലോകകപ്പിന്‍െറ ആദ്യശ്രമം അഞ്ചുദിവസംകൊണ്ടവസാനിച്ചു. കൈ്ളവ് ലോയ്ഡിന്‍െറ വെസ്റ്റിന്‍ഡീസ്, ഇയാന്‍ ചാപ്പലിന്‍െറ ആസ്ട്രേലിയയെ 17 റണ്‍സിന് തോല്‍പിച്ച് ഇംഗ്ളീഷ് മണ്ണില്‍ കിരീടം നേടി.
ഇന്നിപ്പോള്‍ നാലു പതിറ്റാണ്ടിനുശേഷം ആസ്ട്രേലിയയുടെയും ന്യൂസിലന്‍ഡിന്‍െറയും സംയുക്ത ആതിഥ്യം സ്വീകരിച്ച് 2015ലെ ലോകകപ്പ് വരുമ്പോള്‍ ക്രിക്കറ്റിന് പുതിയമുഖം നല്‍കിയ നാട്ടിലേക്കാണ് അത് പറിച്ചുനടപ്പെടുന്നത്. ഫ്ളഡ്ലൈറ്റില്‍ പകലും രാത്രിയും കളിയും വര്‍ണം വിതറിയ വേഷവും വെളുത്ത പന്തും കറുത്ത സൈറ്റ് സ്ക്രീനുമൊക്കെ ആസ്ട്രേലിയയുടെ സംഭാവനകളായിരുന്നല്ളോ. ആ ആസ്ട്രേലിയ തന്നെയാണ് കഴിഞ്ഞ 10ല്‍ നാലുതവണയും ലോകകപ്പ് ജയിച്ചതും.
ക്രിക്കറ്റിലെ ലോകകപ്പ്, വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞാണ് യാഥാര്‍ഥ്യമായതെന്ന് ചരിത്രം പറയുന്നു. ഫുട്ബാള്‍ 1930ലും ഹോക്കി 1971ലും ലോക മത്സരങ്ങള്‍ക്ക് വിസില്‍ മുഴക്കിത്തുടങ്ങിയതാണ്. വോളിബാളും ടേബ്ള്‍ ടെന്നിസും ബാഡ്മിന്‍റണും റഗ്ബി പോലും ലോകകപ്പ് നടത്തിയ കാലത്തും ഒരു നൂറ്റാണ്ട് കാത്തിരുന്നു, ക്രിക്കറ്റ് എന്ന കളി ആ ചിന്തയിലേക്ക് നീങ്ങാന്‍.
2011ല്‍ അങ്കത്തട്ടിലുണ്ടായിരുന്ന കാനഡ, കെനിയ, ഹോളണ്ട് എന്നീ രാജ്യങ്ങള്‍ ഇത്തവണ മത്സരത്തിനില്ല. പകരം, സ്കോട്ട്ലന്‍ഡും അഫ്ഗാനിസ്താനും യൂനൈറ്റഡ് അറബ് എമിറേറ്റ്സുമൊക്കെയാണ് ഇറങ്ങുന്നത്.
മല്ലന്മാരായ വേറെ 11 രാജ്യങ്ങള്‍ ബലപരീക്ഷണം നടത്തുന്നിടത്ത് പുത്തന്‍ ടീമുകള്‍ക്ക് അദ്ഭുതങ്ങള്‍ എന്തെങ്കിലും കാഴ്ചവെക്കാന്‍ സാധിക്കുമെന്ന് ആരും പ്രതീക്ഷിക്കില്ല.
എങ്കിലും, മുഹമ്മദ് നബി എന്നുപേരുള്ള ഒരു ക്യാപ്റ്റനെ മുന്നില്‍നിര്‍ത്തി ക്രീസിലിറങ്ങുന്ന അഫ്ഗാന്‍, പൊരുതാന്‍ ഉറച്ചുതന്നെയാണ് ആസ്ട്രേലിയന്‍ മണ്ണിലിറങ്ങുന്നത്. ഒമ്പതുമാസംമുമ്പ് ബംഗ്ളാദേശില്‍ നടന്ന ഏഷ്യാകപ്പ് മത്സരത്തില്‍ ആതിഥേയരെ 32 റണ്‍സിന് തോല്‍പിച്ച് അവര്‍ അദ്ഭുതം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ബോംബുകള്‍ കഥപറയുന്ന മണ്ണില്‍ പരിശീലിക്കാന്‍പോലും വഴിയില്ലാതെ പാകിസ്താനില്‍പോയി ഏതാനും ആഴ്ചകളുടെ ക്യാമ്പ് നടത്തി തട്ടിക്കൂട്ടിയ ടീം, അഫ്ഗാന്‍ ക്രിക്കറ്റിന്‍െറ പിതാവെന്നറിയപ്പെടുന്ന താജ് മാലിക് ആലമിന്‍െറ ആത്മാവിന് ആശ്വാസം നല്‍കുന്നുണ്ടായിരിക്കണം.
ഏഷ്യാകപ്പില്‍ പാകിസ്താനോടും ഇന്ത്യയോടും ശ്രീലങ്കയോടും പരാജയപ്പെട്ടപ്പോഴും ബംഗ്ളാദേശിനെതിരെ ജയിക്കാന്‍ 90 റണ്‍സിന് അഞ്ചുവിക്കറ്റ് വീണ ശേഷമാണ് അവിശ്വസനീയമായ കളി അവര്‍ പുറത്തെടുത്തത്. 103 പന്തില്‍ 90 റണ്‍സെടുത്ത് പുറത്താവാതെനിന്ന അസ്ഗര്‍ സ്റ്റാനിക്സായിയും 81 റണ്‍സ് നേടിയ സമീഉല്ല ഷെന്‍വാരിയും നിര്‍ണായകവേളകളില്‍ കളി കൈയിലെടുക്കാന്‍ കെല്‍പുള്ളവരാണെന്ന് തെളിയിച്ചു. ക്യാപ്റ്റന്‍ നബിയാകട്ടെ തന്‍െറ ഓഫ്ബ്രേക്കുകള്‍കൊണ്ട് വിക്കറ്റുകള്‍ കൊയ്യാമെന്ന കോച്ച് കബീര്‍ഖാന്‍െറ പ്രതീക്ഷകള്‍ സഫലമാക്കി. നാലാമത്തെ ഏകദിനത്തില്‍തന്നെ ഒരു ടെസ്റ്റ് രാജ്യത്തിനെതിരെ അവര്‍ വിജയം ആഘോഷിക്കുന്നത് കാണാന്‍ ബംഗ്ളാദേശില്‍ ചിറ്റഗോങ് യൂനിവേഴ്സിറ്റിയില്‍ പഠിക്കുന്ന അഫ്ഗാന്‍ പെണ്‍കുട്ടികള്‍വരെ അന്ന് മിര്‍പൂരിലെ ഖാന്‍സാഹിബ് ഉസ്മാന്‍ അലി സ്റ്റേഡിയത്തില്‍ പര്‍ദധരിച്ചത്തെിയിരുന്നു.
നാട്യങ്ങളൊന്നുമില്ലാതെയാണ് യു.എ.ഇ വരുന്നതെങ്കിലും പാകിസ്താന്‍കാര്‍ തിങ്ങിനിറഞ്ഞ ടീമിന് 40 കഴിഞ്ഞ ഓഫ്സ്പിന്നര്‍ മുഹമ്മദ് താരിഖ് നേതൃത്വം നല്‍കുന്നു. 43 വയസ്സുള്ള ഖുറാംഖാന്‍ വൈസ് ക്യാപ്റ്റനായുള്ള ടീമില്‍ രണ്ട് ഇന്ത്യക്കാരുണ്ട്. ഒരാള്‍ ഗോവക്കാരനായ സപ്നില്‍ പാട്ടില്‍ ആണെങ്കില്‍ അപരന്‍ കേരളത്തിന് രഞ്ജി ട്രോഫി കളിച്ച ചരിത്രമുള്ള പാലക്കാട് സ്വദേശി കൃഷ്ണചന്ദ്രനത്രെ. ബംഗളൂരുവില്‍ മഹാവീര്‍ ജെയിന്‍ കോളജിന് കളിച്ച പരിചയത്തോടെ ദുബൈയില്‍ ക്രിക്കറ്റ് രംഗത്ത് സജീവമായ ഓള്‍റൗണ്ടര്‍ കൃഷ്ണ നല്ല ഒരു ബാറ്റ്സ്മാനും മീഡിയം പേയ്സ്ബൗളറുമാണ്.
1996ല്‍ മുഖംകാണിച്ച് മടങ്ങിയ യു.എ.ഇക്ക് ഇത് രണ്ടാം ലോകകപ്പത്രെ. ആസ്ട്രേലിയയിലും ന്യൂസിലന്‍ഡിലും കളിച്ച് പരിചയമുള്ള പാകിസ്താന്‍കാരനായ ഫാസ്റ്റ് ബൗളര്‍ ആഖിബ് ജാവെദ് ഇത്തവണ പരിശീലകനായി ഒപ്പമുണ്ട്.
അയല്‍പക്ക രാഷ്ട്രമായിട്ടും ഇംഗ്ളണ്ടില്‍ പിറന്ന കളി കരകടക്കാന്‍ വൈകിയതിന് പ്രായശ്ചിത്തം ചെയ്താവും സ്കോട്ട്ലന്‍ഡിന്‍െറ വരവ്. മജീദ് ഹഖ് ഉള്‍പ്പെട്ട ടീമിനെ പ്രസ്ടണ്‍ മോംഡണ്‍ നയിക്കുന്നു.
രണ്ടു തവണമാത്രം (1983ല്‍ ഇംഗ്ളണ്ടിലും, 28 വര്‍ഷങ്ങള്‍ക്കുശേഷം കഴിഞ്ഞതവണ ബംഗ്ളാദേശിലും) കപ്പ് ഉയര്‍ത്താന്‍ കഴിഞ്ഞ ഇന്ത്യ സൂപ്പര്‍ താരങ്ങള്‍ ആരും ഇല്ലാതെയാണ് നാലുവര്‍ഷമായി കൈയിലുള്ള കപ്പ് നിലനിര്‍ത്താന്‍ ഇറങ്ങുന്നത്. ഗാവസ്കര്‍, കപില്‍ദേവ്, സചിന്‍, സെവാഗ്, യുവരാജ് എന്നിവരുടെയൊക്കെ ഓര്‍മനിലനിര്‍ത്താന്‍ ചെറുപ്പക്കാരുടെ ഒരു ടീമാണ് രംഗത്ത്. കൂട്ടത്തില്‍ സീനിയര്‍ ഇത്തവണയും നായകസ്ഥാനത്തുള്ള മഹേന്ദ്ര സിങ് ധോണിതന്നെ. സെലക്ഷന്‍ കമ്മിറ്റി 20 മിനിറ്റ് മാത്രം യോഗംചേര്‍ന്ന് പ്രഖ്യാപിച്ച ടീമിന്‍െറ ശരാശരി പ്രായം 27. സീനിയര്‍ താരങ്ങള്‍ മിക്കവരും ഒഴിവാക്കപ്പെട്ടപ്പോള്‍ ടെസ്റ്റ് രംഗത്തുനിന്ന് നാടകീയമായ പിന്‍വാങ്ങല്‍ പ്രഖ്യാപിച്ച വിക്കറ്റ് കീപ്പര്‍ ധോണി തന്നെയാണ് 33ാം വയസ്സില്‍ ഇത്തവണയും അവരെ നയിക്കുന്നത്. നായകസ്ഥാനത്ത് ധോണിയുടെ പിന്‍ഗാമിയായി ക്രിക്കറ്റ് ഇന്ത്യ കണ്ടുവെച്ച വീരാട് കോഹ്ലി വൈസ് ക്യാപ്റ്റനായ ടീം, ആസ്ട്രേലിയയിലെ ത്രിരാഷ്ട്ര പരമ്പരയില്‍ പൊരുതിനില്‍ക്കാന്‍ പോലും പ്രയാസപ്പെടുന്നത് നാം കാണുകയുണ്ടായി.
എങ്കിലും, ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിക്കാന്‍ കഴിയുന്ന ചെറുപ്പക്കാരായ ഓള്‍റൗണ്ടര്‍മാര്‍ ഏറെയുള്ള ഒരണിയെയാണ് സിംബാബ്വെക്കാരനായ കോച്ച് ഡങ്കണ്‍ ഫ്ളെച്ചര്‍ ഒരുക്കിയിരിക്കുന്നത്. 66കാരനായ ഡങ്കണ് ഇത് ഇന്ത്യയോടൊപ്പമുള്ള അവസാന പരമ്പരയാണെങ്കിലും ടീം ഡയറക്ടറായി മുന്‍ ക്യാപ്റ്റന്‍ രവിശാസ്ത്രി കൂടെ ഉണ്ട്. അതുകൊണ്ടുതന്നെയാണ് 20 വയസ്സ് മാത്രമുള്ള ഗുജറാത്തിന്‍െറ ഇടംകൈയന്‍ സ്പിന്നര്‍ ആക്ഷന്‍ പട്ടേലില്‍പോലും ഇന്ത്യ പ്രതീക്ഷയര്‍പ്പിക്കുന്നത്.
1957ലെ രണ്ടാം ലോകകപ്പില്‍ ഒരൊറ്റ മത്സരംപോലും ജയിക്കാന്‍ കഴിയാതെവരുകയും 1980ല്‍ തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ ഒന്നുമാത്രം ജയിക്കുകയും ഒക്കെ ചെയ്ത കഥയാണ് ഇന്ത്യയുടേത്. ആ ടീമാണ് പില്‍ക്കാലത്ത് കപില്‍ ദേവിന്‍െറ നേതൃത്വത്തില്‍ സുശക്തമായ വെസ്റ്റിന്‍ഡീസിനെതിരെ കപ്പ് ജയം ആഘോഷിച്ചതെന്ന ചരിത്രം, 2015ല്‍ ഇന്ത്യയെ ആവേശം കൊള്ളിക്കേണ്ടതാണ്. കഴിഞ്ഞ തവണയാകട്ടെ ഗ്രൂപ് ലീഗില്‍ മൂന്നു പോയന്‍റ് നഷ്ടപ്പെടുത്തിയശേഷമായിരുന്നു മുന്നേറ്റവും.
ഏകദിന ക്രിക്കറ്റിലെ രാജാക്കന്മാരായി പുകള്‍പെറ്റ വെസ്റ്റിന്‍ഡീസ്, ആദ്യ രണ്ടു ലോകകപ്പിലും വിജയപീഠം കയറിയവരാണെങ്കിലും പ്രതിഫലം സംബന്ധിച്ച തൊഴുത്തില്‍ക്കുത്തുമൂലം ഇന്ന് ആകെ കുഴഞ്ഞുകിടക്കുകയാണ്. പഴയകാല ടെസ്റ്റ് താരമായ റിച്ചി റിചാര്‍ഡ്സന്‍െറ പരിശീലനത്തോടെ ജയ്സണ്‍ ഹോള്‍ഡര്‍ നയിക്കുന്ന ടീമില്‍ പക്ഷേ, താരമൂല്യത്തിന് ഒട്ടും കുറവിലല്ല. ക്രിസ് ഗെയിലിനെ പോലുള്ളവര്‍ ഏതവസരത്തിലും കൊടുങ്കാറ്റ് സൃഷ്ടിക്കാന്‍ കഴിവുള്ളവരാണത്രെ.
ക്രിക്കറ്റിന്‍െറ ജന്മഭൂമിയായ ഇംഗ്ളണ്ടില്‍നിന്ന് ഇയാന്‍ മോര്‍ഗന്‍െറ നേതൃത്വത്തില്‍ വരുന്ന ടീമിന്‍െറ മുന്നിലെ ചോദ്യചിഹ്നം ഒരിക്കലുംതന്നെ നേടാന്‍ കഴിയാതിരുന്ന ഈ ക്രിക്കറ്റ് കിരീടം ലോര്‍ഡ്സില്‍ എത്തിക്കാനാകുമോ എന്നതായിരിക്കും. ടീമില്‍ ഇല്ലാത്തപ്പോഴും മുന്‍ ഇംഗ്ളണ്ട് കാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍ താന്‍ സെഞ്ച്വറി നേടിയ സ്ഥലങ്ങളെല്ലാം രേഖപ്പെടുത്തിയ ലോകഭൂപടം തന്‍െറ ശരീരത്തില്‍ ടാറ്റു ചെയ്ത് പവലിയനില്‍ വന്നിരിക്കുന്നുമുണ്ടാകും.
കഴിഞ്ഞതവണ എവിടെയും അറിയപ്പെടാത്ത അയല്‍ക്കാരായ അയര്‍ലന്‍ഡിനോടുപോലും തോറ്റ അവര്‍, അലസ്റ്റര്‍ കുക്ക് എന്ന നായകനെ ഒഴിവാക്കിയാണ് ടീം കെട്ടിപ്പടുത്തിരിക്കുന്നത്. അയര്‍ലന്‍ഡ് ഇത്തവണയുമുണ്ട്, വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്‍െറ നേതൃത്വത്തില്‍.
ഇംഗ്ളണ്ടിനെപ്പോലെതന്നെ ഒരു കദനകഥ പറയുന്നു, ആതിഥേയരില്‍പെട്ട ന്യൂസിലന്‍ഡ്. 10 ലോകകപ്പ് മത്സരങ്ങള്‍ നടന്നതില്‍ ആറിലും സെമിഫൈനലിലത്തെി തോല്‍ക്കാനായിരുന്നു അവരുടെ വിധി. കഴിഞ്ഞതവണ ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ചിട്ടും ശ്രീലങ്കന്‍ കടമ്പ കടക്കാനൊത്തില്ല. തന്ത്രശാലിയായ ബ്രന്‍ഡം മക്ക്കല്ലം നയിക്കുന്ന ടീമിലെ പ്രധാന ശ്രദ്ധാകേന്ദ്രം, വെസ്റ്റിന്‍ഡീസിനെതിരെ 36 പന്തില്‍ സെഞ്ച്വറി നേടിയ കോറി ആന്‍ഡേഴ്സണത്രെ.
വിരമിക്കാന്‍ കാത്തിരിക്കുന്ന 41കാരന്‍ മിസ്ബാഹുല്‍ ഹഖിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിര്‍ത്തി പാകിസ്താന്‍ വരുന്നത്, 1992ലെ ജേതാക്കളെന്ന പരിവേഷത്തിലാണ്. ഏഴുവര്‍ഷം കഴിഞ്ഞ് വീണ്ടും ഫൈനല്‍ പ്രവേശം ആഘോഷിച്ച അവര്‍ക്ക് പക്ഷേ, അവിടെ കലാശക്കളിയില്‍ പരാജയമായിരുന്നു. മുന്‍ ക്യാപ്റ്റന്‍ ശഹീദ് അഫ്രീദി ഉള്‍പ്പെട്ട ടീം ഫാസ്റ്റ് ബൗളിങ്ങില്‍ ശക്തികാണിക്കുന്നവരാണ്. ഏഴടി പൊക്കമുള്ള മുഹമ്മദ് ഇര്‍ഫാന്‍തന്നെ വീരന്‍. എന്നാല്‍, ബൗളിങ് വിവാദത്തില്‍പെട്ട് സ്പിന്നിങ് വിസ്മയമായ സഈദ് അജ്മലിനെ ഒപ്പം കൂട്ടാന്‍ കഴിയാത്തത് അവര്‍ക്ക് ക്ഷീണമത്രെ. അതേസമയം, കളിക്കാന്‍ ചെല്ലിന്നിടത്തെല്ലാം വിവാദങ്ങളുണ്ടാക്കുന്ന താരങ്ങളോട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ശാരയാര്‍ഖാന്‍ കല്‍പിച്ചരുളിയിട്ടുണ്ട്. കളിച്ചാല്‍മതി. മതത്തെക്കുറിച്ചോ, രാഷ്ട്രീയത്തെക്കുറിച്ചോ, ഇന്ത്യ-പാക് ബന്ധത്തെക്കുറിച്ചോ ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ മിണ്ടാന്‍ നില്‍ക്കേണ്ട.
വര്‍ണവിവേചന നയത്തില്‍പെട്ട് ഏറെക്കാലം പുറത്തുനില്‍ക്കേണ്ടിവന്നവരാണ് ദക്ഷിണാഫ്രിക്ക. 1992 മുതല്‍ ശക്തമായി രംഗത്തുവന്നെങ്കിലും മൂന്നുതവണ സെമിഫൈനല്‍ പരാജയം അവരുടെ ഓട്ടം അവസാനിപ്പിച്ചു. 31 പന്തില്‍പോലും സെഞ്ച്വറി നേടാമെന്ന് തെളിയിച്ച എബി ഡിവില്ലിയേഴ്സ് എന്ന പരിചയസമ്പന്നനായ പവര്‍ഗെയിം ക്യാപ്റ്റന്‍െറ നേതൃത്വത്തില്‍, ഹാഷിം അംലയെപ്പോലെ ലോകം ആദരിക്കുന്ന കളിക്കാര്‍ അവര്‍ക്കുവേണ്ടി പാഡ് അണിയുന്നുണ്ട്.
പഴയവീര്യം കൈമോശം വന്നിട്ടുണ്ടെങ്കിലും മൂന്നുതവണ ഫൈനല്‍ കളിക്കുകയും 1996ല്‍ ഉജ്ജ്വലമായ ഒരു കപ്പ് നേട്ടം ചരിത്രമാക്കുകയും ചെയ്ത ശ്രീലങ്ക, പൊരുതാനുറച്ചുതന്നെയാണ് ക്രീസിലിറങ്ങുന്നത്. കരുത്തനായ ആഞ്ജലോ മാത്യൂസിനാണ് നായകത്വം. ഓരോ 30 ഏറിലും ഒരു വിക്കറ്റ് തെറിപ്പിക്കാന്‍ കഴിയുന്ന ബൗളര്‍ എന്ന ബഹുമതിയുള്ള മുത്തയ്യ മുരളീധരന്‍ ഇല്ളെന്നത് നേര്. അപ്പോഴും കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ധന, ലസിത് മലിംഗ എന്നിവരുടെ ശക്തി കുറച്ചുകാണാന്‍ ആര്‍ക്കും സാധിക്കില്ല. കഴിഞ്ഞ രണ്ടുതവണയും ഫൈനലിലത്തെിയ ശേഷമാണല്ളോ അവര്‍ തോറ്റുപോയത്.
14 ടീമുകളില്‍ ഇംഗ്ളണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക, ബംഗ്ളാദേശ്, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്താന്‍, സ്കോട്ട്ലന്‍ഡ് എന്നിവ ‘എ’ പൂളില്‍ മത്സരിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക, ഇന്ത്യ, പാകിസ്താന്‍, വെസ്റ്റിന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ്, യു.എ.ഇ എന്നിവ ‘ബി’ പൂളില്‍ ഇറങ്ങുന്നു.
ഓരോ ഗ്രൂപ്പില്‍നിന്ന് നാലു ടീമുകള്‍ ക്വാര്‍ട്ടറില്‍ കടക്കും. അതിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും. മാര്‍ച്ച് 29ന് ആസ്ട്രേലിയയിലെ മെല്‍ബണിലാണ് ഫൈനല്‍.
ശേഷവിശേഷം: 14 ടീമുകള്‍ കളിക്കുന്ന ക്രിക്കറ്റിന് ലോകകപ്പ്,
200ല്‍പരം ടീമുകള്‍ മത്സരിക്കുന്ന ഫുട്ബാളിനും ലോകകപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.