സൂര്യപഥത്തില്‍ ധ്യാനസഞ്ചാരം

സൂര്യക്ഷേത്രത്തെക്കുറിച്ച് വഡോദരയിലെ ആ മലയാളി സമാജത്തിന് വ്യക്തമായ ധാരണയില്ലായിരുന്നു, ഞാന്‍ അന്വേഷിച്ചവര്‍ക്ക്. അഹമ്മദബാദിലായിരിക്കും എന്നാണവര്‍ ആദ്യം പറഞ്ഞത്. പിന്നെ കണ്ടെത്തി അത് മെസ്സാന ജില്ലയിലെ    മെദോരയിലാണെന്ന്.   വഡോദരയില്‍ നിന്നും ഏകദേശം മൂന്നുമണിക്കൂറിന്റെ യാത്രയുണ്ട്. അഹമ്മദാബാദില്‍ നിന്ന് രണ്ടുമണിക്കൂര്‍ കൊണ്ടെത്താം. ഗുജറാത്തിന്റെ വടക്ക്കിഴക്കായി കിടക്കുന്ന പൗരാണിക ചരിത്രമുള്ള വേദകാലത്തെ ഭൂമി. കര്‍ക്കടകവൃത്തത്തില്‍ കിടക്കുന്ന, കൊണാര്‍ക്കിലേതിനേക്കാള്‍  പഴക്കമുള്ള, മെദോരയിലെ സൂര്യക്ഷേത്രം.

ഗാന്ധിയാശ്രമവും ദ്വാരകയുമൊക്കെ മറന്ന് സൂര്യക്ഷേത്രം കാണണമെന്ന് ചിന്തയുണ്ടായതെന്തെന്ന് എനിക്കറിയില്ല. വൈവിധ്യങ്ങളുടെ ആ നാട്ടില്‍ എന്തുകൊണ്ട് സൂര്യക്ഷേത്രം എന്നത് ഒരിക്കലെങ്കിലും ആ വിശാലഭൂമിയിലെത്തുമ്പോള്‍ മാത്രമനുഭവിക്കുന്ന വിസ്മയത്തിന്റെ കാഴ്ച നമ്മുടെ വിചാരങ്ങള്‍ക്കുമപ്പുറത്താണെന്ന് തിരിച്ചറിയും. അത് അത്ഭുതങ്ങളുടെ കാഴ്ചതന്നെയാണ്.     
ഏതൊരു വിനോദസഞ്ചാരപ്രദേശം പോലെ തന്നെ  മെദോരയിലെ സൂര്യക്ഷേത്രവും ഇപ്പോള്‍. എന്നാല്‍ അമിതമായ  തിരക്കനുഭവപ്പെട്ടില്ല.  അതിസൂക്ഷ്മമായ ശില്പകലയുടെ വിസ്മയലോകത്തിന്റെ ഒരു ചതുരം പ്രധാനകവാടത്തില്‍ നിന്നും കാണാം. നടപ്പാതയിലെ അരികുകളിലെ മരങ്ങളുടെ ശിഖരങ്ങള്‍ കാറ്റിലാടിയ നിമിഷം ആ അത്ഭുതകാഴ്ച ഞങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെട്ടു.
സൂര്യക്ഷേത്രം മൂന്ന് അത്ഭുതങ്ങളുടെ നിര്‍മ്മിതിയാണ്. സമചതുരാകൃതിയിലുള്ള സൂര്യകുണ്ഡ് എന്ന വന്‍ കുളം, അഷ്ടകോണാകൃതിയില്‍ നിര്‍മ്മിതമായ സഭാമണ്ഡപം അതിനുപിന്നിലായി പ്രാധാനക്ഷേത്രം അഥവാ ഗുഡമണ്ഡപം.  കര്‍ക്കടകവൃത്തത്തില്‍ സ്ഥിതി ചെയ്യുന്ന  ഈ ക്ഷേത്രത്തിലെ മൂലവിഗ്രഹത്തില്‍ വിഷുസംക്രമത്തിലെ ആദ്യ സൂര്യരശ്മി പതിക്കണമെന്ന സങ്കല്പത്തില്‍  കിഴക്കുപടിഞ്ഞാറായി ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നു.     
ചെറുമരങ്ങളും ചെടികളും പുല്ലും നിറഞ്ഞ പച്ചപ്പിന്റെ വഴിയരികില്‍ അതിഗംഭീരമായ ഒരു വലിയ കുളം സൂര്യകുണ്ഡ്. ഗുജറാത്തിന്റെ പ്രശസ്തമായ പടിക്കെട്ടുകള്‍ നിറഞ്ഞ കിണറുകള്‍ പോലെ നാലുവശവും കല്ലില്‍ തീര്‍ത്ത പടിക്കെട്ടുകള്‍ കുളത്തിലേക്ക്. ഓരോ പടിക്കെട്ടിലുമായി ധാരാളം ഗോപുരങ്ങള്‍. അതില്‍ പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കുന്നുവെന്ന് വിശ്വസിക്കുന്ന ദൈവങ്ങളുടെ കല്‍ വിഗ്രഹങ്ങള്‍. സൂര്യകുണ്ഡ് തന്നെ ഒരു ക്ഷേത്രസമുച്ചയമാകുന്നു. വിവിധ പിരമിഡ് ആകൃതിയിലുള്ളതും കൊത്തുപണികളാലലംകൃതമായതും ചെറു വിഗ്രഹങ്ങളും  പ്രാചീനമന്ത്രെഴുത്തുകളുമുള്ള 108  ശ്രീകോവിലുകള്‍ നിര്‍മ്മിച്ച കുളത്തില്‍ ഇപ്പോള്‍ വളരെ കുറച്ച് ഗോപുരങ്ങള്‍ മാത്രമേയുള്ളു. കാലവും  ആക്രമണങ്ങളും പലതിനെയും നശിപ്പിച്ചൊടുവില്‍ അവശേഷിക്കുന്നത് തെക്കും വടക്കുമുള്ള രണ്ട് വന്‍ ഗോപുരങ്ങള്‍ മാത്രമാണ്. സൂര്യകുണ്ഡിന്റെ പടവുകളില്‍ ഹിന്ദു ദേവതകളായ  വിഷ്ണുവിന്റെയും ശിവന്റെയും വിഗ്രഹങ്ങള്‍ കൊത്തിയ അതിസങ്കീര്‍ണ്ണമായ ക്ഷേത്രശില്പങ്ങള്‍ ഈ കുളത്തിന്റെ ശില്പചാതുരിയുടെ പെരുമയേറ്റുന്നു.
അഷ്ടകോണാകൃതിയിലുള്ള സഭാമണ്ഡപത്തിലേക്ക് കുളത്തില്‍ നിന്നും ഒരു പ്രധാന കമാനവാതിലുണ്ട്. ഹിന്ദു ക്ഷേത്രനിര്‍മ്മിതിയിലും രണ്ട് മഹാസ്തൂപങ്ങള്‍ ക്കിടയിലെ കമാനവും ഉള്ള ബുദ്ധിസ്റ്റ് ആരാധാനാലയങ്ങളിലെ തോരണത്തിന്റെ അതേ മാതൃകയിലുള്ള ഒരു വാതില്‍ കടന്ന് മറ്റൊരത്ഭുതത്തിലേക്ക് പടിചവിട്ടുന്നു. 52 സ്തൂപങ്ങള്‍ കൊണ്ട് കൊത്തുപണികളുടെ മാസ്മരികതയനുഭവിപ്പിക്കുന്നു. അതിസങ്കീര്‍ണ്ണമായ ഇഴയൊരുക്കമുള്ള മഹാശില്പങ്ങള്‍ ഓരോ തൂണിനെയും വ്യത്യസ്ഥമാക്കുന്നു. 52 തൂണുകള്‍ 52 ആഴ്ചകളെ പ്രതിനിധീകരിക്കുന്നു. രാമായണത്തിലെയും മഹാഭാരതത്തിലെയും അത്ഭുതകഥകളുടെ ചിത്രങ്ങള്‍ കൊത്തി അനുപമസൗന്ദര്യം വഴിയുന്ന നഗ്‌നനാരികളുടെ രൂപങ്ങള്‍ മെനഞ്ഞ് അസാമാന്യവൈശിഷ്ട്യമുള്ള ജ്യാമിതീയ സങ്കലപത്തില്‍ ഓരോ തൂണും മനുഷ്യമനസ്സില്‍ ഇനിയും വറ്റാത്ത ഭാവനയുടെ അവശിഷ്ടമാകുന്നു. ഓരോ കാഴ്ചയും  ഇന്നും ആകര്‍ഷിക്കുന്ന അത്ഭുതമാകുന്നു. സഭാമണ്ഡപത്തില്‍ പണിത താമരപൂവിന്റെ ആകൃതി ഇന്നു കാണുമ്പോഴും വിസ്മയം കൊണ്ട് ഒരു മാത്ര സ്തംഭിക്കുകതന്നെ ചെയ്യും. കാലത്തിന്റെ സകല വഴികളിലൂടെയും സഞ്ചരിച്ച് ഇന്നും അതവശേഷിപ്പിക്കുന്നത് മനുഷ്യനെന്ന പ്രതിഭാസത്തിന്റെ അസാമാന്യമായ കലവൈഭവം തന്നെയാണ്.        
അലാവുദ്ധീന്‍ ഖില്ജിയുടെ പടയോട്ടക്കാലത്ത് നശിപ്പിക്കപ്പെട്ട പല ക്ഷേത്രങ്ങളിലെന്നത് പോലെ ഇവിടെയും പ്രധാനാലായത്തില്‍ വിഗ്രഹമില്ല. അതുകൊണ്ട് തന്നെ ആരാധനയുമില്ല. അധിനിവേശവും അതിന്റെ ദുരന്തങ്ങളും എല്ലായിടങ്ങളിലും സംഭവിച്ചതുകൊണ്ട് തന്നെ സൂര്യക്ഷേത്രവും ഒരുകാലത്ത് തിരശ്ശീലയില്‍ മറഞ്ഞുപോയി. ദൈവീകത്വവും അതിന്റെ സംരക്ഷണവും നിറഞ്ഞു നില്ക്കുന്നു എന്ന കരുതലിന്റെ സാക്ഷ്യം പുരാണത്തിലെ സ്‌കന്ദപുരാണമാണ്. ധര്‍മ്മാരണ്യമെന്നായിരുന്നു മൊദേര അറിയപ്പെട്ടിരുന്നത്. ത്രേതായുഗത്തില്‍ ശ്രീരാമന്‍ ലങ്കാധിപനായ രാവണന്റെ വധവുമായി ബന്ധപ്പെട്ടതാണ് ഐതിഹ്യം.  ബ്രഹ്മഹത്യ എന്ന മഹാപാപത്തില്‍ നിന്നും മുക്തനാകുവാന്‍ എന്താണ് വഴിയെന്ന് ശ്രീരാമന്‍ മഹാമുനിയായ വസിഷ്ഠനോട് ചോദിക്കുന്നു. ബ്രാഹ്മണായ രാവണനെ കൊന്നതിന്റെ പാപം തീര്‍ക്കാന്‍ ധര്‍മ്മാരണ്യത്തിലെ പുഷ്പവതി നദിയുടെ കരയില്‍ യജ്ഞം ചെയ്യാനായിരുന്നു മുനിയുടെ കല്പന. അങ്ങനെ പുഷ്പവതിയുടെ ഒരു  കരയിലെത്തുകയും അവിടെ മനുഷ്യവാസമായ ഗ്രാമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു.  ആ സ്ഥലത്താണു പിന്നീട് സോളങ്കി രാജവംശരാജാവായ രാജാ  റുഷഭ് ഭീം ദേവ് ഒന്നാമന്‍  ഏ ഡി1026 ല്‍ സൂര്യക്ഷേത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും ദേവതകള്‍ക്കായി ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ പിന്നീട് നിര്‍മ്മിച്ചതിനു കാരണമാകുന്നത് അന്നത്തെ വിദേശ കച്ചവടക്കാരും രാജാക്ക്‌നമാരും നിര്‍ലോഭമേകിയ നിധികൊണ്ടായിരുന്നു.    മൊദേര ഐശ്വര്യത്തിന്റെ കവാടമായിരുന്നു. ഇന്നും കടുകും പരുത്തിയും ജീരകപ്പാടങ്ങളും ആ ഭൂമിയെ സാമ്പത്തികമായി ഉയരങ്ങളിലെത്തിക്കുന്നു.
വിശാലമായ ഭൂമിയിലെ കാഴ്ചകള്‍  ഇനിയും കാണുകയും അതിനായി സഞ്ചരിക്കുകയും ചെയ്യുന്ന മനുഷ്യന്റെ സഞ്ചാരപഥത്തിലെ കാണാതെപോകരുതാത്ത കാഴ്ചയാവുന്നു മൊദേരയിലെ സൂര്യക്ഷേത്രം   



 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.