മുലൂക്കന്‍ വിഴുങ്ങിയ വജ്ര മോതിരം

മനസ്സ് തുറന്നപ്പോള്‍ ആദ്യം പുറത്ത് വരേണ്ടിയിരുന്ന ഒരധ്യായമായിരുന്നിത്. എന്തുകൊണ്ടോ ഇത് ഒരല്‍പം വൈകിപ്പോയി!
രണ്ട് സെപ്തംബര്‍ പതിനേഴുകള്‍ക്കിടയിലുള്ള ‘എന്‍െറ ജീവിതം’ -അതുവരുത്തിവെച്ച മാറ്റങ്ങള്‍, അനുഭവങ്ങള്‍.. ഒക്കെ ഒരിക്കലും വിസ്മരിക്കാനാകാത്തവിധം മനസ്സിന്‍െറ അടിത്തട്ടുകളില്‍ പതിഞ്ഞു കിടക്കുന്നു. ഓര്‍ക്കുമ്പോള്‍ ആശ്ചര്യവും ജിജ്ഞാസയും കൗതുകവും ഒരു പരിധിവരെ ഫലിതത്തിന്‍െറയും രസാനുഭവങ്ങളായി അത് മാറിയിരിക്കുന്നു.
1979 സെപ്തംബര്‍ പതിനേഴിന്‍െറ ഒരു മധ്യാഹ്നത്തിലായിരുന്നു ഞാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ അത്ലറ്റിക് പരിശീലകനായി ചുമതലയേറ്റത്. ജീവിതത്തില്‍ ഒരിക്കലും തിരുവനന്തപുരം നഗരം വിട്ടുപോകേണ്ടിവരുമെന്ന് ഞാന്‍ കരുതിയിരുന്നതല്ല. എന്നാല്‍ എഴുപത്തിയെട്ടില്‍ കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ പരിശീലകനായി നിയമനം ലഭിച്ചപ്പോള്‍ നിനച്ചിരിക്കാതെ കൈയില്‍ കിട്ടിയ ഉത്തരവില്‍ കണ്ടത് അങ്ങ് കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ പേരായിരുന്നു. അകലെയുള്ള അപരിചിതമായ സ്ഥലം സ്വീകരിക്കാനില്ളെന്നും അന്ന് അതേസമയം തന്നെ ലഭിച്ച സെക്രട്ടറിയേറ്റ് അസിസ്റ്റന്‍റ് നിയമനം തന്നെ മതിയെന്നും ഞാനറിയിച്ചപ്പോള്‍ എന്‍െറ ‘ബാപ്പ’ പറഞ്ഞ ഒരു വാചകമായിരുന്നു എന്‍െറ ജീവിതത്തിന്‍െറ ഗതിയാകെ മാറ്റി മറിച്ചത്.


‘റിസ്ക്’ എടുക്കാത്തവന്‍ ജീവിതത്തില്‍  ഒന്നും നേടിയിട്ടില്ളെന്ന അദ്ദേഹത്തിന്‍െറ പ്രതികരണം മനസ്സില്‍ ആഴത്തില്‍ തന്നെ പതിച്ചു. ഒന്നും ആലോചിക്കാതെ അടുത്ത തീവണ്ടിയില്‍ കോഴിക്കോടിന്. മാനാഞ്ചിറയിലെ പരിശീലനക്കളരിയും, ഒ.എം. നമ്പ്യാരും, ‘കൊച്ചു ഉഷയും’, ചെങ്ങോട്ടുകാവില്‍ നിന്ന് രണ്ട് ചെറിയ മക്കളുമായി രാവിലെയും വൈകുന്നേരവും മാനാഞ്ചിറ മൈതാനത്ത് എത്തിയിരുന്ന പത്മനാഭന്‍ മാഷും തലയില്‍ ഒരു വട്ടക്കെട്ടും, തുരുതുരാ പുകവലിച്ചും കൊണ്ട് സൗമ്യ ഭാവവുമായി സ്വന്തം മകള്‍ ടി.പി. ആമിനയെന്ന തീരെ ചെറിയ കുട്ടിയുമായി പൂവാട്ടുപറമ്പില്‍നിന്ന് പരിശീലനക്കളരിയിലത്തെിയിരുന്ന മുഹമ്മദുമൊക്കെ, എന്നെ ചില്ലറയൊന്നുമല്ല സ്വാധീനിച്ചത്. പിന്നീട് അന്നത്തെ കൊച്ചു ഉഷ, പി.ടി. ഉഷയും ആമിന ഡോക്ടറും പത്മനാഭന്‍ മാസ്റ്ററുടെ മക്കള്‍ ദാസും, ധര്‍മനും, റെയില്‍വേ ജീവനക്കാരനും അധ്യാപകനുമൊക്കെ ആയത്, മനസ്സിലെ ആഹ്ളാദങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന അനുഭവങ്ങളാണ്്.

അന്നത്തെ റിജീനല്‍ എഞ്ചിനീയറിങ് കോളജിലെ സ്ഥിരം കോച്ചിങ് ക്യാമ്പുകളും അന്നവിടെ അധ്യാപകരായിരുന്ന ടി.എം. അബ്ദുറഹ്മാനും നജീബും ആയിട്ടുള്ള സൗഹൃദവും  പുത്തന്‍ അനുഭവങ്ങളായി. അതോടെ മെല്ളെ ഒരു നിയോഗം പോലെ ഞാനൊരു മലബാറുകാരനായി മാറി. കാലിക്കറ്റ് സര്‍വകലാശാലയില്‍ അത്ലറ്റിക് കോച്ചിന്‍െറ ഒഴിവുണ്ടായപ്പോള്‍ എന്നെ കൊണ്ട് അപേക്ഷ അയപ്പിച്ചവരില്‍ മുന്നിലുണ്ടായിരുന്നത് ഞങ്ങള്‍ അക്കുസാര്‍ എന്ന് വിളിച്ചിരുന്ന ടി.എം. അബ്ദുറഹ്മാനും, കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ വോളിബാള്‍ കോച്ചായിരുന്ന, വടകര റഹ്മാന്‍ എന്ന ഇന്ത്യയുടെ എക്കാലത്തെയും ഏറ്റവും മികച്ച വോളിബാള്‍ കളിക്കാരനായിരുന്ന അബ്ദുറഹ്മാന്‍ സാറുമായിരുന്നു. അങ്ങനെ എന്‍െറ പിതാവ് പറഞ്ഞത്പോലുള്ള ‘റിസ്ക്’ സെപ്റ്റംബര്‍ പതിനേഴായി എന്‍െറ മുന്നില്‍ വഴിമാറി വന്നത്തെി.
തുടര്‍ന്ന് ഞാന്‍ പരിശീലിപ്പിച്ച ടീമുകള്‍ക്ക് ഞാന്‍ പോലും കരുതിയിരുന്നിട്ടില്ലാത്ത വിജയങ്ങള്‍. അതായിരുന്നു വിദേശ പഠനത്തിനായി ഭാരത സര്‍ക്കാറിന്‍െറ പ്രതിനിധിയാകുവാനുള്ള വഴികള്‍ എനിക്കായി തുറന്നിട്ടത്.
1996ലെ മറ്റൊരു സെപ്റ്റംബര്‍ പതിനേഴ്. തികച്ചും യാദൃശ്ചികമായി വന്നത്തെിയ മറ്റൊരു മനോഹര മുഹൂര്‍ത്തം. അതും അവിശ്വസനീയമായ വ്യത്യസ്തമായ രണ്ട് കാരണങ്ങള്‍കൊണ്ട് സംഭവബഹുലവും വിഹ്വലതയുണ്ടാക്കുന്നതുമായ, എന്നും കരുതിവയ്ക്കാവുന്ന മറ്റൊരു ദിനം.
ദീര്‍ഘനാളത്തെ എന്‍െറ ഗവേഷണങ്ങളുടെ അവസാന ദിനമായിരുന്നു 1996 സെപ്തംബര്‍ പതിനേഴ്. തിസീസ് അംഗീകരിച്ചു കിട്ടുവാനുള്ളള ഓപ്പണ്‍ ഡിഫന്‍സ്! സ്വന്തം ഗൈഡും വകുപ്പു മേധാവിയായ പ്രൊഫസ്സറും തിസീസ് പരിശോധിച്ച വിവിധ സര്‍വകലാശാലകളിലെ മൂന്നു പ്രൊഫസര്‍മാരും പിന്നെ മറ്റു യൂനിവേഴ്സിറ്റികളെ പ്രതിനിധീകരിച്ചു മൂന്ന് വിദഗ്ധരും അടങ്ങുന്ന സംഘം റിഗറോസം എന്ന കടുകട്ടിയായ പരീക്ഷക്ക് ശേഷമാണ് അതിലും കടുകട്ടിയായ ഡിഫന്‍സ് എന്ന ജര്‍മന്‍ ‘ഫെര്‍ട്ടൈഡിഗുംഗ്’. അതൊരു നിറുത്തി പൊരിക്കല്‍ തന്നെയാണ്. ഈ ദുനിയാവിലുള്ള സര്‍വ്വതിനെക്കുറിച്ചും ശരവേഗത്തിലുള്ള ചോദ്യങ്ങള്‍. ഒന്ന് ചിന്തിച്ചു മറുപടി പറയുന്നതിന് മുമ്പ് വീണ്ടും വീണ്ടും ചോദ്യങ്ങള്‍. മാര്‍ബൂര്‍ഗ് യൂനിവേഴ്സിറ്റിയില്‍ നിന്നത്തെിയ മാനേജ്മെന്‍റ് വിഭാഗം പ്രൊഫസര്‍ ഹെല്‍ഗാ ഷ്മ്റ്റിന് അറിയേണ്ടിയിരുന്നത് ഈ ഗവേഷണം അങ്ങ് ഇന്ത്യയില്‍ ആയിക്കൂടെയെന്നായിരുന്നു. പ്രകോപിക്കലായിരുന്നു ഉദ്ദേശ്യം. ഒന്നര മണിക്കൂറിലെ പീഡനത്തിന് ശേഷം മുപ്പത് മിനിറ്റ് പുറത്തിരിക്കണം. ആകാംക്ഷയുടെ നിമിഷങ്ങള്‍. ഇന്ത്യന്‍ ഡിഫന്‍സും ജര്‍മന്‍ സര്‍വകലാശാലകളിലെ ‘പ്രതിരോധവും’ തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. ഇന്ത്യയില്‍ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ ശേഷം, ഡോക്ടറേറ്റ് അനുവദിക്കുന്ന ഒരു ചടങ്ങ് കൂടിയാണത്. എന്നാല്‍ ഇവിടെ തിസീസ് നിരസിക്കുവാനുള്ള ചാന്‍സ് നാല്‍പത് ശതമാനത്തിലേറെയാണ്; തുടര്‍ന്ന് രണ്ടവസരങ്ങള്‍ കൂടി ലഭിക്കും. അതും കടക്കാനായില്ളെങ്കില്‍ അതുവരെ എടുത്ത പണി വെറുതെ ആവുകയും ചെയ്യും,  ഞാന്‍ പറഞ്ഞ മറുപടികളും എന്‍െറ പ്രഭാഷണവും ഒക്കെ കുറിച്ചു വച്ച് കൊണ്ടുള്ള ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രൊഫസര്‍ ഹാന്‍സ് ഷെല്ലന്‍ ബര്‍ഗര്‍ പുറത്തുവന്നു അകത്തേക്ക് ക്ഷണിച്ചു. എന്‍െറ പ്രൊഫസര്‍ ഡോക്ടര്‍ റീക്കന്‍ എഴുന്നേറ്റ് നിന്നൊരു പ്രസംഗം. എന്‍െറ തിസീസ് അംഗീകരിച്ചോ, എന്നൊന്നും പറയാതെ, വല്ലാത്ത ഒരു സസ്പെന്‍സ്. നെഞ്ചിടിപ്പോടെ ഞാന്‍, മണിക്കൂറുകള്‍ തള്ളി നീക്കുന്ന മട്ടില്‍ കാത്തിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്‍െറ ഒരു വാക്ക്, ‘ബസ്റ്റാന്‍ഡന്‍’ അതായത് സക്സസ്ഫുളി ഡിഫന്‍സ്! ആശ്വാസം, പിന്നെ പൂമാലകളും പൂച്ചെണ്ടുകളും സ്കോളര്‍മാരുടെ തൊപ്പിയണിയിക്കലും ഒക്കെ. ഡിപ്പാര്‍ട്മെന്‍റിന്‍െറയും വിദേശ വിദ്യാര്‍ഥി വകുപ്പിന്‍േറതുമായ ആഘോഷങ്ങള്‍. അതുവരെ നിര്‍ത്തിപ്പാരിച്ച പ്രൊഫസര്‍മാര്‍ തോളോട് ചേര്‍ത്തു നിര്‍ത്തി പറഞ്ഞു. സ്വാഗതം അക്കാഡമിക് ക്ളബിലേക്ക് സ്വാഗതം.  ത്രസിക്കുന്ന ആ അനുഭവം മനസ്സിനെ കുളിരണിയിച്ച് നിലനില്‍ക്കുന്നു. അങ്ങനെ സെപ്തംബര്‍ പതിനേഴിന് നിയോഗം പോലെ മറ്റൊരു ആഹ്ളാദ ദിനമായി. എന്നാല്‍ അന്നത്തെ ആ ആഹ്ളാദത്തില്‍ മണിക്കൂറുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് ഇതുവരെയുള്ള ജീവിതത്തില്‍ ഞാനനുഭവിച്ചതില്‍ വച്ചേറ്റവും വലിയ അപമാനവും ദൈന്യതയും ഒക്കെ ഒന്നിച്ചനുഭവിക്കേണ്ടി വന്നത്.
ഉച്ചക്കുള്ള വിഭവ സമൃദ്ധമായ അക്കാദമിക് ലഞ്ചിന് ശേഷം പതിവില്ലാതെ എന്‍െറ പ്രൊഫസര്‍ റീക്കന്‍ അന്ന് ഡിന്നര്‍ അദ്ദേഹത്തിന്‍െറ വീട്ടിലാണെന്നറിയിച്ചു. പുറത്ത് നിന്നത്തെിയ വിശിഷ്ടാതിഥികളെയും ഉള്‍പ്പെടുത്തിയായിരുന്നു അത്. സാധാരണഗതിയില്‍ തൊട്ടടുത്ത ദിവസം പ്രൊഫസറുടെ വകയായി, ഒരു ഭക്ഷണം പതിവാണ്. മിക്കവാറും അതു ഒരു റെസ്റ്റോറണ്ടിലോ, യൂനിവേഴ്സിറ്റി മെന്‍സയിലോ (വിദ്യാര്‍ഥികളുടെ പടുകൂറ്റന്‍ ഭക്ഷണശാല) ആയിരിക്കുമത്. പ്രൊഫസറുടെ മകനും മരുമകളും ബെല്‍ജിയത്തിലാണ്. ഇരുവരും ഡോക്ടര്‍മാര്‍. അവര്‍ക്കു കൂടിയുള്ള വിരുന്നാക്കി അദ്ദേഹം എന്‍െറ ഡിഫന്‍സ് ഡിന്നര്‍!
പ്രൊഫസര്‍ ഷെല്ലന്‍ ബര്‍ഗറുടെ കാറില്‍ കൃത്യം ഏഴുമണിക്ക്  പതിമൂന്നു കിലോ മീറ്റര്‍ അകലെയുള്ള പ്രൊഫസറുടെ വേനല്‍ക്കാല വസതിയില്‍ ഞാനത്തെി. നിറച്ച് അതിഥികള്‍, ഭക്ഷണം ബുഫെ സ്റ്റൈലില്‍, ഞാനും പ്രൊഫസര്‍ ഷെല്ലന്‍ ബര്‍ഗറും മാത്രമേ ചായ കുടിയന്മാരായിട്ടുള്ളൂ. അദ്ദേഹം കുറഞ്ഞൊരു കാലം പാട്യാലയില്‍ പ്രൊഫസറായിരുന്ന നാളുകളില്‍ വശമാക്കിയ ശീലം. അതു കാരണം എനിക്ക് പ്രൊഫസറുടെ അടുക്കളയില്‍ കയറേണ്ടിവന്നു. പാലു തിളപ്പിച്ചതില്‍ ചായപ്പൊടിയും പഞ്ചസാരയും ഒരല്‍പം ഏലവും ചേര്‍ത്തുള്ള ചായയുണ്ടാക്കാന്‍ സായ്പിനറിയില്ലല്ളോ. പെട്ടെന്നു തന്നെ ചായയുണ്ടാക്കി  അതൊരു ഫ്ളാസ്ക്കിലാക്കി ഞാന്‍ പുറത്തുവന്നു.
ഭക്ഷണവും ചര്‍ച്ചയുമൊക്കെ കഴിഞ്ഞുപോകാന്‍ നേരമായപ്പോള്‍ അടുക്കളയില്‍നിന്ന് പ്രൊഫസറുടെ മരുമകള്‍ ഡോക്ടര്‍ മോണിക്ക, വേവലാതിയോടെ ഓടിവന്നു. എന്‍െറ മോതിരം കാണുന്നില്ല, എന്‍െറ വെഡിംഗ് റിംഗാണത്, ഒരുപാട് വിലപിടിച്ചതും. ഞാനത് ഊരി വാഷ് സിങ്കിന് മുകളില്‍ വച്ചതായിരുന്നു. എന്‍െറ ചങ്കൊന്നു കാളി. ഞാന്‍ മാത്രമേ അവര്‍ക്കൊപ്പം അടുക്കളയില്‍ ഉണ്ടായിരുന്നുള്ളൂ, എന്തോ ഒരു വല്ലായ്മ, കട്ടിട്ടില്ളെങ്കിലും കള്ളനെന്നവര്‍ കരുതുമോ? വല്ലാത്ത ഒരു വിറയല്‍, അസ്വസ്ഥത. എല്ലാവരും സംശയത്തോടെയല്ളേ എന്നെ നോക്കുന്നത്. വിദേശിയായി ഞാന്‍ മാത്രമല്ളേ അക്കൂട്ടത്തിലുള്ളൂ. അടുക്കള മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും മദാമയുടെ വജ്ര മോതിരം മാത്രം കണ്ടത്തൊനായില്ല! ഷെല്ലന്‍ബര്‍ഗര്‍ ധൃതി കൂട്ടി. വിഷണ്ണനായി ഞാനും ഒപ്പം കാറില്‍ കയറി കൂടി. എന്നിട്ടും എന്തോ ഒരു വല്ലായ്മ. ഈ ബഹളത്തിനിടയിലും ഞങ്ങള്‍ക്ക് കൊണ്ടുപോകാനായി രണ്ട് ചെറിയ പൊതികള്‍ തയാറാക്കി ആ മദാമ  കാറില്‍ കൊണ്ടുവച്ചിരുന്നു. വലിയ ക്രീം കേക്കിന്‍െറ ബാക്കി. ഷെല്ലന്‍ ബര്‍ഗര്‍ക്ക് എന്നെ നന്നായിട്ടറിയാവുന്നതുകൊണ്ട് അദ്ദേഹം എന്നെ ആശ്വസിപ്പിച്ചു. അതെവിടെയെങ്കിലും വീണു കിടപ്പുണ്ടാകും, നീ എടുത്തെന്നാരും പറയില്ല. നിന്നെ ഞങ്ങള്‍ക്ക് നന്നായിട്ടറിയാവുന്നതല്ളേ? എന്നിട്ടും എനിക്കൊരു വല്ലായ്മയും അസ്വസ്ഥതയും.
വൈകിയാണ് പാര്‍പ്പിടത്തിലത്തെിയത്. നേപ്പാള്‍കാരന്‍ ഡോക്ടര്‍ പ്രകാശ് പ്രധാനും, അടുത്ത മാസം ഡിഫന്‍സിന് അനുമതി ലഭിച്ചിട്ടുള്ള എത്യോപ്യയുടെ ദേശീയ നീന്തല്‍ പരിശീലകനും അവരുടെ അസോസിയേഷന്‍ സെക്രട്ടറിയുമായ മുലൂക്കന്‍, പിന്നൊരു സിറിയക്കാരന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോ ‘മന്‍സൂര്‍’ എന്നിവരായിരുന്നു ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍റിലെ വിദേശ വിദ്യാര്‍ഥികള്‍. ഞാനത്തെിയതും ഓടിക്കിതച്ചത്തെിയ മുലൂക്കന്‍ കൈയിലുണ്ടായിരുന്ന പൊതി കൈക്കലാക്കി. ഒന്നാന്തരം ടോര്‍ട്ടേ (ക്രിംക്കേക്ക്) മണക്കുന്നു എന്നു പറഞ്ഞ് പൊതിയഴിച്ച് ഒരു വിഴുങ്ങലായിരുന്നു. ഒപ്പം ഒരു നിലവിളിയും. തൊണ്ടയില്‍ എന്തോ കുടുങ്ങിയിരിക്കുന്നു. പിന്നൊരു ബഹളമായിരുന്നു. ആയാസപ്പെട്ട് എങ്ങനെയോ തൊണ്ടയില്‍ കുടുങ്ങിയ സാധനം പുറത്തെടുത്തു. അപ്പോഴാണ് എന്‍െറ ശ്വാസം നേരെ വീണത്. മദാമയുടെ വജ്ര മോതിരമായിരുന്നു അത്. തിരക്ക് പിടിച്ചു കേക്ക് പൊതിഞ്ഞപ്പോള്‍ അത് പൊതിക്കുള്ളില്‍ കുടുങ്ങിയതാണ്. എന്തായാലും ആദ്യം ഷെല്ലന്‍ ബര്‍ഗറെ തന്നെ വിളിച്ചു കഥ പറഞ്ഞപ്പോള്‍, അദ്ദേഹത്തിന്‍െറ ഉച്ചത്തിലുള്ള പൊട്ടിച്ചിരി കിലോമീറ്റര്‍ കടന്നു ഞങ്ങളുടെ അപ്പാര്‍ട്ട്മെന്‍ിനെ പ്രകമ്പനം കൊള്ളിച്ചു. അടുത്ത ദിവസം മുലൂക്കന്‍ തന്നെ നേരിട്ട് മോതിരം മദാമക്ക് കൊണ്ടുകൊടുത്തപ്പോഴാണ് ‘വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ളേ എന്ന വരികളുടെ ആസ്വാദ്യത ഞാനറിഞ്ഞത്. അങ്ങനെ ഒരിക്കലും മനസ്സില്‍ നിന്നു പോകാത്തതായി എന്‍െറ രണ്ടാമത്തെ സെപ്തംബര്‍ അനുഭവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.