വെടി ഒന്ന്; പക്ഷികള്‍ പലത്

തുര്‍ക്കി ഉതിര്‍ത്ത വെടിക്കു വീണ പക്ഷികളെത്രയെന്നു പറയാന്‍ ഇനിയും അല്‍പം കാത്തിരിക്കേണ്ടിവരും. ആക്രമണം, പിന്നില്‍നിന്നുള്ള കുത്തായെന്നു വിലപിച്ച പുടിന്‍െറ റഷ്യയെ മാത്രമല്ല, റഷ്യയെ വലംവെച്ചുതിരിയാന്‍ കാത്തുനിന്ന പശ്ചിമേഷ്യയിലെ പല രാജ്യങ്ങളെയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്. റഷ്യന്‍ വിനോദസഞ്ചാരികളെ ആശ്രയിക്കുന്ന തുര്‍ക്കിയും അങ്കാറയുടെ ഊര്‍ജപ്പറ്റിനെ പ്രധാന വരുമാനസ്രോതസ്സായിക്കാണുന്ന റഷ്യയും തമ്മില്‍ ഇങ്ങനെയൊരു ശീതസമരമെന്തിന് എന്ന ആശ്ചര്യത്തിലാണ് യൂറോപ്യന്‍ യൂനിയന്‍, നാറ്റോ മുന്നണികള്‍പോലും. കരിങ്കടലിനടിയിലൂടെ തുര്‍ക്കിയിലേക്കും തെക്കുകിഴക്കന്‍ യൂറോപ്പിലേക്കും പ്രകൃതിവാതകം കടത്തുന്നത് സംബന്ധിച്ച ‘ടര്‍ക്കിഷ് സ്ട്രീം’ പദ്ധതിയുടെ ചര്‍ച്ചയിലായിരുന്നു റഷ്യയും തുര്‍ക്കിയും. ജര്‍മനിക്കു ശേഷം ഏറ്റവുമധികം പ്രകൃതിവാതകം റഷ്യ വില്‍ക്കുന്നത് തുര്‍ക്കിക്കാണ്. എന്നിരിക്കെ, വന്‍ പ്രത്യാഘാതങ്ങളെക്കുറിച്ച് പുടിന്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ ഇതിന്‍െറ ഭാവി മാത്രമല്ല, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍െറ ഭാവിയും താല്‍ക്കാലികമായെങ്കിലും നൂല്‍പാലത്തിലായെന്നാണ് പൊതു ആധി.
ആണവകരാര്‍ വിഷയത്തില്‍ ഇറാനുമായി അമേരിക്കയുടെ നേതൃത്വത്തില്‍ വന്‍ശക്തിരാജ്യങ്ങള്‍ ഐക്യപ്പെട്ടത് പശ്ചിമേഷ്യയില്‍ കടുത്ത അസംതൃപ്തി പടര്‍ത്തിയതാണ്. അമേരിക്ക ഇത്ര കാലം തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന തിരിച്ചറിവാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇറാന്‍ കരാര്‍ ഉളവാക്കിയത്. അതുകൊണ്ടുതന്നെ മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി പുതിയ സഖ്യസമവാക്യങ്ങള്‍ക്ക് സൗദി അറേബ്യയുടെ നേതൃത്വത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്തുതുടങ്ങി. മുമ്പൊക്കെ ഈജിപ്ത് അടക്കമുള്ള രാജ്യങ്ങളെ മുന്‍നിര്‍ത്തി വന്‍ശക്തികളുമായി ധാരണകളും സമവാക്യങ്ങളും രൂപപ്പെടുത്തിയിടത്തുനിന്നു മാറി അറബ് രാജ്യങ്ങളുടൈ മുന്‍കൈയില്‍തന്നെ രാഷ്ട്രീയ നീക്കുപോക്കുകളും പ്രതിസന്ധി പരിഹാരശ്രമങ്ങളും ആരംഭിച്ചത് സമീപകാല സവിശേഷതയാണ്. പഴയ പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്‍െറ ഗൃഹാതുരത വിട്ടുമാറാത്ത ഇറാന്‍െറ പുത്തന്‍ കൊളോണിയല്‍ താല്‍പര്യങ്ങള്‍ അറബ് രാഷ്ട്രങ്ങള്‍ വായിച്ചെടുത്തതോടെ അതിനെതിരെ ശക്തമായ രാഷ്ട്രീയ ചെറുത്തുനില്‍പിനുള്ള സന്നാഹമാണ് അടുത്ത കാലത്തായി പശ്ചിമേഷ്യയില്‍ നടന്നുവരുന്നത്. ഇറാഖിനെയും സിറിയയെയും ശിഥിലമാക്കിയും ലബനാനെ അസ്ഥിരപ്പെടുത്തിയും യമനില്‍കൂടി സ്വാധീനമുറപ്പിക്കാനുള്ള തെഹ്റാന്‍െറ കുത്സിത നീക്കങ്ങള്‍ക്കെതിരെ ഒരു മുഴം മുമ്പേ എറിയാനുള്ള തീരുമാനത്തിന്‍െറ ഭാഗമായിരുന്നു സിറിയയിലെ ഐ.എസ് വിരുദ്ധ പ്രതിരോധത്തിനും യമനില്‍നിന്ന് ഹൂതി കലാപകാരികളെ തുരത്തുന്നതിനും സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യം നടത്തിയ മുന്നേറ്റങ്ങള്‍. ഈ കരുനീക്കങ്ങള്‍ക്ക് വന്‍ശക്തികളുടെ പിന്തുണയാര്‍ജിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പതിവ് ആഗോള രാഷ്ട്രീയ സൂത്രവാക്യങ്ങള്‍ തെറ്റിച്ചുകൊണ്ടുള്ളതായിരുന്നു.

പുതിയ ധ്രുവീകരണങ്ങള്‍

സോവിയറ്റ് യൂനിയന്‍െറ ശൈഥില്യത്തോടെ ഏകധ്രുവമായി തീര്‍ന്ന ശാക്തികസന്തുലനത്തില്‍ ഏതു ചേരിക്കൊപ്പം എന്ന തെരഞ്ഞെടുപ്പിന് ഇടമില്ലാത്ത സാഹചര്യം ക്രമേണയായി മാറിവരുകയാണ്. പഴയ സോവിയറ്റ് യൂനിയന്‍െറ മേധാവിത്വസ്വപ്നങ്ങളുമായി റഷ്യയെ ഉടച്ചുവാര്‍ക്കാനുള്ള ശ്രമത്തിലാണ് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍. യൂറോപ്പില്‍ ഫ്രാന്‍സിന്‍െറ നേതൃത്വത്തില്‍ പുതിയൊരു ചേരി രൂപപ്പെടുത്താനുള്ള ശ്രമം സജീവമായുണ്ട്. ഈ ദൃശ മാറ്റങ്ങള്‍ വിലയിരുത്തി അവധാനതയോടെയുള്ള നീക്കമാണ് അടുത്ത കാലത്തായി ഗള്‍ഫ് മേഖലയില്‍നിന്ന് കണ്ടുവരുന്നത്. ഇറാനുമായുള്ള ആണവകരാര്‍ തീര്‍പ്പില്‍ തങ്ങളുടെ ഉത്കണ്ഠ അമേരിക്കയെ അറിയിക്കുകയും തിരുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതിന്‍െറ ഫലപ്രാപ്തിക്ക് കാത്തുനില്‍ക്കാതെതന്നെ ശാക്തികസന്തുലനത്തിലെ മാറിവരുന്ന പ്രവണതകള്‍ അനുകൂലമാക്കിയെടുക്കാനുള്ള ശ്രമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടത്തിവരുന്നുണ്ട്. ഫ്രാന്‍സും റഷ്യയുമായി തന്ത്രപ്രധാന മേഖലകളില്‍ വിവിധയിനം കരാറുകള്‍ രൂപപ്പെടുത്താനും സജീവമായ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. തിരിച്ച് സൗദി അടക്കമുള്ള രാജ്യങ്ങളുമായി കൂടുതല്‍ ഇഴയടുപ്പമുള്ള ബന്ധങ്ങള്‍ക്ക് റഷ്യയും ഫ്രാന്‍സും ശ്രമിക്കുന്നുമുണ്ട്. ഏറ്റവുമൊടുവില്‍ തുര്‍ക്കിയില്‍ സമാപിച്ച ജി20 രാഷ്ട്രങ്ങളുടെ സമ്മേളനത്തില്‍ മുന്നോട്ടുള്ള പ്രയാണത്തില്‍ തുര്‍ക്കിയെപ്പോലെ സൗദി അറേബ്യയും അവിഭാജ്യസാന്നിധ്യമായിരിക്കുമെന്ന് പുടിന്‍ പ്രസ്താവിച്ചത് ശ്രദ്ധേയമാണ്. സിറിയയില്‍ ബശ്ശാര്‍ അല്‍അസദിനെ പിന്തുണക്കുന്ന റഷ്യയുടെ പ്രത്യക്ഷ സൈനിക ഇടപെടലിനെതിരെ രംഗത്തുവരുമ്പോള്‍തന്നെ ഐ.എസ് ഭീകരസംഘത്തിനെതിരായ പോരാട്ടത്തില്‍ തന്ത്രപ്രധാന പങ്കാളികളായി മോസ്കോ ഉണ്ടാകണമെന്നാണ് സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. ഡമസ്കസില്‍ ബശ്ശാറിനെ ഇറക്കിവിടുന്നത് റഷ്യയുടെകൂടി കൈയൊപ്പോടെ വേണം എന്ന നിര്‍ബന്ധത്തില്‍തന്നെയാണ് അറബ് രാജ്യങ്ങളുള്ളത്. ഇക്കാര്യത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ശക്തമായ നിലപാടാണ് സ്വീകരിച്ചത്. സിറിയയില്‍ ഐ.
എസ് കേന്ദ്രങ്ങളെ ഉന്നമിട്ടെന്നു പറഞ്ഞ് പ്രത്യക്ഷ സൈനിക ഇടപെടലിന് റഷ്യ മുതിര്‍ന്നപ്പോള്‍തന്നെ രാജാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിരന്തരമായ മോസ്കോ-റിയാദ്- വാഷിങ്ടണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബശ്ശാറിനെ മാറ്റുന്നത് സംബന്ധിച്ച ചിത്രം കുറേക്കൂടി വ്യക്തമായി വരുന്നുണ്ട്.
പഴയ സോവിയറ്റ് യൂനിയന്‍ പ്രതാപം തിരിച്ചുപിടിക്കാനുള്ള ത്വര, ഇറാന്‍, സിറിയ തുടങ്ങിയ നിലവിലെ കൂട്ടിനൊപ്പം പാശ്ചാത്യസഖ്യത്തില്‍ വിള്ളലുണ്ടാക്കി സ്വന്തം ചേരിയില്‍ കൂട്ടാനുള്ള വ്യഗ്രത, സ്വന്തം നാട്ടിലെയും മേഖലയിലെയും മുസ്ലിം ജനവിഭാഗങ്ങള്‍ക്കിടയിലെ അസ്വസ്ഥതകളെ അറബ് മുസ്ലിം രാഷ്ട്രങ്ങളുമായി ചങ്ങാത്തം സ്ഥാപിച്ച് മറികടക്കാനുള്ള ശ്രമം എന്നിവയെല്ലാം റഷ്യയുടെ പുതിയ ഗള്‍ഫ്, അറബ്ലോക സ്വപ്നങ്ങളിലുണ്ടെന്ന് റഷ്യന്‍ രാഷ്ട്രീയകാര്യ വിദഗ്ധനായ അലക്സി മലാഷെങ്കോ വെളിപ്പെടുത്തിയത് രണ്ടു വര്‍ഷം മുമ്പാണ്. 1970കളില്‍ സോവിയറ്റ് യൂനിയന്‍ അറബ് രാഷ്ട്രങ്ങളുടെ വികാരം മാനിക്കാതെ ഇസ്രായേലിലേക്ക് ചായ്വ് പ്രകടിപ്പിച്ചതോടെ അറബ് സോഷ്യലിസ്റ്റുകളുടെ നാടുകള്‍പോലും അവര്‍ക്കെതിരായ അതൃപ്തിയിലേക്ക് നീങ്ങി. 1972ല്‍ ഈജിപ്ത് പ്രസിഡന്‍റായിരുന്ന അന്‍വര്‍ സാദത്ത് സോവിയറ്റ് സൈനിക ഉപദേഷ്ടാക്കളെയും വിദഗ്ധരെയും രാജ്യത്തുനിന്ന് പുറന്തള്ളിയതോടെ ഈ ബന്ധവിച്ഛേദനം പൂര്‍ത്തിയായതാണ്. അതേസമയം, അമേരിക്കയും ഇസ്രായേലുമായി ഈജിപ്ത് പിന്നീട് ക്യാമ്പ് ഡേവിഡ് കരാറില്‍ എത്തിച്ചേരുകയും ചെയ്തു. അതിനു ശേഷം നിലനിന്ന പടിഞ്ഞാറന്‍ ചായ്വില്‍നിന്ന് കൈറോ മാറുന്നതിന്‍െറ കൃത്യമായ ചിത്രമാണ് കഴിഞ്ഞയാഴ്ചകളില്‍ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് സീസി നല്‍കിയത്. മോസ്കോയുമായി സൗഹൃദം വികസിപ്പിച്ച സീസി അവരുടെ സഖ്യകക്ഷിയെന്ന തലത്തിലേക്ക് പ്രത്യക്ഷമായി നീങ്ങി. സിറിയയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ ഈജിപ്തിന്‍െറ സ്വരം വ്യത്യസ്തമായതും പിന്നീട് അദ്ദേഹം നടത്തിയ റഷ്യന്‍ സന്ദര്‍ശനവുമൊക്കെ ചേരിമാറ്റം ത്വരിതപ്പെടുത്താന്‍കൂടിയാണെന്ന് മലാഷെങ്കോവിന്‍െറ പഴയ പഠനത്തില്‍നിന്ന് തിട്ടമായി ഉരുത്തിരിഞ്ഞുകിട്ടുന്നുണ്ട്.

റഷ്യയും ഗള്‍ഫ് രാജ്യങ്ങളും

സോവിയറ്റ് യൂനിയനുമായി കേവലം രാഷ്ട്രീയ സൗഹൃദത്തിനും നീക്കുപോക്കുകള്‍ക്കും അപ്പുറം സാമ്പത്തിക, പ്രതിരോധരംഗങ്ങളില്‍ ശക്തമായ ബന്ധം സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യയും ഇതര ഗള്‍ഫ് രാജ്യങ്ങളും. അടുത്ത കാലത്ത് ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ റഷ്യന്‍ സന്ദര്‍ശനത്തിന്‍െറ ചുവടുപിടിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ സാമ്പത്തിക, വികസന മേഖലകളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് സൗദി അറേബ്യ. സൗദിയിലെ നിക്ഷേപ, വാണിജ്യസാധ്യതകള്‍ പരിഗണിക്കുന്ന ഒൗദ്യോഗിക സംവിധാനമായ സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്മെന്‍റ് അതോറിറ്റി (SAGIA) ഗവര്‍ണര്‍ അബ്ദുല്ലത്തീഫ് അല്‍ ഉസ്മാന്‍ വന്‍ വ്യവസായപ്രമുഖരുടെ പടയുമായി കഴിഞ്ഞ ദിവസം റഷ്യയിലത്തെിയിട്ടുണ്ട്. എണ്ണ, വാതകം, പുനരുപയുക്ത ഊര്‍ജം, ജലശുദ്ധീകരണം, അടിസ്ഥാന സൗകര്യവികസനം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ നിക്ഷേപസാധ്യതയുള്ള സകല രംഗങ്ങളിലും ഉഭയകക്ഷി സഹകരണത്തിന്‍െറ പ്രായോഗികസാധ്യതകള്‍ തേടിയാണ് സംഘത്തിന്‍െറ യാത്ര. ധാതുവിഭവങ്ങളുടെ ഖനനം, ഗതാഗതം, കൃഷി, അടിസ്ഥാനസൗകര്യ വികസനം, ടൂറിസം, വൈദ്യുതി, ആരോഗ്യരംഗം തുടങ്ങി ഏതാണ്ടെല്ലാ മേഖലകളിലും സഹകരണാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കുന്നതിന്‍െറ ഭാഗമാണ് സന്ദര്‍ശനമെന്ന് സൗദി മാധ്യമങ്ങള്‍ പറയുന്നു. 37 ബില്യണ്‍ ഡോളറിന്‍െറ നിക്ഷേപം റഷ്യയില്‍ നടത്താന്‍ സൗദി തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷാദ്യം പ്രഖ്യാപിച്ച ഈ പദ്ധതി നിലവില്‍ വരുമ്പോള്‍ റഷ്യയിലെ ഏറ്റവും വലിയ വിദേശനിക്ഷേപകരായി സൗദി മാറും. കഴിഞ്ഞ ജൂണില്‍ ഡെപ്യൂട്ടി കിരീടാവകാശി നടത്തിയ സന്ദര്‍ശനത്തിനിടെ എണ്ണ, ന്യൂക്ളിയര്‍ ശക്തി, ബഹിരാകാശ രംഗങ്ങളില്‍ റഷ്യയുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദി സൈനിക ഉദ്യോഗസ്ഥര്‍ റഷ്യന്‍ സേന ക്യുബിന്‍കയില്‍ നടത്തിയ സൈനിക പരിശീലന ഫോറത്തില്‍ സംബന്ധിക്കുകയും ചെയ്തു. ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയാണ് ‘സാഗിയ’ സംഘത്തിന്‍െറ സന്ദര്‍ശനത്തിന്‍െറ പ്രധാന പരിപാടി.
ഏകപക്ഷീയമായൊരു ചായ്വില്‍ എന്നെന്നും തങ്ങില്ളെന്നും മേഖലയിലെ സാഹചര്യങ്ങള്‍ അവഗണിച്ചുള്ള രാഷ്ട്രീയ ചേരിതിരിവിനു സന്നദ്ധമല്ളെന്നുമുള്ള സന്ദേശം മുമ്പത്തെക്കാള്‍ കൃത്യമായി നല്‍കിത്തുടങ്ങിയതിന്‍െറ തെളിവായി വേണം റഷ്യയോടും ഫ്രാന്‍സിനോടും ചേര്‍ന്നും അമേരിക്കയോട് അല്‍പം ഇടഞ്ഞുമുള്ള അറബ് മുസ്ലിം രാഷ്ട്രങ്ങളുടെ പുതിയ നീക്കുപോക്കുകളെ കാണാന്‍. വന്‍ശക്തികളുടെ ഹിതങ്ങള്‍ക്ക് പഴയപടി വഴങ്ങുന്ന ലളിത സമവാക്യമല്ല അറബ് മേഖലയില്‍ മാറിവന്നുകൊണ്ടിരിക്കുന്നതെന്ന് ദൈനംദിന വസ്തുത വിശകലനത്തില്‍നിന്ന് വ്യക്തമാകും. റഷ്യയുടെ സിറിയന്‍ ഇടപെടലിനെ ശക്തമായി എതിര്‍ത്തുതന്നെ അവരുമായി തന്ത്രപ്രധാന ബന്ധങ്ങളിലേര്‍പ്പെടാനുള്ള സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ശ്രമവും ജി20ല്‍ അടക്കം പരസ്പരബന്ധത്തിന്‍െറ ഗാഢത കൃത്യമായി കുറിച്ച ശേഷവും അന്താരാഷ്ട്ര നിയമം ലംഘിച്ചതിനെന്നു പറഞ്ഞ് റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ട തുര്‍ക്കിയുടെ നീക്കവുമൊക്കെ ഈയര്‍ഥത്തില്‍ വായിച്ചെടുക്കേണ്ടിവരും. അഥവാ, ഒരു വെടിക്ക് പല പക്ഷികള്‍ വീഴ്ത്തുന്ന വിദ്യ വന്‍ശക്തികളില്‍നിന്ന് പുതുശക്തികളും പകര്‍ത്തുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.