വേണോ നമുക്കൊരു കായിക സര്‍വകലാശാല

കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നിയോഗിച്ച സ്പോര്‍ട്സ് കമീഷന്‍ വര്‍ഷങ്ങളോളം നടത്തിയ പഠനങ്ങള്‍ക്കും തെളിവെടുപ്പുകള്‍ക്കും ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങളിലൊന്നായിരുന്നു, കേരളത്തില്‍ ഒരു കായിക സര്‍വകലാശാല അനിവാര്യമാണെന്നത്. അന്നുതന്നെ അതിനെ അനുകൂലിച്ചും എതിര്‍ത്തും കായിക വിദ്യാഭ്യാസ മേഖലയില്‍ കാര്യമായ ചര്‍ച്ചകളും നടന്നിരുന്നു. കാര്യമായൊന്നും സംഭവിക്കാതെ, കമീഷനെ നിയമിച്ച സര്‍ക്കാറും കമീഷന്‍ റിപ്പോര്‍ട്ടും ഇല്ലാതെയുമായി! തുടര്‍ന്ന് അധികാരമേറ്റ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിലെ കായികമന്ത്രി കെ.ബി. ഗണേഷ്കുമാര്‍ ഈ നിര്‍ദേശത്തെ ‘ആര്‍ക്കൊക്കെയോ വൈസ് ചാന്‍സലര്‍മാരാകാനായി എഴുതിച്ചേര്‍ത്ത ഒരു ഭാഗമാണിതെ’ന്ന് പരിഹസിച്ച് അതിന്‍െറ വിദൂര സാധ്യതകള്‍പോലും ഇല്ലാതാക്കുകയാണുണ്ടായത്. എന്നാല്‍, അദ്ദേഹത്തിനും അധികനാള്‍ ആ സ്ഥാനത്ത് തുടരാനായില്ല. പകരക്കാരനായത്തെിയ പുതിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ്, പഴയ സ്പോര്‍ട്സ് കമീഷന്‍ റിപ്പോര്‍ട്ട് പൊടിതട്ടിയെടുത്ത് കായിക സര്‍വകലാശാല കൂടിയേ തീരൂവെന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍ മന്ത്രി ഗണേഷ്കുമാര്‍ പറഞ്ഞതില്‍ കാര്യമുണ്ടായിരുന്നു. ആര്‍ക്കൊക്കെയോ വൈസ് ചാന്‍സലര്‍മാരാകാന്‍തന്നെയായിരുന്നു, അവസാന നിമിഷം, കമീഷന്‍ റിപ്പോര്‍ട്ടില്‍ ആ ഭാഗം എഴുതിച്ചേര്‍ത്തത്. കാലം മാറിയപ്പോള്‍ തിരുവഞ്ചൂരിന് വേണ്ടപ്പെട്ട ആര്‍ക്കോ അത്തരമൊരു മോഹമുണ്ടായപ്പോള്‍, സ്പോര്‍ട്സ് കമീഷനിലെ ഏറ്റവും മികച്ച തീരുമാനങ്ങളൊക്കെ അവഗണിച്ച് കായിക സര്‍വകലാശാല എന്ന ആശയത്തിന് മാത്രം പ്രസക്തി വന്നിരിക്കുന്നു.
എന്നാല്‍, മന്ത്രിക്ക് ഇത്തരമൊരാശയം നല്‍കിയവരാരും കായിക സര്‍വകലാശാല എന്താണെന്നും അതുകൊണ്ട് കായികരംഗത്തിന് പ്രത്യേകിച്ച് നാം ഇന്ന് സ്പോര്‍ട്സായി അംഗീകരിച്ചിരിക്കുന്ന ഒരേയൊരു വിഭാഗമായ കോമ്പറ്റീഷന്‍ സ്പോര്‍ട്സിന്, എന്ത് നേട്ടമാണ് ഉണ്ടാവുകയെന്ന് വിശദീകരിച്ചിരിക്കാനിടയില്ല. അങ്ങനെ ആയിരുന്നെങ്കില്‍ കായിക സര്‍വകലാശാല എന്ന ആശയത്തെ അദ്ദേഹവും നോക്കിക്കാണുക, ഗണേഷ്കുമാറിന്‍െറ കണ്ണുകള്‍കൊണ്ടുതന്നെ ആകുമായിരുന്നു.
ഒരുപാട് വിശദീകരണം വേണ്ട വിഷയമാണിത്. അക്കാദമിക വിഷയങ്ങള്‍ കൈകാര്യംചെയ്യുന്ന സര്‍വകലാശാലയില്‍നിന്ന് പുറത്തുവരുന്നത് കായികാധ്യാപകരും കായികശാസ്ത്രജ്ഞരുമാണ്. അതായത്, സ്കൂളുകളിലും കോളജുകളിലും പഠിക്കുന്നവരെ പഠിപ്പിക്കാനും കായികാഭിരുചി വര്‍ധിപ്പിക്കാനും പിന്നെ കായികക്ഷമത നിലനിര്‍ത്താനും മറ്റുമുള്ള ഗവേഷണോപാധികളും ഒക്കെ.

അതോടൊപ്പംതന്നെ, സ്പോര്‍ട്സ് ജേണലിസം തുടങ്ങി സ്പോര്‍ട്സ് അനൗണ്‍സര്‍, ചിയര്‍ ലീഡേഴ്സ് എന്നിവരെ പരിശീലിപ്പിക്കുക, ഫിറ്റ്നസ് സ്പോര്‍ട്സിന് പറ്റുന്നവിധത്തില്‍ പരിശീലകരെ പഠിപ്പിക്കുക, മാനേജ്മെന്‍റ്, അഡ്മിനിസ്ട്രേഷന്‍, സ്പോണ്‍സര്‍ രംഗങ്ങളില്‍ പ്രത്യേക കോഴ്സുകള്‍, പഠനപദ്ധതികള്‍. ഇതിനൊക്കെ പുറമെയാണ് നമുക്ക് അജ്ഞാതമായവിധത്തിലുള്ള ‘ഉത്തേജക ഒൗഷധങ്ങളുടെ ഉപയോഗം’ പോലുള്ള കാര്യങ്ങളിലെ പരമരഹസ്യമായ ഗവേഷണങ്ങള്‍ (മരുന്നുകളുടെ മണമില്ലാത്ത സാര്‍വദേശീയ മെഡലുകള്‍ ഒരു മിഥ്യയാണെന്ന യാഥാര്‍ഥ്യം ഇനിയെങ്കിലും നമ്മള്‍ ഉള്‍ക്കൊള്ളണം -ഇതിനര്‍ഥം, ഡോപ്പിങ്ങിനെ അനുകൂലിക്കുകയാണെന്നും പ്രചരിപ്പിക്കുകയാണെന്നും കരുതരുത്). കായിക സര്‍വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ അധികവും മത്സര ഇനങ്ങളില്‍ പങ്കെടുക്കുന്ന സാര്‍വദേശീയ താരങ്ങളാണെന്ന് കരുതരുത്. മറ്റു വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ശരാശരി കായിക മികവേ ഇവിടെ പഠിക്കുന്ന ഭൂരിപക്ഷത്തിനുമുള്ളൂ. എന്നാല്‍, അസാധാരണ മികവുള്ളവര്‍ക്ക് പ്രത്യേക പരിശീലനം ലഭിക്കുന്നതുകൊണ്ട്, അവര്‍ സാര്‍വദേശീയ താരങ്ങളാകുന്നു. മറ്റു കോളജുകളിലെയും സര്‍വകലാശാലകളിലെയും സ്ഥിതി ഇതുതന്നെയാണ്. ഇക്കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുകയാണെങ്കിലേ കായിക സര്‍വകലാശാലകള്‍ക്ക് മത്സര ഇന സ്പോര്‍ട്സ് വികസനത്തില്‍ ചെയ്യാന്‍ കഴിയുന്നത് എന്തൊക്കെയാണെന്ന് മനസ്സിലാവുകയുള്ളൂ. ഇതൊരുവശം മാത്രം.
ഇനിയാണ് ഇതിന്‍െറ സാമ്പത്തിക വശങ്ങളെക്കുറിച്ചറിയേണ്ടത്. അതിനുമുമ്പ് കഴിഞ്ഞ ഏഴു വര്‍ഷത്തിനിടയില്‍ അമേരിക്കപോലെ കായിക മികവില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന രാജ്യങ്ങളിലെ സ്പോര്‍ട്സ് യൂനിവേഴ്സിറ്റികള്‍ക്ക് എന്തുസംഭവിച്ചു എന്നുകൂടി മനസ്സിലാക്കുക. ഒഹായോ യൂനിവേഴ്സിറ്റി അവരുടെ സ്പോര്‍ട്സ് പഠനവിഭാഗംതന്നെ വേണ്ടെന്നുവെച്ചു. കാരണം, ഭീമമായ കടബാധ്യതയില്‍നിന്ന് രക്ഷനേടാനായി പഞ്ചനക്ഷത്ര സൗകര്യങ്ങളുണ്ടായിരുന്ന അവരുടെ വന്‍കിട സ്റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും വരെ അവര്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൈമാറി. കുറ്റം പറയരുതല്ളോ; ലാഭമുണ്ടാക്കിയിരുന്ന അവരുടെ ടെന്നിസ് അക്കാദമി മാത്രം നിലനിര്‍ത്തുകയും ചെയ്തു.
അമേരിക്കയുടെ പെണ്‍കരുത്തിന്‍െറ പ്രതീകമായിരുന്നു അറ്റ്ലാന്‍റയിലെ സ്പെല്‍മാന്‍ സ്പോര്‍ട്സ് യൂനിവേഴ്സിറ്റി. 2013 ഏപ്രില്‍ 13ാം തീയതിയിലെ അവരുടെ സര്‍വകലാശാല സെനറ്റ് അവസാനമായി യോഗം ചേര്‍ന്ന് തീരുമാനിച്ചത്; കായികപഠനം എന്നെന്നേക്കുമായി അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു. കാരണം, സര്‍ക്കാര്‍ വിഹിതങ്ങളും മറ്റു വരുമാനമാര്‍ഗങ്ങളൊക്കെയുണ്ടായിട്ടും അധ്യാപകര്‍ക്കുള്ള ശമ്പളവും സാങ്കേതിക പരിശീലനത്തിനുള്ള ഭീമമായ തുകയും കണ്ടത്തൊനാകുന്നില്ല. അവരുടെ അഭിമാനത്തിന്‍െറ പ്രതീകങ്ങളായിരുന്ന അടിസ്ഥാന സൗകര്യങ്ങളൊക്കെ കടത്തില്‍നിന്ന് കരകയറി. അവരും ഒന്ന് ചെയ്തു. സ്പോര്‍ട്സിന് പകരം പുതിയ പണമുണ്ടാക്കല്‍ ട്രെന്‍ഡായ ഫിറ്റ്നസ് സംവിധാനം അതുപടി നിലനിര്‍ത്തി. ഇതൊക്കെ വെറുതെ പറയുകയാണെന്ന് കരുതേണ്ട. അനുബന്ധരേഖകളും ചിത്രങ്ങളും കാണുക. തുടര്‍ന്ന് അന്വേഷണവുമാകാം.
അമേരിക്കപോലെ സ്പോര്‍ട്സില്‍ പണമൊഴുകുന്ന ഒരു രാജ്യത്തിന്‍െറ സ്ഥിതി ഇതാണെങ്കില്‍ സര്‍ക്കാറിന്‍െറ വിഹിതങ്ങളെ മാത്രം ആശ്രയിച്ച് നിലനിന്നുപോകുന്ന നമ്മുടെ സ്പോര്‍ട്സ് യൂനിവേഴ്സിറ്റി സംവിധാനം എന്താകുമെന്ന് ചിന്തിക്കേണ്ടതുണ്ടോ?
കായിക വികസനത്തിനായി മത്സരയിനം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ ചെയ്യേണ്ടത് സര്‍വകലാശാല സ്ഥാപിക്കുകയല്ല. മറിച്ച്, ദേശീയ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ മട്ടില്‍, എല്ലാവിധ അടിസ്ഥാന വികസന സൗകര്യങ്ങളും ശാസ്ത്ര സാങ്കേതിക സംവിധാനങ്ങളുമുള്ള പരിശീലന കേന്ദ്രം തുടങ്ങുകയാണ്. കായിക പരിശീലകരെ  പഠിപ്പിക്കാനുള്ള കേന്ദ്രവും മത്സര ഇനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇവിടെനിന്നാരംഭിക്കണം. അതിനായി കേരളത്തിലെ നിലവിലെ സാഹചര്യത്തില്‍ ഖജനാവില്‍നിന്ന് കാശ് കണ്ടത്തെുകയും വേണ്ട. കാരണം, ദേശീയ ഗെയിംസിനായി നിര്‍മിച്ചിരിക്കുന്ന സ്റ്റേഡിയങ്ങളും മറ്റു സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ദേശീയ സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടിന് സമാനമായ ഒരു സ്ഥാപനം നമുക്ക് സ്വന്തമാക്കാനാകും. അതുകൊണ്ടുള്ള പ്രയോജനങ്ങള്‍ ഒന്നുകൂടി മനസ്സിലാക്കുക. നമ്മള്‍ ഇന്ന് സ്പോര്‍ട്സായി അംഗീകരിച്ചിരിക്കുന്ന ‘മെഡല്‍ നേടാനായിട്ടുള്ള’ ഉപാധിയായ കോമ്പറ്റീഷന്‍ സ്പോര്‍ട്സിന് പറ്റിയവിധം സ്കൂള്‍തലം വരെയുള്ള കായിക വികസന പദ്ധതികള്‍ ഇവിടെനിന്ന് തുടങ്ങാനാകും. ഒപ്പം കായികപരിശീലകരെ പരിശീലിപ്പിക്കുന്ന കേന്ദ്രവുമായി മാറുമിത്.
മറിച്ച്, അക്കാദമിക മികവാണെങ്കില്‍ അതിനുള്ള പരിഹാരമായി ചെയ്യാവുന്നത്, കഴിഞ്ഞ സ്പോര്‍ട്സ് കമീഷന്‍െറ നിര്‍ദേശമനുസരിച്ച് കഴിഞ്ഞ സര്‍ക്കാര്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയ സ്പോര്‍ട്സ് പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ച നടപടി പൂര്‍ത്തിയാക്കുകയും സ്കൂള്‍കുട്ടികളുടെ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായി തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാക്കുകയുമാണ്. അങ്ങനെ വരുമ്പോള്‍ സ്കൂള്‍തലത്തില്‍ മികവ് തെളിയിച്ച സര്‍വകലാശാല പഠനത്തില്‍ അര്‍ഹത നേടുന്നവര്‍ക്കായി, സ്പോര്‍ട്സ് ഐച്ഛികവിഷയമായി വിവിധ കോഴ്സുകള്‍ തുടങ്ങാവുന്നതാണ്.
ഇതിനായി ജര്‍മനി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ പിന്തുടരുന്നരീതി നമുക്ക് സ്വീകരിക്കാം. ഈ രാജ്യങ്ങളിലെ കായിക അധ്യാപകര്‍ നമ്മുടെ രാജ്യത്തിലേതുപോലെ ഫിസിക്കല്‍ എജുക്കേഷന്‍ എന്ന ഒരു വിഷയം മാത്രമല്ല കൈകാര്യം ചെയ്യുന്നത് (ഇത് സാങ്കല്‍പികവുമല്ളേ -എന്ത് പഠിപ്പിക്കാനാണ് നമ്മുടെ ബിരുദ ബിരുദാനന്തര ബിരുദങ്ങളും ഡോക്ടറേറ്റുമുള്ള ഭാവനാസമ്പന്നരായ കായികാധ്യാപകര്‍ക്ക് അവസരം ലഭിക്കുന്നത്. അവരുടെ സര്‍ഗവാസന ഇന്നുവരെ ആരെങ്കിലും ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ടോ?) നമ്മുടെ അധ്യാപകരെപ്പോലെ ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരാണ്. യൂറോപ്യന്‍ രാജ്യങ്ങളും സ്പോര്‍ട്സ് ജീവിതത്തിന്‍െറ ഭാഗമായിട്ടുള്ള രാജ്യങ്ങളിലെയും കായികാധ്യാപകര്‍- ഒന്നുകൂടി ലളിതമായി പറയുകയാണെങ്കില്‍ നമ്മുടെ നാട്ടില്‍ കണക്കും ഇംഗ്ളീഷും കൈകാര്യം ചെയ്യുമ്പോലെ. അതല്ളെങ്കില്‍ സാമൂഹികശാസ്ത്രവും മറ്റൊരു വിഷയവും പഠിപ്പിക്കുമ്പോലെ സ്പോര്‍ട്സും ഇംഗ്ളീഷും കണക്കുമൊക്കെ പഠിപ്പിക്കുമ്പോലത്തെന്നെ. ഇവിടെ ചെറിയ ഒരു സംശയത്തിന് വഴിവെച്ചേക്കാം. അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ ‘അധ്യാപകര്‍ക്ക് ചെറിയ ഒരു സ്പോര്‍ട്സ് ട്രെയ്നിങ് സംവിധാനം നല്‍കി അവരെ ഫിസിക്കല്‍ എജുക്കേഷന്‍ ഏല്‍പിച്ചാല്‍ പോരേ-അത് അശാസ്ത്രീയമാണ്. കാരണം, സ്പോര്‍ട്സ് അങ്ങേയറ്റം സാങ്കേതികമായ ഒരു വിഷയമാണെന്നതുതന്നെ.
സ്കൂള്‍തലങ്ങളില്‍ കായിക വിദ്യാഭ്യാസം സാര്‍വത്രികമാകുമ്പോള്‍, തുടര്‍ന്ന് പുറത്തുവരുന്നവര്‍ക്ക് തുടര്‍പഠനത്തിനായി സ്പോര്‍ട്സ് ഐച്ഛിക വിഷയമായി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ ആരംഭിക്കുന്നു. എല്ലാ കോളജുകളിലും ഇത്തരം സംവിധാനമുണ്ടാകുമ്പോള്‍ നിലവിലെ കായികാധ്യാപകര്‍ക്ക് ഡോക്ടറേറ്റും മറ്റുമുള്ളവര്‍ക്ക് അവരുടെ തൊഴിലിനോട് കൂടുതല്‍ കൂറുപുലര്‍ത്തുംവിധമുള്ള അവസരങ്ങളുണ്ടാകും.
കായിക സര്‍വകലാശാല എന്ന ആശയത്തേക്കാള്‍ കേരളത്തില്‍ ആവശ്യം സ്പോര്‍ട്സ് പാഠ്യപദ്ധതികളില്‍ ഉള്‍ക്കൊള്ളിച്ച്, തുടര്‍പഠനത്തിനും ഗവേഷണം നടത്താനും അവസരം നല്‍കുകയും ശാസ്ത്രീയമായ രീതിയില്‍ കോമ്പറ്റീഷന്‍ സ്പോര്‍ട്സില്‍ തുടര്‍പരിശീലനവും മത്സര സംവിധാനങ്ങളും ഏര്‍പ്പെടുത്തുകയെന്നതാണ്. അതല്ലാതെ, സാമ്പത്തിക ബാധ്യത താങ്ങാനാകാതെ അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഉപേക്ഷിക്കുന്ന രീതി സ്വീകരിച്ച് പൊതുഖജനാവിലെ പണം വെറുതെ ചെലവഴിക്കുകയല്ല.
ഒന്നുകൂടി, ഇവിടെ കായിക വികസനമെന്ന് നാം കരുതുന്നത് മാറിമാറി വരുന്ന സര്‍ക്കാറുകളുടെ താല്‍പര്യമനുസരിച്ച് രൂപവത്കരിക്കുന്ന സ്പോര്‍ട്സ് കമീഷനുകളും സമിതികളുമാണ്. വി.ആര്‍. കൃഷ്ണയ്യര്‍ കമീഷന്‍, പത്മശ്രീ ഡോക്ടര്‍ ജോസഫ് കമീഷന്‍, എ.കെ. പാണ്ട്യാ കമീഷന്‍ തുടങ്ങി എത്ര കമീഷനുകള്‍. അവര്‍ സമര്‍പ്പിച്ച, ഏറ്റവും ഉപയോഗപ്രദവും ഫലപ്രദവുമായ കായിക വികസന പദ്ധതികളൊക്കെ കടലാസിലാക്കി കെട്ടിവെച്ച ശേഷമാണ് ആരുടെയൊക്കെയോ താല്‍പര്യത്തിനായി പുതിയ സമിതികള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഭാവനാദാരിദ്ര്യമെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവുകയില്ല. പ്രതിഭകള്‍ക്ക് പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍ അവരെ തേടിപ്പിടിച്ച് ചെറുപ്പത്തിലേ കായികാഭിരുചി വര്‍ധിപ്പിക്കാനുള്ള പഠനവും തുടര്‍ പഠനവും നല്‍കുകയാണ് ആദ്യമായി ചെയ്യേണ്ടത്. അതിന് കായികക്ഷമത പരിശോധിക്കാനായി അങ്ങേയറ്റം സാങ്കേതികമായ, ഫലപ്രദമായ ഒരു സംവിധാനം കഴിഞ്ഞ സര്‍ക്കാര്‍ അവതരിപ്പിച്ചിരുന്നു. ഞെട്ടിക്കുന്നതും വിഹ്വലതയുണ്ടാക്കുന്നതുമായിരുന്നു അന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ടെസ്റ്റുകളുടെ ഫലം. 70 ശതമാനത്തിലധികം പെണ്‍കുട്ടികളുടെയും 60ലധികം ശതമാനം ആണ്‍കുട്ടികളുടെയും ശാരീരികക്ഷമത, അന്തര്‍ദേശീയ ആരോഗ്യ സംഘടന നിഷ്കര്‍ഷിച്ചതിലും അപകടകരമാംവിധം താഴെയാണ്. നമ്മുടെ സ്കൂള്‍കുട്ടികളില്‍ അത് പരിഹരിക്കാനുള്ള സംവിധാനങ്ങളും നിഷ്കര്‍ഷിക്കപ്പെട്ടിരുന്നു. അതൊന്നും കാണാതെ, പരിഹരിക്കാതെ, ഇനിയും കായികവികസനത്തിന്‍െറ പേരില്‍ കായിക സര്‍വകലാശാലക്കാണ് വാശിപിടിക്കുന്നത്. കായിക വികസനത്തെക്കുറിച്ച അജ്ഞതകൊണ്ട് മാത്രമാണത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.