സോദരര്‍ തമ്മിലെ പോരൊരു പോരല്ല

ലോകകപ്പ് ക്രിക്കറ്റില്‍ ആര് ജയിച്ചാലും സൗഹൃദത്തിന്‍െറതായ ഒരു ക്രിക്കറ്റ് നയതന്ത്രം രൂപപ്പെടുന്ന മട്ട് കാണുന്നു

ഇന്ത്യയുടെ ഓരോ കളിക്കാരനും ട്വിറ്റര്‍ സന്ദേശം അയച്ചതുപോലെ തന്നെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ വിളിച്ച് വിജയാശംസകള്‍ നേര്‍ന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും കരുതിക്കാണില്ല, ലോകകപ്പിലെ ആദ്യ മത്സരത്തില്‍ നാം അവര്‍ക്കെതിരെ ഇത്ര വലിയ വിജയം അഡ്ലെയ്ഡില്‍ കരസ്ഥമാക്കുമെന്ന്.
പാകിസ്താന്‍കാരനായ ക്രിക്കറ്റ് കളിക്കാരന്‍ ഭര്‍ത്താവ് ശുഐബ് മാലിക്കിനെ സ്വന്തം വഴിക്കുവിട്ട് ഇന്ത്യന്‍ ടീമിന് വിജയമാശംസിച്ച ടെന്നീസ് ഇതിഹാസം സാനിയ മിര്‍സക്കും പിഴച്ചില്ല.


ഇത്തവണ ന്യൂസിലാന്‍ഡ് ശ്രീലങ്കയേയും ഓസ്ട്രേലിയ ഇംഗ്ളണ്ടിനെയും കീഴടക്കി തുടങ്ങിയ ചാമ്പ്യന്‍ഷിപ്പിന്‍െറ രണ്ടാം നാളില്‍ തന്നെ പാകിസ്താന്‍െറ കനത്ത പരാജയം നാം കണ്ടു. 76 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്.
തന്‍െറ ഏഴാമത്തെ ഇന്നിങ്ങ്സില്‍ നാലാമത്തെ സെഞ്ചുറി കണ്ടത്തെിയ വിരാട് കോഹ്ലി ഏകദിനത്തില്‍ പാകിസ്ഥാനെതിരെ ശതകം കടക്കുന്ന ആദ്യ ഇന്ത്യക്കാരനായി. ടോസ് നേടി ബാറ്റിങ്ങാരംഭിച്ച ഇന്ത്യ മൂന്ന് ഓവര്‍ ബാക്കി നില്‍ക്കേയാണ് വിജയം കുറിച്ചത്.
സുരേശ് റെയ്നയും (74) ശിഖര്‍ ധവാനും (73) അര്‍ധ സെഞ്ച്വറി കടക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ 300 റണ്‍സിലേക്ക് പാഞ്ഞുകയറി. അഞ്ചു വിക്കറ്റെടുത്ത സൊഹൈല്‍ ഖാനും മാത്രമേ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുള്ളൂ.
ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹക്ക് (76) ഒറ്റയ്ക്ക് പട നയിക്കേണ്ട ഗതികേടിലായി പാകിസ്താന്‍. അഹ്മദ് ശെഹ്സാദും (47), ഹാരിസ് സൊഹൈലും (36) ഒപ്പം നിന്നു നോക്കിയെങ്കിലും 35 റണ്‍സ് മാത്രം നല്‍കി നാലു വിക്കറ്റുകള്‍ തെറിപ്പിച്ച മുഹമ്മദ് ശെമിയും ഒരൊറ്റ ഓവറില്‍ രണ്ട് വിക്കറ്റുകളെടുത്ത കൂട്ടുകാരനും ഇന്ത്യയെ വിജയത്തിലേക്കത്തെിച്ചു. എട്ട് ബൗണ്ടറിയോടെ 126 പന്തില്‍ 107 റണ്‍സ് നേടിയ കോഹ്ലി മാന്‍ ഓഫ് ദ മാച്ചായും തെരഞ്ഞെടുക്കപ്പെട്ടു.
മൂന്നുമാസം ഓസ്ട്രേലിയയില്‍ ചുറ്റിക്കറങ്ങിയിട്ടും ഒരൊറ്റ കളിയും ജയിക്കാന്‍ കഴിയാതെ പോയ ഇന്ത്യക്ക് ഈ വിജയം ഒരു കുതിച്ചു ചാട്ടത്തിന് പ്രചോദനമായി.
കളറണിഞ്ഞ ക്രിക്കറ്റിന്‍െറ ലോകമായ ഓസ്ട്രേലിയയിലേക്ക് ഒന്നരമാസം നീണ്ടുനില്‍ക്കുന്ന ലോകകപ്പ് ക്രിക്കറ്റ് തിരിച്ചുവന്നപ്പോള്‍ പതിനാല് ടീമുകളും ശുഭപ്രതീക്ഷയിലാണ്. ഓസ്ട്രേലിയയിലെന്നപോലെ അയല്‍രാജ്യമായ ന്യൂസിലാന്‍ഡിലുമായി മാര്‍ച്ച് 29 വരെ നീളുന്നതാണ് പരമ്പര. പതിനാല് വേദികളെയാണ് ആവേശം കൊളളിക്കുന്നത്. തുടക്കം തന്നെ ലോക പ്രണയദിനത്തിലായിരുന്നുവല്ളോ.
ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഒന്നിച്ചാണ് ക്രിക്കറ്റ് കളിച്ചുവളര്‍ന്നത്. ലാലാ അമര്‍നാഥ് ഇന്ത്യയേയും അബ്ദുല്‍ ഹഫീസ് കര്‍ദാര്‍ പാകിസ്താനെയും നയിച്ചുകൊണ്ടാരംഭിച്ചതാണ് ആ ക്രിക്കറ്റ് പരമ്പര. ഇരുവരും സംയുക്ത ഇന്ത്യന്‍ ടീമില്‍ ഒന്നിച്ചുകളിച്ചവരും ആയിരുന്നല്ളോ.


44 ദിവസങ്ങളിലായി 48 ഏകദിന മത്സരങ്ങള്‍ എന്ന നിലയില്‍ 2015 ലോകകപ്പിന് കൊടി ഉയര്‍ന്നപ്പോള്‍ പതിനൊന്നാമത്തെ അധ്യായത്തിന് ഗംഭീരമായ ഒരു തുടക്കമായി.
എന്നാല്‍ പ്രവാസികളില്‍ ഇന്ത്യയുടെയും പാകിസ്താന്‍െറയും കപ്പ് വിജയം തന്നെയായിരുന്നു സ്വപ്നം. കൃത്യം നാല്‍പത് വര്‍ഷങ്ങള്‍ക്കുമുമ്പ് 60 ഓവര്‍ ക്രിക്കറ്റ് എന്ന പരിമിതിവെച്ച് ഇംഗ്ളണ്ടില്‍ പെറ്റുവീണതാണല്ളൊ ഈ ലോകകപ്പ് മത്സരങ്ങള്‍. രണ്ടു തവണ ഇന്ത്യയുടെയും ഒരിക്കല്‍ പാകിസ്ഥാന്‍െറയും വിജയം ചരിത്രമാക്കിയ ടൂര്‍ണമെന്‍റ് 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഓസ്ട്രേലിയയും ന്യൂസിലാന്‍ഡും ചേര്‍ന്ന് സംയുക്തമായി നടത്തുന്നത്.
മത്സരത്തലേന്ന് സിഡ്നിയിലെ ഹോട്ടലില്‍ മുക്കാല്‍ മണിക്കൂര്‍ വൈകി എത്തിയതിന് മുന്‍ ക്യാപ്റ്റന്‍ ശഹീദ് അഫ്രീദിയടക്കം എട്ട് കളിക്കാര്‍ക്ക് മുന്നൂറ് ഡോളര്‍ വീതം പിഴയിട്ട പാകിസ്ഥാന്‍ കടുത്ത നിയന്ത്രണത്തോടെ തന്നെയാണ് ലോകകപ്പ് രംഗത്തിറങ്ങിയത്. ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ലോകകപ്പിനിടയില്‍ ഇത് ആവര്‍ത്തിച്ചാല നാട്ടിലേക്ക് തന്നെ മടക്കി അയക്കുമെന്നും മുന്‍ സൈനികനായ മാനേജര്‍ നവീദ് ചീമ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി.
1083ല്‍ കപില്‍ദേവിന്‍െറ ഇന്ത്യ ഇംഗ്ളണ്ടില്‍ വെസ്റ്റിന്‍ഡീസിനെ അട്ടിമറിച്ച് നേടിയ കപ്പ് ജയം കഴിഞ്ഞ തവണ ബംഗ്ളാദേശില്‍ ശ്രീലങ്കയെ കീഴടക്കി മഹേന്ദ്രസിങ് ഡോണിയുടെ ടീം ആവര്‍ത്തിച്ചതാണ് ചരിത്രമെങ്കില്‍ ഇംറാന്‍ഖാന്‍െറ നേതൃത്വത്തില്‍ പാകിസ്താന്‍ ടീം 1992ല്‍ ഓസ്ട്രേലിയയില്‍ കപ്പില്‍ മുത്തമിട്ടത് ഇംഗ്ളണ്ടിനെ കീഴ്പെടുത്തിക്കൊണ്ടായിരുന്നു.
അറുപത്തിആറുകാരനായ ഡണ്‍കണ്‍ ഫ്ളെച്ചര്‍ എന്ന സിംബാബ്വെക്കാരന്‍ അവസാനമായി പരിശീലനം നല്‍കി ഇറക്കിയ ഇന്ത്യന്‍ ടീമില്‍ 33കാരനായ എം.എസ്. ധോണി തന്നെയാണ് നായകന്‍. യുവത്വത്തിന് പ്രാമുഖ്യമുള്ള ടീമില്‍ ഫാസ്റ്റ് ബൗളിങ്ങിന് ശക്തിക്ഷയമുണ്ടെങ്കിലും ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യ രണ്ടാംസ്ഥാനത്താണ്. വൈസ് ക്യാപ്ടനായ വിരാട് കൊഹ്ലിയുടെ ബാറ്റിങ് വെടിക്കെട്ടുകള്‍ ലോകമാകെ ഉറ്റുനോക്കുന്നു. മുഹമ്മദ് ശമി എന്ന ബംഗാള്‍ ബോളര്‍ വേണം വിക്കറ്റുകള്‍ പിഴുതെടുക്കാന്‍. നാലു തവണ സെമിഫൈനലിലത്തെി തോറ്റ പാകിസ്താന്‍ മിസ്ബാഹുല്‍ ഹഖ് എന്ന പരിചയസമ്പന്നന്‍െറ നേതൃത്വത്തിലിറങ്ങുമ്പോള്‍ ഫീല്‍ഡിങ്ങാണ് അവരുടെ ഏറ്റവും വലിയ പ്രശ്നം. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയക്കെതിരെ പരമ്പര ജയിക്കാന്‍ പരിശീലനം നല്‍കിയ വഖാര്‍ യൂനുസ് കോച്ചായി ഇറങ്ങുന്ന ടീമില്‍ ശഹീദ് അഫ്രീദിയുടെ സാന്നിധ്യം അവര്‍ ശക്തിയായി കാണുന്നു. ഏഴടി പൊക്കമുള്ള ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്‍ അവരെ എത്രത്തോളം ഉയരത്തിലത്തെിക്കാമെന്ന് നിരീക്ഷകര്‍ നോക്കി ഇരിക്കുകയും ചെയ്യുന്നു.
നാലുവര്‍ഷത്തിലൊരിക്കല്‍ വിരുന്നുവരുന്ന ഈ ക്രിക്കറ്റ് മാമാങ്കം രാപ്പകല്‍ സദ്യയായാണ് കായിക പ്രേമികളെ ആകര്‍ഷിക്കുന്നത്. അഞ്ചു മണിക്കൂറിന്‍െറ സമയ വ്യത്യാസം ഇന്ത്യയിലെയും പാകിസ്ഥാനിലെയും ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്ല ഒരു വിരുന്നൂട്ടുമാവുന്നു.
ഇന്ത്യയുടെ ത്രിവര്‍ണ പതാകയും പാകിസ്താന്‍െറ പച്ചക്കൊടിയും സൗഹൃദം പങ്കിട്ട് പറന്നുനിന്ന സ്റ്റേഡിയത്തില്‍ ആറാമത്തെ മത്സരത്തിലും ഇന്ത്യയോട് അടിയറ പറയേണ്ടിവന്ന പാകിസ്താന്‍ 39 ഡിഗ്രി ഉയര്‍ന്ന ചൂട് ശരിക്കും അനുഭവിച്ചുകാണും.
ലോകകപ്പിലെ ഇന്ത്യയുടെ സിക്സര്‍ ജയം ആരംഭിക്കുന്നത് 1992ല്‍ സിഡ്നിയിലാണ്. അന്നു പക്ഷെ 43 റണ്‍സിന് പാകിസ്ഥാനെ തോല്‍പിച്ചപ്പോഴും സെമിയിലത്തൊന്‍ നമുക്ക് കഴിയാതെ പോയി. ഇംറാന്‍ഖാന്‍െറ ടീമാകട്ടെ കപ്പുമായാണ് മടങ്ങിയതും.
അടുത്ത തവണ ബംഗളൂരുവില്‍ ഇന്ത്യയുടെ നാലിന് 287 എന്ന സ്കോറിന് പിന്നാലെ ഓടിയ പാകിസ്താന് 248ലത്തൊന്‍ മാത്രമേ സാധിച്ചുള്ളൂ.
1999ല്‍ മാഞ്ചസ്റ്റില്‍ ഇന്ത്യ 227 നേടിയപ്പോള്‍ പാകിസ്താന്‍ 180ല്‍ ഒതുങ്ങി.
സെഞ്ചൂറിയനില്‍ നടന്ന 2003ലെ മത്സരത്തില്‍ വസീം അക്രം നയിച്ച പാകിസ്താന്‍ 273 റണ്‍സെടുത്തെങ്കിലും സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ 98 റണ്‍സുമായി 276ന് ഇന്ത്യ അവരെ കവച്ചുകടന്നു.
ഇന്ത്യന്‍ മണ്ണായ മൊഹാലിയില്‍ 2011ല്‍ നടന്ന കളിയില്‍ ഇന്ത്യയുടെ 260 റണ്‍സിനെതിരെ 231ല്‍ വന്നു നില്‍ക്കാന്‍ മാത്രമേ അവര്‍ക്ക് സാധിച്ചുള്ളൂ.
ഇന്നിപ്പോള്‍ 14 രാജ്യങ്ങള്‍ മുഖത്തോട് മുഖം നോക്കി നില്‍ക്കുമ്പോഴും കവി പാടിയത് തന്നെ നമുക്കും പാടാം. സോദരര്‍ തമ്മിലെ പോരൊരു പോരല്ല.

ശേഷവിശേഷം: കളി ജയിച്ചപ്പോള്‍ വിക്കറ്റിന് മുകളില്‍ വെച്ച ബെയിലുകളില്‍ ഒന്നെടുക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ക്യാപ്റ്റനോട് അമ്പയര്‍ പറഞ്ഞു. ആ എല്‍.ഇ.ഡി ബെയില്‍ ഒന്നിന് വില ലക്ഷങ്ങളാണ്.
------------------------------
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.