അനുനയ കൗശലം; അജണ്ട ചോരാത്തത്

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് മധ്യപ്രദേശില്‍ ഒരു സീറ്റും നഷ്ടപ്പെട്ട് ശീതകാല പാര്‍ലമെന്‍റ് സമ്മേളനത്തിലേക്ക് കാലെടുത്തുവെച്ച മോദിസര്‍ക്കാറിന് തെല്ളൊരു അനുനയത്തിന്‍െറ മെയ്വഴക്കം വന്ന പ്രതീതിയുണ്ട്. ഭരണഘടനയെക്കുറിച്ച് രണ്ടു ദിവസത്തെ ചര്‍ച്ച നിശ്ചയിക്കുക വഴി സമാധാനാന്തരീക്ഷത്തില്‍ തുടങ്ങിയ സമ്മേളനത്തില്‍ മുഴുസമയവും പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്‍റില്‍ ഹാജറുണ്ടായിരുന്നു. ഭരണഘടന മുറുകെപ്പിടിക്കുമെന്നും ഏറ്റുമുട്ടലിന്‍േറതല്ല, സമവായത്തിന്‍െറ വഴിയാണ് സര്‍ക്കാറിന്‍േറതെന്നുമൊക്കെ ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് സ്ഥാനംപോലും വകവെച്ചുകൊടുക്കാന്‍ ഒരുക്കമല്ലാത്ത ധാര്‍ഷ്ട്യത്തോടെയാണ് 18 മാസം മുമ്പ് ഭരണം തുടങ്ങിയതെങ്കില്‍, വെള്ളിയാഴ്ച രാവിലെ നരേന്ദ്ര മോദി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെയും ചായപ്പുറ ചര്‍ച്ചക്ക് വസതിയിലേക്ക് ക്ഷണിച്ചു. ചരക്കുസേവന ബില്‍ അടക്കം പാര്‍ലമെന്‍റിന്‍െറ പരിഗണനയിലിരിക്കുന്ന സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതില്‍ കോണ്‍ഗ്രസിന്‍െറ സഹകരണംതേടി. ശനിയാഴ്ചയാകട്ടെ, മാധ്യമപ്രവര്‍ത്തകരോടായിരുന്നു അനുനയം. പത്രക്കാരുമായി ദീപാവലി വിരുന്ന് പങ്കിടാന്‍ വൈകിയതില്‍ ക്ഷമാപണം നടത്തിയ മോദിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ കഴിഞ്ഞ മഹാഭാഗ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന തിരക്കിലായിരുന്നു ഒരുസംഘം പത്രക്കാര്‍.
മനോവീര്യം തിരിച്ചുപിടിക്കുന്ന പ്രതിപക്ഷവുമായി സന്ധിചെയ്യാനുള്ള ശ്രമം നിര്‍ബന്ധിതാവസ്ഥയുടെ ബാക്കിയാണ്. ലോക്സഭയില്‍ മാത്രം പോര, രാജ്യസഭയിലും കേവല ഭൂരിപക്ഷമില്ളെങ്കില്‍ സമവായത്തിന്‍െറ വഴിയാണ് പോംവഴിയെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളാന്‍ ബി.ജെ.പിയും നരേന്ദ്ര മോദിയും 18 മാസമെടുത്തു എന്നതാണ് യാഥാര്‍ഥ്യം. 2019 വരെയുള്ള ഭരണകാലയളവില്‍ രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ നിലവിലെ സാഹചര്യങ്ങളില്‍ സാധ്യമല്ല. അതേസമയം, മുടന്തുന്ന സര്‍ക്കാറെന്ന ദു$സ്ഥിതി 56 ഇഞ്ച് നെഞ്ചളവുള്ള നരേന്ദ്ര മോദിക്ക് ഉണ്ടാക്കിവെച്ചിരിക്കുന്ന അപമാനം ചില്ലറയല്ല. ‘ഇന്ത്യയെന്നാല്‍ മോദി, മോദിയെന്നാല്‍ ഇന്ത്യ’യെന്ന തലക്കനം മാറ്റിവെച്ച് പ്രതിപക്ഷത്തെ അനുനയിപ്പിക്കാനുള്ള മെയ്വഴക്കം കാട്ടുന്നതിനുപിന്നില്‍ ഈ അപമാനഭാരമാണ്. ഭൂമി ഏറ്റെടുക്കല്‍ നിയമഭേദഗതി ബില്ലിന് പിന്നാലെ ജി.എസ്.ടി ബില്ലിന്‍െറ കാര്യത്തിലും തോല്‍ക്കാന്‍ ഇടവരുത്തരുതെന്ന അപേക്ഷയാണ് അനുനയശ്രമത്തില്‍ പ്രധാനം. കോര്‍പറേറ്റുകള്‍ക്കിടയില്‍ മുഖംരക്ഷിക്കാന്‍ പ്രതിപക്ഷ സഹകരണം കൂടിയേ തീരൂ.  മോദിസര്‍ക്കാറിനെയും അതിലേറെ പൊതുസമൂഹത്തെയും ചൂഴ്ന്നുനില്‍ക്കുന്ന
രണ്ടാമത്തെ പ്രതിസന്ധി, അസഹിഷ്ണുത സൃഷ്ടിച്ചെടുത്ത സാമൂഹിക ദുരവസ്ഥയാണ്. ഈ സ്ഥിതി മാറുമ്പോഴാണ് പുരോഗതിക്ക് അനുഗുണമായ സമാധാനാന്തരീക്ഷം സൃഷ്ടിക്കപ്പെടുക. അതിന് മുന്നിട്ടിറങ്ങേണ്ടത് സര്‍ക്കാര്‍ തന്നെ. എന്നാല്‍ ഇക്കാര്യത്തില്‍ നിലപാടുകളിലോ അജണ്ടകളിലോ മാറ്റമൊന്നുമില്ല. ഭരണഘടനയെക്കുറിച്ച് ലോക്സഭയില്‍ രണ്ടുദിവസത്തെ ചര്‍ച്ച തുടങ്ങിവെച്ച ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുതല്‍, ഒടുവില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വരെയുള്ളവര്‍ ആവര്‍ത്തിക്കുന്നത് ഹിന്ദുത്വ അജണ്ടകള്‍ മുന്നോട്ടുനീക്കാനുള്ള വ്യഗ്രതതന്നെ. ഭരണഘടനയില്‍ മതനിരപേക്ഷത ഉള്‍പ്പെടുത്തിയത് തെറ്റായെന്ന സംഘ്പരിവാര്‍ നിലപാട് പാര്‍ലമെന്‍റില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ചര്‍ച്ചക്ക് വെക്കുകയാണ് രാജ്നാഥ് സിങ് ചെയ്തത്. അസഹിഷ്ണുതയാണ് പൊതുസമൂഹത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്ന പ്രധാന വിഷയമെങ്കില്‍, അത് കണ്ടില്ളെന്നുനടിക്കാനാണ് സുപ്രധാനമായ ഭരണഘടനാ ചര്‍ച്ചയില്‍ ദീര്‍ഘമായി സംസാരിച്ച പ്രധാനമന്ത്രി ശ്രദ്ധിച്ചത്. ഏക സിവില്‍ കോഡ് മുതല്‍ ഗോവധ നിരോധം വരെയുള്ള വിഷയങ്ങളില്‍ സംഘ്പരിവാര്‍ കാഴ്ചപ്പാടുകള്‍ മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ അവതരിപ്പിച്ചു.
ഫലത്തില്‍, പ്രതിപക്ഷവുമായി സമവായത്തിന്‍െറ തൊലിപ്പുറം ചികിത്സകള്‍ക്ക് മാത്രമാണ് പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങിയതിനൊപ്പം മോദിസര്‍ക്കാര്‍ ശ്രമിച്ചു നോക്കുന്നത്. അസഹിഷ്ണുത പടര്‍ത്തുന്ന ഹിന്ദുത്വ ശക്തികളുടെയും അവര്‍ക്കിടയില്‍ ഭരണഘടനാ പദവി വഹിക്കുന്നവരുടെ തന്നെയും ക്രിമിനല്‍ പെരുമാറ്റ വൈകൃതങ്ങള്‍ മാറ്റിയെടുക്കുന്നതിന്‍െറ ലക്ഷണങ്ങളൊന്നും തെളിയുന്നില്ല. ഇന്ത്യയാണ് സര്‍ക്കാറിന്‍െറ മതമെന്നും സമവായമാണ് വഴിയെന്നുമൊക്കെ പറയുന്ന പ്രധാനമന്ത്രിയില്‍ അസഹിഷ്ണുത നിറഞ്ഞ ചെയ്തികളെ തള്ളിപ്പറയുന്ന ഒറ്റ വാചകമെങ്കിലും പാര്‍ലമെന്‍റില്‍നിന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ജീവനോടെ ചുട്ടെരിക്കപ്പെട്ട ദലിത് കുട്ടികളെ നായ്ക്കളോട് താരതമ്യപ്പെടുത്താന്‍ മുതിര്‍ന്നയാള്‍ കേന്ദ്രമന്ത്രിയും, ദാദ്രിയിലെ ഗോമാംസക്കൊലക്ക് പിന്നാലെ ഗോമാംസം കഴിക്കേണ്ടവര്‍ക്ക് പാകിസ്താനില്‍ പോകാമെന്നുപറഞ്ഞ മുഖ്യമന്ത്രിയേയുമൊക്കെ ഭരണഘടനാ പദവിയില്‍ പൂര്‍ണസുരക്ഷിതരായി നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യയെന്ന ആശയത്തെക്കുറിച്ച് മോദി സംസാരിച്ചത്. എം.പി-എം.എല്‍.എമാരും മന്ത്രി-മുഖ്യമന്ത്രിമാരും മാത്രമല്ല, രാഷ്ട്രീയത്തിനതീതമായി നില്‍ക്കേണ്ട ഗവര്‍ണര്‍മാരും വിദ്വേഷത്തിന്‍െറ നാവുനീട്ടുമ്പോള്‍ തന്നെയാണ് ഭരണഘടനയെക്കുറിച്ച ചര്‍ച്ച പാര്‍ലമെന്‍റില്‍ നടന്നത്.
രാഷ്ട്രപതിയുടെ പ്രതിനിധിയാണ് സംസ്ഥാന ഗവര്‍ണര്‍മാര്‍. എന്നാല്‍ രാജ്ഭവനുകള്‍ അടക്കിവാഴുന്ന രാഷ്ട്രപതിയുടെ പ്രതിനിധികളില്‍ ചിലര്‍ ഇപ്പോള്‍ ചെയ്യുന്നതെന്താണ്? അസഹിഷ്ണുതക്കെതിരെ ഭരണതലത്തില്‍ നിന്നുണ്ടായ ആദ്യത്തെ ശബ്ദമായിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടേത്. മോദി സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാര്‍ പലരും രാജ്ഭവനുകളില്‍ കാവിക്കൊടി നാട്ടുക മാത്രമല്ല, ഭരണഘടനാ പദവിയുടെ മഹത്വം കെടുത്തുന്നവിധം വര്‍ഗീയ വിദ്വേഷം വമിപ്പിക്കുകയുമാണ്. പഴയ ആര്‍.എസ്.എസുകാരനായ അസം ഗവര്‍ണര്‍ പി.ബി. ആചാര്യ അടുത്തിടെ നടത്തിയ അഭിപ്രായപ്രകടനം അത്തരത്തിലൊന്നാണ്. ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടേതാണ്, മുസ്ലിംകള്‍ക്ക് പാകിസ്താനിലോ, തോന്നിയപോലെ മറ്റേതെങ്കിലും നാട്ടിലോ പോകാമെന്നാണ് ആചാര്യ തട്ടിവിട്ടത്. അസഹിഷ്ണുതക്കെതിരായ പോരാട്ടം സന്തുലിതമാകാന്‍ മുസ്ലിംകള്‍ പന്നിയിറച്ചി കഴിക്കണമെന്നാണ് പശ്ചിമബംഗാളില്‍ ബി.ജെ.പിയുടെ പ്രസിഡന്‍റായിരുന്ന ത്രിപുര ഗവര്‍ണര്‍ തഥാഗത റോയ് ഉപദേശിച്ചത്. മുംബൈ സ്ഫോടനക്കേസില്‍ തൂക്കിലേറ്റിയ യാക്കൂബ് മേമന്‍െറ ഖബറടക്കത്തിന് പോയവര്‍ ഭീകരരാകാന്‍ സാധ്യതയുള്ളവരാണെന്ന് അദ്ദേഹം മുമ്പ് തട്ടിവിട്ടിരുന്നു. അയോധ്യയില്‍ രാമക്ഷേത്രം ഏറ്റവുംവേഗം നിര്‍മിക്കണം, അതുവഴി രാജ്യത്തെ ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കണമെന്നാണ് യു.പി ഗവര്‍ണര്‍ രാം നായിക് പറഞ്ഞത്.
പ്രമുഖ വ്യക്തികളെ ഗവര്‍ണര്‍മാരാക്കണമെന്നാണ് നിബന്ധന. റബര്‍ സ്റ്റാമ്പുകളെയും കാലഹരണപ്പെട്ട വാലാട്ടികളെയും കുടിയിരുത്താനുള്ള കേന്ദ്രങ്ങളായി രാജ്ഭവനുകളെ തരംതാഴ്ത്തിത്തുടങ്ങിയത് കോണ്‍ഗ്രസാണെന്ന കാര്യം മറക്കാന്‍ പറ്റില്ല. ആ രീതി മാറ്റുകയല്ല, ഓര്‍മ തന്നെ നഷ്ടപ്പെട്ടുതുടങ്ങിയ പടുകിഴവ വിധേയന്മാര്‍ക്ക് നല്‍കാന്‍ പറ്റിയ തസ്തികയാക്കി ഗവര്‍ണര്‍ പദവിയെ പരുവപ്പെടുത്തുകയാണ് മോദി ചെയ്തത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ യു.പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍സിങ് മുതല്‍ നീളുന്നതാണ് മോദി കണ്ടത്തെിയ ഗവര്‍ണര്‍മാരുടെ പട്ടിക. ഗവര്‍ണര്‍മാരും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും അടക്കം ഭരണഘടനാപദവി വഹിക്കുന്നവര്‍, ഭരണഘടനയും നിയമവാഴ്ചയും സംരക്ഷിക്കുമെന്ന് പ്രതിജ്ഞചെയ്ത് അധികാരമേല്‍ക്കുന്നവരാണ്. ജനസേവനവും ജനക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ ബാധ്യതപ്പെട്ടവരാണ്. അത്തരം പാവനമായ ലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ടവരാണ് രാജ്ഭവനെയും മന്ത്രികാര്യാലയങ്ങളെയും സംഘ്പരിവാറിന്‍െറ ഉപശാലയാക്കുകയും പക്ഷപാതം കാട്ടുകയും ചെയ്യുന്നത്. അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച രാഷ്ട്രപതിക്കും അവരുടെ നാവുകള്‍ നിയന്ത്രിക്കാന്‍ കഴിയാതെപോവുന്നു.
ആ ഭരണഘടനാ ദൗര്‍ബല്യം അടക്കം കാതലായ ഒരു വിഷയത്തിലേക്കും ഭരണഘടനാചര്‍ച്ച കൊണ്ടുപോകാന്‍ സര്‍ക്കാര്‍ സ്വാഭാവികമായും താല്‍പര്യം കാണിച്ചില്ല. ‘അഹിംസ പരമോ ധര്‍മ, സര്‍വേ ഭവന്തു സുഖിന, സര്‍വേ സന്തു നിരാമയ...’ തുടങ്ങിയ സംസ്കൃത ശ്ളോകങ്ങള്‍ വായ്പയെടുത്ത് സംസാരിച്ച നരേന്ദ്ര മോദി, ഭരണഘടനയെക്കുറിച്ച് ഒരു ഹൈസ്കൂള്‍ വിദ്യാര്‍ഥിയുടെ പ്രസംഗത്തില്‍ ഉണ്ടാകാവുന്ന ഉള്ളടക്കത്തിനപ്പുറം എന്ത് പ്രസംഗിച്ചു? ശ്ളോകങ്ങളുടെ സാരാംശവും മോദിസര്‍ക്കാറിന്‍െറ രീതികളും തമ്മില്‍ എന്തുബന്ധം? അംബേദ്കറുടെ മഹത്വത്തിന്‍െറ തണലില്‍ നിന്നുകൊണ്ട് സ്വന്തംമഹിമ വര്‍ധിപ്പിക്കാനുള്ള വഴിതേടുക മാത്രമാണ്, ഭരണഘടന അംഗീകരിച്ചതിന്‍െറ വാര്‍ഷികവേളയില്‍ പാര്‍ലമെന്‍റിന്‍െറ വേദി പ്രയോജനപ്പെടുത്തിക്കൊണ്ട് മോദി ചെയ്തത്. സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍െറ ഭാഗം പോലുമല്ലാതിരുന്ന ബി.ജെ.പിക്കാര്‍ ഭരണഘടന അംഗീകരിച്ചതിന്‍െറ വാര്‍ഷികമെന്ന പേരില്‍ ചര്‍ച്ചാപരിപാടി സംഘടിപ്പിച്ച്, ആ പ്രസ്ഥാനത്തില്‍ ഇടംനേടിയെടുക്കാനുള്ള ശ്രമംകൂടിയാണ് നടത്തിയതെന്നത് മറുവശം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.