ഇന്ത്യയും അമേരിക്കയും; 21-ാം നൂറ്റാണ്ടിന്‍്റെ പങ്കാളികള്‍

ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍്റെ ഭാഗധേയം നിര്‍ണയിക്കാന്‍ പ്രാപ്തിയുള്ള തന്ത്രപ്രധാനമായ സഖ്യമാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള കൂട്ടായ്മ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും ഏറ്റവും ശക്തമായതും പാരമ്പര്യമുള്ളതുമായ ജനാധിപത്യരാജ്യവും തമ്മിലുളവാകുന്ന സഹകരണം ലോകത്തിന്‍്റെ തന്നെ ചരിത്രം മാറ്റിയെഴുതാന്‍ പ്രാപ്തിയുള്ളതാണ്.  ഈ രംഗത്ത് നിര്‍ണായക ചുവടുവെയ്പായി മാറിയിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനം. ആദ്യമായിട്ടാണ് ഒരു അമേരിക്കന്‍ പ്രസിഡന്‍്റ് ഇന്ത്യയുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങുകളില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത്.

പാകിസ്താനില്‍ നിന്നുള്‍പ്പെടെയുള്ള നേതാക്കളെ നമ്മുടെ റിപ്പബ്ളിക് ദിനാഘോഷ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അറുപത്തഞ്ച് വര്‍ഷത്തിനിടെ ഒരു അമേരിക്കന്‍ നേതാവിനെ നമ്മള്‍ ക്ഷണിച്ചിരുന്നില്ല. അതുമാത്രവുമല്ല ഇതിനു മുമ്പ് ഒരു അമേരിക്കന്‍ പ്രസിഡന്‍്റും തന്‍്റെ കാലാവധിക്കുള്ളില്‍ രണ്ടാം വട്ടം ഇന്ത്യ സന്ദര്‍ശിച്ചിട്ടുമില്ല. ഇവയെല്ലാം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക സൈനിക ശക്തിയുടെ തലവനായ ബറാക് ഹുസൈന്‍ ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്‍്റെ പ്രാധാന്യം ഉയര്‍ത്തുന്ന സംഗതികളാണ്.

നയതന്ത്രപരമായി നോക്കുമ്പോള്‍ വന്‍വിജയമായി മാറിയ ത്രിദിന സന്ദര്‍ശനം ഇന്ത്യയുടെയും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേട്ടമായാണ് പൊതുവെ വിലയിരുത്ത പ്പെടുന്നത്.  ജനുവരി 25 നു രാവിലെ പത്തുമണിക്ക് ഡല്‍ഹി സൈനിക വിമാനത്താവളത്തില്‍ അമേരിക്കന്‍ പ്രസിഡന്‍്റിന്‍്റെ പ്രത്യേക വിമാനം പറന്നിറങ്ങിയതുമുതല്‍ മൂന്നാം ദിവസം ഉച്ചതിരിഞ്ഞുള്ള യാത്രയയപ്പ് വരെ കിറുകൃത്യമായി ആസൂത്രണം ചെയ്തു പ്രധാനമന്ത്രി മോദി തന്‍്റെ നയതന്ത്രജ്ഞതയും കാര്യപ്രാപ്തിയും ലോകത്തിനു മുന്നില്‍ തെളിയിച്ചു.  

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദി നടത്തിയ അമേരിക്കന്‍ യാത്രയിലാണ് ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം തീരുമാനിച്ചത്. എന്നാല്‍ കഴുകന്‍കണ്ണുകളുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍പ്പോലും ഇക്കാര്യം അറിഞ്ഞത് നവംബര്‍ 21 ന് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദശത്തേിലൂടെ മാത്രമാണെന്നത് കൗതുകകരമാണ്.  റിപ്പബ്ളിക് ദിനത്തില്‍ നമുക്ക് ഒരു വിശിഷ്ടാതിഥി ഉണ്ടായിരിക്കുമെന്നും അത് അമേരിക്കന്‍ പ്രസിഡന്‍്റ് ബറാക് ഒബാമ ആയിരിക്കുമെന്നുമാണ് അന്ന് മോദി ട്വീറ്റ് ചെയ്തത്. അന്നുമുതല്‍ ഓരോ ദിവസവും പ്രസിഡന്‍്റിന്‍്റെ സന്ദര്‍ശന പരിപാടികള്‍ നേരിട്ട് വിലയിരുത്തിക്കോണ്ട്  പ്രധാനമന്ത്രി ഈ സന്ദര്‍ശനത്തിന്‍്റെ പ്രാധാന്യം അടിവരയിട്ടു.

2008 ല്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവച്ച സിവില്‍ ആണവ കരാറിന്‍്റെ തടസങ്ങള്‍ നീക്കുക, പ്രതിരോധരംഗത്ത് സഹകരണം ശക്തമാക്കുക, ബൌദ്ധിക സ്വത്തവകാശരംഗം, കാലാവസ്ഥാ വ്യതിയാനം എന്നീരംഗങ്ങളില്‍ ധാരണകള്‍ എന്നിവയാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്‍്റെ ബാക്കിപത്രമായി ഇന്ത്യയും അമേരിക്കയും തമ്മില്‍ ഉണ്ടാക്കിയിരിക്കുന്നത്. പ്രത്യക്ഷത്തില്‍ ലളിതമെന്ന് തോന്നുമെങ്കിലും ദൂരവ്യാപകമായ പരിണതികള്‍ ഉളവാക്കുന്ന തീരുമാനങ്ങളാണ് ഇരുരാജ്യങ്ങളും തമ്മില്‍ രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് നയതന്ത്ര രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം.

സാമ്പത്തികമായും സൈനികമായും അമേരിക്കന്‍ സാമ്രാജ്യത്വത്തിന് ഭീഷണിയായി ഉയര്‍ന്നുവരുന്ന ചൈനയെ പ്രതിരോധിക്കുക എന്നതായിരുന്നു ഒബാമയുടെ സന്ദര്‍ശനത്തിലൂടെ അമേരിക്ക ലക്ഷ്യമിട്ടത്. കിഴക്കന്‍ ചൈനാ കടലിലും ഇന്ത്യാ സമുദ്രമേഖലയിലും സ്വാധീനം ശക്തമാക്കുന്ന ചൈനയെ നേരിടാന്‍ ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ സഖ്യശക്തികള്‍ക്കോപ്പം ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്താനാണ് അവരുടെ ശ്രമം. അതുവഴി ചൈനയുടെ മുന്നേറ്റത്തെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു.

പാകിസ്താനുമായി തന്ത്രപ്രധാന ബന്ധം കാത്തുസൂക്ഷിക്കുന്ന ചൈന, എന്നും ഇന്ത്യക്ക് ഭീഷണിയായിരുന്നു എന്നത് ഈ രംഗത്ത് സമാന നിലപാട് സ്വീകരിക്കാന്‍ ഇന്ത്യയെ നിര്‍ബന്ധിതരാക്കിയിട്ടുണ്ടാവാം. പാകിസ്താനും ചൈനയും ചേര്‍ന്ന കൂട്ടായ്മയെ ചെറുക്കുക എന്നതായിരിക്കണം ഈ രംഗത്ത് ഇന്ത്യയെ നയിച്ചത്. എന്നിരുന്നാലും ചൈനയെ പൂര്‍ണമായി പിണക്കുന്ന ഒരു നയം ഡല്‍ഹി ഭരണകൂടം എടുക്കാനിടയില്ല. ജനുവരി 31 ന് ആരംഭിക്കുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍്റെ ചൈനാ സന്ദര്‍ശനവും ഈ വര്‍ഷം തന്നെ നടക്കാനിടയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈനാ സന്ദര്‍ശന പരിപാടിയും ഈ വസ്തുത അടിവരയിടുന്നു.

ഇതോടൊപ്പം ഐക്യരാഷ്ട്ര രക്ഷാസമിതിയിലും ന്യൂക്ളിയര്‍ സപ്ലൈയേഴ്സ് ഗ്രൂപിലും ഏഷ്യാ-പസഫിക് കൂട്ടായ്മയിലും ഇന്ത്യക്ക് അംഗത്വം നല്‍കുന്നത് സംബന്ധിച്ച ഉറപ്പും അമേരിക്ക ഇന്ത്യക്ക് നല്കിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ഭീകര സംഘടനകളെയും ദാവൂദ് സംഘത്തെയും പേരെടുത്ത് പറഞ്ഞ് ഇവര്‍ക്കെതിരെ ഒന്നിച്ച് നീങ്ങുമെന്നും പറയുന്നു. ഇവയെല്ലാം എത്രമാത്രം ഫലപ്രാപ്തിയിലത്തെുമെന്ന കാര്യത്തില്‍ ഉറപ്പില്ലങ്കെിലും ഇന്ത്യയെ സംബന്ധിച്ച് വലിയ നേട്ടം തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല.

എന്നിരുന്നാലും ഈ സന്ദര്‍ശനം ഇന്ത്യയുടെ വിദേശനയത്തിലും പ്രതിരോധനയത്തിലും കാര്യമായ മാറ്റം ഉണ്ടാക്കാനുള്ള സാധ്യതയും നിരീക്ഷകര്‍ പ്രകടിപ്പിക്കുന്നു. ചേരി ചേരാ നയത്തില്‍ നിന്നും സോഷ്യലിസ്റ്റ് അനുകൂല, അമേരിക്ക വിരുദ്ധ നയത്തില്‍ നിന്നും 1991 മുതല്‍ വ്യതിചലിച്ചുകൊണ്ടിരിക്കുന്ന  ഇന്ത്യയുടെ ഈ രംഗത്തെ നിര്‍ണായകമായ ചുവടുമാറ്റമായിരിക്കും ഇന്ത്യ- അമേരിക്കാ സഹകരണ കരാറിന്‍്റെ ഫലമായി ഉണ്ടാവുക എന്നാണ് അവരുടെ പക്ഷം.

അതേസമയം സോവിയറ്റ് -അമേരിക്ക ശീതയുദ്ധ കാലത്തില്‍ നിന്ന് ലോകം ഏറെ ദൂരം മുന്നോട്ടു പോയിരിക്കുന്നു എന്നത് മറന്നുകൂടാ. ആഗോളീകരണത്തിന്‍്റെ ഈ ആധുനികകാലത്ത് ഏതെങ്കിലും ഒരു ചേരിയില്‍ നിലയുറപ്പിച്ചുകൊണ്ട് ഒറ്റതിരിഞ്ഞ് നിലകൊള്ളാന്‍ സാധിക്കില്ലായെന്നതും നന്നായി അറിയാവുന്നവര്‍ തന്നെയാണ് ഡല്‍ഹിയിലെ നയതന്ത്ര ജ്ഞര്‍. അതുകൊണ്ടുതന്നെ പശ്ചിമ-പൂര്‍വ്വശക്തികളെ (അമേരിക്കയുള്‍പ്പെടുന്ന പാശ്ചാത്യശക്തി കളെയും ചൈനയും റഷ്യയും ഉള്‍പ്പെടുന്ന പൗരസ്ത്യശക്തികളെയും ) സമതുലിതമായി നേരിടുന്ന ഒരു നൂതനശൈലിയായിരിക്കും ന്യൂഡല്‍ഹി സ്വീകരിക്കുക. ഇന്ത്യക്ക് അഭികാമ്യവും അതുതന്നെ.

ഇന്ത്യയില്‍ നിന്ന് മടങ്ങുന്നതിന് തൊട്ടുമുമ്പ് ന്യൂഡല്‍ഹിയിലെ സിരി ഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍  സംസാരിച്ച പ്രസിഡന്‍്റ് ബറാക്ക് ഒബാമ നടത്തിയ പരാമര്‍ശങ്ങളും ഇതോടൊപ്പം പ്രാധാന്യമേറിയതാണ്. മതപരമായ വിവേചനങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളും ഈ രാജ്യത്തിന്‍്റെ വളര്‍ച്ചയെ പിന്നോട്ട് നയിക്കുമെന്നും ഈ രംഗത്ത് ജാഗ്രത വേണമെന്നും അദ്ദേഹം പറയുകയുണ്ടായി. അടുത്തകാലത്തായി നടക്കുന്ന ചില സംഭവവികാസങ്ങളെ മുന്നില്‍ കണ്ടായിരിക്കണം അദ്ദേഹം അത് പറഞ്ഞത്. നമ്മുടെ രാജ്യത്തെ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ അളന്നു തൂക്കി അദ്ദേഹം നടത്തിയ വിലയിരുത്തലുകള്‍ നമ്മുടെ ജാഗ്രത ആവശ്യപ്പെടുന്നത് തന്നെയാണ്.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.