ആഗോള യുദ്ധവ്യവസ്​ഥയുടെ രക്തക്കളങ്ങൾ

സിറിയയും ഇറാഖും ഫലസ്തീനും രക്തക്കളമാക്കുന്ന യുദ്ധപ്പേക്കൂത്ത് അരങ്ങേറുകയാണ്. ഇറാഖിനെ അസ്ഥിരപ്പെടുത്തിയ തങ്ങളുടെ യുദ്ധനയങ്ങളാണ് ഇതിനു ആത്യന്തികമായി വഴിവെച്ചത് എന്നൊക്കെ ഒബാമയും ടോണി ബ്ലെയറും ഇപ്പോൾ പറയുന്നുണ്ടെങ്കിലും വിശേഷിച്ച് ഐ.എസിെൻറ കാര്യത്തിൽ ആത്മാർഥതയുടെ തരിമ്പുപോലും അതിൽ ഉണ്ടെന്നു തോന്നുന്നില്ല. കാരണം അവർ ഉറ്റുനോക്കിയിരുന്നതും സൃഷ്ടിക്കാൻ ആഗ്രഹിച്ചിരുന്നതുമായ  രക്തച്ചൊരിച്ചിലിെൻറ അതേ സാഹചര്യമാണ് അവിടെ സംജാതമായിരിക്കുന്നത്.  ‘ഇൻറർസെപ്റ്റ്’ (Intercept) എന്ന പ്രസിദ്ധീകരണം ഈയിടെ പുറത്തുവിട്ട ‘ദ ഡ്രോൺ പേപ്പേഴ്സ്’ (The Drone Papers) എന്ന അമേരിക്കൻ രഹസ്യരേഖാസഞ്ചയം മനസ്സിലാക്കിത്തരുന്നത് നിയന്ത്രിതയുദ്ധം എന്ന പേരിൽ അമേരിക്ക അറിഞ്ഞുകൊണ്ട് നടത്തുന്ന നിഷ്ഠുരമായ മനുഷ്യവേട്ടകളുടെ കഥകളാണ്. ഇതിനുപുറമേ, ഇപ്പോൾ വർധിതവീര്യത്തോടെ ആയിരക്കണക്കിന് സിവിലിയൻ മനുഷ്യരെ  കൊന്നുതള്ളാനായി  നേരിട്ട് സൈന്യങ്ങളെ വിന്യസിച്ച് ആ മേഖലയിൽ കൂടുതൽ മനുഷ്യനാശത്തിനു കളമൊരുക്കുകയും ചെയ്യുന്നു. ഇസ്ലാമിക തീവ്രവാദം തടയുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ മനുഷ്യക്കുരുതി, കൃത്യമായ പദ്ധതിയനുസരിച്ച് ചരിത്രഗതിയെ നിയന്ത്രിച്ചതിെൻറകൂടി ആത്മസാക്ഷാത്കാരമാണ് അമേരിക്കക്ക്.

ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ നാൽപതുകൊല്ലക്കാലമേ ശീതയുദ്ധം നീണ്ടുനിന്നുള്ളൂ എന്നതിൽ അദ്ഭുതപ്പെടാനില്ല. എന്തായിരുന്നു ശീതയുദ്ധം? അത് അമേരിക്കയും സോവിയറ്റ് യൂനിയനും ലോകരാഷ്ട്രങ്ങൾക്ക്  മേൽ ആധിപത്യം നേടുന്നതിനു നടത്തിയ രാഷ്ട്രതന്ത്രങ്ങളുടെ അടിസ്ഥാനത്തിൽ നിലവിൽവന്ന ഒരു ലോകവ്യവസ്ഥ ആയിരുന്നു. ശീതയുദ്ധത്തെ ഇത്തരത്തിൽ ഒരു ലോകവ്യവസ്ഥയായി അക്കാലത്തു വിശേഷിപ്പിച്ചത് ഇ.പി. തോംസൺ ആയിരുന്നു. ലോകത്തെ രണ്ടു ചേരിയായി അത് വിഭജിച്ചു നിർത്തിയിരുന്നു. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ചില കമ്യൂണിസ്റ്റ് പാർട്ടികൾക്ക് പക്ഷേ, ഇതിൽ അഭിപ്രായവ്യത്യാസം ഉണ്ടാവാം. കാരണം അന്നും ഇന്നും അവർ സോവിയറ്റ് യൂനിയൻ ലോകവിപ്ലവത്തിെൻറ പൂർത്തീകരണത്തിനാണ് ശ്രമിച്ചുകൊണ്ടിരുന്നത് എന്ന് വിശ്വസിക്കുന്നവരാണ്.

ഇന്ത്യ അടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിൽ പലതും ഇരുചേരിയിലും നേരിട്ട് ചേർന്നില്ലെങ്കിലും ചേരിചേരാരാഷ്ട്രങ്ങളിൽ ഭൂരിപക്ഷവും അമേരിക്കൻ ആധിപത്യത്തെ എതിർക്കുകയും സോവിയറ്റ് യൂനിയനോട് അടുപ്പം കാണിക്കുകയും ചെയ്തിരുന്നു. സോവിയറ്റ് യൂനിയനും ചൂഷണാധിഷ്ഠിതമായ ഒരു സാമ്രാജ്യത്വബന്ധമാണ് മൂന്നാംലോകരാജ്യങ്ങളുമായി പുലർത്തിയിരുന്നത് എന്നത് അക്കാലത്തെ വലിയൊരു വിമർശം ആയിരുന്നു. അതിെൻറ പ്രതിലോമ സമ്പദ്ശാസ്ത്രം  വിവരിക്കുന്ന പുസ്തകങ്ങളും ലഘുലേഖകളും അക്കാലത്തു കേരളത്തിലെ സി.പി.ഐ(എം.എൽ) സംഘങ്ങളും ആശയപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു. എന്നാൽ, ഫലസ്തീൻ അടക്കമുള്ള പ്രശ്നങ്ങളിൽ ചേരിചേരാരാഷ്ട്രങ്ങൾ അമേരിക്ക–ഇസ്രായേൽ കൂട്ടുകെട്ടിനെ ശക്തമായി എതിർത്തുപോന്നു. ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് ‘സഹോദരീ’ എന്ന് വിളിച്ചു ഇന്ദിര ഗാന്ധിയെ ഹസ്തദാനം ചെയ്യുന്ന ചിത്രം ഈ രാഷ്ട്രീയത്തിെൻറ പ്രതാപപ്രതീകമായിരുന്നു കുറേക്കാലം. ഈ രാജ്യങ്ങളിലെ ബൂർഷ്വാ ലിബറൽ ഭരണകൂടങ്ങൾക്ക് അവിടങ്ങളിലെ പ്രമുഖ കമ്യൂണിസ്റ്റ് പാർട്ടികളെപ്പോലും വിഷമത്തിലാക്കിക്കൊണ്ട് സോവിയറ്റ് യൂനിയൻ പിന്തുണ നൽകിപ്പോന്നിരുന്നു. ചേരിചേരാരാഷ്ട്രങ്ങളെ പിന്താങ്ങുന്ന നയമായിരുന്നു അവരുടേത് എന്നതുകൊണ്ട് സോവിയറ്റ് പ്രചാരണ സാഹിത്യം വൻതോതിൽ വിതരണം ചെയ്യാൻ അവർ അനുവദിച്ചിരുന്നു. ബുദ്ധിജീവികൾക്ക്  സൗജന്യങ്ങളും സമ്മാനങ്ങളും നൽകിയിരുന്നു. അമേരിക്ക ഇതിനെ മറികടക്കാൻ അവരുടേതായ സാംസ്കാരിക സാഹിത്യ പ്രത്യയശാസ്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. അമേരിക്കൻ സ്കോളർഷിപ്പുകളും മറ്റു പാരിതോഷികങ്ങളും ഇതിെൻറ ഭാഗമായിരുന്നു.

ശീതയുദ്ധത്തിെൻറ കാലം ഇതുപോലെ കേവലമായ സാംസ്കാരികാധിനിവേശത്തിേൻറതുമാത്രം ആയിരുന്നില്ല. അതിെൻറ കേന്ദ്രയുക്തി ഡോണ ഹരാവേ ‘യുദ്ധത്തിെൻറ ആണത്ത രതിക്കൂത്ത്’  (masculinist orgy of war)  എന്ന് വിളിച്ച നക്ഷത്രയുദ്ധ ദുരന്തത്തിെൻറ (star war apocalypse) രാഷ്ട്രീയസമ്പദ്ശാസ്ത്രമായിരുന്നു. സോഷ്യലിസ്റ്റ് ചേരിയെ ശക്തിപ്പെടുത്തുന്നതിന് എന്ന പേരിൽ സോവിയറ്റ് യൂനിയനും  ‘കമ്യൂണിസ്റ്റ് ഭീഷണിയെ’ ചെറുക്കുന്നതിന് അമേരിക്കയും ആയുധങ്ങൾ –ആണവായുധങ്ങൾ അടക്കം കുന്നുകൂട്ടി. മുതലാളിത്തം പിടിച്ചുനിന്നതുപോലെ ഈ ആയുധപ്പന്തയത്തിൽ പക്ഷേ, സോവിയറ്റ് സോഷ്യലിസത്തിനും അതിെൻറ സോഷ്യൽ ഫാഷിസത്തിനും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. അതിെൻറ ആന്തരിക രാഷ്ട്രീയവും സമ്പദ്വ്യവസ്ഥയും ദ്രവിച്ചുതുടങ്ങിയിരുന്നു. അങ്ങനെ എൺപതുകളുടെ ഒടുവിൽ കമ്യൂണിസ്റ്റ്ചേരി തകർന്നുവീഴാൻ തുടങ്ങി. തൊണ്ണൂറുകളുടെ തുടക്കത്തിൽ സോവിയറ്റ് യൂനിയൻ നിപതിച്ചതോടെ ശീതയുദ്ധം ചരിത്രത്തിെൻറ ഭാഗമായി. ചേരിചേരാരാഷ്ട്രീയം അപ്രസക്തമാവുകയും വിസ്മരിക്കപ്പെടുകയും ചെയ്തു. അമേരിക്കമാത്രം ശാക്തികമേധാവിത്വം വഹിക്കുന്ന ഏകധ്രുവലോകം നിലവിൽവന്നു എന്ന് പരക്കെ പ്രചാരണമുണ്ടായി. ഫ്രാൻസിസ് ഫുക്കുയാമ ചരിത്രം അവസാനിച്ചു എന്നും ഇന്ന് കാണുന്ന ഈ ലിബറൽ ജനാധിപത്യവ്യവസ്ഥ അല്ലാതെ മറ്റൊന്നും ഇനി പരീക്ഷിക്കപ്പെടാനില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.  പ്രത്യയശാസ്ത്ര സംഘർഷത്തിെൻറ കാലം എന്നന്നേക്കുമായി അസ്തമിച്ചിരിക്കുന്നു എന്നുകൂടി ഫുക്കുയാമ പ്രഖ്യാപിച്ചു.

എന്നാൽ, അമേരിക്കൻ നയതന്ത്രസാമർഥ്യം ഇതിലെ അപകടം മനസ്സിലാക്കി. അമേരിക്കൻ മേധാവിത്വമുള്ള ഏകധ്രുവലോകം എന്ന സ്വപ്നതുല്യമായ അവസ്ഥ സൃഷ്ടിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം യുദ്ധവെറിയേയും ആയുധപ്പുരയെയും സംരക്ഷിക്കുന്ന സോവിയറ്റ് ലോകാധിപത്യം പോലുള്ള മറ്റൊരു പുകമറ നിലനിർത്തുന്നതായിരിക്കും എന്ന് അവർക്ക് നിശ്ചയമുണ്ടായിരുന്നു. സാമുവൽ ഹണ്ടിങ്ടെൻറ  ‘സംസ്കാരങ്ങളുടെ സംഘർഷം’ (clash of civilization) എന്ന സിദ്ധാന്തം പിറവിയെടുക്കുന്നത് ഈ സാഹചര്യത്തിലാണ്. പ്രത്യയശാസ്ത്രസംഘർഷത്തിെൻറ കാലം  അവസാനിച്ചെങ്കിൽ അത് സംസ്കാരങ്ങളുടെ പുതിയ സംഘർഷത്തിനു വഴിതെളിച്ചിരിക്കുകയാണ് എന്ന് ഹണ്ടിങ്ടൺ 1993ൽ എഴുതിയ ലേഖനത്തിൽ പ്രഖ്യാപിച്ചു. നിരവധി ലോകസംസ്കാരങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം പറയുന്നുണ്ടെങ്കിലും ഇതെല്ലാം ഒരേയൊരു വാദം പറഞ്ഞുറപ്പിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു. ഇനി ഉണ്ടാകാനുള്ള മുഖ്യസംഘർഷം ഇസ്ലാമും പാശ്ചാത്യ അമേരിക്കൻ സംസ്കാരവും തമ്മിലുള്ളതാണ്.  

അമേരിക്കൻ വിദേശനയങ്ങൾ രൂപവത്കരിക്കുന്നതിൽ മുഖ്യ സൈദ്ധാന്തിക മുൻകൈയുള്ള ‘ഫോറിൻ അഫയേഴ്സ്’ മാസികയിൽ ഇത് പ്രസിദ്ധീകരിക്കുന്ന സമയത്ത് ഇന്ന് കാണുന്ന പല തീവ്രവാദ സംഘങ്ങളും പിറവിയെടുക്കുകയോ പിന്നീട് ഈ പട്ടം കിട്ടിയ ചില സംഘടനകൾ ഈ ലേബലിലേക്ക് മാറ്റപ്പെടുകയോ ചെയ്തിരുന്നില്ല. ഹണ്ടിങ്ടെൻറത് പ്രവചനം ആയിരുന്നില്ല. ‘സൃഷ്ടിക്കൂ ആ പുതിയ ശത്രുവിനെ, അപരത്വത്തെ’, എന്ന് അമേരിക്കൻ യുദ്ധബൗദ്ധിക കേന്ദ്രങ്ങളോടുള്ള ആഹ്വാനം ആയിരുന്നു.

പിന്നീട് നിരന്തരം പ്രകോപനങ്ങൾ സൃഷ്ടിച്ചും അശാന്തികൾ വളർത്തി യും സൈനിക നടപടികൾക്ക് സാഹചര്യങ്ങൾ ഉണ്ടാക്കിയും അമേരിക്ക ലോകത്തെമ്പാടും പരോക്ഷമായും പശ്ചിമേഷ്യയിൽ പ്രത്യക്ഷമായും നടത്തിയ നിരന്തരമായ  ഇടപെടലുകളിലൂടെ ഇത്തരം ഒരു സംഘർഷം യഥാർഥത്തിൽ നിലനിൽക്കുന്നുണ്ട് എന്നൊരു സംഭീതി പരത്താനും അതിെൻറ അടിസ്ഥാനത്തിൽ കൂടുതൽ രക്തച്ചൊരിച്ചിലിനുള്ള സാധൂകരണം നേടാനും അമേരിക്കക്ക് കഴിയുന്നതാണ് നാം കണ്ടത്. ഇപ്പോഴത്തെ സിറിയൻ പ്രതിസന്ധിയും ഐ. എസ് പോലുള്ള ഒരു ഹിംസാത്മക രാഷ്ട്രരൂപത്തിെൻറ ഉയർച്ചയുമെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ് എന്നത് ഇന്ന് വെറുമൊരു ഗൂഢാലോചനാ സിദ്ധാന്തമല്ല.    

ഫലസ്തീൻ പ്രതിസന്ധി പരിഹരിക്കാനുള്ള സാധ്യതകൾ എന്നന്നേക്കുമായി കൊട്ടിയടക്കുക, ഗൾഫ് മേഖലയിലെ എണ്ണപ്പാടങ്ങൾക്ക് മേലുള്ള ആധിപത്യം നഷ്ടപ്പെടാതിരിക്കുക, സ്വന്തം സമ്പദ്വ്യവസ്ഥയുടെ നെടുംതൂണുകളിലൊന്നായ ആയുധവ്യാപാരത്തിന് ഇടിവുതട്ടാതിരിക്കുക, റഷ്യയുടെയും ചൈനയുടെയും വൻശക്തിമോഹങ്ങൾ തടയിട്ടുനിർത്തുക, മൂന്നാംലോക രാജ്യങ്ങൾക്കു മേലുള്ള സാമ്രാജ്യത്വത്തിെൻറ വിഭവചൂഷണാധികാരം ചോദ്യംചെയ്യപ്പെടാതിരിക്കുക തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സാമ്പത്തികരാഷ്ട്രീയ പ്രത്യയശാസ്ത്ര അജണ്ടകളാണ് ഗൾഫ്മേഖലയിൽ ദിനംപ്രതി നൂറുകണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന അമേരിക്കയുടെ ഇസ്ലാം വിരുദ്ധതയുടെ മറവിലുള്ളത് എന്ന് ഇപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. തീവ്രവാദത്തെ ആഗോളഭീഷണിയായി അവതരിപ്പിക്കുന്നതിൽ അമേരിക്ക വിജയിച്ചു കഴിഞ്ഞു. ആ പ്രോപഗൻറയുടെ നിസ്സഹായരായ ഇരകൾ ആണ് നാമെല്ലാം എന്നതാണ് വസ്തുത. കൂടുതൽ തീവ്രവാദി ആക്രമണങ്ങളും അതിെൻറ പേരിൽ കൂടുതൽ അമേരിക്കൻ ഇടപെടലുകളും എന്ന പുതിയ ലോകയുദ്ധവ്യവസ്ഥയുടെ അവ്യവസ്ഥയിലേക്ക്, അനിശ്ചിതത്വത്തിലേക്ക് ചരിത്രം എത്തിച്ചേർന്നിരിക്കുന്നു. ‘അജ്ഞതയുടെ സംഘർഷം’ (clash of ignorance) എന്ന് എഡ്വേർഡ്  സെയിദ് ഈ അവസ്ഥയെ വിശേഷിപ്പിച്ചത് വെറുതെയല്ല.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.